image

20 Nov 2024 3:16 AM GMT

Lifestyle

ഇന്ത്യൻ വിപണി കീഴടക്കിയ നൈക എന്ന നായിക

Karthika Ravindran

ഇന്ത്യൻ വിപണി കീഴടക്കിയ നൈക എന്ന നായിക
X

Summary

  • ആരംഭിച്ചത് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമിൽ, ലഭിച്ചത് വെറും 60 ഓർഡറുകൾ മാത്രം
  • ഇന്ത്യൻ വിപണിയിലെ സാധ്യത ബിസിനസ് തുടങ്ങാൻ പ്രചോദനമായി
  • നൈക സംസ്‌കൃത പദമായ നായികയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്


കൊട്ടക് മഹീന്ദ്ര ക്യാപിറ്റലിൻ്റെ മാനേജിംഗ് ഡയറക്ടറായ ഫാൽഗുനി നയ്യാർ, 2012 ൽ ജോലി ഉപേക്ഷിച്ചു തന്റെ പിതാവിന്റെ ഓഫീസിൽ നിന്ന് സൗന്ദര്യ, ആരോഗ്യ ഉൽപ്പന്നങ്ങളുടെ ഒരു ഇ-കൊമേഴ്സ് പോർട്ടലായ നൈക സ്ഥാപിച്ചു. റീട്ടെയിൽ, ടെക്നോളജി എന്നീ മേഖലകളിൽ യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തി ആയിരുന്നു നയ്യാർ. എന്നാൽ അവർ നൈകയെ ഇന്ത്യയിലെ സൗന്ദര്യവർധക, വ്യക്തിഗത പരിചരണ വിപണിയുടെ മുൻനിര കമ്പനികളിൽ ഒന്നായി മാറ്റി. നൈക എന്ന ബ്രാൻഡ് നാമം സംസ്‌കൃത പദമായ നായികയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അതായത് നായിക അല്ലെങ്കിൽ "ശ്രദ്ധയിൽ പെട്ട ഒരാൾ".

ഇന്ത്യയിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ആവശ്യവും ഉൽപ്പന്നങ്ങളുടെ ലഭ്യതയും തമ്മിലുള്ള വിടവ് ശ്രദ്ധിച്ചതിനെ തുടർന്നാണ് നയ്യാർക്ക് നൈക ആരംഭിക്കാൻ പ്രചോദനമായത്. വൻ തോതിലുള്ള ആവശ്യമുണ്ടായിരുന്നിട്ടും, ഇന്ത്യയിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണിക്ക് ഫ്രാൻസും, ജപ്പാനും പോലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉൽപ്പന്ന ശ്രേണിയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. രാജ്യത്തെ പല സ്ഥലങ്ങളലും നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമായിരുന്നില്ല. ഇതെല്ലാം നൈകയുടെ ഉത്ഭവത്തിന് കാരണമായി. ഓൺലൈൻ ബിസിനസ് മോഡൽ വിജയിക്കുമെന്നും ഉപഭോക്താക്കൾ ഉത്പന്നങ്ങൾ വാങ്ങുന്നതിന് സ്റ്റോറുകൾ സന്ദർശിക്കുന്നതിനെക്കാൾ അവലോകനങ്ങളെയും, ശുപാർശകളെയും കൂടുതൽ ആശ്രയിക്കുമെന്നും അവർ വിശ്വസിച്ചു.

ആരംഭിച്ചപ്പോൾ നൈക ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമിൽ, ലഭിച്ചത് വെറും 60 ഓർഡറുകൾ മാത്രം. ആദ്യം 3 ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് നൈക 2,500-ലധികം ബ്രാൻഡുകളിൽ നിന്ന് 500,000-ലധികം ഉൽപ്പന്നങ്ങൾ വിൽക്കുന്നു. നിലവിൽ, വെബ്സൈറ്റ്, മൊബൈൽ ആപ്പ്, 100-ലധികം ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ ബ്യൂട്ടി, വെൽനെസ്സ്, ഫാഷൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ദേശീയമായും, അന്തർദേശീയമായും നിർമ്മിച്ച ഉൽപ്പന്നങ്ങൾ നൈക വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് നന്നായി ക്യുറേറ്റഡ് ചെയ്ത വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെയും, സേവനങ്ങളുടെയും ശേഖരത്തിലേക്ക് പ്രവേശനം നൽകുന്ന ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് നൈകയുടെ ലക്ഷ്യം.

