image

25 Jun 2024 2:41 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 25)

Joy Philip

Trade Morning
X

Summary

വ്യക്തമായ ദിശ കണ്ടെത്താനാകാതെ വിപണി


ഇന്ത്യന്‍ ഓഹരി വിപണി വ്യക്തമായ ദിശ കണ്ടെത്താനാകാതെ റേഞ്ച് ബൗണ്ടായി നീങ്ങുകയാണ്. പൊതുവേ ബുള്ളീഷ് മനോഭാവത്തിലാണെങ്കിലും പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിമുഖനിലപാടിലാണ് വിപണിയുടെ നീക്കം. മുന്നേറ്റത്തിനാവശ്യമായ ശക്തമായ അനുകൂലഘടകത്തിനായി കാത്തിരിക്കുകയാണ്. അതുവരെ റേഞ്ച് ബൗണ്ടായി നീങ്ങുവാനുള്ള പ്രവണതയിലാണ് വിപണി. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്കായ നിഫ്റ്റി 50യുടെ അടുത്ത ലക്ഷ്യം ഇരുപത്തിനാലായിരം പോയിന്റ് മറികടക്കുകയെന്നതാണ്.

വിപണിക്ക് പ്രത്യേകിച്ച് അനുകൂലമോ പ്രതികൂലമോ ആയ വാര്‍ത്തകളൊന്നും ഇല്ല. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുകയാണ്. അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പുമാണ് മുഖ്യ അജണ്ടകള്‍. സ്പീക്കര്‍ തെരഞ്ഞെടുപ്പ് അനായാസമായി നടക്കുമോയെന്നു മാത്രമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വിപണി ഇന്നലെ

കഴിഞ്ഞ വാരത്തിലെ അവസാന ദിവസ വ്യാപാരത്തില്‍ 23500 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്ത നിഫ്റ്റി 50 ഇന്നലെയും അതു നിലനിര്‍ത്തി. ഇന്നലെ താഴ്ന്നു വ്യാപാരം ആരംഭിച്ച നിഫ്റ്റി അവസാന മണിക്കൂറുകളില്‍ നഷ്ടം വീണ്ടെടുക്കുകയും 36.75 പോയിന്റ് നേട്ടത്തോടെ 23537.85 പോയിന്റില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു. നിഫ്റ്റി ഇന്നലെ 23350 പോയിന്റ് വരെ താഴുകയും 23558.1 പോയിന്റ് വരെ ഉയരുകയും ചെയ്തിരുന്നു. നിഫ്റ്റിയുടെ റിക്കാര്‍ഡ് ക്ലോസിംഗ് ജൂണ്‍ 20-ലെ 23567 പോയിന്റാണ്.

ബിഎസ്ഇ സെന്‍സെക്സ് ഇന്നലെ 131.38 പോയിന്റ് മെച്ചത്തോടെ 77341.08 പോയിന്റിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ, കാപ്പിറ്റല്‍ ഗുഡ്സ് എഫ്എംസിജി തുടങ്ങിയ മേഖലകളാണ് വിപണിക്ക് തുണയായത്. ഐടി നേരിയ തോതില്‍ താഴുകയാണ് ചെയ്തത്. ഗ്ലോബല്‍ ഐടി മേഖലയില്‍ ഇന്നലെ പൊതുവേ താഴ്ചയായിരുന്നു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി റേഞ്ച് ബൗണ്ടായി നീങ്ങുകയാണ്. 23650-23700 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്. ഇതു നല്ല വ്യാപാര വ്യാപ്തത്തോടെ മറികടന്നാല്‍ മാത്രമേ 24000 പോയിന്റെന്ന സൈക്കോളജിക്കല്‍ റെസിസ്റ്റന്‍സില്‍ എത്തുവാന്‍ സാധിക്കുകയുള്ളു. ബജറ്റ് പോലെ ശക്തമായ സ്വാധീനിക്കുന്ന അനുകൂലഘടകം ഇതിനാവശ്യമാണ്. നിഫ്റ്റിയുടെ ക്ലോസിംഗ് 23500-23600 റേഞ്ചില്‍ ചാഞ്ചാടുകയാണ്.

