1 Dec 2022 2:22 AM GMT
Summary
- പണപ്പെരുപ്പം വരുതിയിലാണെന്നു യഥാർത്ഥ സൂചനകൾ പുറത്തുവരുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും: ഫെഡ് ചെയര്‍മാന്‍ ജെറോം പവൽ.
- വ്യാവസായിക തൊഴിലാളികളുടെ റീട്ടെയിൽ പണപ്പെരുപ്പം 2022 സെപ്റ്റംബറിലെ 6.49 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 6.08 ശതമാനമായി.
- ഇന്ത്യയുടെ ജിഡിപി വളർച്ച 2022 ഏപ്രിൽ-ജൂണിലെ 13.5 ശതമാനത്തിൽ നിന്ന് ജൂലൈ-സെപ്തംബർ മാസങ്ങളിൽ 6.3 ശതമാനമായി.
- സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.30-നു +56.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
കൊച്ചി: ആഗോള വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപത്തിന്റെ വര്‍ധനവും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ വിപണിയെ ശക്തമായി പിന്തുണക്കുന്നുണ്ട്. നിരക്ക് വർദ്ധനയുടെ വേഗതയിൽ യുഎസ് ഫെഡ് മിതത്വം പാലിക്കുമെന്നും, എന്നാൽ "ജോലി പൂർത്തിയാകുന്നതുവരെ തങ്ങൾ ഈ കോഴ്‌സിൽ തുടരുമെന്നും" ഇന്നലെ വാഷിംഗ്ടൺ ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ മീറ്റിങ്ങിൽ ഫെഡ് ചെയര്‍മാന്‍ ജെറോം പവൽ പ്രസ്താവിച്ചത് വിപണിയുടെ നേട്ടം നിലനിർത്താൻ സഹായിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. പണപ്പെരുപ്പം വരുതിയിലാണെന്നു യഥാർത്ഥ സൂചനകൾ പുറത്തുവരുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എങ്കിലും വാൾസ്ട്രീറ്റ് ഈ പ്രസ്താവനകൾ ഏറ്റെടുത്തു: മൂന്ന് സെഷനുകളിൽ നഷ്ടം നേരിട്ട ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഇന്നലെ 737 പോയിൻറ് കുതിച്ചുയർന്നപ്പോൾ നാസ് ഡാക് കോമ്പോസിറ്റ് 4.41 ശതമാനമാണ് ഉയർന്നത്.
ബുധനാഴ്ചത്തെ പ്രാഥമിക കണക്കുകൾ പ്രകാരം യൂറോസോൺ പണപ്പെരുപ്പം നവംബറിൽ 10.0 ശതമാനമായി കുറഞ്ഞതായി യൂറോപ്യൻ കമ്മീഷന്റെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമായ യൂറോസ്റ്റാറ്റ് അറിയിച്ചു; കഴിഞ്ഞ
ഒക്ടോബറിലെ 10.6 ശതമാനത്തിൽ നിന്നും നേരത്തെ പ്രവചിച്ച 10.4 ശതമാനത്തിൽ നിന്നും താഴെയാണിത്.
എന്നാൽ, ആഭ്യന്തരമായി പുറത്തു വന്ന കണക്കുകൾ അത്ര ശുഭകരമല്ല; ഒക്ടോബർ അവസാനത്തോടെ സർക്കാരിന്റെ ധനക്കമ്മി ബജറ്റ് എസ്റ്റിമേറ്റിന്റെ 45.6 ശതമാനം അതായത് 7,58,137 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്മി 2021-22 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 36.3 ശതമാനമായിരുന്നു.
അതുപോലെ, ഇന്ത്യയുടെ ജിഡിപി വളർച്ച 2022 ഏപ്രിൽ-ജൂണിലെ 13.5 ശതമാനത്തിൽ നിന്ന് ജൂലൈ-സെപ്തംബർ മാസങ്ങളിൽ 6.3 ശതമാനമായി പകുതിയിലേറെ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇക്കാലയളവിലെ വളർച്ച 8.4 ശതമാനം ആയിരുന്നു. ജിഡിപി വളർച്ചയുടെ പകുതിയിലേറെയുള്ള ഈ ഇടിവ് ആശങ്കാജനകമാണ്.
എന്നാൽ, വ്യാവസായിക തൊഴിലാളികളുടെ റീട്ടെയിൽ പണപ്പെരുപ്പം 2022 സെപ്റ്റംബറിലെ 6.49 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 6.08 ശതമാനമായി കുറഞ്ഞതായി തൊഴിൽ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. പ്രധാനമായും ചില ഭക്ഷ്യ വസ്തുക്കളുടെ വിലക്കുറവാണിതിന് കാരണം. പക്ഷെ, ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ (ഒക്ടോബർ 2021) ഇത് 4.52 ശതമാനം മാത്രമായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.8-7.0 ശതമാനം ജിഡിപി വളർച്ച കൈവരിക്കാനുള്ള പാതയിലാണെന്നും 2023ൽ അത് അനായാസം കഴിയുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറയുന്നു.
നിർമ്മാണ മേഖലയിലെ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) ഇന്ന് പ്രഖ്യാപിക്കുന്നുണ്ട്.
വിപണിയാകട്ടെ ഇന്നലെ തുടര്‍ച്ചയായ ഏഴാം ദിവസവും മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 417.81 പോയിന്റ് വര്‍ധിച്ച് 63,099.65 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 140.30 പോയിന്റ് നേട്ടത്തില്‍ 18,758.35 ലുമാണ് ക്ലോസ് ചെയ്തത്. സൂചികകൾ എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിലയിലാണ്. പൊതുമേഖലാ ബാങ്ക് സൂചിക മാത്രം നേരിയ നഷ്ടത്തിൽ ആയപ്പോൾ മറ്റെല്ലാ മേഖലകളും ഉയരത്തിലാണ്. നിഫ്റ്റി ആട്ടോ 2.00 ശതമാനം നേട്ടം കണ്ടപ്പോൾ ലോഹങ്ങൾ 1.90 ശതമാനം ഉയർന്നു.
സെൻസെക്‌സിലെ ഈ കുതിപ്പിൽ ബിഎസ്‌ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം എക്കാലത്തെയും ഉയർന്ന നിരക്കായ 288.50 ലക്ഷം കോടി രൂപയിലെത്തി.
എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (നവംബർ 30) വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 9,010.41 കോടി രൂപയുടെ ഓഹരികൾ അധികം വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -4,056.40 കോടി രൂപയുടെ ഓഹരികൾ അധികം വിറ്റു.
സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഉയർന്നാണ് ഇന്ന് തുടക്കം; രാവിലെ 7.30-നു +56.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
വിദഗ്ധാഭിപ്രായം
വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി: 2022-ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ, രാജ്യത്തിന്റെ മൂല്യനിർണ്ണയം പ്രീമിയം നിലവാരത്തിലേക്ക് ഉയർത്തി. ഇന്ന് വളരെ വിലകുറഞ്ഞ രീതിയിൽ വ്യാപാരം നടത്തുന്ന മറ്റ് ഉയർന്നു വരുന്ന വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ചെലവേറിയ വിപണിയായതിനാൽ, ഇന്ത്യയുടെ ഭാവി പ്രകടനം ഒരു വെല്ലുവിളിയാകാൻ വളരെ സാധ്യതയുണ്ട്. അതിനാൽ, മാന്ദ്യത്തെ മറികടക്കാനുള്ള ആഗോള വിപണിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ ആശ്രയിച്ചിരിക്കും തുടർന്നുള്ള ഇന്ത്യയുടെ പ്രകടനം. ആഭ്യന്തര വിപണി മറികടക്കേണ്ട മറ്റ് പ്രശ്‌നങ്ങൾ യൂണിയൻ ബജറ്റും തിരഞ്ഞെടുപ്പുമാണ്, ഇത് ഹ്രസ്വകാലത്തേക്ക് ചാഞ്ചാട്ടമുണ്ടാക്കും, അതേസമയം ദീർഘകാല വീക്ഷണം ശക്തമാണ്.
രൂപക് ദേ, എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്: സപ്പോർട്ട് ലെവൽ ഉയരുന്നതിനാൽ 18,600ന് മുകളിൽ തുടരുന്നിടത്തോളം നിഫ്റ്റിയിലെ ട്രെൻഡ് ബുള്ളിഷ് ആയി തുടരാനാണ് സാധ്യത. ഉയർന്ന തലത്തിൽ, പ്രതിരോധം 18,800/19,000 ൽ ദൃശ്യമാണ്.
ലോക വിപണി
മറ്റു ഏഷ്യൻ വിപണികളും പൊതുവെ ഉയരത്തിലാണ്. ടോക്കിയോ നിക്കെ (295.81), ജക്കാർത്ത കോമ്പസിറ്റ് (69.24), ഹാങ്‌സെങ് (461.67), സൗത്ത് കൊറിയൻ കോസ്‌പി (17.45), തായ്‌വാൻ (243.44) എന്നിവ പച്ചയിലാണ്. എന്നാൽ, ഷാങ്ഹായ് (-36.65) ചുവപ്പിൽ തുടക്കം കുറിച്ചു.
