image

23 Nov 2022 1:48 AM GMT

Market

ആഭ്യന്തരവളർച്ച ആശ്വാസകരമെങ്കിലും ബുള്ളുകൾ പകച്ചുനിൽക്കുന്നു

Mohan Kakanadan

pre-market analysis in Malayalam | Stock market analysis
X

Summary

റഷ്യ-യുക്രെയ്‌ൻ സംഘർഷത്തെ തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിക്കും ആഗോള മാന്ദ്യത്തിനുമിടയിലും 6.6 ശതമാനം വളർച്ചാ നിരക്കുള്ള ഇന്ത്യ ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഇന്നലെ ഇറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.


കൊച്ചി: ആഗോള വിപണികൾ ഇന്നലെ ആശ്വാസ നേട്ടം കൈവരിച്ചു. ഇന്ന് പുറത്തിറങ്ങുന്ന ഫെഡ് മിനിറ്റ്സിലുള്ള പ്രതീക്ഷയാലാവാം അങ്ങനെ സംഭവിച്ചത്. ഈയടുത്ത ദിവസങ്ങളിൽ ഏതാനും ഫെഡ് ഉദ്യോഗസ്ഥരുടെ പൊതു അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത് അടുത്ത നിരക്ക് വർധന ഡിസംബറിൽ 0.50 പോയിന്റ്ൽ നിൽക്കുമെന്നാണ്. തുടർച്ചയായി നാല് തവണ 0.75 ശതമാനം വീതം നിരക്ക് ഉയർത്തിയിരുന്നല്ലോ. താങ്ക്സ് ഗിവിങ് പ്രമാണിച്ചു നാളെ (വ്യാഴാഴ്ച) യുഎസ്‌ മാർക്കറ്റ് അവധിയായിരിക്കും.

ഇതിനിടയിലും ആഭ്യന്തര സമ്പദ് വ്യവസ്ഥ ശക്തിയാര്ജിക്കുന്നുണ്ട്.

റഷ്യ-യുക്രെയ്‌ൻ സംഘർഷത്തെ തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിക്കും ആഗോള മാന്ദ്യത്തിനുമിടയിലും 6.6 ശതമാനം വളർച്ചാ നിരക്കുള്ള ഇന്ത്യ ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഇന്നലെ ഇറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.

2047-ഓടെ ഇന്ത്യ 40 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും പ്രാഥമികമായി ശുദ്ധമായ ഊർജ്ജ വിപ്ലവവും ഡിജിറ്റലൈസേഷനും വഴി നയിക്കപ്പെടുമെന്നുമാണ് മുകേഷ് അംബാനി പറഞ്ഞത്.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഓസ്‌ട്രേലിയൻ പാർലമെന്റ് ചൊവ്വാഴ്ച അംഗീകാരം നൽകി. ഇത് തുണിത്തരങ്ങൾ, തുകൽ, ഫർണിച്ചർ, ആഭരണങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 6,000-ലധികം വിശാലമായ മേഖലകൾക്ക് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് നികുതി രഹിത പ്രവേശനം ഉറപ്പാക്കും.

സിംഗപ്പൂര്‍ എസ്ജിഎക്സ് നിഫ്റ്റി നേരിയ ഉയർച്ചയിലാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. രാവിലെ 7.15-നു 57.50 പോയിന്റ്ലാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 361.94 പോയിന്റ് ഉയര്‍ന്ന് 61,780.90ലും നിഫ്റ്റി 81.2 പോയിന്റ് ഉയര്‍ന്ന് 18,325.40ലും എത്തി. (രാവിലെ 9.35 പ്രകാരം)

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ചൊവ്വാഴ്ചയും 636.39 കോടി രൂപക്ക് അധികം വാങ്ങിയതും ആശ്വാസമായി. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെയും -697.83 കോടി രൂപക്ക് അധികം വിറ്റു; നവംബർ മാസം ഇതുവരെ അവർ 10,547.28 കോടി രൂപയുടെ അറ്റ നിക്ഷേപകരായി തുടരുകയാണ്.

വിദഗ്ധാഭിപ്രായം

എൽ കെ പി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറയുന്നു: മുന്നോട്ട് പോകുമ്പോൾ, 18200 ഉടനടി പിന്തുണ നൽകിയേക്കാം, അതിന് താഴെ സൂചിക 18100 ലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഉയർന്ന തട്ടിൽ പ്രതിരോധം 18300/18450 ൽ ദൃശ്യമാകും.

