27 May 2022 8:05 AM GMT
Summary
നമുക്ക് വഴി തെറ്റിയാലും ഗൂഗിളിന് വഴി തെറ്റില്ല എന്നാണല്ലോ. ലോകത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിച്ചേരാൻ ഇന്ന് മനുഷ്യൻ ആശ്രയിക്കുന്ന ഒരു പ്രധാന ഘടകമാണ് ഗൂഗിൾ മാപ്‌സ്.എന്നാൽ ഗൂഗിളിനു പോലും പറഞ്ഞു തരാൻ പറ്റില്ല ഈ പറയുന്ന ഗ്രാമം എവിടെയാണെന്ന്. ഉത്തരാഖണ്ഡിലാണ് ഇതെന്ന് ഗൂഗിൾ പറഞ്ഞുതരും. വേണമെങ്കിൽ മുക്തേശ്വറിന് അടുത്തുവരെയുള്ള വഴിയും കാണിച്ചു തന്നേക്കും. അവിടെ നിന്ന് ബാൻലഖിയിലേയ്ക്ക് സ്വയം നടന്ന് പൊയ്‌ക്കൊള്ളാൻ പറയും ഗൂഗിളായാലും ആരായാലും. കാരണം ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഈ ഗ്രാമത്തിലേക്കുള്ള യാത്രയും ആസ്വദിക്കാനാകും.ഒറ്റപ്പെട്ട,വലിയ […]
നമുക്ക് വഴി തെറ്റിയാലും ഗൂഗിളിന് വഴി തെറ്റില്ല എന്നാണല്ലോ. ലോകത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിച്ചേരാൻ ഇന്ന് മനുഷ്യൻ ആശ്രയിക്കുന്ന ഒരു പ്രധാന ഘടകമാണ് ഗൂഗിൾ മാപ്‌സ്.എന്നാൽ ഗൂഗിളിനു പോലും പറഞ്ഞു തരാൻ പറ്റില്ല ഈ പറയുന്ന ഗ്രാമം എവിടെയാണെന്ന്. ഉത്തരാഖണ്ഡിലാണ് ഇതെന്ന് ഗൂഗിൾ പറഞ്ഞുതരും. വേണമെങ്കിൽ മുക്തേശ്വറിന് അടുത്തുവരെയുള്ള വഴിയും കാണിച്ചു തന്നേക്കും. അവിടെ നിന്ന് ബാൻലഖിയിലേയ്ക്ക് സ്വയം നടന്ന് പൊയ്‌ക്കൊള്ളാൻ പറയും ഗൂഗിളായാലും ആരായാലും. കാരണം ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഈ ഗ്രാമത്തിലേക്കുള്ള യാത്രയും ആസ്വദിക്കാനാകും.ഒറ്റപ്പെട്ട,വലിയ ആളനക്കവും ബഹളവുമൊന്നും ഇല്ലാത്തൊരിടത്തേയ്ക്ക് പോകണം. കുറച്ചുസമയം നമ്മൾ മാത്രമായി ചെലവിടണം. അങ്ങനെ ഒരിടത്ത് അവധിക്കാലം ചെലവഴിക്കാൻ അവസരം കിട്ടിയാൽ ആരെങ്കിലും മിസ് ചെയ്യുമോ. അങ്ങനെയൊരു സ്ഥലത്തിനായി തിരയുകയാണെങ്കിൽ ഉത്തരാഖണ്ഡിലെ ബാൻലഖിയിലേക്ക് പോകാം.
നാട്ടുകാരനെ പോലെ ജീവിക്കാം ഇവിടെ
ബാൻലഖിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും വലിയ കാര്യം ഗ്രാമവാസികളുടെ ആഥിത്യമര്യാദയാണ്. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ സംസകാരത്തെക്കുറിച്ച് അറിയാനുള്ള അവസരം നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നു. സഞ്ചാരികളെ ഗ്രാമവാസികൾ അവരുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യുകയും സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്തു നൽകുകയും നിങ്ങളെ അവർക്കൊപ്പം താമസിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.ഇവിടെ കൂടുതലും ഹോംസ്‌റ്റേകളായതിനാൽ ഗ്രാമത്തിലുള്ളവരുടെ കൂടെ ജീവിക്കുക എന്നത് ഒരു പുത്തൻ അനുഭവം കൂടി ആയിരിക്കും.കാത്ഗോഡാമിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള നൈനിറ്റാൽ കുന്നിന് നടുവിലാണ് ബാൻലേഖി. പാറക്കെട്ടുകളും പച്ച പുൽമേടുകളും വെള്ളച്ചാട്ടങ്ങളും ഗ്രാമത്തിന് ചുറ്റുമുണ്ട്. പാറക്കെട്ടുകളുടെ മടിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമമെന്ന് വിളിക്കാം ബാൻലഖിയെ.
