മുംബൈ: ജാപ്പനീസ് ഫിനാൻഷ്യൽ ഗ്രൂപ്പായ മിത്സുബിഷി യുഎഫ്‌ജെ ഫിനാൻഷ്യൽ ഗ്രൂപ്പ് (MUFG) ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനായി മാത്രം...
മുംബൈ: ജാപ്പനീസ് ഫിനാൻഷ്യൽ ഗ്രൂപ്പായ മിത്സുബിഷി യുഎഫ്‌ജെ ഫിനാൻഷ്യൽ ഗ്രൂപ്പ് (MUFG) ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനായി മാത്രം 300 മില്യൺ യുഎസ് ഡോളറിന്റെ ഫണ്ടിങ്ങിനൊരുങ്ങുന്നു. മഫ്ജിയുടെ ഡയറക്ടർ ബോർഡ് അംഗവും, പ്രസിഡന്റും, ഗ്രൂപ്പ് സിഇഒയുമായ ഹിരോനോരി കമേസവ 'ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടി' യിൽ സംസാരിക്കവെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യൻ സാമ്പത്തിക വളർച്ചയെ സഹായിക്കുക മാത്രമല്ല, സാങ്കേതികവിദ്യ, ഇൻഫർമേഷൻ ആന്റ് ടെക്നോളജി (ഐടി) മേഖലകളിൽ മഫ്ജിയും മറ്റു മികച്ച കമ്പനികളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയുമാണ് ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2020 ലാണ് കമ്പനിയുടെ ആഗോള കേന്ദ്രമായി മഫ്ജി എന്റർപ്രൈസ് സൊല്യൂഷൻസ് ഇന്ത്യ (എംഇഎസ്ഐ) സ്ഥാപിച്ചത്. ഭാവിയിൽ സാങ്കേതികവിദ്യയുടെയും, നൂതന ആശയങ്ങളുടേയും ആഗോള കേന്ദ്രമായാണ് എംഇഎസ്ഐ യെ ഗ്രൂപ്പ് വിഭാവനം ചെയ്യുന്നത്, കമേസവ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പ് എന്റർപ്രൈസായ എം2പി സൊല്യൂഷൻസിലും, 100 ശതമാനം ഡിജിറ്റൽ ഇന്ത്യൻ ബാങ്കായ ജൂപ്പിറ്ററിലും അതിന്റെ ആഗോള സ്റ്റാർട്ടപ്പ് നിക്ഷേപ വിഭാഗമായ മഫ്ജി ഇന്നൊവേഷൻ പാർട്‌ണേഴ്‌സ് (MUIP) വഴി തന്ത്രപരമായ നിക്ഷേപം നടത്തിയിട്ടുണ്ട്.