സൂക്ഷ്മ ചെറുകിട സംരംഭങ്ങളെ ചേര്‍ത്ത് നിര്‍ത്തി ബിസിനസ് രംഗത്തെ വ്യാപതി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ആമസോണ്‍ എന്ന് ഏതാനും ആഴ്ച്ചകളായി...
സൂക്ഷ്മ ചെറുകിട സംരംഭങ്ങളെ ചേര്‍ത്ത് നിര്‍ത്തി ബിസിനസ് രംഗത്തെ വ്യാപതി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ആമസോണ്‍ എന്ന് ഏതാനും ആഴ്ച്ചകളായി നാം കേള്‍ക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ ഇതിനൊപ്പം ക്ലൗഡ് സേവന മേഖല ഉപയോഗിച്ചും ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് കരുത്ത് പകരാനുള്ള നീക്കത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി 'എസ്എംബി വിദ്യാലയ' എന്ന അപ്‌സ്‌കില്ലിംഗ് പ്രോഗ്രാം ആരംഭിക്കുമെന്ന് ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) അറിയിച്ചു.
എഡബ്ല്യുഎസ് ക്ലൗഡ് വഴി ഇത്തരം സംരംഭങ്ങളുടെ പ്രവര്‍ത്തനം ഡിജിറ്റലൈസ് ചെയ്യുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി 50 ടെക്‌നോളജി എജ്യുക്കേഷന്‍ മൊഡ്യൂളുകളുള്ള പാക്കേജാണ് എസ്എംബി വിദ്യാലയ പ്രോഗ്രാമിലൂടെ അവതരിപ്പിക്കുക. സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സാങ്കേതികവിദ്യയുടെ പിന്തുണ പരമാവധി നല്‍കുകയാണ് ഇതുവഴി ചെയ്യുന്നത്.
മാത്രമല്ല പ്രാദേശികതലത്തിലുള്ള തേര്‍ഡ് പാര്‍ട്ടി ടെക്‌നോളജി പ്രൊവൈഡര്‍മാരിലൂടെ (സേവന ദാതാക്കള്‍) ലഭ്യമാകുന്ന വിധം ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട് എന്ന പ്രത്യേക സോഫ്റ്റ് വെയര്‍ സൊല്യൂഷനുകള്‍ ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനായോ നേരിട്ടോ ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും വിധമുള്ള ഹൈബ്രിഡ് ട്രെയിനിംഗ് മോഡലാണ് ഒരുക്കിയിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്കായുള്ള ആഗോള അസോസിയേഷനുമായി സഹകരിച്ച് ഇത്തരം പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് ആമസോണ്‍. കമ്പ്യൂട്ടിംഗ്, സ്റ്റോറേജ്, ഡാറ്റാബേസ്, നെറ്റ് വര്‍ക്കിംഗ്, അനലറ്റിക്‌സ്, മെഷീന്‍ ലേണിംഗ്, നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), മൊബൈല്‍, സൈബര്‍ സുരക്ഷ ഉള്‍പ്പടെയുള്ളവയ്ക്കായി 200 ഫീച്ചേഡ് സര്‍വീസുകളാണ് (പ്രത്യേകമായി തയാറാക്കിയ) എഡബ്ല്യുഎസ് നല്‍കുന്നത്.