image

24 Sep 2024 2:16 AM GMT

Stock Market Updates

പലിശ കുറയ്ക്കല്‍ റാലി ഇന്നും തുടരുമോ? വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 24)

Joy Philip

പലിശ കുറയ്ക്കല്‍ റാലി ഇന്നും തുടരുമോ? വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 24)
X

ആഗോളതലത്തില്‍ വിപണികളെല്ലാം തന്നെ ഇന്നലെ മിതോത്സാഹത്തോടയാണ് നീങ്ങിയത്. ഉയര്‍ച്ച താഴ്ചകള്‍ നേരിയ റേഞ്ചില്‍ ഒതുങ്ങി നിന്നു. പ്രത്യേകിച്ചും യുഎസ് വിപണി ഓഹരികള്‍. യുഎസിലെ മുഖ്യ സൂചികകളെല്ലാം നേരിയ ഉയര്‍ച്ചയിലാണ് ക്ലോസ് ചെയ്തതെങ്കിലും ഫ്യൂച്ചേഴ്‌സ് എല്ലാം സമ്മിശ്രമായാണ് നീങ്ങുന്നത്. വരും ദിവസങ്ങളില്‍ വിവിധ സാമ്പത്തികകണക്കുകളായിരിക്കും യുഎസ് വിപണിയെ നയിക്കുക. നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റു തെരഞ്ഞെടുപ്പുവരെ യുഎസ് വിപണി റേഞ്ച് ബൗണ്ടായി നീങ്ങാനുള്ള സാധ്യതയാണ് പൊതുവേ കാണുന്നത്. അടുത്ത മാസം മുതല്‍ എത്തുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫലങ്ങളും വിപണിയെ സ്വാധീനിക്കും.

ഇന്ത്യന്‍ വിപണിയുടെ നീക്കവും സാമ്പത്തിക കണക്കുകളേയും ആഗോള വിപണികളേയും വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നിക്ഷേപ സമീപനത്തേയും ആശ്രയിച്ചായിരിക്കും. ഇതുവരെയും വിപണിക്കു പ്രതികൂലമായ സംഗതികളൊന്നും ഉയര്‍ന്നു വന്നിട്ടില്ല. അടുത്ത മാസം പകുതിയോടെ മുതല്‍ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ എത്തിത്തുടങ്ങും. ഇതു തീര്‍ച്ചയായും അടുത്ത രണ്ടു ക്വാര്‍ട്ടറുകളിലെ വരുമാന വളര്‍ച്ചയെക്കുറിച്ചു സൂചനകള്‍ നല്‍കും. ഒക്ടോബര്‍ 7-8 തീയതികളിലെ റിസര്‍വ് ബാങ്കിന്റെ പണനയകമ്മിറ്റി മീറ്റിംഗാണ് ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സംഭവവികാസങ്ങളിലൊന്ന്. പലിശനിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച് വ്യക്തമായ സൂചന ഈ മീറ്റിംഗില്‍നിന്നു ലഭിക്കുമെന്നു കരുതുന്നു. ഇതു വിപണിയുടെ ദിശയെ നിശ്ചയിക്കുന്ന മുഖ്യ സംഗതിയാണെന്നതില്‍ സംശയമില്ല. ഉയര്‍ന്ന വായ്പാ പലിശ കമ്പനികളുടെ ലാഭത്തേയും തൊഴില്‍ സൃഷ്ടിയേയും ഹനിക്കുകയാണ്.

