image

28 May 2023 6:32 AM

Market

ടോപ് 10 ലെ 7 കമ്പനികള്‍ എം ക്യാപില്‍ ചേർത്തത് 1.51 ലക്ഷം കോടി രൂപ

MyFin Desk

7 companies in the top 10 have added Rs 1.51 lakh crore to M cap
X

Summary

  • വലിയ നേട്ടം റിലയന്‍സിനും ടിസിഎസിനും
  • കഴിഞ്ഞയാഴ്ച സെന്‍സെക്സ് 772.01 പോയിന്റ് ഉയര്‍ന്നു
  • എച്ച്ഡിഎഫ്‍സിയും ഐസിഐസിഐ ബാങ്കും നഷ്ടത്തില്‍


രാജ്യത്തെ ഓഹരി വിപണിയില്‍ വിപണി മൂലധനത്തിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള കമ്പനികളില്‍ ഏഴെണ്ണവും കഴിഞ്ഞയാഴ്ച വിപണിയില്‍ നേട്ടം കൊയ്തു. ഈ ഏഴു കമ്പനികളുടെ സംയോജിത വിപണി മൂല്യത്തില്‍ 1,51,140.39 കോടി രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസും ടാറ്റ കൺസൾട്ടൻസി സർവീസസുമാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

ഇതിനു പുറമേ ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ എന്നിവയും വിപണി മൂല്യത്തിൽ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി എന്നിവയാണ് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ട ടോപ്പ് 10 കമ്പനികള്‍. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 772.01 പോയിന്റ് അഥവാ 1.25 ശതമാനം ഉയർന്നു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 43,131.02 കോടി രൂപ വര്‍ധിച്ച് 16,95,833.65 കോടി രൂപയായി. ടിസിഎസിന്റെ എം ക്യാപ് 39,243.32 കോടി രൂപ ഉയർന്ന് 12,18,098.20 കോടി രൂപയിലെത്തിയപ്പോള്‍ ഐടിസിയുടെ എംക്യാപ് 29,578.69 കോടി രൂപ ഉയർന്ന് 5,51,431.15 കോടി രൂപയിലെത്തി. ഇൻഫോസിസിന്‍റെ വിപണി മൂല്യം 20,171.09 കോടി രൂപ ഉയർച്ചയോടെ 5,46,662.99 കോടി രൂപയായി മാറി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 9,638.58 കോടി രൂപ ഉയർന്ന് 5,22,848.39 കോടി രൂപയായും ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 6,981.11 കോടി രൂപ ഉയർന്ന് 4,56,031.45 കോടി രൂപയായും മാറിയപ്പോള്‍ ഹിന്ദുസ്ഥാൻ യുണിലിവറിന്‍റെ വിപണി മൂല്യം 2,396.58 കോടി രൂപ വര്‍ധിച്ച് 6,23,017.62 കോടി രൂപയിലെത്തി.

എന്നിരുന്നാലും, എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 17,825.74 കോടി രൂപ ഇടിഞ്ഞ് 9,02,742.36 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സിയുടെ എംക്യാപ് 11,382.46 കോടി രൂപ കുറഞ്ഞ് 4,88,466.16 കോടി രൂപയിലേക്ക് എത്തിയപ്പോള്‍ ഐസിഐസിഐ ബാങ്കിന്റേത് 2,642.52 കോടി രൂപ കുറഞ്ഞ് 6,64,553.58 കോടി രൂപയായി മാറി.

ആദ്യ 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്‍സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‍സി, ഭാരതി എയർടെൽ എന്നിങ്ങനെയാണ് വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങള്‍ വരുന്നത്.