image

6 Feb 2022 8:30 PM GMT

People

ബ്രാൻഡ് കോലി

ബ്രാൻഡ് കോലി
X

Summary

പരസ്യങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്തരെ കൂട്ടുപിടിക്കുന്ന പ്രവണത കുറെ കാലമായുള്ളതാണ്. പ്രശസ്തർക്കുള്ള വിശ്വാസ മൂല്യം തങ്ങളുടെ ഉൽപന്നങ്ങൾക്കും പകർന്ന് കിട്ടും എന്നതാണ് അതിൻ്റെ യുക്തി. സിനിമാ താരങ്ങൾക്ക് മുമ്പേ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നത് കായിക താരങ്ങളെയായിരുന്നു. അങ്ങിനെയാണ് അമേരിക്കയിലെ ബേസ്ബാൾ താരം ബേബ് രൂത്ത് പരസ്യത്തിനായി പ്രതിഫലം കൈപ്പറ്റുന്ന ആദ്യ പ്രശസ്തനാവുന്നത്. പിന്നീട് സിനിമാതാരങ്ങളും, അതും കഴിഞ്ഞു സമൂഹത്തിലെ പല മേഖലകളിലെ പ്രശസ്തരും ബ്രാൻഡ് അംബാസഡർമാരായി മാറി. ഇന്ത്യയെ സംബന്ധിച്ചു സിനിമാതാരങ്ങളുടെ അത്ര തന്നെ മൂല്യം കളിക്കാർക്ക്, പ്രത്യേകിച്ച് […]


പരസ്യങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്തരെ കൂട്ടുപിടിക്കുന്ന പ്രവണത കുറെ കാലമായുള്ളതാണ്. പ്രശസ്തർക്കുള്ള വിശ്വാസ മൂല്യം തങ്ങളുടെ ഉൽപന്നങ്ങൾക്കും പകർന്ന് കിട്ടും എന്നതാണ് അതിൻ്റെ യുക്തി.

സിനിമാ താരങ്ങൾക്ക് മുമ്പേ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നത് കായിക താരങ്ങളെയായിരുന്നു. അങ്ങിനെയാണ് അമേരിക്കയിലെ ബേസ്ബാൾ താരം ബേബ് രൂത്ത് പരസ്യത്തിനായി പ്രതിഫലം കൈപ്പറ്റുന്ന ആദ്യ പ്രശസ്തനാവുന്നത്.

പിന്നീട് സിനിമാതാരങ്ങളും, അതും കഴിഞ്ഞു സമൂഹത്തിലെ പല മേഖലകളിലെ പ്രശസ്തരും ബ്രാൻഡ് അംബാസഡർമാരായി മാറി. ഇന്ത്യയെ സംബന്ധിച്ചു സിനിമാതാരങ്ങളുടെ അത്ര തന്നെ മൂല്യം കളിക്കാർക്ക്, പ്രത്യേകിച്ച് ക്രിക്കറ്റ് കളിക്കാർക്ക് ലഭിക്കുന്നു.

വിജയങ്ങളുടെ സ്വർണ്ണതിളക്കത്തിൽ നിൽക്കുമ്പോൾ ധോണിയും പിന്നീട് വിരാട് കോലിയും സിനിമാതാരങ്ങളെക്കാൾ ബ്രാൻഡ് മൂല്യം ഉള്ളവരായി മാറി. പ്യുമ, ഔഡി, ഹീറോ മോട്ടോകോപ്, ടിസ്സോട്ട്, എംആർഎഫ്, വിവോ, ബ്ലൂ സ്റ്റാർ, മിന്ത്ര തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം മുഖം കോലിയുടേതായിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന താരമായ കോലിയുടെ ബ്രാൻഡ് മൂല്യം 237.7 ദശലക്ഷം ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്.

