image

21 Nov 2022 1:43 AM GMT

Market

18,000-ത്തിനു മുകളിൽ പിടിച്ചുനിൽക്കാൻ ബദ്ധപ്പെട്ട് നിഫ്റ്റി

Mohan Kakanadan

18,000-ത്തിനു മുകളിൽ പിടിച്ചുനിൽക്കാൻ ബദ്ധപ്പെട്ട് നിഫ്റ്റി
X

Summary

ഒക്ടോബർ 31-നു ശേഷം നിഫ്റ്റി 18,000 ത്തിനു താഴെ പോയിട്ടില്ലെന്ന് ആശ്വസിക്കാം. ഫെഡ് ബുധനാഴ്ച അതിന്റെ നവംബർ മീറ്റിംഗിന്റെ മിനിറ്റ്സ് പ്രസിദ്ധീകരിക്കുന്നതാണ് വിപണി കാത്തിരിക്കുന്ന ഒരു പ്രധാന വിവരം. ആഗോള സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ഒഇസിഡി-യുടെ ചൊവ്വാഴ്ചത്തെ പുതിയ പ്രവചനങ്ങളും പ്രധാനമാണ്.


കൊച്ചി: ആഗോള വിപണിയിൽ കഴിഞ്ഞ കുറെ ആഴ്ചകളായി ചാഞ്ചല്യം പ്രകടമാണ്. സൂചിക ഒരു ദിവസം ഉയർന്നാൽ അടുത്ത ദിവസം താഴുന്നു. പണപ്പെരുപ്പം അല്പമൊന്നയഞ്ഞപ്പോൾ പ്രതീക്ഷകൾക്ക് വിപരീതമായി ചില ഫെഡ് ഗവർണർമാർ പണനയം കടുപ്പിക്കുമെന്നു സൂചന നൽകി. ആഭ്യന്തര വിപണിയും അതുമൂലം ദിശാബോധം നഷ്ടപ്പെട്ടുഴലുകയാണ്‌. ഇതിൽനിന്നൊക്കെ മാറി നില്ക്കാൻ ഇന്ത്യൻ വിപണിക്കാവില്ല എന്നാണ് ഫണ്ട് മാനേജർമാരുടെ ഇന്നലത്തെ യോഗത്തിൽ എച് ഡി എഫ് സി എഎംസിയുടെ ഫണ്ട് മാനേജർ റോഷി ജെയിൻ ചൂണ്ടിക്കാണിച്ചത്. എങ്കിലും, ഒക്ടോബർ 31-നു ശേഷം നിഫ്റ്റി 18,000 ത്തിനു താഴെ പോയിട്ടില്ലെന്ന് ആശ്വസിക്കാം. ഫെഡ് ബുധനാഴ്ച അതിന്റെ നവംബർ മീറ്റിംഗിന്റെ മിനിറ്റ്സ് പ്രസിദ്ധീകരിക്കുന്നതാണ് വിപണി കാത്തിരിക്കുന്ന ഒരു പ്രധാന വിവരം. ആഗോള സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ഒഇസിഡി-യുടെ ചൊവ്വാഴ്ചത്തെ പുതിയ പ്രവചനങ്ങളും പ്രധാനമാണ്.

തൊഴിൽ മന്ത്രാലയം നവംബർ 20ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 സെപ്റ്റംബറിൽ ഇപിഎഫ്ഒ 16.82 ലക്ഷം പുതിയ വരിക്കാരെ ചേർത്തു, മുൻവർഷത്തെ അപേക്ഷിച്ച് 9.14 ശതമാനം വർധനവാണിത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയിൽ വളർച്ച കൈവരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രതിമാസ ബുള്ളറ്റിനിൽ പറഞ്ഞു.

വിദേശ വിൽപ്പന അവസരങ്ങൾ നഷ്‌ടപ്പെടുന്നതായുള്ള പരാതികളെ തുടർന്ന് കുറഞ്ഞ ഗ്രേഡ് ഇരുമ്പയിരിന്റെയും ചില സ്റ്റീൽ ഉൽപന്നങ്ങളുടെയും കയറ്റുമതി നികുതി ശനിയാഴ്ച മുതൽ ഇന്ത്യ ഒഴിവാക്കിയത് ഈ മേഖലക്ക് ഒരു ആശ്വാസമായിരിക്കും.

