image

14 Feb 2022 11:24 AM IST

People

വികസനത്തിന് വേഗത നല്‍കുന്ന ബജറ്റ്

Adikesavan S

വികസനത്തിന് വേഗത നല്‍കുന്ന ബജറ്റ്
X

Summary

ഇക്കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യന്‍ സാമ്പത്തിക കലണ്ടറിലെ രണ്ടു പ്രധാനപ്പെട്ട സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ഒന്നാമത്തേത്, ഫെബ്രുവരി ഒന്നാം തീയതിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റായിരുന്നു. രണ്ടാമത്തേത്, രണ്ടുമാസത്തിലൊരിക്കല്‍ നടക്കുന്ന ആര്‍ ബി ഐ യുടെ പണനയ രൂപീകരണ (Monetary Policy Committee, എംപിസി) മീറ്റിങ്ങും. ഫെബ്രുവരി 10 നായിരുന്നു എം പി സി ചേര്‍ന്നത്. ഇതിലാണ് രാജ്യത്തെ ബാങ്കുകള്‍ നടപ്പിലാക്കുന്ന പലിശ നിരക്കുകളും പണ നയങ്ങളും തീരുമാനിക്കപ്പെടുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ഏകദേശം […]


ഇക്കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യന്‍ സാമ്പത്തിക കലണ്ടറിലെ രണ്ടു പ്രധാനപ്പെട്ട സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ഒന്നാമത്തേത്, ഫെബ്രുവരി ഒന്നാം തീയതിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റായിരുന്നു. രണ്ടാമത്തേത്, രണ്ടുമാസത്തിലൊരിക്കല്‍ നടക്കുന്ന ആര്‍ ബി ഐ യുടെ പണനയ രൂപീകരണ (Monetary Policy Committee, എംപിസി) മീറ്റിങ്ങും. ഫെബ്രുവരി 10 നായിരുന്നു എം പി സി ചേര്‍ന്നത്. ഇതിലാണ് രാജ്യത്തെ ബാങ്കുകള്‍ നടപ്പിലാക്കുന്ന പലിശ നിരക്കുകളും പണ നയങ്ങളും തീരുമാനിക്കപ്പെടുന്നത്.

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ഏകദേശം 39.50 ലക്ഷം കോടി രൂപയുടേതായിരുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഇതനുസരിച്ച് തുക ചിലവഴിക്ക്‌പ്പെട്ടാല്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് വലിയ ശക്തി പകരാന്‍ ഇതിനു കഴിയും. ബജറ്റില്‍ ശുഭ പ്രതീക്ഷ നല്‍കുന്ന ഒട്ടനവധി നിര്‍ദേശങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത്, അടിസ്ഥാന സൗകര്യ വികസനത്തിന് നല്‍കുന്ന മുന്‍തൂക്കമാണ് . സാമ്പത്തിക വളര്‍ച്ച കൂട്ടാന്‍ പറ്റിയ മരുന്നാണിതെന്നു ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. 7.5 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 5.5 ലക്ഷം കോടി രൂപയായിരുന്നു. ഇത് റോഡുകളും പാലങ്ങളും ജലഗതാഗത മാര്‍ഗങ്ങളും തുറമുഖങ്ങളും അടങ്ങുന്ന വലിയ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയാണ്. ഇതിന് ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും താഴേത്തട്ടില്‍ രണ്ടര മടങ്ങ് ഫലം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

രണ്ട്, പ്രധാനമന്ത്രി ആവാസ് യോജന (48,000 കോടി രൂപ), കുടിവെള്ള പദ്ധതിയായ ജലജീവന്‍ മിഷന്‍ (60,000 കോടി രൂപ), ദേശീയ പാതകളുടെ വികസനം(1.34 ലക്ഷം കോടി രൂപ) എന്നിവയ്ക്ക് ചിലവഴിക്കുന്ന തുക വളരെ പ്രയോജനം ചെയ്യും. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും ഇത് സഹായകരമാണ്.

മൂന്ന്, ദേശീയ തൊഴിലുറപ്പു പദ്ധതി കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്ഷേമ പദ്ധതിയായി കണക്കാക്കപ്പെടുന്നത് പ്രധാനമന്ത്രി കിസാന്‍ സ്‌കീമാണ്. ഇതില്‍ ഒരു വര്‍ഷം ഒരു കര്‍ഷകന് 6,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുകയാണ്. ഇതിന്റെ വിഹിതം 68,000 കോടി രൂപയായി നിലനിര്‍ത്തിയിരിക്കുകയാണ്.

നാല്, ധനയാഥാസ്ഥിതികത്തോട് (fiscal conservatism) വലിയ പ്രതിപത്തി ധനമന്ത്രി കാണിക്കുന്നില്ല. ഇത് സൂചിപ്പിക്കുന്നത് സമ്പദ്‌രംഗം ഒരു തിരിച്ചുവരവിന്റെ പാതയിലാണെന്നും, ബജറ്റില്‍ പറഞ്ഞിരിക്കുന്ന കടമെടുപ്പ് ഉയര്‍ന്ന നിലയിലാണെന്നുമാണ്.

