9 April 2022 12:15 AM GMT
Summary
ഡെൽഹി: പ്രത്യക്ഷ നികുതിയിലും പരോക്ഷ നികുതിയിലും ഉണ്ടായ വർദ്ധനവ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നികുതി പിരിവിലും ഗണ്യമായ വർദ്ധനവുണ്ടാക്കി. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത നികുതി പിരിവ് 27.07 ലക്ഷം കോടി രൂപയായി ഉയർന്നു. നികുതി-ജിഡിപി അനുപാതം രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 11.7 എന്ന നിരക്കിലെത്തിയതായി റവന്യൂ സെക്രട്ടറി തരുൺ ബജാജ് അറിയിച്ചു. 2021-22 ലെ നികുതി-ജിഡിപി അനുപാതം 1999 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. 2020-21 […]
കോർപ്പറേറ്റ് നികുതി 56.1 ശതമാനം വർധിച്ച് 8.58 ലക്ഷം കോടി രൂപയായപ്പോൾ വ്യക്തിഗത ആദായ നികുതി പിരിവ് 43 ശതമാനം ഉയർന്ന് 7.49 ലക്ഷം കോടി രൂപയായി.
വിലക്കയറ്റം കാരണം ഭക്ഷ്യ എണ്ണകളുടെയും പയറുവർഗങ്ങളുടെയും ഇറക്കുമതി തീരുവ പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കാത്തതിനാൽ നടപ്പ് സാമ്പത്തിക വർഷം ബജറ്റിൽ ലക്ഷ്യമിട്ട കസ്റ്റംസ് വരുമാനം കൈവരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബജാജ് പറഞ്ഞു. ആഭ്യന്തര വില കുതിച്ചുയരുന്നത് തടയാൻ കഴിഞ്ഞ സാമ്പത്തിക വർഷം ഭക്ഷ്യ എണ്ണയുടെയും പയറുവർഗങ്ങളുടെയും കസ്റ്റംസ് തീരുവ സർക്കാർ കുറച്ചിരുന്നു.
ഏപ്രിൽ ഒന്നിന് ആരംഭിച്ച 2022-23 സാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള നികുതി പിരിവ് ലക്ഷ്യം 14.20 ലക്ഷം കോടി രൂപയാണ്. ഇതിൽ കോർപ്പറേറ്റ് നികുതിയിൽ നിന്നുള്ള 7.20 ലക്ഷം കോടിയും, വ്യക്തിഗത ആദായനികുതിയിൽ നിന്നുള്ള 7 ലക്ഷം കോടിയും ഉൾപ്പെടുന്നു.
13.30 ലക്ഷം കോടി രൂപയാണ് പരോക്ഷ നികുതി പിരിവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കസ്റ്റംസിൽ നിന്നുള്ള 2.13 ലക്ഷം കോടിയും, എക്സൈസ് പിരിവ് 3.35 ലക്ഷം കോടിയും, സിജിഎസ്ടിയും സെസും 7.80 ലക്ഷം കോടി രൂപയും ഉൾപ്പെടുന്നു.