17 March 2023 5:30 PM IST
Summary
- ഉത്പാദകരെ കൂടുതല്‍ പ്രതിസന്ധിലാക്കി പരമാവധി താഴ്ന്ന വിലയ്ക്ക് ചരക്ക് കൈക്കലാക്കാനുള്ള അണിയറ നീക്കങ്ങളാണ് പുരോഗമിക്കുന്നത്
നാളികേര വിളവെടുപ്പ് വീണ്ടും ഊര്‍ജ്ജിതമായതോടെ സ്റ്റോക്കുള്ള കൊപ്ര വിറ്റഴിക്കാനുള്ള നീക്കം ഗ്രാമീണ മേഖലകളില്‍ ശക്തമായി. ഇതിനിടയില്‍ ബാങ്ക് വായ്പ കാലാവധി അവസാനിക്കുന്നത് മുന്‍ നിര്‍ത്തി ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ ഉത്പാദകരുടെ ഭാഗത്തും ദൃശ്യമായി.
കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും വില്‍പ്പന സമ്മര്‍ദ്ദം ഉടലെടുത്തതോടെ കാങ്കയത്തെ മില്ലുകാര്‍ കൊപ്ര വില പെടുന്നനെ 8300 ല്‍ നിന്നും 8100 ലേയ്ക്ക് ഇടിച്ചു. ഈ വിലയ്ക്കും കൊപ്രയ്ക്ക് കാര്യമായ ഡിമാന്റ് ഇല്ലെന്നാണ് വ്യാപാരികളുടെ പക്ഷം. അതായത് ഉത്പാദകരെ കൂടുതല്‍ പ്രതിസന്ധിലാക്കി പരമാവധി താഴ്ന്ന വിലയ്ക്ക് ചരക്ക് കൈക്കലാക്കാനുള്ള അണിയറ നീക്കങ്ങളാണ് പുരോഗമിക്കുന്നത്. കേന്ദ്രം കൊപ്ര സംഭരണത്തിന് അനുമതി നല്‍കിയെങ്കിലും സംസ്ഥാനം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന തണുപ്പന്‍ മനോഭാവും വില ഇടിവിന്റെ ആക്കം കൂട്ടിയേക്കാം. കൊച്ചിയില്‍ കൊപ്ര വില 8400 രൂപയാണ്.
ഡിമാന്റ് വര്‍ധിച്ച് ഏലം
വണ്ടന്‍മേട് നടന്ന ഏലക്ക ലേലത്തില്‍ ആഭ്യന്തര വിപണിയില്‍ നിന്നുള്ള ശക്തമായ ഡിമാന്റില്‍ ഏറിയപങ്ക് ചരക്കും വിറ്റഴിഞ്ഞു. മൊത്തം 59,700 കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 54,283 കിലോയും ഇടപാടുകാര്‍ ശേഖരിച്ചു. മികച്ചയിനം ഏലക്ക കിലോ 2293 രുപയിലും ശരാശരി ഇനം ഏലക്ക 1436 രൂപയിലും കൈമാറി. കയറ്റുമതിക്കാരും ഉത്പന്നം ശേഖരിക്കാന്‍ രംഗത്തുണ്ടായിരുന്നു.
പ്രതീക്ഷയോടെ റബര്‍
റബര്‍ ഷീറ്റിനും ലാറ്റക്സിനും കടുത്ത ക്ഷാമം തുടരുകയാണെങ്കിലും വിദേശത്ത് റബര്‍ അവധി നിരക്കുകള്‍ താഴ്ന്ന തലത്തില്‍ നീങ്ങുന്നത് നേട്ടമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വ്യവസായികള്‍. ടയര്‍ കമ്പനികള്‍ മികച്ചയിനം റബറിന് കിലോ 143 രൂപയാണ് രേഖപ്പെടുത്തിയത്.