image

14 March 2023 12:30 AM

Market

വിവാഹബന്ധം പിരിഞ്ഞാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എന്ത് ചെയ്യും?

MyFin Desk

life insurance
X

Summary

വിവാഹമോചനം എന്ന കാര്യം കേരള സമൂഹത്തിലും ഇപ്പോള്‍ വ്യാപകമാകുന്ന സാഹചര്യമാണുള്ളത്. മരണം വരെ ഒരുമിച്ചുണ്ടാകുമെന്ന വാഗ്ദാനത്തില്‍ ഒന്നാകുന്നവരാണെങ്കിലും ഭാവിയില്‍ പിരിയാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.


ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ പലരും ആരംഭിക്കുന്നത് കുടുംബത്തിന്റെ പരിരക്ഷയ്ക്ക് വേണ്ടിയാണ്. നമ്മള്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതായാല്‍ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം നമ്മുടെ അസാന്നിധ്യത്തില്‍ എന്ത് ചെയ്യുമെന്നുള്ള ആവലാതിയിലാണ് പലരും ഇത്തരം പോളിസികള്‍ എടുക്കുന്നത്. അതുകൊണ്ട് തന്നെ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ നോമിനികള്‍ ജീവിതപങ്കാളികളായിരിക്കും. ക്ലെയിം തുക കിട്ടുന്നത് ഈ നോമിനിയുടെ പേരിലായിരിക്കും. ദീര്‍ഘകാലത്തേക്കാണ് ലൈഫ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുക.

എന്നാല്‍ ജീവിത പങ്കാളിയെ നോമിനിയാക്കി ചേരുന്ന ഈ പോളിസികള്‍ പാതിവഴിയിലെത്തി നില്‍ക്കെ വിവാഹ ബന്ധം വേര്‍പ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ എന്തുസംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിവാഹമോചനം എന്ന കാര്യം കേരള സമൂഹത്തിലും ഇപ്പോള്‍ വ്യാപകമാകുന്ന സാഹചര്യമാണുള്ളത്. മരണം വരെ ഒരുമിച്ചുണ്ടാകുമെന്ന വാഗ്ദാനത്തില്‍ ഒന്നാകുന്നവരാണെങ്കിലും ഭാവിയില്‍ പിരിയാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. എന്നാല്‍ ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടല്ല നമ്മള്‍ ജീവിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ നേരിടേണ്ടി വന്നാല്‍ എന്തുചെയ്യണമെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.

വിവാഹമോചനം വേണ്ടി വന്നാല്‍ നിലവിലുള്ള ഫിനാന്‍ഷ്യല്‍ പ്ലാനുകളും നിക്ഷേപ പദ്ധതികളുമൊക്കെ പുന:പരിശോധിക്കണം. പറ്റുമെങ്കില്‍ പുതിയ പദ്ധതികള്‍ പ്ലാന്‍ ചെയ്യുകയാണ് നല്ലത്.

നിയമപരമായി വിദഗ്‌ധോപദേശം

വിവാഹമോചനം എന്നത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്ന വിഷയമാണെന്നത് മറക്കരുത്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു വക്കീലിനെയോ സാമ്പത്തിക വിദഗ്ധനെയോ സമീപിക്കുകയാണ് വേണ്ടത്. സാമ്പത്തിക പദ്ധതികളിലും പ്ലാനുകളിലും ശരിയായ തീരുമാനമെടുക്കാന്‍ സഹായിക്കും.

