3 May 2022 3:31 AM GMT
Summary
പേരുകൊണ്ട് പോലും സുഗന്ധം പരത്തുന്ന ഒരിടമുണ്ട് കേരളത്തിന്റെ സഞ്ചാര ഭൂപടത്തിൽ. ആൾത്തിരക്കോ ആരവമോ ഇല്ലാതെ പച്ചപ്പും ശാന്തതയും പരസ്പരം ഇഴചേർന്ന് വിശ്രമിക്കുന്നിടം. വിശാലമായ കായൽ പരപ്പിനു നടുവിൽ മനോഹരമായ കണ്ടൽ കാടുകളാൽ സമൃദ്ധമായൊരു കുഞ്ഞു ദ്വീപ്. സാമ്പ്രാണി കോടി ദ്വീപ് യാത്രികരുടെ ഇഷ്ട സ്ഥലങ്ങളുടെ പട്ടികയിലേയ്ക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ല. കൊല്ലം ജില്ലയിലെ പ്രാക്കുളത്തിനു തെക്കേയറ്റത് സ്ഥിതി ചെയ്യുന്ന തൃക്കരുവ ഗ്രാമപഞ്ചായത്തിലാണ് സാംബ്രാണി കോടി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഗ്രാമവാസികളിൽ ഭൂരിഭാഗവും ഉപജീവനത്തിനായി മൽസ്യ ബന്ധനത്തെ […]
പേരുകൊണ്ട് പോലും സുഗന്ധം പരത്തുന്ന ഒരിടമുണ്ട് കേരളത്തിന്റെ സഞ്ചാര ഭൂപടത്തിൽ. ആൾത്തിരക്കോ ആരവമോ ഇല്ലാതെ പച്ചപ്പും ശാന്തതയും പരസ്പരം ഇഴചേർന്ന് വിശ്രമിക്കുന്നിടം. വിശാലമായ കായൽ പരപ്പിനു നടുവിൽ മനോഹരമായ കണ്ടൽ കാടുകളാൽ സമൃദ്ധമായൊരു കുഞ്ഞു ദ്വീപ്. സാമ്പ്രാണി കോടി ദ്വീപ് യാത്രികരുടെ ഇഷ്ട സ്ഥലങ്ങളുടെ പട്ടികയിലേയ്ക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ല.
കൊല്ലം ജില്ലയിലെ പ്രാക്കുളത്തിനു തെക്കേയറ്റത് സ്ഥിതി ചെയ്യുന്ന തൃക്കരുവ ഗ്രാമപഞ്ചായത്തിലാണ് സാംബ്രാണി കോടി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഗ്രാമവാസികളിൽ ഭൂരിഭാഗവും ഉപജീവനത്തിനായി മൽസ്യ ബന്ധനത്തെ ആശ്രയിക്കുന്നവരാണ്.
അഷ്ടമുടിയുടെ നനുത്ത കാറ്റേറ്റ് കണ്ണെത്താ ദൂരത്തിൽ പരന്നു കിടക്കുന്ന കായൽ കാഴ്ചകളാൽ മനോഹരമായൊരിടം. കൊല്ലത്ത് നിന്നും 14 കിലോമീറ്റർ മാറി അഷ്ടമുടിയുടെ മനോഹാരിതയിൽ വിശാലമായി കിടക്കുന്ന സാംബ്രാണികോടി തീരത്ത് നിന്നാണ് ദ്വീപിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കൊല്ലം അഞ്ചാലുംമൂട്ടിൽ നിന്നും എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സാംബ്രാണി കോടി എത്തും. റോഡ് മാർഗവും കായൽ മാർഗവും സഞ്ചാരികൾക്ക് അവിടേക്ക് എത്തിച്ചേരാവുന്നതാണ്. ഡിസ്ട്രിക് ടൂറിസം പ്രമോർഷൻ കൌൺസിലിന്റെ കീഴിൽ സാംബ്രാണികോടിയിൽ നിന്നും ദ്വീപിലേക്ക് സഞ്ചാരികൾക്കായി ബോട്ട് യാത്രയ്ക്കുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്.
സാംബ്രാണി കോടിയിൽ സന്ദർശകരെ വരവേൽക്കുന്നത് മീൻ ലേല ശാലയാണ്. വൈവിധ്യമാർന്ന പിടക്കുന്ന കായൽ മത്സ്യങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെ കാണാനാകും.
സാമ്പ്രാണി കോടിയെന്ന പേരിന് പിന്നിലും ഉണ്ട് കൗതുകങ്ങൾ നിറയെ ഉള്ള കഥകൾ. അതിൽ ചിലത് ഇങ്ങനെയാണ്..
പണ്ട് കാലത്ത് ചൈനക്കാരുടെ ചെറിയ കപ്പലുകൾ ഈ തീരത്ത് നങ്കൂരമിട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ചൈനയിൽ നിന്നും ഇവിടേക്ക് വന്നിരുന്ന കുഞ്ഞൻ കപ്പലുകളെ നാട്ടുകാർ 'ചംബ്രാണി' എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാംബ്രാണിക്കോടി എന്നറിയപ്പെടുകയും ചെയ്തു എന്നാണ് ഒരു പക്ഷം. മുൻകാലങ്ങളിൽ സാംബ്രാണിമരങ്ങൾ അധികമുണ്ടായിരുന്നതിനാലാണ് പ്രദേശത്തിന് അങ്ങനെയൊരു പേര് ലഭിച്ചതെന്ന് വേറൊരു കൂട്ടർ പറയുന്നു. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട ജോലികൾക്കായി ഡ്രഡ്ജ് ചെയ്ത മണ്ണ് കായലിൽ കൂട്ടിയിട്ടതോടെയാണ് സാംബ്രാണി ദ്വീപ് രൂപപ്പെട്ടത്. നിലവിൽ കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാംബ്രാണിക്കോടി.