വെള്ളിയാഴ്ച സെന്‍സെക്സ് 87.12 പോയിന്റ് താഴ്ന്ന് 61,663.48 ലും, നിഫ്റ്റി 36.25 പോയിന്റ് ഇടിഞ്ഞ് 18,307.65 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റിയും 20.60 പോയിന്റ് താഴ്ന്നു 42,437.45 ലാണവസാനിച്ചത്. ആഭ്യന്തര നിക്ഷേപകർ വെള്ളിയാഴ്ച നേരിയ തോതിൽ തിരിച്ചെത്തിയത് ആശ്വാസമായി; അവർ 890.45 കോടി രൂപക്ക് അധികം വാങ്ങി. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -751.20 കോടി രൂപക്ക് അധികം വിറ്റു.

സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. രാവിലെ 7.15-നു 62.50 പോയിന്റ് ഇടിവിലാണ് വ്യാപാരം നടക്കുന്നത്.

വിദഗ്ധാഭിപ്രായം

എൽ കെ പി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറയുന്നു: താഴെ തലത്തിൽ നിഫ്റ്റിക്ക് 18210/18000-ൽ പിന്തുണ നിലവിലുണ്ട്. എന്നാൽ, മുകളിലെ തട്ടിൽ 18450-ൽ പ്രതിരോധം ദൃശ്യമാണ്.

ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറയുന്നു: "ഒക്ടോബറിൽ എഫ് പി ഐ-കൾ മിതത്വം പാലിച്ചെങ്കിലും നവംബറിൽ അവർ മികച്ച രീതിയിൽ വാങ്ങുന്നുണ്ട്; . എൻ എസ ഡി എൽ ഡാറ്റ പ്രകാരം നവംബർ 18 വരെ മൊത്തം 30,384 കോടി രൂപയ്ക്കാണ് എഫ്പിഐ വാങ്ങിയത്. ഒക്‌ടോബർ രണ്ടാം പകുതിയിൽ ഐടിയിൽ അവർ കൂടുതൽ നിക്ഷേപം ആരംഭിച്ചു, നവംബറിൽ ഓട്ടോയിലും ടെലികോമിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു. മുന്നോട്ട് പോകുമ്പോൾ എഫ്പിഐ വാങ്ങൽ വളരെ ആക്രമണാത്മകമായി മാറാൻ സാധ്യതയില്ല. ഇന്ത്യയിലെ ഉയർന്ന മൂല്യനിർണ്ണയം ഒരു തിരിച്ചടിയാണ്. ചൈന, സൗത്ത് കൊറിയ, തായ്‌വാൻ തുടങ്ങിയ വിപണികളിലെ മൂല്യനിർണ്ണയം ഇപ്പോൾ വളരെ ആകർഷകമാണ്. അതിനാൽ, കൂടുതൽ എഫ്പിഐ പണം ഈ വിപണികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്".

പ്രധാന ആഭ്യന്തര ട്രിഗറുകളുടെ അഭാവത്തിൽ, ആഭ്യന്തര വിപണി ആഗോള പ്രവണതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നാണ്

ജിയോജിത് ഫിനാൻഷ്യൽ സർവീസസ്‌ റിസർച്ച് മേധാവി വിനോദ് നായർ പറയുന്നത്. നിലവിലെ വിപണി സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഒരു ശരാശരി നിക്ഷേപകന് 60:40 എന്ന ഇക്വിറ്റിയും ഡെറ്റും ഇടകലർന്ന സമതുലിതമായ സമീപനമായിരിക്കും ചേരുക. കാരണം പലിശ വരുമാനം ആകർഷകമാവുകയും സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുകയും ചെയ്യുന്ന ഒരാവസ്ഥയാണിപ്പോൾ.

ലോക വിപണി

ഏഷ്യന്‍ വിപണികളിൽ ഷാങ്ഹായ് (-18.19), തായ്‌വാൻ (-40.39), ടോക്കിയോ നിക്കെ (-14.68), സൗത്ത് കൊറിയൻ കോസ്‌പി (-23.92), ഹാങ്‌സെങ് (-53.12), എന്നിവയെല്ലാം ഇന്ന് നഷ്ടത്തിലാണ് തുടക്കം. ജക്കാർത്ത കോമ്പസിറ്റ് (37.19) മാത്രം നേട്ടത്തിലാണ്.

