28 Nov 2022 2:10 AM GMT
Summary
ഇന്ന് രാവിലെ ഏഷ്യൻ വിപണികൾ പൊതുവെ താഴ്ചയിലാണ് തുടക്കം. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.15-നു -67.50 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്. ടോക്കിയോ നിക്കെ (-189.22), തായ്‌വാൻ (-164.22), സൗത്ത് കൊറിയൻ കോസ്‌പി (-28.19) ജക്കാർത്ത കോമ്പസിറ്റ് (-27.37), ഹാങ്‌സെങ് (-573.35) എന്നിവ ചുവപ്പിൽ തുടരുമ്പോൾ ഷാങ്ഹായ് (-7.60) മാത്രം പച്ചയിലാണ്.
കൊച്ചി: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വർധിച്ചു വരുന്ന വാങ്ങലുകളും ക്രൂഡോയിൽ വിലയിലെ ഇടിവും അനുകൂലമായതിനാൽ കഴിഞ്ഞ ആഴ്ച ദലാൽ സ്ട്രീറ്റിൽ ബുള്ളുകൾക്കു ആധിപത്യം സ്ഥാപിക്കാനായി. വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്സ് 630.16 പോയിന്റ് അല്ലെങ്കിൽ 1 ശതമാനം ഉയർന്ന് അതിന്റെ റെക്കോർഡ് നിലയിൽ 62,293.64-ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റിയും ഇൻട്രാഡേയിൽ 18,534.90-ലെത്തിയ ശേഷം 18,512.75 എന്ന ആജീവനാന്ത ഉയരത്തിലാണ് അവസാനിച്ചത്.
എക്കാലത്തെയും ഉയർന്ന നികുതി പിരിവ്, ഉൽസവ കാലത്തെ ആഭ്യന്തര ഉപഭോഗത്തിലെ വർധന, ഉയർന്ന കോർപ്പറേറ്റ് വരുമാനം ഇവയെല്ലാം വിപണിയെ മുന്നോട്ടു നയിക്കാനിടയുണ്ട്. നവംബര്‍ 18 ന് അവസാനിച്ച ആഴ്ച്ചയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 2.537 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 547.252 ബില്യണ്‍ ഡോളറിലേക്ക് എത്തിയെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. എങ്കിലും, ആഗോള ട്രെൻഡുകൾ ആശ്രയിച്ചിരിക്കും ഈ ആഴ്ച വിപണിയിലെ വ്യാപാരം. ചൈനയിലെ വർദ്ധിച്ചുവരുന്ന കോവിഡ് നിയന്ത്രണങ്ങൾ ആശങ്ക പരത്തുന്നുണ്ട്. വ്യക്തമായ സൂചനകളുടെ അഭാവത്തിൽ ഓഹരി അധിഷ്ഠിതമായ വാങ്ങലുകളാണ് അഭികാമ്യമെന്നു വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.
രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ ബുധനാഴ്ച പ്രഖ്യാപിക്കും, അതേസമയം നിർമ്മാണ മേഖലയിലെ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) ഡാറ്റ വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. വാഹന വിപണിയിലെ കണക്കുകളും ആഴ്ചയുടെ അന്ത്യത്തോടെ പുറത്തുവരും.
എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക ഡാറ്റ പ്രകാരം നവംബർ 25 ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അധികം 369.08 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ 295.92 കോടി രൂപയുടെ ഓഹരികൾ അധികം വിറ്റു.
സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്ന് തുടക്കം; രാവിലെ 7.15-നു -67.50 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.
വിദഗ്ധാഭിപ്രായം
"ഈ ആഴ്ച പ്രതിമാസ വാഹന വിൽപ്പന നമ്പറുകളും ആഗോളതലത്തിൽ, യുഎസിൽ നിന്നുള്ള ഡാറ്റയും ഡോളർ സൂചികയുടെയും യുഎസ് ബോണ്ട് യീൽഡുകളുടെയും ചലനങ്ങളും വിപണി നിരീക്ഷിക്കും. ചൈനയിൽ നിന്നുള്ള ചില വാർത്തകൾ അസ്ഥിരതക്ക് കാരണമാകാനിടയുണ്ട്," സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡിന്റെ റിസർച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു.
ജിയോജിത് ഫിനാൻഷ്യൽ സര്വീസസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ: "നവംബറിൽ എഫ് പി ഐ (FPI) നിക്ഷേപം വ്യക്തമായ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സാമ്പത്തിക സേവനങ്ങൾ, ഐടി, ഓട്ടോകൾ, മൂലധന വസ്തുക്കൾ എന്നിവയിൽ എഫ് പി ഐ-കൾ വാങ്ങുന്നവരാണ്. എൻഎസ്‌ഡിഎൽ (NSDL) ഡാറ്റ പ്രകാരം നവംബർ 25 വരെ എഫ് പി ഐ-കൾ 31,630 കോടി രൂപയുടെ ഇക്വിറ്റി വാങ്ങിയിട്ടുണ്ട്. എഫ് പി ഐ--കൾ പ്രധാന വിൽപ്പനക്കാരാകാൻ സാധ്യതയില്ല. , ബാങ്കിംഗിൽ തുടർച്ചയായ വിൽപന എന്ന അവരുടെ മുൻകാല നയം അവർക്ക് കനത്ത തിരിച്ചടി നൽകി. എഫ്പിഐകൾ നേരത്തെ വിൽപ്പനക്കാരായിരുന്നപ്പോൾ, ഡിഐഐകൾ വാങ്ങുന്നവരായിരുന്നു; അതവർക്ക് നേട്ടം സമ്മാനിച്ചു. 2022-ൽ നവംബർ 25 വരെ അവർ 1,37,166 കോടി രൂപക്ക് വില്പന നടത്തി. ആ സമയത്തു ഡോളർ തുടർച്ചയായി ഉയർന്നുകൊണ്ടിരുന്നു. ഇപ്പോൾ യുഎസ് വിപണി "ഓഹരി ആദായം, യീൽഡ് ഇടിവ്, ഡോളർ ഇടിവ്" എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഇത് എഫ്എ പി ഐകളുടെ ധനത്തിന്റെ ഒഴിക്കു തുടരുന്നതിന് അനുകൂലമാണ്.
"മുന്നോട്ട് പോകുമ്പോൾ, ശക്തമായ അടിസ്ഥാന ട്രിഗറുകളുടെ അഭാവം മുകളിലേക്കുള്ള പോക്കിനെ പരിമിതപ്പെടുത്തും, ഇത് മൂലം ഹ്രസ്വകാലത്തേക്ക് വിപണിയിൽ അസ്ഥിരത നിലനിൽക്കും. ഈ ആഴ്ച ഷെഡ്യൂൾ ചെയ്യുന്ന ഫെഡ് ചെയറിന്റെ പ്രസംഗവും മറ്റ് സുപ്രധാന മാക്രോ ഇക്കണോമിക് ഡാറ്റയുടെ പ്രകാശനവും വിപണിയുടെ ഭാവിയെ സ്വാധീനിക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
ലോക വിപണി
ഇന്ന് രാവിലെ ഏഷ്യൻ വിപണികൾ പൊതുവെ താഴ്ചയിലാണ് തുടക്കം. ടോക്കിയോ നിക്കെ (-189.22), തായ്‌വാൻ (-164.22), സൗത്ത് കൊറിയൻ കോസ്‌പി (-28.19) ജക്കാർത്ത കോമ്പസിറ്റ് (-27.37), ഹാങ്‌സെങ് (-573.35) എന്നിവ ചുവപ്പിൽ തുടരുമ്പോൾ ഷാങ്ഹായ് (-7.60) മാത്രം പച്ചയിലാണ്.
