image

31 Dec 2022 11:34 AM GMT

Technology

2022ല്‍ നിങ്ങള്‍ സ്‌ക്രീനില്‍ എരിച്ച് കളഞ്ഞത് ₹ 2.66 ലക്ഷത്തിന്റെ സമയം?, കണക്ക് നോക്കാം

Thomas Cherian K

in 2022 you shot 2.8 lakh productive hours on screen
X

Summary

  • 2022ല്‍ നിങ്ങള്‍ എത്ര രൂപയുടെ സമയം സ്‌ക്രീനിന് മുന്നില്‍ ചെലവഴിച്ചുവെന്ന് കണക്ക് കൂട്ടണോ ?


കേട്ടാല്‍ കണ്ണ് തള്ളും..ഞരമ്പുകള്‍ വലിഞ്ഞ് മുറുകും..അത്രയധികം അമ്പരിപ്പിക്കുന്നതാണ് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പടെയുള്ള ഗാഡ്ജറ്റുകളില്‍ നാമേവരും ചെലവഴിക്കുന്ന സമയത്തിന്റെ മൂല്യം. ഓരോ വര്‍ഷം മുന്നോട്ട് പോകും തോറും ഇത് വര്‍ധിക്കുകയാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഗതി. ബെംഗലൂരു ആസ്ഥാനമായുള്ള ബിസിനസ് മാനേജ്‌മെന്റ് കമ്പനിയായ റെഡ്‌സീര്‍ സ്ട്രാറ്റജി കണ്‍സള്‍റ്റന്റ്‌സ് ഏതാനും ആഴ്ച്ച മുന്‍പ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം ഒരു ഇന്ത്യക്കാരന്‍ ശരാശരി 7.3 മണിക്കൂറാണ് സ്‌ക്രീനിന് മുന്‍പില്‍ ചെലവഴിക്കുന്നത്.


സംഗതി കേട്ടാല്‍ സത്യമാണോ എന്ന് തോന്നും. സൂക്ഷ്മമായി സ്വയം ഒന്ന് പരിശോധിക്കൂ, അല്ലെങ്കില്‍ ഗൂഗിളിന്റെ ഡിജിറ്റല്‍ വെല്‍ബീംഗ് പോലുള്ള ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓരോ ദിവസവും കിടക്കും മുന്‍പ് ഒന്ന് പരിശോധിച്ചോളൂ. അന്ന് എത്ര മണിക്കൂര്‍ ആ ഫോണില്‍ ചെലവഴിച്ചുവെന്ന് അറിയാം. ഇതിന് പുറമേയാണ് ലാപ്‌ടോപ്പിലും, ടിവിയിലുമൊക്കെ നിങ്ങള്‍ അന്നേദിവസം സമയം ചെലവഴിച്ചതെന്ന് ഓര്‍ക്കണം. സ്‌ക്രീന്‍ ടൈമില്‍ ചൈനയേയും അമേരിക്കയേയും ഇന്ത്യ കടത്തിവെട്ടി എന്നത് അത്ര ഞെട്ടിക്കുന്നില്ലെങ്കിലും, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ 'സ്‌ക്രീനില്‍' എരിയുന്ന വിലപ്പെട്ട സമയത്തിന്റെ അളവ് വര്‍ധിക്കുന്നു എന്നത് ആശങ്കയോടെ കാണണം.

ഒന്ന് കണക്ക് കൂട്ടാം

ഒരു ശരാശരി ഇന്ത്യക്കാരന് ഇന്നത്തെ സാഹചര്യത്തില്‍ ജീവിക്കാന്‍ വേണ്ടത് കുറഞ്ഞത് 20,000 - 25,000 രൂപയാണെന്ന് പഠനങ്ങളിലൂടെ (നിലവിലെ പ്രതിദിന ചെലവിന്റെയും റിപ്പോര്‍ട്ട് വെച്ച്) വ്യക്തമാണ്. ജോലി ചെയ്ത് ഇത്തരത്തിലുള്ള ഒരു വരുമാനവുമായി മുന്നോട്ട് പോകുന്നവരും ഒട്ടേറെ. ഇനിയാണ് ചിന്തിക്കേണ്ട ഘടകം വരുന്നത്. പ്രതിമാസം 25,000 രൂപയാണ് ശമ്പളമെങ്കില്‍ പ്രതിദിനം അയാള്‍ക്ക് ഏകദേശം 833.33 രൂപയാണ് വരുമാനം. ഒരു ദിവസം ശരാശരി എട്ട് മണിക്കൂര്‍ ജോലി സമയത്തെ ഈ തുകയുമായി തട്ടിച്ചു നോക്കിയാല്‍ ഒരു മണിക്കൂറിന് 104.16 രൂപയാണ് ഒരു വ്യക്തി സമ്പാദിക്കുന്നത്.

ദിവസവും മേല്‍പറഞ്ഞ പോലെ 7.3 മണിക്കൂര്‍..പോട്ടെ 7 മണിക്കൂര്‍ സ്‌ക്രീനില്‍ ചെലവഴിയ്ക്കുന്ന ഒരാള്‍ക്ക് 365 ദിവസം കൊണ്ട് നഷ്ടമാകുന്നത് 2.66 ലക്ഷം രൂപയുടെ മണിക്കൂറുകളാണ് (104.16 രൂപയെ ഏഴ് കൊണ്ട് ഗുണിക്കുക, അതാണ് പ്രതിദിനം നഷ്ടമാകുന്ന പ്രൊഡക്ടീവ് സമയത്തിന്റെ മൂല്യം. ശേഷം ആ തുകയെ 365 ആയും ഗുണിയ്ക്കുമ്പോള്‍ ലഭിക്കുന്ന കണക്ക്). അതായത് 2022ല്‍ രാജ്യത്തെ ഈ തുകയുയുടെ പരിധിയില്‍ വരുമാനമുള്ള ഒട്ടുമിക്ക ആളുകളും 2.66 ലക്ഷം രൂപയുടെ സമയം സ്‌ക്രീനില്‍ എരിച്ചു തീര്‍ത്തിട്ടുണ്ട്.

ഈ ഏഴ് മണിക്കൂര്‍ സ്‌ക്രീന്‍ ടൈം എന്നത് ഒരു ദിവസത്തിന്റെ പല സമയങ്ങളിലായി ഗാഡ്ജറ്റുകള്‍ ഉപയോഗിച്ച (സഞ്ചിതമായ) കണക്കാണ്. ഇതില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഫോണ്‍ ഓണ്‍ ആക്കിവെച്ച് ഉപയോഗിച്ചത് ഉള്‍പ്പടെയുള്ള കണക്ക് വരും.


ഇനിയാണ് മറ്റൊരു പ്രധാന കാര്യമുള്ളത്. തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് ശമ്പളം കൂടുമെന്നതിനാല്‍ അത്തരത്തിലുള്ളവര്‍ സ്വന്തം സമയത്തിന്റെ മൂല്യവും, സ്‌ക്രീനില്‍ നഷ്ടമാക്കിയ സമയത്തിന്റെ മൂല്യം വെച്ച് ഒന്ന് കണക്ക് കൂട്ടി നോക്കിക്കേ. ഏവര്‍ക്കും നഷ്ടമായ സമയത്തിന്റെ അളവ് ഏകദേശം ഒന്നാണെങ്കിലും മൂല്യം വ്യത്യാസപ്പെട്ടിരിക്കും. ഇത് ശമ്പളം തന്നെ വെച്ച് ആകണം എന്നില്ല. ബിസിനസ് ഉള്‍പ്പടെ ചെയ്യുന്നവര്‍ക്ക്, അതായത് മണിക്കൂറില്‍ കോടികള്‍ വരെ വരുമാനമുള്ളവര്‍ സ്വയം ഒന്ന് 'സ്‌ക്രീന്‍ ടൈം' പരിശോധന നടത്തി നോക്കുക..ഞെട്ടുമെന്നുറപ്പ്.

ഇവര്‍ വില്ലന്മാരോ കൂട്ടുകാരോ ?

ഫേസ്ബുക്ക്, വാട്‌സാപ്പ്, ടെലഗ്രാം, യൂട്യൂബ്, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി ഓഫ്‌ലൈനായി വരുന്ന ഫോണ്‍ ഉപയോഗങ്ങള്‍ വരെ ഇന്ന് ഒഴിച്ച് കൂടാന്‍ പറ്റാത്ത വിധം ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. സമയത്തെ പണമാക്കി മാറ്റുന്ന കച്ചവടത്തില്‍ ഇവയെല്ലാം വിജയിച്ചപ്പോള്‍, പണം പോലെ തന്നെ സമയവും മൂല്യം തരുന്ന ഒന്നാക്കി മാറ്റാന്‍ നാമേവരും മറന്നു പോയി എന്നതാണ് സത്യം.


മാത്രമല്ല, സ്വഭാവത്തില്‍ വരെ മാറ്റം വരുത്തുന്ന ഒരു വില്ലനായി സ്‌ക്രീന്‍ ഉപയോഗം മാറിക്കഴിഞ്ഞു. ഇതില്‍ നിന്നും പിന്നിലേക്ക് നടക്കാന്‍ പലര്‍ക്കും ആകുന്നില്ല. അതിനാല്‍ തന്നെ വ്യക്തി ബന്ധങ്ങളിലുള്‍പ്പടെ ഒരു വിടവ് വന്നിട്ടുണ്ടെന്നും മനശാസ്ത്രവിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്താ പരിഹാരം?

പരിഹാരം ഒന്നേയുള്ളൂ. ഉപയോഗം ആവശ്യത്തിന് മാത്രം മതി. അതിന് പരിധി വെക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്‌ക്രീന്‍ ടൈം കണ്‍ട്രോള്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്പുകള്‍ നിങ്ങളുടെ ഗാഡ്ജറ്റുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഉപയോഗ സമയം കൈവിട്ടു പോകുമ്പോള്‍ കൃത്യമായ ഓര്‍മ്മപ്പെടുത്തല്‍ വന്നോളും. ഇതിന് പുറമേ മറ്റാരു കാര്യം കൂടി സ്വന്തം 'മനസില്‍' ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഡിജിറ്റല്‍ ഗാഡ്ജറ്റുകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ട സമയം എനിക്ക് കൂട്ടണം എന്ന ചിന്ത.

അതില്ലെങ്കില്‍ വരും വര്‍ഷങ്ങളും സ്‌ക്രീനിനോട് അടിമപ്പെട്ടു പോകുന്ന മനുഷ്യരുടെ എണ്ണം പെരുകുകയും അത് മറ്റ് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. അപ്പോള്‍ സ്‌ക്രീന്‍ ടൈം എന്നത് കൂട്ടുകാരനാകണോ അന്തകനാകണോ എന്നത് നിങ്ങളുടെ തീരുമാനം പോലിരിക്കും എന്ന് ചുരുക്കം. അപ്പോള്‍ വളരെ ഹെല്‍ത്തിയായ സ്‌ക്രീന്‍ ടൈം മാത്രം ഉണ്ടാകുന്ന ഒരു കാലമായി 2023 മുതലുള്ള വര്‍ഷങ്ങളെ മാറ്റാന്‍ ഏവര്‍ക്കും സാധിക്കട്ടെ.