28 Nov 2022 11:46 AM GMT
മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും മുന്നേറി വിപണി. സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപം വര്‍ധിച്ചതും, ക്രൂഡ് ഓയില്‍ വില കുറഞ്ഞതും, റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരികളിലുണ്ടായ മുന്നേറ്റവുമാണ് ഇന്നും വിപണിക്ക് കരുത്തായത്.
സെന്‍സെക്‌സ്, 211.16 പോയിന്റ് വര്‍ധിച്ച് 62,504.80 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 50 പോയിന്റ് നേട്ടത്തില്‍ 18,562.75 ലും ക്ലോസെ ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 407.76 പോയിന്റ് ഉയര്‍ന്നു 62,701.40 ലെത്തിയിരുന്നു.
സെന്‍സെക്‌സില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.48 ശതമാനം വര്‍ധിച്ചു. കൂടാതെ നെസ്ലെ, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സേര്‍വ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ ലാഭത്തിലായി. ടാറ്റ സ്റ്റീല്‍, എച്ച് ഡിഎഫ് സി ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച് ഡിഎഫ് സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നഷ്ടത്തിലായിരുന്നു. ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ദുര്‍ബലമായി.
യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ നഷ്ടത്തിലാണ്. വെള്ളിയാഴ്ച യു എസ് വിപണിയും നഷ്ടത്തിലായിരുന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 3.11 ശതമാനം താഴ്ന്ന് ബാരലിന് 81.03 ഡോളറായി. വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 369.08 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.