ആസ്തികളും ബാധ്യതകളും

വിവാഹമോചനം നിലവിലുള്ള സാമ്പത്തിക ബാധ്യതകളെയും സ്വത്തുക്കളെയുമൊക്കെ ബാധിക്കും. ഇതുവരെ ഒന്നായിരുന്നവര്‍ പിരിയുകയാണ്. അതുകൊണ്ട് തന്നെ രണ്ടുപേരുടെയും പേരിലായിരിക്കും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളും ആസ്തികളുമൊക്കെ ഉണ്ടാകുക. സാധാരണ കോടതികളാണ് ഇത്തരം അവസരങ്ങളില്‍ ബാധ്യതകളും ആസ്തികളിലുമൊക്കെ തീരുമാനമെടുക്കുന്നത് കോടതികളാണ്. അതിന് മുന്നോടിയായി നിങ്ങള്‍ക്കുള്ള ആസ്തികളും സാമ്പത്തിക ബാധ്യതകളും എന്തൊക്കെയാണെന്ന് ലിസ്റ്റ് ചെയ്യണം. ഇത് നോക്കിയാല്‍ അറിയാം ആസ്തികളും ബാധ്യതകളും എത്രയാണെന്നും കൂട്ടുത്തരവാദിത്തം ഏതിലൊക്കെയാണെന്നും .ഇത് അനുസരിച്ച് നടപടികള്‍ സ്വീകരിക്കാം.

ലൈഫ് ഇന്‍ഷൂറന്‍സ് എന്ത് ചെയ്യണം?

വിവാഹിതരായവരായവര്‍ ഈ പോളിസി എടുക്കുമ്പോള്‍ ഗുണഭോക്താവായി അവരുടെ പങ്കാളിയെയാണ് ചേര്‍ക്കുന്നത്. വിവാഹമോചനം ഉണ്ടായാല്‍ പങ്കാളിയുടെ പേര് മാറ്റി മക്കളുടെയോ മാതാപിതാക്കളുടെയോ പേരായിരിക്കണം ഗുണഭോക്താവായി അപ്‌ഡേറ്റ് ചെയ്യേണ്ടത്. എന്നാല്‍ ചില ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ ഗുണഭോക്താവിനെ മാറ്റാന്‍ സാധിക്കില്ല. 'മാരീഡ് വിമന്‍സ് പ്രോപ്പര്‍ട്ടി ആക്ട്' ന് കീഴിലുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയില്‍ പിന്നീട് ഗുണഭോക്താവിനെ മാറ്റാന്‍ സാധിക്കില്ല. വിവാഹമോചനത്തിന് ശേഷവും മുന്‍ഭാര്യക്ക് ക്ലെയിം തുക ലഭിക്കും.ഈ നിയമം അനുസരിച്ചുള്ള പോളിസി കടക്കാരില്‍ നിന്നും ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ ക്ലെയിം ചെയ്യുന്ന ബന്ധുക്കളില്‍ നിന്നും ഒരു സ്ത്രീയുടെ സാമ്പത്തികം സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു. പോളിസി ഉടമയ്ക്ക് മുമ്പായി മുന്‍ഭര്‍ത്താവ് മരിച്ചുപോയാലും നിയമപരമായുള്ള ഗുണഭോക്താവിന് ക്ലെയിം തുക ലഭിക്കും.

ഒരു ജോയിന്റ് പോളിസിയോ ഒന്നിലധികം ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളിലോ ദമ്പതികള്‍ക്ക് ഒരുമിച്ച് പങ്കാളിത്തം ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ പോളിസി സറണ്ടര്‍ ചെയ്ത് തുക വിഭജിച്ചെടുക്കുകയാണ് രണ്ട് പേര്‍ക്കും നല്ലത്.ഇത്തരം പോളിസികളില്‍ ഭാവിയില്‍ പ്രീമിയം അടക്കാനുണ്ടെങ്കില്‍ രണ്ട് പേരും സെറ്റില്‍മെന്റിന്റെ ഭാഗമായി മൂന്നാമതൊരാളെ ഇത്തരം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി ഏല്‍പ്പിക്കാം.ഇവര്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം ഇടപെടുന്നതിന് പകരം ഇയാളെ ഉപയോഗിച്ച് പോളിസിയുടെ പ്രീമിയം അടക്കലും മറ്റും മുമ്പോട്ട് കൊണ്ടുപോകാം. പ്യൂവര്‍ ടേം പോളിസികള്‍ എടുത്തിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി ലളിതമാണ്. എപ്പോള്‍ വേണമെങ്കിലും രണ്ട് കക്ഷികള്‍ക്കും ഗുണഭോക്താവിനെ മാറ്റാന്‍ സാധിക്കും.