ഇരു വശങ്ങളിലും പച്ച വിരിച്ച് നിൽക്കുന്ന തണൽ മരങ്ങൾക്കിടയിലൂടെയുള്ള ജലപാതയിലൂടെ ബോട്ടിലാണ് ദ്വീപിലേയ്ക്കുള്ള യാത്ര. അങ്ങിങ്ങായി ചെറിയ തോണികളെയും പ്രദേശവാസികളായ മനുഷ്യരേയുമൊക്കെ യാത്രയിൽ കാണാം. ദ്വീപിനോട് ചേർന്ന് ഫ്ലോട്ടിംഗ് ജെട്ടിയാണ് സജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് അവിടെ ഇറങ്ങി ആഴം കുറഞ്ഞ വെള്ളത്തിലൂടെ അലഞ്ഞുനടക്കാം. ചുറ്റും നിറഞ്ഞു കവിയുന്ന അഷ്ടമുടി കായലും സമീപത്തുള്ള അറബിക്കടലിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും കണ്ടൽ കാടുകളും കണ്ടാസ്വദിക്കാം. മൺറോ ദ്വീപിലേക്ക് പോകുന്ന ഹൗസ് ബോട്ടുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. മഞ്ഞ നിറഞ്ഞ കണ്ടൽക്കാടുകൾക്കിടയിലൂടെ മൺഡ്രോയിലേക്ക് നീങ്ങുന്ന കുഞ്ഞൻ കൊതുമ്പു വള്ളങ്ങളും ഹൗസ് ബോട്ടുകളും കാഴ്ചയ്ക്ക് വേറിട്ടൊരു അനുഭവം നൽകും. മുത്ത് കക്ക ചിപ്പി തുടങ്ങിയ ജല വൈവിധ്യങ്ങളുടെ സമൃദ്ധമായ കലവറ കൂടിയാണ് സാംബ്രാണി കോടി ദ്വീപ്.
നാവിൽ കൊതിയൂറുന്ന പ്രാദേശിക വിഭവങ്ങളും കായൽ രുചികളും മത്സ്യ വൈവിധ്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കപ്പയും കക്കയും ബീഫും നല്ല നാടൻ പോർക്കും ,കായൽ മീനുകളുമാണ് ഇവിടുത്തെ രുചി വൈവിധ്യങ്ങളിൽ പ്രധാനം. കണ്ണെത്താ ദൂരത്ത് പടർന്നു കിടക്കുന്ന കായൽ സൗന്ദര്യം ആസ്വദിച്ച് നാവിൽ വെള്ളമൂറുന്ന രുചി ഭേദങ്ങൾ ഒന്നൊന്നായി നുകരാം. കൂടെ നല്ല കട്ടനും കുലുക്കിയും കിട്ടും. മഞ്ഞവെയിലേറ്റ് മിന്നുന്ന ചീന വലകളും കണ്ടൽ കാടുകളും തന്നെയാണ് വൈകുന്നേരത്തെ ദ്വീപിനെ കൂടുതൽ മനോഹരമാക്കുന്നത് . പ്രകൃതിയും മനുഷ്യനും എന്ന് ഇഴപിരിച്ചെടുക്കാനാകാത്ത വിധം മനോഹരമാകുന്ന സായാഹ്നങ്ങൾ. കായൽ കരയിലെ മത്സ്യബന്ധന ഗ്രാമങ്ങൾ ദ്വീപിലേക്കുള്ള യാത്രയിലെ മറ്റൊരു പ്രധാന ആകർഷണമാണ്. മീൻപിടുത്തത്തിൽ താല്പര്യമുള്ള സഞ്ചാരികൾക്ക് മീൻ പിടിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലം ബൈപാസ് വഴിയുള്ള യാത്രക്കാർക്ക് കുരീപ്പുഴ പാലത്തിൽ നിന്ന് ദ്വീപിന്റെ വിദൂര ദൃശ്യം ലഭിക്കും.
ഡിസ്ട്രിക് ടൂറിസം പ്രമോർഷൻ കൗൺസിലിൽ നടപ്പിലാക്കുന്ന വിവിധ ടൂർ പാക്കേജുകൾ യാത്രികരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കും. ഡിടിപിസി നിയന്ത്രിക്കുന്ന ദ്വീപിൽ സന്ദർശന സമയം രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ്. സൂര്യാസ്തമയം കാണാൻ നല്ല ഉഗ്രൻ സ്ഥലമാണെങ്കിലും, എല്ലാ വിനോദസഞ്ചാരികളും വൈകുന്നേരത്തിന് മുമ്പ് തന്നെ ദ്വീപിൽ നിന്നും പുറപ്പെടണം.
ഒരു ദിവസം കാഴ്ച്ചകളാലും അനുഭവങ്ങളാലും രുചികളാലും സമ്പന്നമാക്കാൻ സാംബ്രാണികോടി ദ്വീപ് യാത്ര എന്തുകൊണ്ടും ഉചിതമാണ്.