9 May 2022 11:15 PM GMT
Summary
മഹാമാരിക്ക് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആഗോള വിനോദസഞ്ചാരികളുടെ ആദ്യ തിരഞ്ഞെടുപ്പായി കേരളം മാറിയെന്ന് കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) 11-ാം പതിപ്പിൽ പങ്കെടുത്ത വിദേശ ട്രാവൽ ഏജന്റുമാർ പറയുന്നു. യുക്രെയ്നിൽ നിന്നുള്ള ടൂറിസ്റ്റും ടൂര്‍ ഓപ്പറേറ്ററുമായ ഐറിന ഗുരീവയ്ക്ക് കേരളത്തിലേക്കുള്ള ഓരോ യാത്രയും തീര്‍ഥാടനം പോലെയാണ്. കഴിഞ്ഞ 21 വര്‍ഷമായി കേരളം സന്ദര്‍ശിക്കുന്ന ഐറിന ആയുര്‍വേദത്തിന്‍റെയും കേരള ടൂറിസം ഉത്പന്നങ്ങളുടെയും പ്രചാരക കൂടിയാണ്. കേരളത്തിലേക്കുള്ള യാത്രകള്‍ മാനസിക സമ്മര്‍ദ്ദത്തിന് അയവുനല്‍കുന്നുവെന്നും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സംസ്കാരവുമായി ഇഴചേര്‍ന്നുപോകാന്‍ താന്‍ […]
മഹാമാരിക്ക് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആഗോള വിനോദസഞ്ചാരികളുടെ ആദ്യ തിരഞ്ഞെടുപ്പായി കേരളം മാറിയെന്ന് കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) 11-ാം പതിപ്പിൽ പങ്കെടുത്ത വിദേശ ട്രാവൽ ഏജന്റുമാർ പറയുന്നു.
യുക്രെയ്നിൽ നിന്നുള്ള ടൂറിസ്റ്റും ടൂര്‍ ഓപ്പറേറ്ററുമായ ഐറിന ഗുരീവയ്ക്ക് കേരളത്തിലേക്കുള്ള ഓരോ യാത്രയും തീര്‍ഥാടനം പോലെയാണ്. കഴിഞ്ഞ 21 വര്‍ഷമായി കേരളം സന്ദര്‍ശിക്കുന്ന ഐറിന ആയുര്‍വേദത്തിന്‍റെയും കേരള ടൂറിസം ഉത്പന്നങ്ങളുടെയും പ്രചാരക കൂടിയാണ്.
കേരളത്തിലേക്കുള്ള യാത്രകള്‍ മാനസിക സമ്മര്‍ദ്ദത്തിന് അയവുനല്‍കുന്നുവെന്നും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സംസ്കാരവുമായി ഇഴചേര്‍ന്നുപോകാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡെസയില്‍ നിന്നുള്ള ഐറിന പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന് മുമ്പ് 2021 ഡിസംബറില്‍ അവര്‍ കേരളത്തില്‍ എത്തിയിരുന്നു. ആയുര്‍വേദ ടൂര്‍ ഓപ്പറേറ്റര്‍ എന്ന നിലയിലാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. യുക്രെയ്നില്‍ ടോപ് ടൂര്‍സ് എന്ന കമ്പനിയുടെ എം.ഡിയാണ് ഐറിന.
ആയുര്‍വേദ വെല്‍നസ് പ്രോഗ്രാമുകള്‍ക്കായി യൂറോപ്പില്‍ നിന്ന്, പ്രത്യേകിച്ച് ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ലാത്വിയ എന്നിവിടങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഐറിന പദ്ധതിയിടുന്നു. കേരളത്തിലെ സ്ഥിരം സന്ദര്‍ശക എന്ന നിലയില്‍, സംസ്ഥാനത്ത് ഇത്തവണ വലിയ മാറ്റങ്ങള്‍ കാണുന്നുവെന്നും അടിസ്ഥാന സൗകര്യങ്ങളും ഹോട്ടലുകളും ആളുകളുടെ ജീവിത നിലവാരവും ഗണ്യമായി മാറിയിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
യുദ്ധം മുറിവേല്‍പ്പിച്ച യുക്രയ്നെിലാണ് തന്‍റെ മകന്‍ ഉള്ളതെന്ന വൈകാരിക വേദനയും ഐറിന പങ്കുവെച്ചു. യുക്രെയ്നില്‍ ഇപ്പോള്‍ ടൂറിസം ഇല്ല. ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ല. ഇതുവരെ ഏഴുലക്ഷത്തോളം ആളുകളെ സുരക്ഷിതമായി യൂറോപ്പിലേക്ക് മാറ്റി. ഈ ഭീതിദമായ അവസ്ഥയ്ക്ക് വൈകാതെ ഒരു പരിഹാരമുണ്ടാകുമെന്ന പ്രത്യാശയും അവര്‍ പ്രകടിപ്പിച്ചു.
പരമ്പരാഗത മൂല്യങ്ങൾ, ആയുർവേദം, ആരോഗ്യം, രുചികരമായ ഭക്ഷണം, ഊഷ്മളമായ ആളുകൾ എന്നിവയാണ് കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാക്കുന്നതെന്ന് ഹംഗറിയിലെ വേൾഡ് ട്രാവൽ മാസ്റ്റർ കെഎഫ്ടിയുടെ ഉടമയായ സോളോൾട്ട് ജുറാക്ക് പറഞ്ഞു.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രശാന്തത അവരുടെ സാംസ്കാരിക അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഇത് വിദേശ വിനോദസഞ്ചാരികൾക്ക് ആകർഷിക്കുന്ന ഘടകമാണ്, പോളണ്ടിലെ പ്ലാനറ്റ് എസ്കേപ്പിന്റെ ഉടമ അലക്സാന്ദ്ര നാസിമെക് പറഞ്ഞു. 69 രാജ്യങ്ങളിൽ നിന്നും 25 സംസ്ഥാനങ്ങളിൽ നിന്നുമായി ഏകദേശം 1,500 പ്രതിനിധികൾ കെടിഎം 2022 ൽ പങ്കെടുത്തു. കേരളത്തിന്റെ കാരവൻ ടൂറിസം പദ്ധതി കെടിഎമ്മിൻറെ പ്രത്യേക ആകർഷണമായിരുന്നു.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കാരവൻ സഫാരി കസ്റ്റമൈസ്ഡ് അനുഭവം നൽകും. യാത്ര ചെയ്തും പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ടും സംസ്ഥാനത്തിന്റെ അതിമനോഹരമായ സൗന്ദര്യം ആസ്വദിക്കാനുള്ള മികച്ച മാർഗമാണിതെന്ന് മാർട്ടിന്റെ സംഘാടകരായ കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ടൂറിസ്റ്റ് കാരവാനുകൾ വാങ്ങാൻ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.