31 Jan 2024 6:35 AM GMT
Summary
- സമ്പര്‍ക്കരഹിതവും തടസ്സമില്ലാത്തതുമായ സഞ്ചാരം ഡിജിയാത്ര നല്‍കുന്നു
- ഡിജി യാത്ര ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്
- വിദേശ പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാക്കും വിധമാകും
രാജ്യത്തെ 14 വിമാനത്താവളങ്ങളില്‍ കൂടി ഡിജി യാത്ര ആരംഭിക്കാനൊരുങ്ങുന്നു. വിദേശ പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാക്കും വിധമാകും പദ്ധതി നടപ്പിലാക്കുന്നതെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിലെ വിവിധ ചെക്ക് പോയിന്റുകളില്‍ സമ്പര്‍ക്കരഹിതവും തടസ്സമില്ലാത്തതുമായ സഞ്ചാരം നല്‍കുന്ന ഡിജിയാത്ര നിലവില്‍ ഡല്‍ഹി, ബെംഗളൂരു, വാരണാസി, ഹൈദരാബാദ്, കൊല്‍ക്കത്ത, വിജയവാഡ, പൂനെ, മുംബൈ, കൊച്ചി, അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂര്‍, ഗുവാഹത്തി എന്നീ 13 വിമാനത്താവളങ്ങളില്‍ ലഭ്യമാണ്.
വരുന്ന മാര്‍ച്ചോടെ ചെന്നൈ, ഭുവനേശ്വര്‍, കോയമ്പത്തൂര്‍, ദാബോലിം, മോപ്പ ഗോവ, ഇന്‍ഡോര്‍, ബാഗ്‌ദോഗ്ര, ചണ്ഡിഗഡ്, റാഞ്ചി, നാഗ്പൂര്‍, പട്‌ന, റായ്പൂര്‍, ശ്രീനഗര്‍, വിശാഖപട്ടണം എന്നീ 14 വിമാനത്താവളങ്ങളില്‍ കൂടി ആരംഭിക്കാനാണ് പദ്ധതി. വിദേശ പൗരന്മാര്‍ക്ക് ഡിജി യാത്ര സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഇ-പാസ്‌പോര്‍ട്ട് അധിഷ്ഠിത എന്റോള്‍മെന്റ് ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു.
2022 ഡിസംബര്‍ മുതല്‍ 2023 നവംബര്‍ വരെയുള്ള കാലയളവില്‍ മൊത്തം ഡിജി യാത്ര ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്‍ട്രി ഗേറ്റുകളിലും ബോര്‍ഡിംഗ് ഗേറ്റുകളിലും യാത്രക്കാര്‍ക്ക് പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായിച്ചിട്ടുണ്ട്. 2022 ലാണ് പദ്ധതി ആരംഭിക്കുന്നത്. യാത്രക്കാരുടെ സമ്മതത്തോടെ മാത്രമേ ആപ്ലിക്കേഷനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയുള്ളുവെന്ന് വ്യോമയാന മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം 11 വിമാനത്താവളങ്ങളില്‍ കൂടി ഡിജി യാത്ര നടപ്പാക്കുമെന്നും അധികാരികള്‍ പറയുന്നു.
ഡിജി യാത്രയ്ക്കായി ഒരു യാത്രക്കാരന്‍ പങ്കിടുന്ന ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്ത ഫോര്‍മാറ്റിലാണ് സംഭരിക്കുന്നത്. സേവനം ലഭിക്കുന്നതിന്, ഒരു യാത്രക്കാരന്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണ്ണയവും സെല്‍ഫ് ഇമേജ് ക്യാപ്ചറും ഉപയോഗിച്ച് ഡിജിയാത്ര ആപ്ലിക്കേഷനില്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. അടുത്ത ഘട്ടത്തില്‍, ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യുകയും ക്രെഡന്‍ഷ്യലുകള്‍ വിമാനത്താവളവുമായി പങ്കിടുകയും വേണം.
എയര്‍പോര്‍ട്ട് ഇ-ഗേറ്റില്‍, യാത്രക്കാരന്‍ ആദ്യം ബോര്‍ഡിംഗ് പാസിന്റെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്യണം, ഇ-ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം യാത്രക്കാരന്റെ ഐഡന്റിറ്റിയും യാത്രാ രേഖയും സാധൂകരിക്കും. ഈ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, യാത്രക്കാര്‍ക്ക് ഇ-ഗേറ്റ് വഴി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും. ഡിജി യാത്ര ഫൗണ്ടേഷനാണ് ഡിജി യാത്രയുടെ നോഡല്‍ ബോഡി.