വെള്ളിയാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+165.48) പാരീസ് യുറോനെക്സ്റ്റും (68.34) ലണ്ടൻ ഫുട്‍സീയും (+38.98) നേട്ടം കാഴ്ചവെച്ചു.

അമേരിക്കന്‍ വിപണികളും ലാഭത്തിലായിരുന്നു.. നസ്‌ഡേക് കോമ്പസിറ്റും (+1.11) എസ് ആൻഡ് പി 500 (+18.78) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (+199.37) മുന്നോട്ടു കുതിച്ചു.

കമ്പനി റിപ്പോർട്സ്

നടപ്പ് സാമ്പത്തിക വർഷം സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിന്റെ വിപണി വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നതിനാൽ, സ്‌പോർട്‌ ആ വിഭാഗത്തിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാൻ മാരുതി സുസുക്കി (ഓഹരി വില 8,853.75 രൂപ) പദ്ധതിയിടുന്നു.

ഇന്ത്യയിലെ നൈട്രിക് ആസിഡിന്റെ ഏറ്റവും വലിയ ഉപഭോക്താവായ ആരതി ഇൻഡസ്ട്രീസും (ഓഹരി വില 654.25 രൂപ) തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ നൈട്രിക് ആസിഡിന്റെ നിർമ്മാതാക്കളായ ദീപക് ഫെർട്ടിലൈസേഴ്സും (ഓഹരി വില 766.10 രൂപ) നൈട്രിക് ആസിഡിന്റെ വിതരണത്തിനും വിതരണത്തിനുമായി 8000 കോടി രൂപയുടെ 20 വർഷത്തെ കരാറിൽ ഒപ്പുവച്ചു.

ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ്മൈ ട്രിപ്പ് (ഓഹരി വില 385.00 രൂപ) നവംബർ 23-ന് ബോണസ് ഇഷ്യൂവും സ്റ്റോക്ക് വിഭജനവും പ്രഖ്യാപിക്കും. കമ്പനിയുടെ കൈവശമുള്ള ഓരോ ഷെയറിനും മൂന്ന് ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിനും അതിന്റെ സ്റ്റോക്ക് 1:2 എന്ന അനുപാതത്തിൽ വിഭജിക്കാനും ബോർഡ് അനുമതി നൽകും.

യുപിഎൽ ലിമിറ്റഡ് (ഓഹരി വില 763.35 രൂപ) തങ്ങളുടെ യുകെ അനുബന്ധ സ്ഥാപനമായ അഡ്വാന്റാ സീഡ്‌സിലൂടെ സോയാബീൻ ജനിതകശാസ്ത്രം വികസിപ്പിച്ചെടുക്കുന്ന ബ്രസീലിയൻ സ്ഥാപനമായ സീഡ്‌കോർപ്പിൽ 20 ശതമാനം ഓഹരി വാങ്ങാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,860 രൂപ.

യുഎസ് ഡോളർ = 81.74 രൂപ (-0.10 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 87.28 ഡോളർ (-0.52%)

ബിറ്റ് കോയിൻ = 14,14,856 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.26 ശതമാനം ഉയർന്നു 106.86 ആയി.

ബ്രോക്കറേജ് വീക്ഷണം

പിഎൻസി ഇൻഫ്രാടെക്, അലുവാലിയ കോൺട്രാക്ട്സ്, കെഎൻആർ കൺസ്ട്രക്ഷൻസ് ഇന്ന് വാങ്ങാവുന്ന ഓഹരികളാണെന്നു പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നു.

വരുമാനം വർധിച്ചെങ്കിലും വലിയ ഓർഡറുകൾ കുറയുന്നതിനാൽ തെർമാക്സിന്റെ ഓഹരികൾ കുറയ്ക്കുന്നതാണ് നല്ലതെന്നു ജിയോജിത് ഫിനാൻഷ്യൽ ശുപാർശ ചെയ്യുന്നു.