10 Nov 2022 3:03 AM GMT
Summary
പൊതുമേഖലാ ബാങ്കുകൾ വളരെക്കാലമായി വിലകുറഞ്ഞ മൂല്യനിർണ്ണയത്തിൽ വ്യാപാരം നടത്തുകയായിരുന്നു. താഴ്ന്ന വളർച്ചാ മൂലധനവും കാലാകാലങ്ങളായുള്ള എൻപിഎകളും മോശം പ്രകടനത്തിന് കാരണമായി. എന്നിരുന്നാലും, ആസ്തി ഗുണനിലവാരവും വളർച്ചയും സംബന്ധിച്ച ആശങ്ക വളരെ പിന്നിലാണ്. വലിയ പൊതുമേഖലാ ബാങ്കുകൾ ശക്തമായ വളർച്ചയും പുരോഗതിയും കൈവരിച്ചിട്ടുണ്ട്.
കൊച്ചി: ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ ഉമ്മറപ്പടിയിലാണെന്നും ഇനിയും ഉയർന്ന നിരക്ക് വർദ്ധനയുടെ ആവശ്യകത ഉണ്ടായേക്കുമെന്നുമുള്ള ഒരു മുൻ ഫെഡ് ഉദ്യോഗസ്ഥന്റെ വാക്കുകൾ വിപണിയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇന്ന് പുറത്തിറങ്ങുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും നിക്ഷേപകരുടെ മനസ്സിലുണ്ടാകും, സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത് പ്രതിമാസ, വാർഷിക നമ്പറുകളിൽ യഥാക്രമം 0.5%, 6.5% ഇടിവ് ഉണ്ടാകുമെന്നാണ്. ആഗോള വിപണികളെല്ലാം ഇന്നലെ ഇടിഞ്ഞതും നിക്ഷേപകർക്ക് ശുഭകരമായ വാർത്തയല്ല. സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 7.15-നു 67.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്. കൂടാതെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ അറ്റ വാങ്ങലുകാരായിരുന്നെങ്കിലും മൊത്തം 386.83 കോടി രൂപയ്ക്കു മാത്രമേ അധികം വാങ്ങിയുള്ളു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ പതിവുപോലെ -1,060.12 കോടി രൂപയുടെ അധിക വില്പന നടത്തി. അതായതു സാഹചര്യങ്ങൾ അത്ര നല്ലതല്ല എന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്. വളരെ കരുതലോടെ വേണം വിപണിയിൽ പങ്കുചേരാൻ എന്ന് ചുരുക്കം.
ഇന്നലെ സെന്‍സെക്‌സ് 151.60 പോയിന്റ് താഴ്ന്ന് 61,033.55 ലും, നിഫ്റ്റി 45.80 പോയിന്റ ഇടിഞ്ഞ് 18,157 ലും എത്തി. ബാങ്ക് നിഫ്റ്റി ഇന്ന് 52-ആഴ്ചത്തെ ഉയർച്ച കടന്നെങ്കിലും ഒടുവിൽ 96.50 പോയിന്റ് ഉയർന്നു 41,783.20 ലാണ് അവസാനിച്ചത്.
വിദഗ്ധാഭിപ്രായം
"ഇന്നത്തെ ഒരു പ്രധാന ട്രിഗർ ഇന്ന് പുറത്താവുന്ന യുഎസ് സിപിഐ പണപ്പെരുപ്പം ആയിരിക്കാം. സെപ്റ്റംബറിലെ 8.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബറിൽ 7.9 ശതമാനത്തിലേക്ക് മിതത്വം ഉണ്ടായിരിക്കുമെന്ന് സമവായം സൂചിപ്പിക്കുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.
"പൊതുമേഖലാ ബാങ്കുകൾ വളരെക്കാലമായി വിലകുറഞ്ഞ മൂല്യനിർണ്ണയത്തിൽ വ്യാപാരം നടത്തുകയായിരുന്നു. താഴ്ന്ന വളർച്ചാ മൂലധനവും കാലാകാലങ്ങളായുള്ള എൻപിഎകളും മോശം പ്രകടനത്തിന് കാരണമായി. എന്നിരുന്നാലും, ആസ്തി ഗുണനിലവാരവും വളർച്ചയും സംബന്ധിച്ച ആശങ്ക വളരെ പിന്നിലാണ്. വലിയ പൊതുമേഖലാ ബാങ്കുകൾ ശക്തമായ വളർച്ചയും പുരോഗതിയും കൈവരിച്ചിട്ടുണ്ട്. അതിനാൽ, പൊതുമേഖലാ ബാങ്കുകൾ മിഡ്-റണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് എന്നിവ ഏറ്റവും മികച്ച തെരഞ്ഞെടുക്കലുകളായിരിക്കും," എൽകെപി സെക്യൂരിറ്റീസിലെ ബാങ്കിംഗ് അനലിസ്റ്റ് അജിത് കബി പറയുന്നു.