അഞ്ച്, ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്കുവേണ്ടി പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം(Emergency Credit Line Guarantee Scheme) ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. 50,000 കോടി രൂപ അധികമായി ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് മാത്രമായി വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ്(CGTMSE) നുള്ള വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതൊരു കേന്ദ്ര ഗവൺമെൻറ് ഗ്യാരണ്ടിയാണ്. ഇതിലൂടെ ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് ഏകദേശം 2 ലക്ഷം കോടി രൂപയുടെ വായ്പകള്‍ അധികമായി നല്‍കാന്‍ കഴിയും.

ബജറ്റിന്റെ ഒരു പ്രധാന സവിശേഷത, ഇതിലെ കണക്കുകള്‍ വളരെ സുതാര്യമാണ് എന്നതാണ്. ബജറ്റിനു പുറത്തുള്ള ഒരു വരുമാനമാര്‍ഗവും ലക്ഷ്യമിടുന്നില്ല. ഗവണ്‍മെന്റിന്റെ എല്ലാ കടമെടുപ്പ് പദ്ധതികളും (ഭക്ഷ്യധാന്യ സംഭരണത്തിന് എഫ് സി ഐ യ്ക്കു നല്‍കുന്ന പണമടക്കം) ഇതില്‍ വ്യക്തമാണ്.

ബജറ്റിന്റെ പോരായ്മകളെപ്പറ്റി പറഞ്ഞാല്‍, ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഒരു നഗര കേന്ദ്രീകൃതമായ പതിപ്പ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ചുരുങ്ങിയത്, പ്രധാന മന്ത്രി കിസാന്‍ സ്‌കീമിലെ തുക 6,500-7000 രൂപയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു,അതും സംഭവിച്ചില്ല.

ദേശീയ തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി വകവരുത്തിയ തുക കുറഞ്ഞുപോയി. രാസവള സബ്‌സിഡിക്കായി നല്‍കിയ തുകയും കുറവാണ്. എന്നാല്‍ ആവശ്യം വരുമ്പോള്‍ ഗവണ്‍മെന്റ് കൂടുതല്‍ തുക ഈ ഇനത്തില്‍ ചിലവഴിക്കാറുണ്ടെന്ന് നമുക്കറിയാം. ധനക്കമ്മി കുറയ്ക്കല്‍ വിജയകരമായി നീങ്ങുന്നുവെന്ന് കാണിക്കുന്നതിനുള്ള ഒരു ബ്യൂറോ ക്രാറ്റിക് സമീപനമാണിത്.

റിസര്‍വ് ബാങ്കിന്റെ നയ തീരുമാനങ്ങളിലേക്കു വന്നാല്‍, പലിശ നിരക്കുകള്‍ മാറ്റാതിരുന്ന കേന്ദ്ര ബാങ്കിന്റെ തീരുമാനം വിപണിയെ അത്ഭുതപ്പെടുത്തി. പൊതുവെ പ്രതീക്ഷിച്ചിരുന്നത് നിരക്കുകള്‍ ഉയരുമെന്നതാണ്. പ്രത്യേകിച്ച് ഉയരുന്ന പണപ്പെടുപ്പത്തിന്റെയും മറ്റു കേന്ദ്ര ബാങ്കുകള്‍ നിരക്കുകളുയര്‍ത്താന്‍ ശ്രമിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍. പണനയ കമ്മിറ്റി ഇത്തരം പരമ്പരാഗത ധാരണകളെ തള്ളിക്കളയുകയും സ്വതന്ത്രമായ നയ തീരുമാനമെടുക്കുകയും ചെയ്തു. ഇത് സ്വാഗതാര്‍ഹമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞത് സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന 'അക്കൊമൊഡേറ്റീവ്' (accommodative) നയം തുടരുമെന്നാണ്.

ഗവണ്‍മെന്റിന്റേയും കേന്ദ്ര ബാങ്കിന്റേയും ഇത്തരം നടപടികളുടെ ലക്ഷ്യമെന്താണ് ? ഇരുവരും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ഗവണ്‍മെന്റിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും, സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സമ്പദ്ഘടനയുടെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നുവെന്നാണ്. ഇത്തരത്തില്‍ വകയിരുത്തിയിട്ടുള്ള തുക 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വേഗത്തില്‍ ചെലവഴിക്കപ്പെട്ടാല്‍, അത് സമ്പദ്ഘടനയ്ക്ക് വലിയ ഊര്‍ജം പകരും.

കേന്ദ്ര ഗവണ്‍മെന്റ് പൊതുവില്‍ ധൂര്‍ത്ത് ഒഴിവാക്കി അഴിമതി ആരോപണങ്ങളില്‍ പെടാതെ മുന്നോട്ട് പോകുന്നത് സ്വതന്ത്ര നിരീക്ഷകരില്‍ മതിപ്പുളവാക്കിയിട്ടുണ്ട്. വികസനം പൊതു നന്മയ്ക്കായുള്ള ഒരു പദ്ധതിയായി മാറണം. അത് ജനങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ വിലയിരുത്തട്ടെ. ഭരണകൂടങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും പറ്റി അവര്‍ എന്തു ചിന്തിക്കുന്നുവെന്ന് വെളിപ്പെടുത്തട്ടെ. ഈ ഗവണ്‍മെന്റിനെ സംബന്ധിച്ചെടുത്തോളം അതിനായി 2024 വരെ കാത്തിരിക്കേണ്ടി വരും.

(എസ് ആദികേശവൻ ഒരു പ്രമുഖ പൊതുമേഖല ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. ഇതിൽ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമാണ്.)