ഇന്ത്യന്‍ വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്‍ക്ക് സൂചികകള്‍ റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തിരിക്കുകയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അര ശതമാനം വെട്ടിക്കുറിച്ചതിന്റെ നേരിട്ടുള്ള ഫലമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റിക്ക് 26000 പോയിന്റിന് കൈയെത്തും ദൂരത്തെത്തി. ഇന്നലെ ആദ്യമായി 25900 പോയിന്റിനു മുകളില്‍ എത്തിയ നിഫ്റ്റി വെള്ളിയാഴ്ചത്തേക്കാള്‍ 148.1 പോയിന്റ് ( 0.6 ശതമാനം) മെച്ചപ്പെട്ട് 25939.05 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇന്നലത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 25956 പോയിന്റാണ്. ഇതു രണ്ടും റിക്കാര്‍ഡ് ഉയരങ്ങളാണ്. വെള്ളിയാഴ്ച 375.15 പോയിന്റ് ഉയര്‍ച്ച നേടിയിരുന്നു. ഗ്യാപ് അപ് ഓപ്പണിംഗായിരുന്നു നിഫ്റ്റിയുടേത്. ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവുമാണ് നിഫ്റ്റി കുറിച്ചത്. ഐടി ഒഴികെയുള്ള എല്ലാ സെക്ടറുകളും ഇന്നലത്തെ മുന്നേറ്റത്തില്‍ പങ്കെടുത്തു. ബാങ്ക്- ധനകാര്യ സേവനങ്ങള്‍, ഓട്ടോ, മീഡിയ,മെറ്റല്‍, ഫാര്‍മ,റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂണര്‍ഡ്യൂറബിള്‍സ് തുടങ്ങിയവയെല്ലാം നിഫ്റ്റിക്ക് നല്ല പിന്തുണ നല്‍കി. ലാര്‍ജ്, മിഡ്, സ്‌മോള്‍ കാപ് മേഖലയില്‍നിന്ന് ഒരേപോലെ ഇ്ന്നലത്തെ മുന്നേറ്റത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 85000 പോയിന്റിനു അടുത്തെത്തി. ഇന്നലെ 84980.53 പോയിന്റ് വരെയെത്തിയ സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 84928.61 പോയിന്റിലാണ്. റിക്കാര്‍ഡ് ക്ലോസിംഗാണിത്. ഇന്നലെ 384.3 പോയിന്റ് (0.45 ശതമാനം) നേട്ടത്തിലായിരുന്നു ക്ലോസിംഗ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 26065 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. അടുത്ത ലക്ഷ്യം 26485 പോയിന്റാണ്. നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25740-25850 തലത്തിലും തുടര്‍ന്ന് 25600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 25312-25425 തലത്തില്‍ ശക്തമായ പിന്തുണ പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 74.06 ആണ്. അതായത് ഓവര്‍ ബോട്ട് സ്ഥിതിയിലേക്ക് നിഫ്റ്റി എത്തിയിരിക്കുന്നു. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്. ഇപ്പോള്‍ മൊമന്റം പോസീറ്റീവാണ്. ട്രെന്‍ഡ് തിരിയുന്നതിനുള്ള സൂചനകള്‍ ഒന്നും തന്നെയ കാണാനില്ല. അതുകൊണ്ടുതന്നെ ഓവര്‍ബോട്ടാണെങ്കിലും മുന്നോട്ടു പോകാനുള്ള സാധ്യതയേറെയാണ്. ഉയര്‍ന്ന തലങ്ങളില്‍ ബുക്ക് പ്രോഫിറ്റിംഗ് പ്രവണത കൂടുതല്‍ ദൃശ്യമാകും.

ബാങ്ക് നിഫ്റ്റി: നിഫ്റ്റിയുടെ ചുവടുപിടിച്ച് ബാങ്ക് നിഫ്റ്റി ഇന്നലെ ആദ്യമായി 54000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 54000 പോയിന്റിനുമുകളില്‍ എത്തിയിരുന്നുവെങ്കിലും ക്ലോസിംഗ് അതിനു താഴെയായിരുന്നു. ഇന്നലെ 54197.95 പോയിന്റ് വരെയെത്തിയ നിഫ്റ്റി 312.6 പോയിന്റ് (0.58 ശതമാനം) മെച്ചത്തോടെ 54105.8 പോയിന്റില്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ചത്തെ 53793.20 പോയിന്റായിരുന്നു ക്ലോസിംഗ്. ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായി ആറാം ദിവസമാണ് മെച്ചപ്പെടുന്നത്.

ബാങ്ക് നിഫ്റ്റി ഇന്നലത്തെ മൊമന്റം നിലനിര്‍ത്തുകയാണെങ്കില്‍ ഇന്ന് 54470 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായിരിക്കും. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 54660 പോയിന്റിലേക്കും 55000 പോയിന്റിലേക്കും 55360 പോയിന്റിലേക്കും ബാങ്ക് നിഫ്റ്റി എത്താം. നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 53740 പോയിന്റിലും തുടര്‍ന്ന് 53300 പോയിന്റിലും 53000 പോയിന്റ് ചു്റ്റളവിലും പിന്തുണ കിട്ടും. ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 75.77 ആണ്. ഓവര്‍ബോട്ട് സോണിലേക്ക് ബാങ്ക് നിഫ്റ്റി എത്തിയിരിക്കുകയാണ്. ഏതു സമയവും വില്‍പ്പന ഉണ്ടായേക്കാം.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 15.5 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. ഫ്‌ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 7.78 ശതമാനം ഉയര്‍ച്ചയോടെ 13.78-ലെത്തി. വെള്ളിയാഴ്ചയിത് 12.79 ആയിരുന്നു. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 1.5-ല്‍നിന്ന് ഇ്ന്നലെ 1.43 ആയി താഴ്ന്നു. ഇപ്പോഴും വിപണി ശക്തമായ ബുള്ളീഷ് ട്രെന്‍ഡില്‍ത്തന്നെയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശരമായിരുന്നു. ഐടി ഓഹരികള്‍ പൊതുവേ നെഗറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.70 ശതമാനം വിപ്രോ 0.62 ശതമാനവും കുറഞ്ഞു. ഐസിഐസിഐ ബാങ്ക് നേരിയ താഴ്ച കാണിച്ചപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 0.46 ശതമാനം മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 1.04 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.56 ശതമാനവും യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 1.63 ശതമാനവും യാത്ര ഓണ്‍ലൈന്‍ 0.06 ശതമാനവും മെച്ചപ്പെട്ടു.