ലോക വിപണി

ഇന്ന് രാവിലെ ഏഷ്യൻ വിപണികളിൽ ടോക്കിയോ നിക്കെ (170.95), തായ്‌വാൻ (83.31), സൗത്ത് കൊറിയൻ കോസ്‌പി (9.68) എന്നിവ നേട്ടത്തിൽ തുടങ്ങിയപ്പോൾ, ജക്കാർത്ത കോമ്പസിറ്റ് (32.66), ഷാങ്ഹായ് (-0.02), ഹാങ്‌സെങ് (-231.50) എന്നിവ പുറകിലാണ്.

ചൊവ്വാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+42.42) പാരീസ് യുറോനെക്സ്റ്റും (+23.08) ലണ്ടൻ ഫുട്‍സീയും (+75.99) പിടിച്ചു കയറി.

അമേരിക്കന്‍ വിപണികളും ഇന്നലെ ഉയരത്തിലായിരുന്നു. നസ്‌ഡേക് കോമ്പസിറ്റും (+149.90) എസ് ആൻഡ് പി 500 (+53.64) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (+397.82) വർധിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഖനന ഭീമനായ വേദാന്ത (ഓഹരി വില 310.10 രൂപ) ഈ സാമ്പത്തിക വർഷത്തിൽ ഒരു ഇക്വിറ്റി ഷെയറിന് 17.50 രൂപ എന്ന നിരക്കിൽ മൂന്നാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു, ആദ്യ ഇടക്കാല ലാഭവിഹിതം 31.5 രൂപയും രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം 19.50 രൂപയും നേരത്തെ നൽകിയിരുന്നു.

ചൊവ്വാഴ്ച സൊസൈറ്റി ജനറൽ, ബോഫ സെക്യൂരിറ്റീസ്, മോർഗൻ സ്റ്റാൻലി, ആദിത്യ ബിർള എസ്‌എൽ എംഎഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് എന്നിങ്ങനെ ഒരു ഡസനോളം കമ്പനികൾ എഫ്‌എസ്‌എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സിന്റെ (നൈക്ക; ഓഹരി വില 175.20 രൂപ) ഓഹരികൾ വാങ്ങിക്കൂട്ടി.

കടക്കെണിയിലായ വോഡഫോൺ ഐഡിയ (ഓഹരി വില 8.35 രൂപ) എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചറിന് 1,600 കോടി രൂപയുടെ ഓഹരികൾ നൽകുന്നതിന് അംഗീകാരം നൽകിയതായി റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു.

ടെക്സ്റ്റൈൽസ് പ്രമുഖരായ വെൽസ്പൺ ഇന്ത്യ (ഓഹരി വില 76.60 രൂപ) തങ്ങളുടെ വരുമാനം 2026 സാമ്പത്തിക വർഷത്തോടെ 15,000 കോടി രൂപ കടക്കുമെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60 ശതമാനം വളർച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കുന്നു.

കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ വികസിപ്പിക്കുന്നതിനായി കമ്പനി 600 കോടി രൂപ നിക്ഷേപിക്കുമെന്ന് ഭാരതി എയർടെൽ (ഓഹരി വില 847.60 രൂപ) അനുബന്ധ സ്ഥാപനമായ എൻഎക്‌സ്ട്രാ ഡാറ്റ ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു.

2022 സെപ്തംബർ പാദത്തിൽ സീമൻസ് (ഓഹരി വില 2803.50 രൂപ) അതിന്റെ അറ്റാദായത്തിൽ 23 ശതമാനം വർധന രേഖപ്പെടുത്തി.

ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് (ഓഹരി വില 422.40 രൂപ) കിഡ്‌നി ക്യാൻസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഫൈസറിന്റെ ഇൻലിറ്റ ടാബ്‌ലെറ്റുകളുടെ ജനറിക് പതിപ്പ് സംബന്ധിച്ച് ഫൈസറുമായി കരാറിൽ ഏർപ്പെട്ടു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,835 രൂപ (+15 രൂപ).

യുഎസ് ഡോളർ = 81.67 രൂപ (+0.12 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 88.35 ഡോളർ (+0.64%)

ബിറ്റ് കോയിൻ = 14,05,001 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.08 ശതമാനം ഇടിഞ്ഞു 106.97 ആയി.

ബ്രോക്കറേജ് വീക്ഷണം

പി ഐ ഇന്ഡസ്ട്രീസിന്റെ ഓഹരികൾ വാങ്ങാമെന്നാണ് ജിയോജിത് ഫിനാൻഷ്യൽ പറയുന്നത്.