image

30 Jun 2022 4:45 AM GMT

Startups

ഇന്ത്യയില്‍ 122 യൂണികോണുകള്‍ 4 വര്‍ഷത്തിനകം: ഹുറൂണ്‍

MyFin Desk

ഇന്ത്യയില്‍ 122 യൂണികോണുകള്‍ 4 വര്‍ഷത്തിനകം: ഹുറൂണ്‍
X

Summary

ഒരു ബില്യണ്‍ ഡോളര്‍ ആസ്തിയോടെ യൂണികോണ്‍ നിരയിലേക്ക് കയറുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇന്ത്യയിൽ വര്‍ധിച്ച് വരുന്നു. കോവിഡ് കാലത്തുള്‍പ്പടെ വിജയഗാഥ രചിച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഇതിന് ഉദാഹരണമാണ്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി വളര്‍ച്ചയുടെ പാതയിലേക്ക് തിരികെ വരുന്ന സമയത്ത് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ആത്മവിശ്വാസം പകരുകയാണ് ഹുറൂണ്‍ ഇന്ത്യാ ഫ്യുച്ചര്‍ യൂണികോണ്‍ ഇന്‍ഡക്‌സ് 2022. വരുന്ന രണ്ടോ നാലോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 നഗരങ്ങളിലായി 122 പുതിയ യൂണികോണുകളുണ്ടാകുമെന്നാണ് ഹുറൂണിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ നല്ലൊരു ഭാഗവും ബെഗലൂരുവിലായിരിക്കുമെന്നും […]


ഒരു ബില്യണ്‍ ഡോളര്‍ ആസ്തിയോടെ യൂണികോണ്‍ നിരയിലേക്ക് കയറുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇന്ത്യയിൽ വര്‍ധിച്ച് വരുന്നു. കോവിഡ് കാലത്തുള്‍പ്പടെ വിജയഗാഥ രചിച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഇതിന് ഉദാഹരണമാണ്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി വളര്‍ച്ചയുടെ പാതയിലേക്ക് തിരികെ വരുന്ന സമയത്ത് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ആത്മവിശ്വാസം പകരുകയാണ് ഹുറൂണ്‍ ഇന്ത്യാ ഫ്യുച്ചര്‍ യൂണികോണ്‍ ഇന്‍ഡക്‌സ് 2022. വരുന്ന രണ്ടോ നാലോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 നഗരങ്ങളിലായി 122 പുതിയ യൂണികോണുകളുണ്ടാകുമെന്നാണ് ഹുറൂണിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ നല്ലൊരു ഭാഗവും ബെഗലൂരുവിലായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം രണ്ട് വര്‍ഷത്തിനുള്ളില്‍ യൂണീകോണ്‍ ആകാന്‍ സാധ്യതയുള്ളവയെ ഗസല്‍ എന്നും നാല് വര്‍ഷത്തിനുള്ളില്‍ യൂണികോണ്‍ ആകാന്‍ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെ ചീറ്റകള്‍ എന്നും പ്രത്യേകം തരംതിരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് യൂണികോണുകളുടെ എണ്ണം 65 ശതമാനം വര്‍ധിച്ചു. ഗസലുകളുടെ എണ്ണം 59 ശതമാനം വര്‍ധിച്ച് 51 ആയി, ചീറ്റകളുടെ എണ്ണം 31 ശതമാനം വര്‍ധിച്ച് 71 ആയെന്നും ഹുറൂണ്‍ ഇന്ത്യയുടെ എംഡിയും ചീഫ് ഗവേഷകനുമായ അനസ് റഹ്മാന്‍ ജുനൈദ് വ്യക്തമാക്കിയിരുന്നു. ഇനി ഉയര്‍ന്നു വരുന്ന യൂണികോണുകളില്‍ നല്ലൊരു ഭാഗവും സോഫ്റ്റ് വെയര്‍ രംഗത്ത് നിന്നായിരിക്കും. 37 ശതമാനം കമ്പനികള്‍ ബിസിനസ്-ടു-ബിസിനസ് വില്‍പ്പനക്കാരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ 'നൂറാമത് യൂണികോണ്‍' എന്ന നേട്ടം ഓപ്പണ്‍ എന്ന നിയോ ബാങ്കിംഗ് ആപ്പിലൂടെയായിരുന്നു. ഒരു മലയാളി സ്റ്റാര്‍ട്ടപ്പ് ഈ നേട്ടം കൊയ്തു എന്നത് കേരളത്തിനും അഭിമാനിക്കാവുന്ന ഒന്നായി.