ഇന്നലെ യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+41.59), പാരീസ് യുറോനെക്സ്റ്റും (+69.58) ലണ്ടൻ ഫുട്‍സീയും (+61.05) പച്ചയിലായിരുന്നു.
അമേരിക്കന്‍ വിപണികൾ കുതിച്ചുയർന്നു; ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജും (+737.24), നസ്‌ഡേക് കോമ്പസിറ്റും (+484.22) എസ് ആൻഡ് പി 500 (+122.48) ഉം ഉയരങ്ങളിൽ അവസാനിച്ചു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
ടെലിവിഷൻ ചാനൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ പോകുന്നതിനാൽ എൻഡിടിവി (ഓഹരി വില 446.30 രൂപ) ചെയർപേഴ്സൺ പ്രണോയ് റോയും എക്‌സിക്യൂട്ടീവ് ഡയറക്ടർ രാധിക റോയും രാജിവെച്ചു.
ജിഇ പവർ എൻജിഎസ്‌എല്ലുമായി ചേർന്ന് തെലങ്കാനയിലെ രാമഗുണ്ടത്തിൽ എൻടിപിസി-യുടെ (ഓഹരി വില 172.20 രൂപ) ഒരു ടർബൈൻ പ്രോജക്റ്റ് പൂർത്തിയാക്കിയതായി അറിയിച്ചു. ഇത് എൻടിപിസി-യുടെ പ്രവർത്തന ക്ഷമത കാര്യമായി വർധിപ്പിക്കും.
ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ അലിബാബയുടെ ഒരു വിഭാഗമായ അലിപേ സിംഗപ്പൂർ, ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ (ഓഹരി വില 65.25 രൂപ) യുടെ 3.07 ശതമാനം ഓഹരികൾ 1,631 കോടി രൂപയ്ക്ക് തുറന്ന വിപണി ഇടപാടിലൂടെ ബുധനാഴ്ച വിറ്റു.
ഡിബി പവർ ലിമിറ്റഡിന്റെ തെർമൽ പവർ ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള 7,017 കോടി രൂപയുടെ ഇടപാട് പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 2022 ഡിസംബർ 31 വരെ ഒരു മാസത്തേക്ക് നീട്ടിയതായി അദാനി പവർ (ഓഹരി വില 332.75 രൂപ) അറിയിച്ചു.
എസ്സാർ ഓയിൽ യുകെ ലിമിറ്റഡ് (എസ്സാർ) അതിന്റെ കാർബൺ കുറയ്ക്കൽ പദ്ധതികൾക്ക് അനുസൃതമായി ഏകദേശം 3,514 കോടി രൂപ നിക്ഷേപ ചെലവിൽ യുകെയിലെ സ്റ്റാൻലോ റിഫൈനറിയിൽ ഒരു കാർബൺ ക്യാപ്‌ചർ പ്ലാന്റ് സ്ഥാപിക്കും.
പോളിയോൾ നിർമ്മാതാക്കളായ മണാലി പെട്രോകെമിക്കൽസ് (ഓഹരി വില 82.45 രൂപ) ഏകദേശം 204 കോടി രൂപയ്ക്കു യുകെ ആസ്ഥാനമായുള്ള പെൻ ഗ്ലോബ് ഏറ്റെടുക്കൽ പൂർത്തിയാക്കി.
ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് (ഓഹരി വില 147.85 രൂപ) 98 കോടി രൂപയ്ക്കു കമ്പനിയുടെ 1 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികൾ ഷെയറിന് 200 രൂപ നിരക്കിൽ തിരികെ വാങ്ങുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടി.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,855 രൂപ (+10 രൂപ).
യുഎസ് ഡോളർ = 81.38 രൂപ (+34 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 87.22 ഡോളർ (+2.10%)
ബിറ്റ് കോയിൻ = 14,49,000 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.29% ശതമാനം താഴ്ന്നു 105.62 ആയി.
ഐപിഒ
യുണിപാര്‍ട്ടസ് ഇന്ത്യയുടെ 836 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ആദ്യ ദിവസം തന്നെ 58 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു നാളെ അവസാനിക്കുന്ന ഐപിഒ ഓഹരി ഒന്നിന് 548-577 രൂപ വരെയാണ് വില.
എൻഎസ്ഇയിൽ ലഭ്യമായ ഡാറ്റ പ്രകാരം അഹമ്മദാബാദ് ആസ്ഥാനമായുള്ള അഗ്രോകെമിക്കൽ കമ്പനിയായ ധർമജ് ക്രോപ്പ് ഗാർഡിന്റെ 251 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന ഇന്നലെ അവസാനിച്ചപ്പോൾ 35.49 തവണ സബ്‌സ്‌ക്രൈബു ചെയ്‌തു.