image

26 Jun 2024 2:42 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 26)

MyFin Desk

Trade Morning
X

Summary

ഉറച്ച മുന്നേറ്റത്തോടെ കൂടുതല്‍ ഉയരങ്ങളിലേക്ക്?


ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ഇത്തവണയും കെട്ടുറപ്പുള്ള ഗവണ്‍മെന്റാകും മോദിയുടേതെന്നാണ് പൊതുവേയുള്ള അവബോധം. സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ മോദി അത് ഏതാണ്ട് ഉറപ്പാക്കുകയും ചെയ്തിരിക്കുകയാണ്. മൂഖ്യ മേഖലകളിലെല്ലാം രണ്ടാം മന്ത്രിസഭയിലെ അതേ ടീമിനെത്തന്നെ നിലനിര്‍ത്തിയതും കഴിഞ്ഞ സഭയിലെ സ്പീക്കറെ തന്നെ ഇത്തവണയും നിലനിര്‍ത്തിയതും നയങ്ങള്‍ വ്യത്യാസമില്ലാതെ തുടരുമെന്ന സൂചനയും നല്‍കിയിരിക്കുന്നു. ഘടകകക്ഷികളെ എങ്ങനെ, എവിടെ നിര്‍ത്താമെന്നതില്‍ ശക്തമായ നിലപാട് ബിജെപിക്കുണ്ട് എന്ന സൂചനയും സ്പീക്കര്‍ തെരഞ്ഞെടുപ്പു നല്‍കുന്നു. ഇന്നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. രാഹൂല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും.

ഇതിനോട് വിപണിയും മികച്ച തോതില്‍ പ്രതികരിക്കുന്നതാണ് ഇന്നലെ കണ്ടത്.രണ്ടാഴ്ചയായി കണ്‍സോളിഡേഷനിലായിരുന്ന ഇന്ത്യന്‍ ഓഹരി വിപണി റേഞ്ച് ബൗണ്ട് നീക്കത്തില്‍നിന്നു പുറത്തു ചാടിയിരിക്കുകയാണ്. ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 താമസിയാതെ 24000 പോയിന്റില്‍ എത്തുമെന്ന സൂചനയാണ് ഇന്നലത്തെ കുതിച്ചുചാട്ടം നല്‍കുന്ന സൂചന.

വിപണി ഇന്നലെ

ആഗോള വിപണികളുടെ ചുവടു പിടിച്ച് മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത ഇന്ത്യന്‍ വിപണി ആദ്യ പകുതിയില്‍ റേഞ്ച് ബൗണ്ടായി നീങ്ങുകയായിരുന്നു. രണ്ടാം പകുതിയിലാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്‍ക്കുകളായ നിഫ്റ്റിയും സെന്‍സെക്സും ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ചയിലേക്കു നീങ്ങിയത്.

ഇന്നലെ 23577 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി രണ്ടാം പകുതിയില്‍ 23754.15 പോയിന്റ് വരെ ഉയര്‍ന്നശേഷം 23721.3 പോയിന്റില്‍ ക്ലോസ് ചെയ്തു. വര്‍ധന 183.45 പോയിന്റ്.

സെന്‍സെക്സ് സൂചികയാകട്ടെ ആദ്യമായി 78000 പോയിന്റിനു മുകളിലെത്തി. ഇന്നലെ 77529 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത സെന്‍സെക്സ് 78164.71 പോയിന്റ് വരെ ഉയര്‍ന്നശേഷം 78053.52 പോയിന്റില്‍ ക്ലോസ് ചെയ്യുകയായിരുന്നു. വര്‍ധന 712.44 പോയിന്റ്.

