image

7 Feb 2022 1:17 AM GMT

People

കോവിഡിൽ തകർന്ന പ്രവാസ ജീവിതങ്ങൾ

Hussain Ahmad

കോവിഡിൽ തകർന്ന പ്രവാസ ജീവിതങ്ങൾ
X

Summary

കോവിഡിന്റെ അന്ത്യവും കാത്തിരിക്കുകയാണ് ഗൾഫിലെ പ്രവാസി ബിസിനസ്സുകാർ. ലോകം മുഴുവൻ ഭീതിയിലാഴ്ത്തി 2019 അവസാനം കോവിഡ് പ്രത്യക്ഷപ്പെട്ടത് മുതൽ ആഗോള സമ്പദ്‌വ്യവസ്ഥക്കും ഇന്ത്യൻ  സമ്പദ്‌വ്യവസ്ഥക്കും ഈ വൈറസ് നൽകിയ ആഘാതം ഞെട്ടലോടെ മാത്രമേ നമുക്ക് ഓർമിക്കാൻ സാധിക്കൂ. പക്ഷെ ഗൾഫിലെ സാധാരണ ബിസിനെസ്സുകാർക്ക്, പ്രത്യേകിച്ചും മലയാളികൾക്ക്, ഈ വൈറസ് സൃഷ്ട്ടിച്ച ദുരന്തങ്ങൾ വേണ്ട പോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഇരട്ടി പ്രഹരമാണ് ഗൾഫിലെ മലയാളി കച്ചവടക്കാർക്ക് ഈ മഹാമാരി നൽകിയത്. ഒന്ന്, മറ്റുള്ളവർക്കെന്നപോലെ കോവിഡ് ബിസിനസ് മേഖലക്ക് നൽകിയ […]


കോവിഡിന്റെ അന്ത്യവും കാത്തിരിക്കുകയാണ് ഗൾഫിലെ പ്രവാസി ബിസിനസ്സുകാർ. ലോകം മുഴുവൻ ഭീതിയിലാഴ്ത്തി 2019 അവസാനം കോവിഡ് പ്രത്യക്ഷപ്പെട്ടത് മുതൽ ആഗോള സമ്പദ്‌വ്യവസ്ഥക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്കും ഈ വൈറസ് നൽകിയ ആഘാതം ഞെട്ടലോടെ മാത്രമേ നമുക്ക് ഓർമിക്കാൻ സാധിക്കൂ. പക്ഷെ ഗൾഫിലെ സാധാരണ ബിസിനെസ്സുകാർക്ക്, പ്രത്യേകിച്ചും മലയാളികൾക്ക്, ഈ വൈറസ് സൃഷ്ട്ടിച്ച ദുരന്തങ്ങൾ വേണ്ട പോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല.

ഇരട്ടി പ്രഹരമാണ് ഗൾഫിലെ മലയാളി കച്ചവടക്കാർക്ക് ഈ മഹാമാരി നൽകിയത്. ഒന്ന്, മറ്റുള്ളവർക്കെന്നപോലെ കോവിഡ് ബിസിനസ് മേഖലക്ക് നൽകിയ ആഘാതം. രണ്ട്, അന്നം തേടി ചേക്കേറിയ വിദേശരാജ്യത്ത് വെച്ച് ഇത്തരം ഒരു ഗുരുതര പ്രതിസന്ധി നേരിടേണ്ടി വന്നതിന്റെ മാനസിക സംഘർഷവും നിസ്സഹായതയും.

ഇന്ത്യയിലും ലോകത്തും കോവിഡ് ദശലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തിയതിനെക്കുറിച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗൾഫിലെ മലയാളി ബുസിനെസ്സുകാർ നേരിടേണ്ടിവന്ന ദുരിതം അർഹിക്കുന്ന ശ്രദ്ധയാകര്ഷിച്ചിട്ടില്ല.

കോവിഡ് താണ്ഡവമാടിയ 2020 ൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവന്നതിനാൽ ശമ്പളവും വാടകയും നൽകാൻ പണമില്ലാതെ പ്രയാസത്തിലായവരുടെ നിരവധി കദനകഥകളാണ് ഇവിടെങ്ങും മുഴങ്ങി കേൾക്കുന്നത്.

സ്ഥാപനങ്ങൾ പ്രവർത്തിക്കാനാകാതിരുന്നിട്ടും മുഴുവൻ വാടകയും കൊടുക്കേണ്ടി വന്നതും തൊഴിലാളികൾക്കുള്ള മുഴുവൻ ശമ്പളവും നൽകേണ്ടി വന്നതും പല ചെറുകിട കമ്പനികളെയും അടച്ചുപൂട്ടലിൽ കൊണ്ടുചെന്നെത്തിച്ചു.

ട്രാവൽ-ടൂറിസം മേഖലയാണ് ഏറ്റവും വലിയ പ്രഹരം ഏറ്റുവാങ്ങിയത്. പറക്കാനാകാതെ വിമാനങ്ങൾ റൺവേയിൽ ചിറകൊതുക്കി കിടന്നപ്പോൾ ട്രാവൽ ഏജൻസികൾ നിർജീവമായി. കൂടാതെ ഈ മേഖലയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരാണ് അതോടൊപ്പം തൊഴിൽ നഷ്ടപ്പെട്ട് തെരുവിലായത്‌. ഇതിൽ ഒട്ടുമുക്കാലും മലയാളികളായിരുന്നു എന്നതാണ് നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു പ്രധാന കാര്യം.