വെള്ളിയാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+1.82) പാരീസ് യുറോനെക്സ്റ്റും (+5.16) ലണ്ടൻ ഫുട്‍സീയും (+20.07) പിടിച്ചു കയറി.
അമേരിക്കന്‍ വിപണികൾ മിശ്രിത വ്യാപാരം കാഴ്ചവെച്ചു. ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജ് (+152.97) മുന്നോട്ടു കുതിച്ചപ്പോൾ നസ്‌ഡേക് കോമ്പസിറ്റും (-58.96) എസ് ആൻഡ് പി 500 (-1.14) ഉം കിതച്ചു നിന്നു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
എച്ച്ഡിഎഫ്‌സി ബാങ്കും, എച്ച്ഡിഎഫ്‌സിയും തമ്മിലുള്ള ലയനം അടുത്ത വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍.
മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി വര്‍ധിച്ചുവരുന്ന വൈദ്യുത ഡിമാന്‍ഡ് കണക്കിലെടുത്ത് അദാനി ഗ്രൂപ് അഞ്ചു വര്‍ഷത്തിനുള്ളില്‍ അവിടെ 5,700 കോടി രൂപ നിക്ഷേപം നടത്താനാണ് ഒരുങ്ങുന്നു.
ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 4.22 ശതമാനം ഉയര്‍ന്ന് 14.57 ബില്യണ്‍ ഡോളറിലെത്തി.
അദാനി എന്റര്‍പ്രൈസസ് ഫോളോ-ഓണ്‍ പബ്ലിക് ഓഫറിലൂടെ 20,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളായ കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് എന്നിവയുടെ അഞ്ച് മുതല്‍ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍.
ബിഎൻപി പാരിബാസ് ആര്ബിട്രേജ് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ വീനസ് പിപ്പീസ് ആൻഡ് ട്യൂബ്‌സിന്റെ 3.2 ശതമാനം അഥവാ 6.5 ലക്ഷം ഓഹരികൾ ഒരു ഓഹരിക്ക് ശരാശരി 650 രൂപ നിരക്കിൽ 42 കോടി രൂപക്ക്രൂ വാങ്ങി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ 25,000 എൻസിഡികൾ നൽകി 2,500 കോടി രൂപ സമാഹരിച്ചു.
മുത്തൂറ്റ് ഫിനാൻസ് ഓരോന്നിനും 1,000 രൂപ മുഖവിലയുള്ള നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലൂടെ 300 കോടി രൂപ സമാഹരിക്കും
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,855 രൂപ.
യുഎസ് ഡോളർ = 81.70 രൂപ (-0.23 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 82.20 ഡോളർ (-2.04%)
ബിറ്റ് കോയിൻ = 14,22,151 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.34% ശതമാനം ഉയർന്നു 106.30 ആയി.
ഐപിഒ
അഹമ്മദാബാദ് ആസ്ഥാനമായുള്ള അഗ്രോകെമിക്കൽ കമ്പനിയായ ധർമജ് ക്രോപ്പ് ഗാർഡിന്റെ 251 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ഇന്ന് ആരംഭിക്കും. ഓഹരിയൊന്നിന് 216-237 രൂപ വില നിശ്ചയിച്ച ഐപിഓ നവംബർ 30 ന് അവസാനിക്കും. 216 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും നിലവിലുള്ള ഓഹരി ഉടമകൾക്കു 14.83 ലക്ഷം വരെ ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണിത്.
എഞ്ചിനീറിങ് ആന്‍ഡ് സൊല്യൂഷന്‍ കമ്പനിയായ യുണിപാര്‍ട്ടസ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന നവംബര്‍ 30 നു ആരംഭിച്ച് ഡിസംബര്‍ 2 ന് അവസാനിക്കും. ഓഹരി ഒന്നിന് 548 -577 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപി ഒയിലൂടെ 836 കോടി രൂപ സമാഹരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.