image

22 Nov 2022 1:51 AM GMT

Market

ദിശയറിയാതെ ആഭ്യന്തര നിക്ഷേപകർ; ആഗോള അസ്ഥിരത തുടരുന്നു

Mohan Kakanadan

stock market updates
X

stock market updates 

Summary

സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി നേരിയ ഉയർച്ചയിലാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. രാവിലെ 7.15-നു 40.50 പോയിന്റ്ലാണ് വ്യാപാരം നടക്കുന്നത്.


കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ആഭ്യന്തര വിപണി വീണെങ്കിലും മൊത്തം നഷ്ടപ്പെട്ടത്‌ 249.70 പോയിന്റ് മാത്രമേ ഉള്ളൂ എന്ന് നിക്ഷേപകർക്ക് ആശ്വസിക്കാം. ഈ മൂന്നു ദിവസങ്ങളിലായി സെൻസെക്സിനു സംഭവിച്ചത് 835.88 പോയിന്റിന്റെ കുറവാണ്. ആഗോള വിപണികൾ പണപ്പെരുപ്പത്തിന്റെയും യുദ്ധത്തിന്റെയും ഭീതിയിൽ ആടിയുലയുമ്പോൾ ദിശയറിയാതെ നിൽക്കുകയാണ് നിക്ഷേപകരും. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ചൊവ്വാഴ്ചയും 1,262.91 കോടി രൂപക്ക് അധികം വാങ്ങിയത് ആശ്വാസമായി. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നും -1,593.83 കോടി രൂപക്ക് അധികം വിറ്റു; എങ്കിലും, നവംബർ മാസം ഇതുവരെ അവർ 11,245.11 കോടിയുടെ അറ്റ നിക്ഷേപകരായി തുടരുകയാണ്. ക്രിസിൽ റേറ്റിംഗ് ഇന്ത്യയുടെ വളർച്ചാ പ്രവചനം 30 ബിപിഎസ് കുറച്ച് 7 ശതമാനമായി താഴ്ത്തി, അതുപോലെ ഇക്രയും 2022-23 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ സാമ്പത്തിക വികാസം 6.5 ശതമാനമായി കുറച്ചിട്ടുണ്ട്.

ഈ അശാന്തിക്കിടയിലാണ് ഉയര്‍ന്ന വായ്പ ചിലവടക്കമുള്ള കാരണങ്ങള്‍ മൂലം അടുത്ത വര്‍ഷം ഇന്ത്യക്കു ഉയർന്ന വളർച്ച നിലനിര്‍ത്തുന്നതിനുള്ള സാധ്യത കുറവാണെന്നു ഗോള്‍ഡ്മാന്‍ സാക്സ് അഭിപ്രായപ്പെട്ടത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ 5.9 ശതമാനമായി കുറയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

ആഗോള സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ഒഇസിഡി-യുടെ ഇന്നത്തെ പ്രവചനങ്ങൾക്കു നിക്ഷേപകർ കാതോർക്കുന്നുണ്ട്.

ഇന്നലെ സെൻസെക്സ് 518.64 പോയിന്റ് നഷ്ടത്തിൽ 61,144.84 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 147.70 പോയിന്റ് ഇടിഞ്ഞ് 18,159.95 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 90.90 പോയിന്റ് താഴ്ന്നു 42,346.55 ൽ അവസാനിച്ചു.

സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി നേരിയ ഉയർച്ചയിലാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. രാവിലെ 7.15-നു 40.50 പോയിന്റ്ലാണ് വ്യാപാരം നടക്കുന്നത്.

വിദഗ്ധാഭിപ്രായം

എൽ കെ പി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറയുന്നു: മുന്നോട്ട് പോകുമ്പോൾ, 18100 ൽ ഉടനടി പിന്തുണ ലഭിച്ചേക്കാം. അതിന് താഴെ സൂചിക 17750-ലേക്ക് നീങ്ങിയേക്കാം. ഉയർന്ന തലത്തിൽ, പ്രതിരോധം 18200/18450-ൽ ദൃശ്യമാണ്.

ലോക വിപണി

ഏഷ്യന്‍ വിപണികളിൽ ടോക്കിയോ നിക്കെ (233.64) നേട്ടത്തിൽ തുടങ്ങിയപ്പോൾ, ഷാങ്ഹായ് (-12.20), തായ്‌വാൻ (-42.34), സൗത്ത് കൊറിയൻ കോസ്‌പി (-2.87), ഹാങ്‌സെങ് (-30.72), ജക്കാർത്ത കോമ്പസിറ്റ് (-18.93) എന്നിവയെല്ലാം ഇന്ന് നഷ്ടത്തിലാണ് തുടക്കം.

