image

5 Jun 2023 7:44 AM GMT

Market

ഡോളര്‍ 2 മാസത്തെ ഉയര്‍ച്ചയില്‍; സ്വര്‍ണ വില സമ്മര്‍ദത്തില്‍

MyFin Desk

Gold prices Today | ഇന്നത്തെ സ്വർണ വില
X

Summary

  • മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ സ്വർണ വില താഴ്ന്നു
  • ഫെഡ് റിസര്‍വ് നിരക്ക് വര്‍ധന സംബന്ധിച്ച് അനിശ്ചിതത്വം
  • സ്വര്‍ണവിലയില്‍ രണ്ടാഴ്ചയില്‍ കൂടുതലും ഉണ്ടായത് ഇടിവ്


യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം യുഎസ് ഡോളറിനെ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിച്ചതിനാല്‍ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) സ്വർണ വില ഇന്ന് താഴ്ന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ ഇടിവിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ന് സ്വർണ വില ഔൺസിന് 1,945 ഡോളറാണ്. എന്നാല്‍ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല.

മേയില്‍ ഉടനീളം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5530 രൂപയാണ്. പവന് 44,240 രൂപയാണ് വില. കഴിഞ്ഞ രണ്ടാഴ്ചയായി സ്വർണ വിലയില്‍ ഭൂരിഭാഗം ദിവസങ്ങളിലും ഇടിവാണ് പ്രകടമായത്. ഡോളര്‍ ശക്തി പ്രാപിക്കുന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഇനിയും താഴേക്കു വരാന്‍ ഇടയാക്കിയേക്കും. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 6033 രൂപയാണ്, പവന് 48,264 രൂപ. ഇന്നലത്തെ വിലയില്‍ നിന്ന് മാറ്റമില്ല.

ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധന പ്രകടമായിരുന്നു. എന്നാല്‍ അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധി സംബന്ധിച്ച നിക്ഷേപകരുടെ ആശങ്കകള്‍ മയപ്പെട്ടതും ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗത്തിനു ശേഷമുള്ള പ്രഖ്യാപനങ്ങളും വിലയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കി. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.60 എന്ന നിലയിലാണ്.

വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 10 പൈസയുടെ ഇടിവോടെ 77.70 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില 621.60, ഇന്നലത്തെ വിലയില്‍ നിന്ന് 80 പൈസയുടെ ഇടിവ്.