ബാങ്ക്, ഐടി, കാപ്പിറ്റല്‍ ഗുഡ്സ് ഓഹരികളുടെ പിന്തുണയിലാണ് ഇന്നലത്തെ മുന്നേറ്റം. എന്നാല്‍ പൊതുവായി ഓഹരികളുടെ വില കുറയുകയായിരുന്നു. ബാങ്ക്, ഐടി മേഖലകളിലെ ഹെവിവെയിറ്റുഓഹരികളില്‍ വാങ്ങലുണ്ടായാതാണ് നിഫ്റ്റിയെ ശക്തമായ മുന്നേറ്റത്തിനു സഹായിച്ചത്. വിശാലാടിസ്ഥാനത്തിലുള്ള മുന്നേറ്റമല്ല എന്നതാണ് അലോസരമുണ്ടാക്കുന്നത്. ഇന്ന് സ്ഥിതി മാറുമോയെന്നാണ് അറിയേണ്ടത്. സൂചികയില്‍ മുന്‍തൂക്കമുള്ള ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ മൂന്നു ഓഹരികള്‍ രണ്ടര മുതല്‍ മൂന്നര ശതമാനം വരെ നേട്ടമുണ്ടാക്കി. ഇതുകൊണ്ടുമാത്രം ഉയര്‍ച്ചയുടെ മൂന്നില്‍ രണ്ടോളം സംഭവിച്ചു. ഇതോടൊപ്പമാണ് റിലയന്‍സ് ഇന്‍ഡ്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയവ ഒരു ശതമാനം വരെ ഉയര്‍ച്ച നേടിയത്. ഇവയും വിപണിക്കു ശക്തി പകര്‍ന്നു.

ഇന്നലെ 2149 ഓഹരികള്‍ ചുവപ്പില്‍ ക്ലോസ് ചെയ്തപ്പോള്‍ 1747 ഓഹരികളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

അഞ്ചുദിവസമായി 23500-23600 തലത്തില്‍ നീങ്ങുകയായിരുന്ന നിഫ്റ്റി ക്ലോസിംഗ് ആ ശക്തമായ റെസിസ്റ്റന്‍സിനു പുറത്തു കടന്നിരിക്കുകയാണ്. ഇരുപത്തിനാലായിരം പോയിന്റെന്ന ലക്ഷ്യം വിദൂരമല്ലിനി. ബാങ്കിംഗ്, ഐടി മേഖലകളില്‍നിന്നുള്ള പിന്തുണ ലഭിച്ചാല്‍ ഇപ്പോഴത്തെ മുന്നേറ്റം 24000 പോയിന്റിലേക്കെത്താനുള്ള സാധ്യതയേറെയാണ്. ഏറ്റവുമടുത്ത റെസിസ്റ്റന്‍സ് ഇന്നലെത്ത ഉയര്‍ച്ചയായ 23754 പോയിന്റാണ്. അടുത്ത റെസിസ്റ്റന്‍സ് 24000-24100 തലത്തിലാണ്.

നിഫ്റ്റി താഴേയ്ക്ക് നീങ്ങിയാല്‍ 23500-23600 റേഞ്ചില്‍ പിന്തുണ കിട്ടും. അടുത്തത് 23300-23400 തലത്തിലും തുടര്‍ന്ന് 23000 പോയിന്റ് ചുറ്റളവിലും ശക്തമായ പിന്തുണയുണ്ട്. നാളെ പ്രതിമാസ എഫ് ആന്‍ഡ് ഒ ക്ലോസിംഗ് ആണ്.

പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡില്‍ തുടരുകയാണ്. ഇന്നലെ 64.45 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്കിംഗ് ഓഹരികളുടെ ശക്തമായ പിന്തുണയിലാണ് നിഫ്റ്റി ഇന്നലെ റിക്കാര്‍ഡ് ഉയര്‍ച്ചയില്‍ എത്തിയത്. ബാങ്ക് നിഫ്റ്റി 902.05 പോയിന്റ് മെച്ചത്തോടെ 52606 പോയിന്റില്‍ ക്ലോസ് ചെയ്തു. ആദ്യമായാണ് നിഫ്റ്റി 52000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. ഇതൊരു റെസിസ്റ്റന്‍സ് ആയി തുടരുകയായിരുന്നു ഇതുവരെ.ബാങ്ക് നിഫ്റ്റിയുടെ അടുത്ത ലക്ഷ്യങ്ങള്‍ 53100 പോയിന്റും 53605 പോയിന്റുമാണ്.

താഴേയ്ക്കു പോയാല്‍ ബാങ്ക് നിഫ്റ്റിക്ക് 52000 പോയിന്റിലും തുടര്‍ന്ന് 51600 പോയിന്റിലും 51200-51300 തലത്തിലും പിന്തുണ കിട്ടും.