യുഎസ് വിപണികള്‍

വെള്ളിയാഴ്ചത്തെ ക്ലോസിംഗിനടുത്ത് ഇന്നലെ വ്യാപാരം ആരംഭിച്ച ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രീസ് റി്ക്കാര്‍ഡ് ഉയരത്തില്‍ എത്തിയശേഷം (42190.05 പോയിന്റ് ) തുടര്‍ച്ചയായ മൂന്നാം ദിവസവും 42000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു. ഡൗ ഇന്നലെ 61.29 പോയിന്റ് (0.15 ശതമാനം) മെച്ചത്തോടെ 42124.60 പോയിന്റില്‍ ക്ലോസ് ചെയ്തു.

നാസ്ഡാക് കോമ്പോസിറ്റും എസ് ആന്‍ഡ് പിയും ഡൗ ജോണ്‍സിനോടു സഹകരിച്ചാണ് നീങ്ങിയത്. നാസ്ഡാക് 25.95 പോയിന്റും (0.14 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 16.02 പോയിന്റും (0.28 ശതമാനം) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

യുറോപ്യന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 22.16 പോയിന്റും (0.27 ശതമാനം) ജര്‍മന്‍ ഡാക്സ് 90.87 പോയിന്റ്ും (0.49 ശതമാനവും) മെച്ചപ്പെട്ടപ്പോള്‍ ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 102.17 പോയിന്റും (0.3 ശതമാനവും) സിഎസി ഫ്രാന്‍സ് 2.56 പോയിന്റും (0.03 ശതമാനവും)താഴ്ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് സമ്മിശ്രമായാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

അവധിക്കുശേഷം ജാപ്പനീസ് വിപണിക്ക് ഇന്ന് 350-ഓളം പോയിന്റ് മെച്ചത്തിലാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇന്നു രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 671.10 പോയി്ന്റ് നേട്ടത്തില്‍ നില്‍ക്കുകയാണ്. ഇന്നു രാവിലെ കൊറിയന്‍ കോസ്പി 3.11 പോയിന്റും സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്‌സ് 422.37 പോയിന്റ്ും ഷാങ്ഹായ് കോമ്പോസിറ്റ് 27.04 പോയിന്റും മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വെള്ളിയാഴ്ച വന്‍ വാങ്ങല്‍ (നെറ്റ് 14064.05 കോടി രൂപ) നടത്തിയ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 404.41 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇന്നലെ അവര്‍ 12094.89 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11690.47 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയുമാണ് ചെയ്തത്. ഇതോടെ ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 29325.16 കോടി രൂപയിലേക്ക് ഉയര്‍ന്നു. അതേ സമയം വെള്ളിയാഴ്ച നെറ്റ് വില്‍്പ്പനക്കാരായിരുന്ന ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 11666.36 കോടി രൂപയുടെ ഓഹരികള്‍ വാങ്ങകുകയും 10643.72 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 1022.64 കോടി രൂപ. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 10195.46 കോടി രൂപയായി.

സാമ്പത്തിക വാർത്തകൾ

എച്ച്എസ്ബിസി ഫ്‌ളാഷ് ഇന്ത്യ കോമ്പോസിറ്റ് സൂചിക: ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറില്‍ ഒമ്പതു മാസത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയിലെത്തി. സെപ്റ്റംബറില്‍ സൂചിക 59.3 ആണ്. ഇതു ശക്തമായ വളര്‍ച്ചയെയാണ് കാണിക്കുന്നതെങ്കിലും ഓഗസ്റ്റിലിത് 60.7 ആയിരുന്നു. മാനുഫാക്ചറിംഗ് പിഎംഐ ഓഗസ്റ്റിലെ 57.5-ല്‍ നിന്ന് 56.7-ലേക്കു താഴ്ന്നു. അമ്പതു പോയിന്റിനു മുകളില്‍ വളര്‍ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. അമ്പതിനു താഴെ ചുരുക്കത്തേയും.

വിദേശനാണ്യശേഖരം: ഇന്ത്യയുടെ വിദേശനാണ്യശേഖരം സെപ്റ്റംബര്‍ 13-ന് അവസാനിച്ച വാരത്തില്‍ റിക്കാര്‍ഡ് ഉയരത്തിലെത്തി. ഇക്കഴിഞ്ഞ വാരത്തില്‍ വിദേശനാണ്യശേഖരം 22.3 കോടി ഡോളര്‍ വര്‍ധനയോടെ 68946 കോടി ഡോളറിലെത്തി.

