5 Aug 2023 10:56 AM GMT
Summary
- വിദേശ കറന്‍സി ആസ്തി 2.4 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 535.33 ബില്യണ്‍ ഡോളറിലേക്ക് എത്തി
- 2021 ഒക്ടോബറില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന റെക്കോഡില്‍ എത്തിയിരുന്നു
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂലൈ 28 ന് അവസാനിച്ച ആഴ്ച്ചയില്‍ 3.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 603.87 ബില്യണ്‍ ഡോളറിലേക്ക് എത്തി. ജൂലൈ 21 ന് അവസാനിച്ച ആഴ്ച്ചയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 1.9 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 607.03 ബില്യണ്‍ ഡോളറിലേക്ക് എത്തിയിരുന്നു.
വിദേശ കറന്‍സി ആസ്തി 2.4 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 535.33 ബില്യണ്‍ ഡോളറിലേക്ക് എത്തിയെന്നും ആര്‍ബിഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ കറന്‍സി ആസ്തികള്‍ ഡോളറിലാണ് പറയുന്നതെങ്കിലും വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ കറന്‍സികളുടെയും മൂല്യവര്‍ധനവും, മൂല്യത്തകര്‍ച്ചയും വിദേശ കറന്‍സി ആസ്തികളുടെ കാര്യത്തില്‍ സ്വാധീനിക്കും.
2021 ഒക്ടോബറില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന റെക്കോഡില്‍ എത്തിയിരുന്നു. എന്നാല്‍, ആഗോള സമ്മര്‍ദ്ദങ്ങള്‍ മൂലം രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ആര്‍ബിഐ കരുതല്‍ ധനം വിറ്റഴിച്ചിരുന്നു. രൂപയുടെ കുത്തനെയുള്ള മൂല്യത്തകര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെ ഡോളര്‍ വില്‍പ്പന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ ഇടപെടാറുണ്ട്. വിദേശനാണ്യ വിപണികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ബിഐ വിനിമയ നിരക്കിലെ അമിതമായ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിലൂടെ വിപണി സാഹചര്യങ്ങള്‍ ചിട്ടയായ നിലനിര്‍ത്താന്‍ മാത്രമാണ് ഇടപെടുന്നത്.