നിഫ്റ്റി താഴേയ്ക്ക് നീങ്ങിയാല്‍ 23300-23400 പോയിന്റ് തലത്തില്‍ പിന്തുണ കിട്ടും.ഇതിനും താഴേയ്ക്കു നീങ്ങിയാല്‍ 23000 പോയിന്റ് ചുറ്റളവില്‍ ശക്തമായ പിന്തുണയുണ്ട്. തുടര്‍ന്ന് 22700-22800 പോയിന്റ് റേഞ്ചിലും നിഫ്റ്റിക്ക് പിന്തുണയുണ്ട്.ഈ വാരത്തില്‍ പ്രതിമാസ എഫ് ആന്‍ഡ് ഒ ക്ലോസിംഗ് ഉള്ളതിനാല്‍ നിഫ്റ്റിയുടെ നീക്കം റേഞ്ച് ബൗണ്ടായിരിക്കും.

പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡില്‍ തുടരുകയാണ്. ഇന്നലെ 61.39 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഇന്നലെത്തെ ചാഞ്ചാട്ടത്തിനൊടുവില്‍ ബാങ്ക് നിഫ്റ്റി 42.5 പോയിന്റ് മെച്ചത്തോടെ 51703.95 പോയിന്റിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ വാരത്തിലെ റിക്കാര്‍ഡ് ക്ലോസിംഗിനേക്കാള്‍ കുറവാണിതെങ്കിലും 51700 പോയിന്റ് മുകളിലേക്ക് എത്താന്‍ സാധിച്ചു. ഇന്നലെ ദിവസത്തെ ഏറ്റവും ഉയരത്തിനടുത്താണ് ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തിട്ടുള്ളത്.

ബാങ്ക് നിഫ്റ്റിയുടെ ഏറ്റവുമടുത്ത റെസിസ്റ്റന്‍സ് 52000 പോയിന്റാണ്. പലതവണ ഇതിനടുത്തെത്തിയെങ്കിലും പിന്നോട്ടു പോവുകയായിരുന്നു. ഇതു മറികടന്നാല്‍ 52200 പോയിന്റാണ് അടുത്ത ലക്ഷ്യവും.

താഴേയ്ക്കു പോയാല്‍ ബാങ്ക് നിഫ്റ്റിക്ക് 51200 പോയിന്റിലും തുടര്‍ന്ന് 50600 പോയിന്റിലും 50100-50200 പോയിന്റിലും പിന്തുണ കിട്ടും. അതിനു താഴേയ്ക്കു നീങ്ങിയാല്‍ 49600-49700 തലത്തില്‍ പിന്തുണയുണ്ട്.

ബുള്ളീഷ് സോണില്‍ ശക്തമായി തുടരുന്ന ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 65.44 ആണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 17.5 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. ആഗോള വിപണികള്‍ എല്ലാംതന്നെ പോസീറ്റീവണ്.

ഇന്ത്യന്‍ എഡിആറുകള്‍

മുഖ്യ കമ്പനികളുടെ ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായിരുന്നു. ബാങ്കിംഗ് മേഖലയില്‍ ഐസിഐസിഐ ബാങ്ക് 1.59 ശതമാനം ഉയര്‍ച്ച നേടിയപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 1.28 ശതമാനം മെച്ചപ്പെട്ടു. ഇന്‍ഫോസിസ് എഡിആര്‍ 0.44 ശതമാനവും ഡോ റെഡ്ഡീസ് 0.74 നേട്ടമുണ്ടാക്കിയപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.23 ശതമാനവും വിപ്രോ 0.85 ശതമാനവും താഴ്ന്നു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്ന് 14.06 -ലെത്തി. ജൂണ്‍ 21-ന് ഇത് 13.18 പോയിന്റായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.14 ആണ്. കഴിഞ്ഞ വെള്ളിയാഴ്ചയിത് 1.03 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ടെക്നോളജിയെ കൈവിട്ട് മറ്റ് മേഖലകളിലേക്കു നിക്ഷേപകര്‍ മറ്റു മാറിയതിനെത്തുടര്‍ന്ന് യുഎസ് വിപണി ഇന്നലെ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്നലെ 260.88 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. അതേ, സമയം എന്‍വിഡിയ വന്‍ ഇടിവു കാണിച്ച ഇന്നലെ നാസ്ഡാക് സൂചിക 192.54 പോയിന്റ് ഇടിവോടെ 17496.82 പോയിന്റിലെത്തി. എസ് ആന്‍ഡ് പി സൂചിക 16.75 പോയിന്റ് കുറഞ്ഞു.ഈ സീസണിലെ സ്റ്റാറായ എന്‍വിഡിയ ഇന്നലെ 5.13 ശതമാനം ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. എണ്ണ ഓഹരികള്‍ പൊതുവേ മെച്ചപ്പെടുകയും ചെയ്തു.

യൂറോപ്യന്‍ വിപണി ഇന്നലെ പൊതുവേ ബുള്ളീഷ് ഭാവത്തിലായിരുന്നു. എഫ്ടിഎസ് ഇ യുകെ 43.83 പോയിന്റും സിഎസി ഫ്രാന്‍സ് 78.32 പോയിന്റും ഡാക്സ് ജര്‍മനി 162.06 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 526.14 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

ഡൗ ഉള്‍പ്പെടെ എല്ലാ യുഎസ്, യൂറോപ്യന്‍ സൂചികകളും പോസീറ്റീവായി നില്‍ക്കുകയാണ്.

ഏഷ്യന്‍ വിപണികള്‍

തിങ്കളാഴ്ച 208 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ 33 പോയിന്റ് മെച്ചപ്പെട്ടാണ് തുടങ്ങിയത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 96 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. പോസീറ്റീവായി ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി 9 പോയിന്റ് മെച്ചത്തിലാണ്.

ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 162 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുമ്പോള്‍ ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 6 പോയിന്റ് മെച്ചപ്പെട്ട നിലയിലാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഇന്നലെ വിദേശ, ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഒരേപോലെ നേരിയ തോതില്‍ വില്‍പ്പനക്കാരായിരുന്നു.മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതിനെത്തുടര്‍ന്ന്, മാസങ്ങളിലെ നീണ്ട വില്‍പ്പനയ്ക്കുശേഷം വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് പതിയെ തിരിച്ചുവരികയാണ്. ഇന്നലെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ 653.97 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. ഇതോടെ ജൂണിലെ നെറ്റ് വില്‍പ്പന 3238.69 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വാരത്തില്‍ മിക്ക ദിവസവും അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു.

ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 820.47 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തി. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വാങ്ങല്‍ 20626.55 കോടി രൂപയായി. ജൂണില്‍ മിക്ക ദിവസവും അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു.

ക്രൂഡോയില്‍ വില

ആഗോള സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാകുമന്ന പ്രതീക്ഷയില്‍ ഈ മാസമാദ്യം താഴ്ന്നു തുടങ്ങിയ എണ്ണവില തിരിച്ചുവരവിലാണ്. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 81.63 ഡോളറാണ്. കഴിഞ്ഞ വാരത്തിലാണ് 80 ഡോളറിനു മുകളിലേക്ക് വിലയെത്തുന്നത്. മേയ് 30-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 85.99 ഡോളറാണ് വില.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യും. രൂപ ഡോളര്‍ കൈമാറ്റ നിരക്ക് വ്യത്യാസമില്ലാതെ തുടരുകയാണ്. ഒരു ഡോളറിന് 83.49 രൂപ കിട്ടും.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.