റെസ്ടാറന്റുകൾ അടക്കമുള്ള ചെറുകിട കച്ചവടക്കാരാണ് കോവിഡിന്റെ പ്രധാന ഇരകളായ മറ്റൊരു വിഭാഗം. മഹാമാരി സൃഷ്ട്ടിച്ച സാമ്പത്തിക തകർച്ച മറികടക്കാൻ ഗൾഫ് ഗവണ്മെന്റുകൾ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജുകൾ ചെറുകിട കച്ചവടക്കാർക്ക് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

2021 മാർച്ചിൽ അൽ ജസീറ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം 11 ലക്ഷം ഇന്ത്യക്കാരാണ് കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും ബിസിനസ് തകർന്നും നാട്ടിലെത്തിയത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലുള്ള ഗൾഫിൽ നിന്നുള്ള ഏറ്റവും വലിയ കുത്തൊഴുക്കാണിതെന്നും റിപ്പോർട്ട് പറയുന്നു. തിരിച്ചുവന്നവരിൽ പലരും കടക്കെണിയിലാണെന്നും ഒരു തിരിച്ചുപോക്കല്ലാതെ മറ്റൊരു പോംവഴി അവർ കാണുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.

ഇത് ഗൾഫിലെ പൊതുവായ അവസ്ഥയാണെങ്കിൽ ഈ വർഷം ലോകകപ്പ് നടക്കുന്ന ഖത്തറിലെ മലയാളി ബിസിനെസ്സുകാർ നേരിടുന്ന മറ്റൊരു ഭീഷണിയുണ്ട് — ലോകകപ്പിന് വേണ്ടി ദോഹയിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന അറ്റകുറ്റപണികൾ. ഡ്രൈനേജ് സിസ്റ്റം നവീകരിക്കുന്നതിൻറെ ഭാഗമായി നിരവധി റോഡുകളാണ് പൊളിച്ചത്. മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ നിർമാണപ്രവർത്തനങ്ങളുടെ ഫലമായി റോഡിരികിലുള്ള കടകളും റെസ്റ്റോറന്റുകളും അടഞ്ഞു കിടക്കുകയാണ്. തുറന്നിരുന്നാൽ തന്നെ ഉപഭോക്താക്കൾക്ക് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ ബിസിനസ് നടക്കാത്ത അവസ്ഥ. ഈ സമയത്തും കെട്ടിട ഉടമസ്ഥർ വാടകയിൽ ഇളവ് നൽകുന്നില്ല എന്നത് പലരുടെയും തകർച്ചയിലേക്ക് നയിച്ചു. പണമില്ലാത്തതിന്റെ പേരിൽ ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങുന്നത് തുടർക്കഥയായി.

കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിലെപ്പോലെ ഗൾഫിലും ഭാഗികമായ ലോക്ക്ഡൌണിന് സമാനമായ സാഹചര്യത്തിലേക്ക് നയിച്ചിരിക്കയാണ്. ബിസിനസ് രംഗം പ്രത്യാശയുടെ പാതയിലേക്ക് തിരിച്ചുവരുമ്പോഴാണ് മൂന്നാം തരംഗം ആഞ്ഞുവീശിയത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഒമൈക്രോൺ അത്ര അപകടകാരിയല്ല എന്ന തിരിച്ചറിവും കേസുകൾ വീണ്ടും കുറയുന്നതും ഈ തരംഗവും നമ്മൾ മറികടക്കുമെന്നതിന്റെ സൂചനകളാണ് നൽകുന്നത്.

കോവിഡ് ഭീതി പൂർണമായും അവസാനിക്കാതെ നാട്ടിലെന്നപോലെ ഗൾഫിലും ബിസിനസ് രംഗം പൂർവസ്ഥിതി പ്രാപിക്കില്ല.

കോവിഡ് സൃഷ്‌ടിച്ച തൊഴിൽ അനിശ്ചിതത്വവും പലരുടെയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതും കാരണം പ്രവാസികൾ ചെലവ് ചുരുക്കാൻ പഠിച്ചതും ബിസിനസ് മേഖലയുടെ തിരിച്ചുവരവിന് വിഘാതമാകുന്നു.

ജോലി നഷ്ടപ്പെട്ടും പ്രവാസം നിർത്തിയും നാട്ടിലെത്തുന്നവരുടെ പുനരധിവാസത്തെക്കുറിച് നാം പറയാറുണ്ടെങ്കിലും ബിസിനസ് തകർന്ന് ദുരിതത്തിലായവരെക്കുറിച്ചും ചെക്കുകൾ മടങ്ങിയതിന്റെ പേരിൽ ഗൾഫിൽ ജയിലിലായവരെക്കുറിച്ചും നാം ശ്രദ്ധിക്കാറില്ല എന്നതാണ് മറ്റൊരു ദുരന്തം.അവരുടെ കഥകളാവും ഒരുപക്ഷെ ഈ മഹാമാരി കഴിയുമ്പോൾ നമ്മളെ തേടി വരാനുള്ളത്.

(മൂന്ന് പതിറ്റാണ്ടുകളായി ഗൾഫ് മേഖലയിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്ന ഹുസൈൻ അഹ്‌മദ്‌ ഇപ്പോൾ 'ദോഹ ഗ്ളോബ്'-ന്റെ മാനേജിങ് എഡിറ്ററാണ്.)