എൽ കെ പി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേയുടെ അഭിപ്രായത്തിൽ ഇന്നലെ (ബുധനാഴ്ച) നിഫ്റ്റി 18300-നടുത്ത് പ്രതിരോധം കണ്ടെത്തി. മൊത്തത്തിലുള്ള ട്രെൻഡ് 18,300-ന് താഴെ തുടരുന്നിടത്തോളം അസ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 18,300-ന് മുകളിലുള്ള നിർണായക നീക്കം 18,600-ലേക്കുള്ള റാലിയെ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും, 18,300-ന് അപ്പുറം നീങ്ങുന്നതിൽ പരാജയപ്പെട്ടാൽ കൂടുതൽ ലാഭം എടുക്കലിന് അത് പ്രേരിപ്പിക്കാം. താഴത്തെ അറ്റത്ത്, പിന്തുണ 18,000 ആണ്; അതിനു താഴെ സൂചിക അതിന്റെ നഷ്ടം 17,700 ലേക്ക് പോകാനും സാധ്യതയുണ്ട്.
ലോക വിപണി
ഏഷ്യന്‍ വിപണികളിൽ ഹാങ്‌സെങ് (-220.30), ഷാങ്ഹായ് (-0.53), ടോക്കിയോ നിക്കെ (-267.84), സൗത്ത് കൊറിയൻ കോസ്‌പി (-3.03), തായ്‌വാൻ (-92.40) എന്നിവ ചുവപ്പിലാണ് തുടങ്ങിയിരിക്കുന്നത്. ജക്കാർത്ത കോമ്പസിറ്റ് (0.28) മാത്രം നേരിയ നേട്ടം കാണിക്കുന്നുണ്ട്.
യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും 100 (-9.89) ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-22.43) പാരീസ് യുറോനെക്സ്റ്റും (-10.93) വീണ്ടും നിക്ഷേപകരെ നിരാശപ്പെടുത്തി.
ബുധനാഴ്ച അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി: നസ്‌ഡേക് കോമ്പസിറ്റും (-263.03) എസ് ആൻഡ് പി 500 (-79.54) ഉം ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജും (-646.89) താഴ്ചയിലാണ് അവസാനിച്ചത്.
കമ്പനി റിപ്പോർട്സ്
ഇന്ത്യൻ ഓയിൽടാങ്കിംഗിന്റെ (IOTL) 49.38 ശതമാനം ഓഹരികൾ 1050 കോടി രൂപക്ക് അദാനി പോർട്ട്സ് വാങ്ങി. ഇന്നലെ അദാനി പോർട്സ് എൻ എസ് ഇ-യിൽ 4.43 ശതമാനം ഉയർന്നു 890.80-ൽ എത്തിയിരുന്നു.
ആക്‌സിസ് ബാങ്കിന്റെ 1.55 ശതമാനം അഥവാ 4.65 കോടി ഓഹരികൾ ഒരു ഓഹരിക്ക് 830.63 രൂപ എന്ന നിരക്കിൽ ഓഫർ ഫോർ സെയിൽ (OFS) വഴി ഇന്നും നാളെയുമായി കേന്ദ്ര സർക്കാർ വിൽക്കുന്നു. രണ്ടാം പാദത്തിൽ ആക്‌സിസ് ബാങ്കിന്റെ അറ്റാദായം 70 ശതമാനം വർധിച്ചിരുന്നു.
ഭാരത് ഫോർജിന്റെ പൂർണ ഉടമസ്ഥതയിലുള്ള കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡിന് ഏകദേശം 1250 കോടി രൂപയുടെ 155 എംഎം ആർട്ടിലറി ഗൺ സിസ്റ്റത്തിന്റെ കയറ്റുമതി ഓർഡർ ലഭിച്ചു.
കമ്പനി ഫലങ്ങൾ
സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ നഷ്ടം മുന്‍ വര്‍ഷത്തെ 4,441.57 കോടി രൂപയില്‍ നിന്നും 944.61 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം 29.7 ശതമാനം ഉയര്‍ന്ന് 79,611 കോടി രൂപയായി.
ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 54 ശതമാനം ഉയര്‍ന്ന് 55 കോടി രൂപയായി. മൊത്ത വരുമാനം 13 ശതമാനം ഉയര്‍ന്ന് 327 കോടി രൂപയിലേക്കുമെത്തി.
രണ്ടാം പാദത്തിൽ ലുപിൻ 130 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി; മുൻ വർഷത്തെ അറ്റാദായം 2,098 കോടി രൂപയായിരുന്നു.
സെപ്തംബർ 30 ന് അവസാനിച്ച പാദത്തിൽ ഉയർന്ന ചെലവും കുറഞ്ഞ വരുമാനവും കാരണം നാഷണൽ അലുമിനിയതിന്റെ ഏകീകൃത ലാഭം 83.2 ശതമാനം ഇടിഞ്ഞു 125.43 കോടി രൂപയിലെത്തി.
സ്റ്റാർ ഹെൽത്ത് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 93 കോടി രൂപ അറ്റാദായം നേടി, മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ അറ്റാദായം 170.49 കോടി രൂപയായിരുന്നു.
വണ്ടർല ഹോളിഡേയ്‌സിന്റെ രണ്ടാം പാദത്തിലെ അറ്റലാഭം 10.53 കോടി രൂപയായി; കഴിഞ്ഞ വര്ഷം സമാന പാദത്തിൽ കമ്പനി 9.28 കോടി രൂപ നഷ്ട്ടം രേഖപ്പെടുത്തിയിരുന്നു.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,725 രൂപ.
യുഎസ് ഡോളർ = 81.49 രൂപ.
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 92.41 ഡോളർ
ബിറ്റ് കോയിൻ = 14,86,009 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 110.21 ആയി.
ഇന്നത്തെ ഫലങ്ങൾ
ഇന്ന് അദാനി ഗ്രീൻ, അപ്പോളോ ഹോസ്പിറ്റൽ, അശോക് ലെയ്‌ലാൻഡ്, ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ, ബി എ എസ് എഫ്, ബാറ്റ, ബർഗർ പെയിന്റ്സ്, കൊച്ചിൻ ഷിപ്യാർഡ്, കോഫി ഡേ എന്റർപ്രൈസസ്, ദീപക് ഫെർട്ടിലൈസേഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, ഇക്വിറ്റാസ് ഹോൾഡിംഗ്‌സ്, ഗുജറാത്ത് നർമ്മദാ വാലി ഫെർട്ടിലൈസേഴ്‌സ്, ഹാരിസൺസ് മലയാളം, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്, ഓയിൽ ഇന്ത്യ, പേജ് ഇൻഡസ്ട്രീസ്, റിലയൻസ് പവർ, റെയിൽ വികാസ് നിഗം, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, സുസ്ലോൺ, സോമാറ്റോ എന്നിങ്ങനെ ഒട്ടനവധി പ്രമുഖ കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.
ഐപിഓ
സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാക്കളായ ആർക്കിയൻ കെമിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഇന്നലെ ആരംഭിച്ച പ്രാരംഭ പബ്ലിക് ഓഫർ ആദ്യ ദിവസം 0.30 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. നാളെ 11ന് സമാപിക്കുന്ന ഐ പി ഓ 1,462 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഒരു ഷെയറിന് ₹386 മുതൽ ₹407 വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ് ലിമിറ്റഡിന്റെ 3.04 കോടി ഷെയറുകളുടെ ഓഫർ സൈസിനെതിരെ ബിഡ്ഡിംഗിന്റെ ആദ്യ ദിനത്തിൽ 2 ശതമാനം വരിക്കാരായി. 1,960 കോടി രൂപയുടെ ഇഷ്യു നവംബർ 11-ന് അവസാനിക്കും. ഇഷ്യുവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് ₹450 മുതൽ ₹474 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
കെയ്ന്‍സ് ടെക്നോളജി ഐ പി ഓ ഇന്നും ഐനോക്സ് ഗ്രീന്‍ നാളെയും ആരംഭിക്കും.
ഐഒടി (Internet of Things) അധിഷ്ടിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ കെയിന്‍സ് ടെക്‌നോളജി പുതിയ ഓഹരി ഇഷ്യുവിലൂടെ 530 കോടി രൂപയും, പ്രമോട്ടറായ രമേശ് കുഞ്ഞിക്കണ്ണന്റെ കൈവശമുള്ള 20.4 ലക്ഷം ഓഹരികള്‍, നിലവിലെ ഓഹരിയുടമ ഫ്രേണി ഫിറോസ് ഇറാനിയുടെ കൈവശമുള്ള 35 ലക്ഷം ഓഹരികള്‍ എന്നിവയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ലക്ഷ്യം വെയ്ക്കുന്നത്.
ബ്രോക്കറേജ് വീക്ഷണം
രണ്ടാം പാദത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സോളാർ ഇൻഡസ്ട്രീസ് എന്നിവ വാങ്ങാമെന്നാണ് പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നത്.
അനുകൂലമായ സാഹചര്യങ്ങൾ ഉള്ളതിനാൽ എഫ് എം സി ജി മേഖലയിലെ കമ്പനികളുടെ ഓഹരികൾ വാങ്ങാമെന്നു എൽ കെ പി സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നുണ്ട്.
വിനതി ഓർഗാനിക്‌സിന്റെ വരുമാനത്തിൽ വന്ന 51 ശതമാനം വളർച്ച മൂലം കമ്പനിയുടെ ഓഹരികൾ വാങ്ങാം എന്നാണ് ജിയോജിത് പറയുന്നത്. അമര രാജ ബാറ്ററിയസും കാജാരിയാ സെറാമിക്‌സും കൂടുതൽ വാങ്ങാമെന്നും ജിയോജിത് അഭിപ്രായപ്പെടുന്നു.