തിങ്കളാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-51.93) പാരീസ് യുറോനെക്സ്റ്റും (-10.01) ലണ്ടൻ ഫുട്‍സീയും (+8.67) ഇടിഞ്ഞു.

അമേരിക്കന്‍ വിപണികളും ഇന്നലെ നഷ്ടത്തിലായിരുന്നു. നസ്‌ഡേക് കോമ്പസിറ്റും (-121.55) എസ് ആൻഡ് പി 500 (-15.40) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (-45.41) താഴ്ചയിലേക്ക് വീണു.

കമ്പനി റിപ്പോർട്സ്

മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരി വിപണിയിൽ നിന്ന് സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ ഇന്ന് ആരംഭിക്കും. ഓഹരിയൊന്നിന് 294 രൂപ പ്രൈസ് ബാൻഡ് ഉള്ള ഓഫർ നവംബർ 22 മുതൽ ഡിസംബർ 5 വരെയാണുള്ളത്. എൻ ഡി ടി വി-യുടെ ഓഹരികൾ ഇന്നലെ 381.10 രൂപയ്ക്കാണ് അവസാനിച്ചത്.

സിഎ സ്വിഫ്റ്റ് ഇൻവെസ്റ്റ്‌മെന്റ് ഡൽഹിവെരിയുടെ 1.84 കോടി ഓഹരികൾ 607.38 കോടി രൂപയ്ക്കു വിറ്റു; ഓഹരിക്കു ശരാശരി 330 രൂപ വിലക്കാണ് വിറ്റത്. അതെ സമയം മോർഗൻ സ്റ്റാൻലി ഏഷ്യ (സിംഗപ്പൂർ) ഡൽഹിവെരിയുടെ 48.54 ലക്ഷം ഷെയറുകൾ ഓഹരിക്ക് ശരാശരി 330 രൂപ നിരക്കിൽ വാങ്ങി.

കൊട്ടക് മഹീന്ദ്ര മ്യൂച്വൽ ഫണ്ട് ബ്ലൂസ്റ്റാറിന്റെ 63,179 ഇക്വിറ്റി ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴി വാങ്ങി.

എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് ആക്സിസ് ബാങ്കിന്റെ ദീർഘകാല റേറ്റിംഗ് 'ബിബി+' ൽ നിന്ന് 'ബിബിബി-' ആയി ഉയർത്തി. ആക്‌സിസ് ബാങ്കിന്റെ ദുർബലമായ വായ്പകൾ മൊത്തം ഉപഭോക്തൃ വായ്പയുടെ 2.5 ശതമാനം മുതൽ 3.0 ശതമാനം വരെ കുറയുമെന്നാണ് റേറ്റിംഗ് ഏജൻസി പ്രവചിക്കുന്നത്.

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ലൈറ്റ്‌ഹൗസ് ഇന്ത്യ, ബ്യൂട്ടി ഇ-റീട്ടെയിലർ നൈകയുടെ ഉടമയായ എഫ്‌എസ്‌എൻ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ 320 കോടി രൂപയുടെ ഓഹരികൾ ബ്ലോക്ക് ഡീൽ വഴി വിൽക്കും.

ക്വാണ്ട് മണി സ്‌പെഷ്യാലിറ്റി മറൈൻ കെമിക്കൽ മാനുഫാക്‌ചറിംഗ് കമ്പനിയായ ആർക്കിയൻ കെമിക്കൽ ഇൻഡസ്ട്രീസിന്റെ 6.5 ലക്ഷം ഓഹരികൾ ഷെയറൊന്നിന് ശരാശരി 452.59 രൂപ നിരക്കിൽ വാങ്ങി.

ഹൊറൈസൺ പാക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സെക്യൂരിപാക്‌സ് പാക്കേജിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ 85 ശതമാനം ഓഹരികൾ വീതം ഏകദേശം 578 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ജെകെ പേപ്പർ തിങ്കളാഴ്ച അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,850 രൂപ.

യുഎസ് ഡോളർ = 81.79 രൂപ (-0.05 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 87.50 ഡോളർ (-0.33%)

ബിറ്റ് കോയിൻ = 13,94,999 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.21 ശതമാനം ഉയർന്നു 107.48 ആയി.