ഇന്ത്യന്‍ ജിഡിപി: നടപ്പുവര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന 7.2 ശതമാനത്തിനു മുകളില്‍ വളര്‍ച്ച നേടുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ( മോസ്പി) വിലയിരുത്തുന്നു. ആദ്യക്വാര്‍ട്ടറില്‍ വളര്‍ച്ച 6.7 ശതമാനമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് മുതല്‍ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ഘടകങ്ങള്‍ മെച്ചപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. നടപ്പുവര്‍ഷം 7.2 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കണക്കാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വളര്‍ച്ച 7 ശതമാനമായിരിക്കുമെന്ന് ഐഎംഎഫും ലോകബാങ്കും അനുമാനിക്കുന്നു.

തൊഴിലില്ലായ്മ നിരക്ക്: 2023-24-ല്‍ ( 2023 ജൂണ്‍- 2024 ജൂലൈ) ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണെന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ ( പിഎല്‍എഫ്എസ്) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 2022-23-ലിത് 2.9 ശതമാനമായിരുന്നു.

കമ്പനി വാര്‍ത്തകള്‍

പിഎന്‍ബി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ക്യുഐപി ( ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്‌മെന്റ് ) ഇഷ്യുവിനുള്ള ഓഹരിയുടെ തറവില പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് 109.16 രൂപ. ക്ലോസിംഗ് വിലയായ 111.49 രൂപയേക്കാള്‍ രണ്ടു ശതമാനം കുറവാണിത്. ഇഷ്യു വഴി പിഎന്‍ബി 5000-7500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.

ക്രൂഡോയില്‍ വില

ഫെഡ് റിസര്‍വിന്റെ അര ശതമാനം പലിശ വെട്ടിക്കുറയ്ക്കല്‍ ക്രൂഡോയില്‍ വില പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ചൈനീസ് എണ്ണ ഡിമാണ്ട് സംബന്ധിച്ച ആശങ്കകള്‍ ഇനിയും നീങ്ങാത്തത് വിലയില്‍ താഴേയ്ക്ക് സമ്മര്‍ദ്ദം ചെലുത്തുകയാണ്. യൂറോസോണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറില്‍ ചുരുങ്ങുകയാണ് ചെയ്തത്. പിഎംഐ സൂചിക ഓഗസ്റ്റിലെ 51.2 പോയിന്റില്‍നിന്നു 48.9 -ലേക്കു താഴ്ന്നു. വളര്‍ച്ചയില്‍നിന്നു ചുരുക്കത്തിലേക്കു നീങ്ങിയിരിക്കുന്നു യൂറോസോണ്‍. ഇതും എണ്ണ വിപണിയുടെ ഉത്സാഹം കെടുത്തി. എന്നാല്‍ യുെസ് പിഎംഐ വളര്‍ച്ചയും പശ്ചിമേഷ്യയിലെ ഇസ്രയേല്‍- ഹിസ്ബുള്ള സംഘര്‍ഷവും എണ്ണ വിപണിയില്‍ കൂടുതല്‍ ഇടിവുണ്ടാകാതെ കാത്തൂ.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 74.10 ഡോളറാണ്. ഇന്നലെയിത് 74.79 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 70.6 ഡോളറുമാണ്. ഇന്നലെ രാവിലെ 71.31 ഡോളറായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും. ക്രൂഡോയില്‍ വില കുറഞ്ഞു നില്‍ക്കുന്നത് രാജ്യത്തെ പെട്രോള്‍ , ഡീസല്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍ കുറയ്ക്കുന്നതിലേക്ക് ഉടനേ നയിക്കുമെന്നു കരുതാം.

ഇന്ത്യന്‍ രൂപ ഇന്നലെ

ഇന്നലെ രൂപ ഡോളറിനെതിരേ കാര്യമായ മാറ്റമില്ലാതെ 83.55 തുടര്‍ന്നു. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് 83.56 ആയിരുന്നു. എന്നാല്‍ രൂപ ഇന്നലെ 83.45 വരെ ഉയര്‍ന്നിരുന്നു. മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന ഡോളര്‍വിലയാണിത്. പ്രാദേശിക എണ്ണക്കമ്പനികള്‍നിന്നു ഡോളറിനു ഡിമാണ്ട് ഉയര്‍ന്നതാണ് രൂപയുടെ കരുത്ത് ദിവസത്തിനൊടുവില്‍ കുറച്ചത്. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയത് രൂപയെ മൂന്നുമാസത്തെ ഉയരത്തില്‍ എത്തിക്കുകയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.