ബുള്ളീഷ് സോണില്‍ ശക്തമായി തുടരുന്ന ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 69.77 ആണ്. ഓവര്‍സോള്‍ഡ് മേഖലയിലേക്ക്ു കടക്കുകയാണ് ബാങ്ക് നിഫ്റ്റിയെന്ന സൂചനയാണ് ആര്‍എസ്ഐ നല്‍കുന്നത്. ജാഗ്രത ഏറെ വേണ്ട സമയമാണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 25 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ആഗോള വിപണികള്‍ ഫ്യൂച്ചേഴ്സ് എല്ലാം തന്നെ പോസീറ്റീവാണ്. പോസീറ്റീവ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

മുഖ്യ കമ്പനികളുടെ ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ ഇന്നലെ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് 2.31 ശതമാനവും ഉയര്‍ച്ച നേടിയപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 1.31 ശതമാനവും ഐടി മേഖലയില്‍നിന്നുള്ള ഇന്‍ഫോസിസ് എഡിആര്‍ 1.1 ശതമാനവും വിപ്രോ 0.69 ശതമാനവും നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.31 ശതമാനവും മേക്ക് മൈ ട്രിപ് 3.44 ശതമാനവും ഉയര്‍ച്ച കാണിച്ചു. ഡോ റെഡ്ഡീസ് 0.39 ശതമാനം കുറഞ്ഞു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്ന് 14.31 -ലെത്തി. ജൂണ്‍ 25-ന് ഇത് 14.06 പോയിന്റായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.38-ലേക്ക് കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച ഇത് 1.14 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ഇന്നലെ ടെക്നോളജിയുടെ ഊഴമായിരുന്നു യുഎസ് വിപണിയില്‍. രണ്ടു ദിവസം താഴ്ന്ന എന്‍വിഡിയ ശക്തമായി തിരിച്ചുവന്നത് ടെക് സൂചികയ്ക്ക് ഇന്നലെ കുതിപ്പായി. നാസ്ഡാക് ഇന്നലെ 221 പോയിന്റ് മെച്ചത്തിലാണ് ക്ലോസ് ചെയ്തത്. ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്‍ഫബെറ്റും നിഫ്റ്റിക്ക് തുണയായി. എസ് ആന്‍ഡ് പി 23.14 പോയിന്റ് മെച്ചപ്പെട്ടു. എന്നാല്‍ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് മൂന്നൂറോളം പോയിന്റ് താഴ്ന്നാണ് ഇന്നലെക്ലോസ് ചെയ്തത്.

യൂറോപ്യന്‍ വിപണി ഇന്നലെ പൊതുവേ ബെയറീഷ് ആയിരുന്നു. എഫ്ടിഎസ് ഇ യുകെ 33.76 പോയിന്റും സിഎസി ഫ്രാന്‍സ് 44.59 പോയിന്റും ഡാക്സ് ജര്‍മനി 147.96 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 127.7 പോയിന്റും താഴ്ന്നു. നേരിയ താഴ്ച കാണിക്കുന്ന ഡൗ ഒഴികെ എല്ലാ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സും പോസീറ്റീവായി നില്‍ക്കുകയാണ്.

ഏഷ്യന്‍ വിപണികള്‍

തുടര്‍ച്ചയായ രണ്ടു ദിവസം മെച്ചപ്പെട്ടു ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ 200 പോയിന്റോളം മെച്ചപ്പെട്ടാണ് വ്യാപാരം തുടങ്ങിയത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 241 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. താഴ്ന്ന് ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി നേരിയ നേട്ടത്തിലെത്തിയിട്ടുണ്ട്.

ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 100 പോയിന്റ് താഴ്ന്നാണ് ആരംഭിച്ചിട്ടുള്ളത്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 11 പോയിന്റ് കണ്ട് താഴ്ന്നാണ് നില്‍ക്കുന്നത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഇന്നലെ വിദേശ, ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ സജീവമായിരുന്നുവെങ്കിലും നിക്ഷേപശേഖരം അഴിച്ചു പണിയുകയായിരുന്നു. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 1176 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 150 കോടിയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ 17332 കോടി രൂപയുടെ വാങ്ങലും 16155 കോടി യുടെ വില്‍പ്പനയുമാണ് നടത്തിയത്. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വില്‍ക്കലും വാങ്ങലും ഏകദേശം 13500 കോടി രൂപയ്ക്കു ചുറ്റളവിലായിരുന്നു.

