26 Nov 2022 6:52 AM GMT
Summary
കോവിഡ് കാലം രാജ്യത്തുടനീളമുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം ബിസിനസുകളെ എങ്ങനെ ബാധിച്ചുവെന്ന് വിശദമാക്കുന്ന 'റോഡ് ടു റിക്കവറി: എക്സാമിനിങ് ദി ഇമ്പാക്റ്റ് ഓഫ് കോവിഡ് 19 ഓണ്‍ മൈക്രോ ബിസിനസ് ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബെംഗലൂരു: കോവിഡ് നിയന്ത്രണങ്ങള്‍ മാറി മാസങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) പ്രതിസന്ധിയിലെന്ന് ചൂണ്ടിക്കാട്ടി പഠന റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ രാജ്യത്തെ ഏകദേശം 40 ശതമാനം എംഎസ്എംഇകള്‍ക്കും മതിയായ ഈടില്ലാത്തത് കൊണ്ടോ, വായ്പാ പിന്‍ബലം ഇല്ലാത്തതിനാലോ വായ്പ നിഷേധിക്കപെട്ടുവെന്നും ഗ്ലോബല്‍ അലയന്‍സ് ഫോര്‍ മാസ്സ് എന്റര്‍പ്രെണര്‍ഷിപ് (ഗെയിം) നടത്തിയ പഠനം വ്യക്തമാക്കുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്തെ എംഎസ്എംഇ മേഖലയെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. കോവിഡ് കാലം രാജ്യത്തുടനീളമുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം ബിസിനസുകളെ എങ്ങനെ ബാധിച്ചുവെന്ന് വിശദമാക്കുന്ന 'റോഡ് ടു റിക്കവറി: എക്സാമിനിങ് ദി ഇമ്പാക്റ്റ് ഓഫ് കോവിഡ് 19 ഓണ്‍ മൈക്രോ ബിസിനസ് ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1,955 ചെറുകിട സംരഭങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ പകുതിയോളം ബിസിനസുകളും, കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് തിരിച്ചു വരുന്നതില്‍ സജ്ജമായിരുന്നില്ലയെന്നു കണ്ടെത്തി.
2020 ഏപ്രിലില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ 95 ശതമാനം സ്ഥാപനങ്ങളെയും വളരെ ദോഷകരമായി ബാധിച്ചിരുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 70 ശതമാനത്തോളം ബിസിനസുകളുടേയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. ലോക്ക് ഡൗണ്‍ നീക്കിയിട്ടും രാജ്യത്തെ 40 ശതമാനം ബിസിനസുകള്‍ക്കും 2021 ഫെബ്രുവരി വരെ ഇതിന്റെ ആഘാതം നിലനിന്നിരുന്നു. ഇതിനു ശേഷമുണ്ടായ ഭാഗിക ലോക്ക് ഡൗണുകളും, ചരക്ക് ഗതാഗത സംവിധാനം പൂര്‍വ്വസ്ഥിതിയിലാകാന്‍ വൈകിയതും ബിസിനസുകളുടെ മുന്നോട്ട് പോക്കിനെ ബാധിച്ചു.
വിപണിയിലേക്കുള്ള പ്രവേശനം ലഭിക്കാത്തതും, ഉത്പാദന ക്ഷമതയിലെ കുറവും, സാമ്പത്തിക ദൗര്‍ബല്യവുമാണ് ഈ മേഖല നേരിട്ടിരുന്ന പ്രധാന വെല്ലുവിളികള്‍. ലോക്ക്ഡൗണ്‍ മൂലം 2020ല്‍ എംഎസ്എംഇകളുടെ ബിസിനസ് വോള്യത്തില്‍ 46 ശതമാനം ഇടിവും 2021ല്‍ 11 ശതമാനം ഇടിവുമാണുണ്ടായത്. 21 ശതമാനത്തോളം ചെറുസംരംഭങ്ങള്‍ക്കും മതിയായ രേഖകളില്ലാത്തതിനാലാണ് വായ്പ നിഷേധിക്കപ്പെട്ടതെന്നും ഗെയിം നടത്തിയ പഠനം വ്യക്തമാക്കുന്നു.