താരത്തിന്റെ മൂല്യം തിളക്കം മങ്ങും വരെ എന്നതാണ് പൊതുവിലെ രീതി. ആ ന്യായപ്രകാരം വിരാട് കോലിയുടെ മൂല്യവും ചോദ്യം ചെയ്യപ്പെടുന്ന കാലമാണ് ഇപ്പോൾ.

ക്രിക്കറ്റിൽ വേണ്ടത്ര ശോഭിക്കാനാവാതെ നിൽക്കുന്ന താരം നായക പദവികളിൽ നിന്ന് ഒഴിവാക്കപ്പെടുകയോ സ്വയം ഒഴിവാവുകയോ ചെയ്തു.

എന്നാൽ ഇപ്പോൾ കോലിക്ക് പൂർണ്ണ പിന്തുണയുമായി രണ്ട് പ്രമുഖ ബ്രാൻഡുകൾ രംഗത്ത് എത്തിയിരിക്കുന്നു. പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി, സ്പോർട്സ് വെയർ രംഗത്തെ പ്രമുഖ ബ്രാൻഡായ പ്യുമ എന്നിവർ ബ്രാൻഡ് കോലിയിൽ തങ്ങൾക്കുള്ള അടിയുറച്ച വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു.

ശക്തമായ, പുരോഗമനോന്മുഖമായ, ഇന്ത്യയുടെ പ്രതീകമാണ് വിരാട് കോലി എന്നും തങ്ങളുടെ ബ്രാൻഡ് പ്രതിഛായയുമായി തികച്ചും പൊരുത്തപ്പെടുന്നതാണ് ഇതെന്നും ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ സിങ് ധില്ലൻ പറഞ്ഞു.

2017 ൽ ധോണിയുമായി 110 ദശലക്ഷം രൂപയുടെ 8 കൊല്ലത്തെ കരാറിലേർപ്പെട്ട ജർമ്മൻ ബ്രാൻഡായ പ്യുമയും കോലിയിലുള്ള വിശ്വാസം രേഖപ്പെടുത്തി. കോലിയുടെ നായകത്വവും കളിക്കാരൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിൻ്റെ പ്രകടനവും ഇന്നും പ്രചോദനാത്മകമാണെന്നും അത് കൊണ്ട് തന്നെ അദ്ദേഹവുമായുള്ള ദീർഘ കാല കരാർ തങ്ങൾക്ക് അഭിമാനകരമാണെന്നും പ്യുമയുടെ എം ഡി അഭിഷേക് ഗാംഗുലി പ്രസ്താവിച്ചു.

പക്ഷെ പ്രമുഖ പരസ്യ ഏജൻസി റെഡിഫ്യുഷൻറെ എം ഡി സന്ദീപ് ഗോയലിനെപ്പോലുള്ള വിദഗ്‌ധർ മറിച്ചാണ് കരുതുന്നത്. പരമ്പരാഗതമായി ടീം ക്യാപ്റ്റന്മാർക്കാണ് പരസ്യത്തിന്റെ ഏറിയ പങ്കും ലഭിച്ചിട്ടുള്ളതെന്നും ക്യാപ്റ്റൻസി ഇല്ലാതെ കോലിക്ക് തിളക്കം ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റനല്ലാത്ത കോലി ഇപ്പോൾ പതിനൊന്ന് കളിക്കാരിൽ ഒരാൾ മാത്രമായിരിക്കും എന്നും അദ്ദേഹം കൂട്ടി ചേർത്തു.

തിളക്കം നഷ്ടപെടുന്നവരെ ഒഴിവാക്കി തിളക്കം വെച്ച് വരുന്നവരുടെ പിന്നാലെ പോവുക എന്നതാണ് പൊതു പ്രവണത. വിരാട് കോലിയുടെ കാര്യത്തിലും ഇത് തന്നെ സംഭവിക്കുമോ അതോ കോലി വീണ്ടും ഫോം തിരിച്ചു പിടിക്കുമോ എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നാളെയുടെ മടിശ്ശീലയിൽ ഭദ്രം.