ഈ മാസം ഇതുവരെ വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വില്‍പ്പന 2063 കോടി രൂപയായി കുറഞ്ഞു. ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 20477.1 കോടി രൂപയായും കുറഞ്ഞു.

സാമ്പത്തിക വാര്‍ത്തകള്‍

നടപ്പുവര്‍ഷം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 7.2 ശതമാനത്തിലെത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.ബോംബെ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ, ആഗോള സംഘര്‍ഷങ്ങള്‍ മൂലധന ഒഴുക്ക് കുറയല്‍ തുടങ്ങിയ റിസ്‌കുകളുണ്ടെങ്കിലും ജിഡിപി വളര്‍ച്ച 7.2ലേക്ക് എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. നേരത്തെ ഏഴു ശതമാനം വളര്‍ച്ചയെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കിയിരുന്നത്. നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 7.3 ശതമാനവും രണ്ടാം ക്വാര്‍ട്ടറില്‍ 7.2 ശതമാനവും മൂന്നാം ക്വാര്‍ട്ടറില്‍ 7.3 ശതമാനവും നാലാം ക്വാര്‍ട്ടറില്‍ 7.2 ശതമാനവും വളര്‍ച്ചയാണ് ആര്‍ബിഐ ഗവര്‍ണര്‍ പ്രതീക്ഷിക്കുന്നത്. ഇതു ശരിയായാല്‍ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇന്ത്യന്‍ ജിഡിപി ഏഴു ശതമാനത്തിനു മുകളില്‍ വളര്‍ച്ച നേടുക. പണപ്പെരുപ്പം 7.8 ശതമാനത്തില്‍നിന്ന് മേയില്‍ 4.75 ശതമാനത്തിലേക്ക് എത്തിയെങ്കിലും അത് അഞ്ചു ശതമാനത്തിനു മുകളിലേക്കു പോകുവാനുള്ള സാ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലു ശതമാനം പണപ്പെരുപ്പം എന്നതാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്.

മഴക്കുറവ് 18.6%: ഈ സീസണില്‍ ജൂണ്‍ 25 വരെ മണ്‍സൂണില്‍ 18.6 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതുവരെ ലഭിച്ച മഴ 103.3 മില്ലീമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാല ശരാശരി 122.41 മില്ലീമീറ്ററാണ്. മഴക്കുറവ് ഖാരിഫ് വിളയിറക്കലിനെ ബാധിച്ചാല്‍ അതു ഭക്ഷ്യവിലക്കയറ്റത്തിനു കാരണമാകുമെന്ന് വിദഗ്ധര്‍ ്അഭിപ്രായപ്പെടുന്നു. ഇപ്പോള്‍തന്നെ ചിലയിനം പച്ചക്കറികളുടെ വില ഗണ്യമായി ഉയര്‍ന്നിരിക്കുന്നതായി കോടക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് ചൂണ്ടിക്കാണിക്കുന്നു.

ക്രൂഡോയില്‍ വില

ഈ മാസാദ്യം താഴ്ന്നു തുടങ്ങിയ എണ്ണവില, ആഗോള സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാകുമന്ന പ്രതീക്ഷയില്‍ തിരിച്ചുവരവിലാണ്. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 80.94 ഡോളറാണ്. ഇന്നലെ രാവിലെ 81.64 ഡോളറായിരുന്നു. കഴിഞ്ഞ വാരത്തിലാണ് 80 ഡോളറിനു മുകളിലേക്ക് വിലയെത്തുന്നത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 85.06 ഡോളറാണ്. ഇന്നലെ രാവിലെയത് 85.99 ഡോളറായിരുന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യും.

ഇന്നലെ 83 ഡോളറിലേക്ക് കരുത്തോടെ എത്തിയ രൂപ പിന്നീട് താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഡോളറിന് 83.45 രൂപ എന്ന നിലയിലാണ് ക്ലോസിംഗ്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.