ഫൈസ്റ്റാർ താമസവും കിട്ടും
ബാൻലഖി ഒരു വിദൂര ഇടമാണെങ്കിലും,ഇവിടെയെത്തുന്ന സഞ്ചാരികൾക്കായി മികച്ച റിസോർട്ടുകളും മറ്റും പ്രവർത്തിക്കുന്നുമുണ്ട്. കുമയോൺ കുന്നുകളുടെ അതിമനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് മനോഹരമായ ബാൻലഖി റിസോർട്ടിൽ താമസിക്കാം. പ്രകൃതിയുടെ എല്ലാ സൗന്ദര്യവും അതേപടി അനുഭവിക്കണം എന്നതുകൊണ്ട് റിസോർട്ട് ഉടമസ്ഥർ ഇങ്ങോട്ടുള്ള വഴി സഞ്ചാരയോഗ്യമാക്കിയിട്ടില്ല. പകരം ട്രക്കിംഗിലൂടെ വേണം ഇവിടെയെത്താൻ. അത് മറ്റൊരു വേറിട്ട അനുഭവമാണ് യാത്രികർക്ക് സമ്മാനിക്കുന്നത്. കാരണം മലകയറി വിയർത്തൊലിച്ചു മുകളിൽ എത്തുന്ന നിങ്ങളെ കാത്തിരിക്കുന്നത് സ്വർഗ്ഗീയ സമാനമായ റിസോർട്ടാണ്. പക്ഷി നിരീക്ഷണം, ജൈവകൃഷിയിൽ ഏർപ്പെടൽ,ഗ്രാമവാസികളെ കാണാനും അവർക്കൊപ്പം ചെലവഴിക്കാനുമുള്ള അവസരം തുടങ്ങി നിരവധി ഓഫറുകൾ റിസോർട്ട് നൽകുന്നു. ബാൻലഖി ഗ്രാമം പ്രകൃതിയുടെ അവിസ്മരണീയമായ വരപ്രസാദങ്ങളാൽ നിറഞ്ഞതാണ്. ഇവിടെയെത്തിയാൽ കാണാനേറെയുണ്ട്. ബാൻലഖിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഭാലു ഗാഡ് വെള്ളച്ചാട്ടം അതിലൊന്നാണ്. ക്രിസ്റ്റൽ ക്ലിയർ വെള്ളത്തിന് പേരുകേട്ടതാണ് ഈ വെള്ളച്ചാട്ടം. പ്രകൃതിസ്നേഹികളെ ആകർഷിക്കുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും പക്ഷിനിരീക്ഷണ വേദിയുമാണിവിടം.
ഏതൊരു ജനപ്രിയ ഹിൽസ്റ്റേഷനായാലും വിദൂരഗ്രാമമായാലും അവിടെയൊക്കെ എല്ലായ്പ്പോഴും ശക്തമായ ആത്മീയ സാന്നിധ്യമുണ്ടാകും. ബാൻലഖിയും വ്യത്യസ്തമല്ല. ശിവക്ഷേത്രം, രാജറാണി ക്ഷേത്രം, ബ്രഹ്‌മേശ്വര ക്ഷേത്രം തുടങ്ങി ഗ്രാമത്തിന് സമീപത്തായി നിരവധി പ്രശസ്ത ക്ഷേത്രങ്ങളുണ്ട്. പക്ഷേ മുക്തേശ്വർ ധാമാണ് ഇതിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. ശിവൻ, പാർവതി, ഗണപതി, നന്ദി എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ബാൻലേഖിയിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്.
സൂര്യോദയവും പാരാഗ്ലൈഡിങ്ങും
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ നന്ദദേവി കൊടുമുടിയിൽ നിന്ന് സൂര്യോദയം ആസ്വദിക്കുന്നത് സ്വപ്നത്തിലെന്നപോലെ നമുക്ക് കാണാം. അതുപോലെ പാരാഗ്ലൈഡിങ്ങിന് അധികം പേരു കേൾക്കാത്ത എന്നാൽ ഏറ്റവും മികച്ച രീതിയിൽ അത് നടത്താൻ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് ഭീംതാൽ. ഭീംതാൽ അറിയപ്പെടുന്നത് നൈനിറ്റാളിന് പകരമുള്ള പാരാഗ്ലൈഡിങ് സ്‌പോട്ട് എന്നാണെങ്കിലും, പാരാഗ്ലൈഡിംഗിന് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്ഥലങ്ങളിൽ ഒന്നാണിതെന്ന് വളരെ കുറച്ചുപേർക്ക് മാത്രമേ അറിയൂ.ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്ന ഏറ്റവും മനോഹരമായ ആകാശസഞ്ചാരം നിങ്ങൾക്കിവിടെ നടത്താം സുരക്ഷിതമായി തന്നെ.