image

30 May 2022 7:07 AM GMT

Travel & Tourism

കടൽക്കാറ്റിൽ ദ്രവിക്കാത്ത കോട്ട

Manasa R Ravi

കടൽക്കാറ്റിൽ ദ്രവിക്കാത്ത കോട്ട
X

Summary

വിനോദസഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും സിനിമനിര്‍മ്മാതാകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡ് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. കാഞ്ഞങ്ങാട് നിന്നും 12  കിലോമീറ്ററും കാസര്‍ഗോഡ് നിന്ന് 17 കിലോമീറ്ററും  റോഡ്മാര്‍ഗ്ഗം  സഞ്ചരിച്ചാല്‍ ബേക്കല്‍കോട്ടയിലെത്താം. മംഗലാപുരവും കണ്ണൂരമാണ് സമീപത്തുള്ള വിമാനത്താവളങ്ങള്‍. 'ഉയിരേ ' എന്ന് പാടി അരവിന്ദ് സ്വാമിയും മനീഷ കൊയ്രാളയും പ്രണയപാരവശ്യത്തോടെ നടക്കുന്ന ആ പുരാതനകോട്ടയും 'കാറ്റില്‍ ' എന്ന ഗാനത്തില്‍ എെശ്വര്യലക്ഷ്മിയും ടോവിനോ തോമസ്സും ഇറങ്ങുന്ന കടല്‍ത്തീരവും […]


വിനോദസഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും സിനിമനിര്‍മ്മാതാകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡ് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. കാഞ്ഞങ്ങാട് നിന്നും 12 കിലോമീറ്ററും കാസര്‍ഗോഡ് നിന്ന് 17 കിലോമീറ്ററും റോഡ്മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ ബേക്കല്‍കോട്ടയിലെത്താം. മംഗലാപുരവും കണ്ണൂരമാണ് സമീപത്തുള്ള വിമാനത്താവളങ്ങള്‍.
'ഉയിരേ ' എന്ന് പാടി അരവിന്ദ് സ്വാമിയും മനീഷ കൊയ്രാളയും പ്രണയപാരവശ്യത്തോടെ നടക്കുന്ന ആ പുരാതനകോട്ടയും 'കാറ്റില്‍ ' എന്ന ഗാനത്തില്‍ എെശ്വര്യലക്ഷ്മിയും ടോവിനോ തോമസ്സും ഇറങ്ങുന്ന കടല്‍ത്തീരവും ഈ ബേക്കല്‍കോട്ടയും ബേക്കല്‍ ബീച്ചുമാണ്. 35 ഏക്കറില്‍ പരന്നുകിടക്കുന്ന ബേക്കല്‍കോട്ട ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്നത്. ഭൂരിഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കോട്ടയ്ക്ക് സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട് . ഇതില്‍ അങ്ങിങ്ങായി കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്. ചെറുജയിലുകളും കിണറുകളും തകര്‍ന്ന കെട്ടിട്ടകളും കോട്ടയ്ക്ക് അകത്തുണ്ട്. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്. സംസ്ഥാന പുരാവസ്തുവിന്റെ സംരക്ഷണത്തിലുള്ള ഈ സ്ഥലം സന്ദര്‍ശിക്കാന്‍ നിരവധി സഞ്ചാരികളാണ് നിത്യേന എത്തുന്നത്.
മൂഷികരാജാവിന്റെയും കോലത്തിരിയുടെയും കൈവശമുണ്ടായിരുന്ന ഭൂപ്രദേശം കൈമാറി കൈമാറി വിജയനഗരസാമ്രാജ്യത്തിന്റെ കൈകളിലെത്തിയ കാലത്താണ് കോട്ടയുടെ നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് ഈ സ്ഥലം കൈയ്യടക്കിയ ബദീനൂരിലെ ശിവപ്പ നായ്ക്ക് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. പിന്നീട് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി.
ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലനാടിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. സൗത്ത് കാനറ സംസ്ഥാനരൂപീകരണസമയത്ത് കേരളത്തോട് ചേര്‍ന്നപ്പോള്‍ ബേക്കല്‍ കോട്ട കേരളത്തിന് സ്വന്തമായി.
അസ്തമയും കടലും ചരിത്രത്തിന്റെ ഗന്ധമുള്ള കോട്ടയും ഒരുമിച്ച് അനുഭവിക്കണമെങ്കില്‍ ഒട്ടും താമസിക്കാതെ പോകാവുന്ന ഇടമാണ് ബേക്കല്‍ കോട്ട. വെളിച്ചം കടലിലേക്ക് മറയുന്ന ദൃശ്യം ചെങ്കല്‍കൊത്തളങ്ങളില്‍ നിന്ന് കാണാം.പാറകൂട്ടങ്ങളിലേക്ക് അടിച്ച് നുര ചീറ്റുന്ന കടലിനെ കാണാം. ബേക്കല്‍കോട്ടയില്‍ ഭൂതകാലവും വര്‍ത്തമാനവും ഒരുമിച്ച് ചേരുന്നു.