2020 മാർച്ചിൽ, സ്റ്റെഡ്‌വ്യൂ ക്യാപിറ്റലിൽ നിന്ന് 1.2 ബില്യൺ ഡോളറിൻ്റെ മൂല്യത്തിൽ നൈക ₹100 കോടി (12 ദശലക്ഷം യുഎസ് ഡോളർ) സമാഹരിച്ചു, ഇത് ഒരു യൂണികോൺ സ്റ്റാർട്ടപ്പാക്കി മാറ്റി. ഇതിനെത്തുടർന്ന് സ്റ്റെഡ്‌വ്യൂ 2020 മെയ് മാസത്തിൽ മറ്റൊരു 67 കോടി (US$8.0 ദശലക്ഷം) ഫണ്ടിംഗ് നൽകി.

മേക്കപ്പ്, സ്കിൻകെയർ, ഹെയർകെയർ ഈ വിഭാഗങ്ങൾക്കായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നൈക വിൽക്കുന്നു, അതിൽ ദേശീയ, അന്തർദേശീയ, ലക്‌ഷറി, പ്രീമിയം, കൾട്ട് ബ്രാൻഡുകൾ എന്നിവ ഉൾപ്പെടുന്നു. 2015-ൽ, കമ്പനി ഓൺലൈൻ- മാത്ര മോഡലിൽ നിന്ന് ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളെ ഇന്റഗ്രേറ്റ് ചെയുന്ന ഒംനിചാനൽ മോഡലിലേക്ക് വികസിച്ചു, സൗന്ദര്യവർദ്ധന പ്രോഡക്റ്റ്കളിൽ നിന്ന് വ്യത്യസ്തമായി മറ്റ് ഫാഷൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ തുടങ്ങി.കൂടാതെ 2020 ൽ, പുരുഷന്മാരുടെ ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-ബ്രാൻഡ് ഇ-കൊമേഴ്‌സ് സ്റ്റോറായ നൈകമാൻ കമ്പനി ആരംഭിച്ചു. നൈക ഡിസൈൻ സ്റ്റുഡിയോ സമാരംഭിച്ചുകൊണ്ട് കമ്പനി ഫാഷനിലേക്ക് വ്യാപിച്ചു, പിന്നീട് അതിനെ നൈക ഫാഷൻ എന്ന് പുനർനാമകരണം ചെയ്തു.

നൈകയുടെ ഓപ്പറേറ്ററായ FSN ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ്, 2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 72% വാർഷിക ലാഭം (YoY) 10.04 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.

വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകളുടെ അവകാശങ്ങളും ശാക്തീകരണവും, ഗ്രാമവികസനം, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങളിൽ നൈക സാമൂഹികവും സാമ്പത്തികവുമായ സഹായം നൽകുന്നു. കൂടാതെ സ്പർഷ് ഇന്ത്യ, കെയർ ഇൻ്റർനാഷണൽ കോൺഫെഡറേഷൻ, പ്രൈഡ്, മിലാപ്, നൻഹി കലി, മേക്ക് എ വിഷ് ഫൗണ്ടേഷൻ, ബെനഫാക്‌ടറി, സ്‌നേഹ, ഗിവ്ഇന്ത്യ, പിഎം കെയേഴ്‌സ് ഫണ്ട് എന്നിവയുമായുള്ള ചില ശ്രദ്ധേയമായ സിഎസ്ആർ പങ്കാളിത്തമുണ്ട്.