29 Jan 2024 2:54 PM IST
Summary
- മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് സെറോദ ട്രേഡര്‍മാരെ വലക്കുന്നത്
- ഗ്രോയിലും കഴിഞ്ഞ ആഴ്‌ച സാങ്കേതിക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
- പ്ലാറ്റ്‍ഫോം സ്ഥിരതയില്‍ നിക്ഷേപകര്‍ക്ക് ആശങ്ക
പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്‍ഫോമായ സെരോദയില്‍ വീണ്ടും സാങ്കേതിക പ്രശ്നം. ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ വന്‍ മുന്നേറ്റം പ്രകടമായ ഇന്ന്, തങ്ങളുടെ ഇടപാടുകളില്‍ നേരിട്ട തടസത്തിലുള്ള നിരാശ പലരും സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചു. ഹോൾഡിംഗുകളും ട്രേഡുകളും ഉൾപ്പെടെയുള്ള അക്കൗണ്ട് വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതായി ഉപയോക്താക്കള്‍ പറയുന്നു. ഓർഡർ നല്‍കുന്നതിലെ പ്രശ്‍നങ്ങളും പേമെന്‍ പ്രശ്‍നങ്ങളും ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മൂന്നു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് സെറോദ പ്ലാറ്റ്‍ഫോം ട്രേഡര്‍മാരെ വലക്കുന്നത്. 2023 നവംബറിലും, ഡിസംബറിലും പരാതികൾ ഉയര്‍ന്നുവന്നിരുന്നു. ആവര്‍ത്തിച്ചുള്ള സാങ്കേതിക തകരാറുകള്‍ പ്ലാറ്റ്‍ഫോമിന്‍റെ സ്ഥിരതയെ കുറിച്ച് സംശയം ഉയര്‍ത്തുന്നുവെന്നും പല നിക്ഷേപകര്‍ക്കും നഷ്ടത്തിനിടയാക്കിയെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു.
കണക്‌റ്റിവിറ്റി പ്രശ്‌നം കാരണം ചില ഉപയോക്താക്കൾ കൈറ്റിലെ ഓർഡർ പ്ലേസ്‌മെൻ്റുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പ്രശ്നങ്ങള്‍ നേരിട്ടുവെന്ന് സെറോദ സമ്മതിച്ചിട്ടുണ്ട്. ഈ പ്രശ്‌നം ഇപ്പോൾ പരിഹരിച്ചുവെന്നും ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്ലാറ്റ്‍ഫോം വിശദീകരിച്ചു.
സെറോദയുടെ എതിരാളികളായ ഗ്രോയിലും കഴിഞ്ഞ ആഴ്‌ച സാങ്കേതിക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലോഗിൻ ബുദ്ധിമുട്ടുകൾ, ബാലൻസുകൾ കാണുന്നതിനും ഓർഡറുകൾ നടപ്പിലാക്കുന്നതിനുമുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ ഉള്ള പരാതികള്‍ ഗ്രോ ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. ഗ്രോ ടീം പിന്നീട് ഈ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു.