25 Sep 2024 2:15 AM GMT
തീരുമാനമെടുക്കാനാകാതെ നിഫ്റ്റി; വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 25)
Joy Philip
ചൈനീസ് കേന്ദ്രബാങ്ക് പലിശ നിരക്ക് അര ശതമാനം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെ പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ ഇന്നലെ ആഗോള വിപണിക്കു തുണയായി എന്‍വിഡിയ ഇന്നലെ വന്‍ മുന്നേറ്റമാണ് ഇതിനെത്തുടര്‍ന്നു നേടിയത്. നാസ്ഡാക് സൂചികയിലും ഇതു പ്രതിഫലിച്ചു. യുഎസിലെ മുഖ്യ സൂചികകളില്‍ തുടര്‍ച്ചയായി രണ്ടാം ദിവസും മുന്നേറ്റത്തിനു ഇതു വഴി തെളിച്ചു. എന്നാല്‍ യുഎസ്, യൂറോപ്പ് ഉള്‍പ്പെടെയുള്ള ഫ്യൂച്ചേഴ്‌സ് വിപണിയില്‍ സൂചികകളെല്ലാം ചുവപ്പിലാണ് നീങ്ങുന്നത്. ഉത്തേജക നടപടികള്‍ കാര്യമായ പ്രതികരണം സമ്പദ്ഘടനയിലുണ്ടാക്കുകയില്ലെന്ന വിലയിരുത്തലാണ് കാരണം. ചൈന അഞ്ചു ശതമാനം വളര്‍ച്ച നിലനിര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് ഉത്തേജനം പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ വിപണി വ്യക്തമായ ദിശ കിട്ടാതെ നിങ്ങുകയാണ്. ഇന്നലെ നിഫ്റ്റി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെങ്കിലും പ്രോഫിറ്റ് ബുക്കിംഗ് ശക്തമാണ്. വിപണിക്കു ദിശ നല്‍കുന്ന ശക്തമായ പോസീറ്റീവ് സംഭവ വികാസങ്ങളൊന്നുംതന്നെ കാണാനില്ല എന്നതാണ് ഒരു കാര്യം. ഒക്ടോബറിലെ ആര്‍ ബിഐ പണനയ മീറ്റിംഗാണ് നിഫ്റ്റിയെ സ്വാധീനിക്കുന്ന പ്രധാന സംഭവ വികാസങ്ങളിലൊന്ന്. മറ്റൊന്നു കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളാണ്. അതിന് ഇനിയും സമയമുണ്ട്. അതുവരെ ഒരു തിരുത്തലിനു സാഹചര്യം നിലനില്‍ക്കുകയാണ്. ഇത്രയും ഉയരത്തില്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കുക.
ഇന്ത്യന്‍ വിപണി ഇന്നലെ
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്‍ക്ക് സൂചികകള്‍ റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ് ഇന്നലെ. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അര ശതമാനം വെട്ടിക്കുറിച്ചതിന്റെ നേരിട്ടുള്ള ഫലമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ ആദ്യമായി 26000 പോയിന്റിനു മുകളിലെത്തി. ഇത് റിക്കാര്‍ഡാണ്. എന്നാല്‍ ക്ലോസിംഗ് 25940.4 പോയിന്റിലാണ്. തലേദിവസത്തേക്കാള്‍ 1.35 പോയിന്റ് കൂടുതല്‍. തുടര്‍ച്ചായ നാലാമത്തെ ദിവസമാണ് നിഫ്റ്റി മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്. ഇന്നലെ നിഫ്റ്റിയുടെ നീക്കം വളരെ ചെറിയ റേഞ്ചിലായിരുന്നുവെങ്കിലും ( 124 പോയിന്റ്) ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവുമാണ് സൂചിക കുറിച്ചത്. അനിശ്ചിതത്വമാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. തിങ്കളാഴ്ച മുന്നേറ്റത്തില്‍നിന്നു മാറി നിന്ന ഐടി മേഖല ഇന്നലെ വിപണിക്കു തുണയായി. ഓട്ടോ, മെറ്റല്‍, മീഡിയ, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ നിഫ്റ്റിക്കു പിന്തുണ നല്‍കിയപ്പോള്‍ ബാങ്ക്, ധനകാര്യ സേവനങ്ങള്‍ , റിയല്‍റ്റി,ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയവയെല്ലാം നെഗറ്റീവായിട്ടാണ് നീങ്ങിയത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ചരിത്രത്തില്‍ ആദ്യമായി ഇന്നലെ 85000 പോയിന്റിനു മുകളിലെത്തി. ഇതു റിക്കാര്‍ഡാണ്. എങ്കിലും ക്ലോസിംഗ് അതിനു താഴെയാണ്. ഇന്നലെ 85163.23 പോയിന്റ് വരെയെത്തിയ സെന്‍സെക്‌സ് 14.57 പോയിന്റ് ( 0.02 ശതമാനം) കുറഞ്ഞ് 84914.04 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
ഇന്നലെ 26000 പോയിന്റില്‍ തൊട്ട നിഫ്റ്റി തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങുകയാണ്. മുകളിലേക്കോ താഴേയ്‌ക്കോ നീങ്ങണമെന്നറിയാത്ത അവസ്ഥ. നിഫ്റ്റി ആര്‍എസ്‌ഐ സൂചിപ്പിക്കുന്നത് ഓവര്‍ ബോട്ട് സ്ഥിതിയെയാണ്. എന്തെങ്കിലും പ്രതികൂല സംഭവ വികാസങ്ങളുണ്ടായാല്‍ നിശ്ചയമായും ശക്തമായ വില്‍പ്പനയുണ്ടാകും. ഉയര്‍ന്ന തലങ്ങളില്‍ ബുക്ക് പ്രോഫിറ്റിംഗ് പ്രവണത പ്രതീക്ഷിക്കാം. ഇന്നലെത്തന്നെ നിഫ്റ്റി 26000 പോയിന്റിനു മുകളില്‍ എത്തിയശേഷം നല്ല വില്‍പ്പനയാണുണ്ടായത്. അവസാന മണിക്കൂറില്‍ 26011 പോയിന്റ് വരെ എത്തിയ നിഫ്റ്റി പി്ന്നീട് 25918 വരെ താഴ്ന്നതിനു ശേഷമാണ് മെച്ചപ്പെട്ടു ക്ലോസ് ചെയ്തത്. നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 26000 പോയിന്റ് റെസിസ്റ്റന്‍സായി എത്തും. അതിനു മുകളില്‍ നല്ല വ്യാപാര വ്യാപ്തത്തോടെ ശക്തമായ രീതിയില്‍ എത്തുകയും ക്ലോസ് ചെയ്യുകയും ചെയ്താന്‍ മാത്രമേ മുന്നോട്ടു പോകാനാകൂ. നിഫ്റ്റിയുടെ അടുത്ത 26140 പോയിന്റ്ും 26200 പോയിന്റുമാണ്. നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25850 പോയിന്റിലും തുടര്‍ന്ന് 25720-25760തലത്തിലും പിന്തുണ പ്രതീക്ഷിക്കാം. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 25500 ചുറ്റളവില്‍ പിന്തുണയുണ്ട്. നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 74.08 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ഇന്നലെ റിക്കാര്‍ഡ് ഉയരം കുറിച്ചതിനുശേഷം ബാങ്ക് നിഫ്റ്റി താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നലെ രാവിലെ 54110 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത ബാങ്ക് നിഫ്റ്റി സര്‍വകാല റിക്കാര്‍ഡായ 54247.7 പോയിന്റ് വരെ എത്തിയശേഷം 53968.6 പോയിന്റില്‍ ക്ലോസ് ചെയ്യുകയായിരുന്നു. തലേദിവസത്തെ 54105.8 പോയിന്റിനേക്കാള്‍ 137.2 പോയിന്റ് കുറവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബാങ്ക് നിഫ്റ്റി ഏതെങ്കിലും സമയത്ത് 54000 പോയിന്റിനു മുകളിലെത്തുന്നത്. എട്ടു ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനാണ് ഇന്നലെ അറുതി വന്നത്. ബാങ്ക് നിഫ്റ്റി ഇന്നലത്തെ മൊമന്റം നിലനിര്‍ത്തുകയാണെങ്കില്‍ ഇന്ന് 54250 പോയിന്റായിരിക്കും ആദ്യ റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കുക. തുടര്‍ന്നു മുന്നോട്ടു പോയാല്‍ ബാങ്ക് നിഫ്റ്റി 54600 പോയിന്റിലേക്ക് ഉയരാം. ബാങ്ക് നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം 54760 പോയിന്റാണ്. നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 53740 പോയിന്റിലും തുടര്‍ന്ന് 53560 പോയിന്റിലും പിന്തുണ കിട്ടും. താഴേയ്ക്കുള്ള നീക്കം ശക്തമാണെങ്കില്‍ അടുത്ത പിന്തുണ 53400 പോയിന്റിലാണ്. ചുരുക്കി്പ്പറഞ്ഞാല്‍ 53000 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത ശക്തമായ പിന്തുണ. ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 73.44 ആണ്. ഓവര്‍ബോട്ട് സോണിലേക്ക് ബാങ്ക് നിഫ്റ്റി എത്തിയിരിക്കുകയാണ്. ഏതു സമയവും വില്‍പ്പന ഉണ്ടായേക്കാം. ഇന്നലെ അവസാന മണിക്കൂറില്‍ റിക്കാര്‍ഡ് ഉയരം കുറിച്ച ബാങ്ക് നിഫ്റ്റിയില്‍ ശക്തമായ വില്‍പ്പനയാണ് ദൃശ്യമായത്.
റീട്ടെയില്‍ നിക്ഷേപകരുടെ നഷ്ടം
ഇക്വിറ്റി ഡെറിവേ്റ്റീവ് വിപണിയില്‍ 93 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും പണനഷ്ടമാണുണ്ടായിട്ടുള്ളതെന്ന് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി) പഠനം പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷ്‌ക്കാലത്ത് റീട്ടെയില്‍ നിക്ഷേപകര്‍ ആളൊന്നുക്ക് ശരാശരി രണ്ടു ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. അതായത് ഏതാണ്ട് 1.81 ലക്ഷം കോടി രൂപയാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഈ കാലയളവില്‍ നഷ്ടമായത്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 5.5 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. ഫ്‌ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ 3.08 ശതമാനം കുറഞ്ഞ് 13.39 -ലെത്തി. തിങ്കളാഴ്ച 13.78 ആയിരുന്നു. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.31 ആയി. തിങ്കളാഴ്ച 1.43 ആയി രുന്നു. ഇപ്പോഴും വിപണി ശക്തമായ ബുള്ളീഷ് ട്രെന്‍ഡില്‍ത്തന്നെയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.46 ശതമാനം താഴ്ന്നപ്പോള്‍ വിപ്രോ 0.47 ശതമാനംമെച്ചപ്പെട്ടു. ഐസിഐസിഐ ബാങ്ക് 0.35 താഴ്ച കാണിച്ചപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 0.11 ശതമാനം മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.15 ശതമാനവും യാത്ര ഓഹരിയായ യാത്ര ഓണ്‍ലൈന്‍ 5.63 ശതമാനവും മെച്ചപ്പെട്ടു. എന്നാല്‍ മേക്ക് മൈ ട്രിപ് 1.89 ശതമാനം താഴുകയായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറ്റമില്ലാതെ തുടര്‍ന്നു.
യുഎസ് വിപണികള്‍
യുഎസ് വിപണി ഇന്നലെയുെ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. ഇന്നലെ രാവിലെ 110 പോയിന്റോളം മെച്ചപ്പെട്ട വ്യാപാരം തുടങ്ങിയ ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രീസ് റി്ക്കാര്‍ഡ് ഉയരത്തില്‍ എത്തിയശേഷം (42281.06 പോയിന്റ് ) 42208.22 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേദിവസത്തേക്കാള്‍ 83.57 (0.2 ശതമാനം) വര്‍ധനയാണിത്. തുടര്‍ച്ചയായ നാലാം ദിവസമാണ് 42000 പോയിന്റിനു മുകളില്‍ ഡൗ ക്ലോസ് ചെയ്യുന്നത്. റിക്കാര്‍ഡ് ക്ലോസിംഗുമാണിത്. ടെക് സൂചികയായ നാസ്ഡാക് ഇന്നലെ 100.25 പോയിന്റും (0.56 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 14.36 പോയിന്റും (0.25 ശതമാനം) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.
യുറോപ്യന്‍ വിപണികള്‍ ഇന്നലെ പോസീറ്റീവായാണ ക്ലോസ് ചെയ്തിട്ടുള്ളത്. എഫ്ടിഎസ്ഇ യുകെ 23.05 പോയിന്റും (0.28 ശതമാനം) ജര്‍മന്‍ ഡാക്സ് 149.84 പോയിന്റ്ും (0.8 ശതമാനവും) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 201.46 പോയിന്റും (0.6 ശതമാനവും) സിഎസി ഫ്രാന്‍സ് 95.93 പോയിന്റും (1.28 ശതമാനവും) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് നെഗറ്റീവായാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
ഇന്നലെ 217 പോയിന്റോളം മെച്ചപ്പെട്ടു ക്ലോസ് ചെയ്ത് ജാപ്പനീസ് നിക്കി ഇന്നു രാവിലെ നേരിയ തോതില്‍ മെച്ചപ്പെട്ട ഓപ്പണ്‍ ചെയ്ത ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 45.5 പോയി്ന്റ് താഴ്ന്നാണ്. ഇന്നു രാവിലെ കൊറിയന്‍ കോസ്പി 10.48 പോയിന്റും സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്‌സ് 591.87 പോയിന്റ്ും മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ചൈനീസ് കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ അര ശതമാനം വെട്ടിക്കുറവ് ഉള്‍പ്പെടെയുള്ള ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്നലെ 4.15 ശതമാനം മെച്ചപ്പെട്ട ക്ലോസ് ചെയ്ത ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് ഇന്നു രാവിലെ 38.29 പോയിന്റു മെച്ചപ്പെട്ടു നില്‍ക്കുകയാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
വിദേശ നിക്ഷപേകസ്ഥാപനങ്ങള്‍ ഇന്നലെ വില്‍പ്പനക്കാരായപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരായി. എഫ്‌ഐഐ ഇന്നലെ 20111.37 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 22895.51 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വില്‍പ്പന 2784.14 കോടി രൂപയുടെ ഓഹരികള്‍. ഇതോടെ സെപ്റ്റംബര്‍ 24 വരെ അവരുടെ നെറ്റ് വാങ്ങല്‍ 26541.02 കോടി രൂപയിലേക്ക് താഴ്ന്നു. അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 15939.51 കോടി രൂപയുടെ ഓഹരികള്‍ വാങ്ങകുകയും 12071.2 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 3863.31 കോടി രൂപ. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 14063.77 കോടി രൂപയായി ഉയര്‍ന്നു.
സാമ്പത്തിക വാര്‍ത്തകള്‍
കമ്പനി വാര്‍ത്തകള്‍
ഹ്യൂണ്ടായ് ഐപിഒ: രാജ്യത്തെ ഏറ്റവും വലിയ പബ്‌ളിക് ഇഷ്യുവായി മാറുവാന്‍ ദക്ഷിണകൊറിയന്‍ വാഹനിര്‍മാതാക്കളായ ഹ്യുണ്ടായ ഇന്ത്യ തയാറെടുക്കുന്നു. ഇതിനു സെബിയുടെ അനുമതി ലഭിച്ചു. ഏതാണ്ട് 25000 കോടി രൂപ ഇഷ്യുവഴി സ്വരൂപിക്കാനാണ് ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനി ഉദ്ദേശിക്കുന്നത്. മിക്കവാറും ഒഒക്ടോബറില്‍ ഇഷ്യു ഉണ്ടാകും.
പിസി ജ്വല്ലേഴ്‌സ്: പി സി ജല്ലേഴ്‌സ് അവരുടെ ഓഹരിയുടെ മുഖവില വിഭജിക്കുവാന്‍ തീരുമാനിച്ചു. അവസാന തീരുമാനമെടുക്കാന്‍ സെപ്റ്റംബര്‍ 30-ന് ബോര്‍ഡ് യോഗം ചേരും. ഇപ്പോള്‍ മുഖവില 10 രൂപയാണ്. എല്‍ഐസിയുടെ പിന്തുണയുള്ള കമ്പനിയാണിത്.
സ്വിഗി ഐപിഒ: ഫുഡ്- ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗക്ക് കന്നിപബ്‌ളിക് ഇഷ്യുവിന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയില്‍നിന്ന് അനുമതി ലഭിച്ചു. നവംബറില്‍ ഇഷ്യു നടത്തുമെന്നാണ് കരുതുന്നത്.
ക്രൂഡോയില്‍ വില
പശ്ചിമേഷ്യയിലെ ഇസ്രയേല്‍- ഹിസ്ബുള്ള സംഘര്‍ഷം ശക്തമാകുന്നത് എണ്ണ വിപണിക്കു തുണയാവുകയാണ്. നേരിയ തോതിലാണെങ്കിലും വില പതിയെ ഉയരുകയാണ്. ചൈന പ്രഖ്യാപിച്ച ഉത്തേജക നടപടികളും എണ്ണയ്ക്ക് ഉത്സാഹം പകര്‍ന്നു. ചൈനീസ് കേന്ദ്രബാങ്ക് പലിശ നിരക്കില്‍ 0.5 ശതമാനം വെട്ടിക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാഷ് റിസര്‍വ് അനുപാതത്തില്‍ 0.2 ശതമാനം വെട്ടിക്കുറവും വരുത്തിയിട്ടുണ്ട്. ഇതു പണലഭ്യത വര്‍ധിപ്പിക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്നു പ്രതീക്ഷിക്കുന്നു.
യുഎസ് എണ്ണശേഖരം സെപ്റ്റംബര്‍ 20-ന് അവസാനിച്ച വാരത്തില്‍ 4.34 ദശലക്ഷം ബാരലിന്റെ ഇടിവു കാണിച്ചിരിക്കുകയാണ്. തലേ വാരത്തില്‍ 1.9 ദശലക്ഷം ബാരലിന്റെ ഉയര്‍ച്ച കാണിച്ചിരുന്നു. ഇതു ക്രൂഡോയില്‍ വിലയ്ക്ക് ഒരു കൈ സഹായമായിട്ടുണ്ട്. ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 75.29 ഡോളറാണ്. ഇന്നലെയിത് 74.10 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 71.67 ഡോളറുമാണ്. ഇന്നലെ രാവിലെ 70.6 ഡോളറായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.
ഇന്ത്യന്‍ രൂപ ഇന്നലെ
തുടര്‍ച്ചയായ ആറു ദിവസത്തെ മുന്നേറ്റത്തിനുശേഷം ഇന്നലെ രൂപ ഡോളറിനെതിരേ ദുര്‍ബലമായി. പതിനൊന്ന്ു പൈസ നഷ്ടപ്പെടുത്തി. ഇന്നലെ ഡോളറിന് 83.67 രൂപയാണ് വില. തലേദിവസമിത് 83.56 ആയിരുന്നു. വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പനയും എ്ണ്ണ ഇറക്കുതിക്കാരുടെ ഡിമാണ്ടുമാണ് രൂപയെ ക്ഷീണിപ്പിച്ചത്. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.