8 March 2023 5:14 AM GMT
ശരാശരി ലോണ്‍ തുക 45,699 രൂപ, 15 ശതമാനവും ചികിത്സാ ആവശ്യത്തിന്: വനിതാ ദിനത്തില്‍ 'സ്ത്രീ വായ്പ'കളുടെ സ്വഭാവമറിയാം
MyFin Desk
രാജ്യത്തെ സ്ത്രീകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പകളുടെ 15 ശതമാനവും വിനിയോഗിക്കുന്നത് ചികിത്സാ ആവശ്യത്തിന്. വനിതകള്‍ എടുക്കുന്ന വായ്പകളുടെ ശരാശരി തുക 45,699 രൂപയാണ്. കാലാവധി 12 മാസവും. 43.5 കോടി വരുന്ന മുതിര്‍ന്ന സ്ത്രീകളില്‍ 5.4 കോടിയാണ് വായ്പ എടുക്കുന്നത്. അതായത് 13 ശതമാനം.
രാജ്യത്തെ സാമ്പത് ഘടന മെച്ചപ്പെടുന്നതനുസരിച്ച് വനിത വായ്പകളുടെ എണ്ണവും കൂടുന്നുവെന്നും സമ്പദ് വ്യവസ്ഥയില്‍ അവരുടെ സംഭാവന ഉയരുന്നുവെന്നുമാണ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'ഇടിബിഎഫ്എസ്‌ഐ.കോം' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചികിത്സാ ആവശ്യം, ബിസിനസ്, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് കൂടുതല്‍ സ്ത്രീകളും വായ്പകള്‍ എടുക്കുന്നത്. 'സിബിലി'ന്റെ കണക്കനുസരിച്ച് അടുത്ത അഞ്ച് വര്‍ഷത്തേക്ക് വനിതാ വായ്പകളുടെ കോമ്പൗണ്ട് ആവറേജ് ഗ്രോത് റേറ്റ് 19 ശതമാനമാണ്. പുരുഷന്‍മാരുടേത് 14 ശതമാനവും. സ്ത്രീകളുടെ വായ്പാ ആവശ്യങ്ങളില്‍ രണ്ടാം സ്ഥാനം ബിസിനസിനും മൂന്നാം സ്ഥാനം വിദ്യാഭ്യാസത്തിനുമാണ്.
ആകെ വായ്പാ വിഭാഗങ്ങളില്‍ 29 ശതമാനമാണ് സ്ത്രീ സാനിധ്യം. ഇത് താരതമ്യേന കുറവാണെന്നും സാമൂഹീക, സാംസ്‌കാരിക കാരണങ്ങളാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു.