23 Sep 2024 2:09 AM GMT
ആഗോള തലത്തില്‍ത്തന്നെ പല വിപണികളും റിക്കാര്‍ഡ് ഉയരത്തിലത്തുകയും അല്ലാത്തവ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത വാരമാണ് കടന്നുപോയത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ അര ശതമാനം വെട്ടിക്കുറവ് വരുത്തിയത് ലോകത്താകമാനം പലിശയുടെ വിപരീത ദിശയിലേക്കുള്ള യാത്രയ്ക്കു തുടക്കമായി എന്നു പറയാം. ഇതു വിപണിയെ പുതിയ പുതിയ ഉയരങ്ങളിലേക്കു എത്തിക്കുവാന്‍ ഇടയാക്കും. കഴിഞ്ഞ വാരത്തിലെ മൊമന്റം ഈ വാരത്തിലും തുടരുവാനുള്ള പ്രവണതയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. യുഎസ് സമ്പദ്ഘടനയുടെ വളര്‍ച്ചാത്തോത് കുറയുന്നതു സംബന്ധിച്ച ആശങ്ക ഏതാണ്ട് കുറഞ്ഞിരിക്കുകയാണ്. പുതിയ സമീപനമായിരിക്കും ഇനി യുഎസ് വിപണി സ്വീകരിക്കുക.
സെപ്റ്റംബര്‍ 26-ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോ പവല്‍ നടത്തുന്ന പ്രസംഗം വിപണിയ സ്വാധീനിക്കും. ജൂണിലവസാനിച്ച രണ്ടാം ക്വാര്‍്ട്ടറില്‍ യുഎസ് ജിഡിപി വളര്‍ച്ച സംബന്ധിച്ച രണ്ടാം കണക്കുകളും 26-ന് പുറത്തുവരുന്നുണ്ട്. പ്രാഥമിക വിലയിരുത്തലില്‍ രണ്ടാം ക്വാര്‍്ട്ടറിലെ വളര്‍ച്ച 2.8 ശതമാനമായിരുന്നു. അതു മൂന്നു ശതമാനത്തിലേക്ക് ഉയരുമെന്നാണ് രണ്ടാമത്തെ അനുമാനത്തില്‍ കണക്കാക്കുന്നത്. മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറിലെ വളര്‍ച്ച 1.4 ശതമാനമായിരുന്നു.
ഇന്ത്യന്‍ വിപണിയുടെ നീക്കത്തില്‍ ഈ വാരത്തില്‍ മുഖ്യ ദിശ നല്‍കുക വിദേശ നിക്ഷേപകസ്ഥാപനങ്ങളുടേയും വിദേശ പോര്‍്ട്‌ഫോളിയോ നി7പേകരുടേയും സമീപനമായിരിക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 14000 കോടിയിലധികം രൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്. ഇതു കൂടുതലും ലാര്‍ജ് കാപ് ഓഹരികളിലായിരുന്നു.സ്‌മോള്‍, മിഡ്കാപ് ഓഹരികളിലേക്കു കൂടി വ്യാപിക്കുമോയെന്നാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ അടുത്ത ട്രിഗര്‍ റിസര്‍വ് ബാങ്കിന്റെ ഒക്ടോബര്‍ ഏഴിലെ പണനയത്തില്‍ പലിശ നിരക്കു സംബന്ധിച്ച തീരുമാനവും കാഴ്ച്ചപ്പാടുമാണ്.
ഇന്ത്യ എച്ച്എസ്ബിസി കോമ്പോസിറ്റ്, മാനുഫാക്ചറിംഗ്, സര്‍വീസസ് പിഎംഐ പ്രാഥമിക കണക്കുകള്‍ പുറത്തുവരും. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സൂചനകള്‍ ഇതില്‍നിന്നു ലഭിക്കും.
അടുത്ത വ്യാഴാഴ്ച സെപ്റ്റംബറിലെ പ്രതിമാസ എഫ് ആന്‍ഡ് ഒ സെറ്റില്‍മെന്റാണ്. അതും വിപണിയുടെ നീക്കത്തെ നിയന്ത്രിക്കുന്ന ഘടകമായിരിക്കും. ഈ മാസത്തില്‍ 26000 പോയിന്റെന്ന ലക്ഷ്യത്തിലേക്ക് നിഫ്റ്റി എത്താനുള്ള സാധ്യതയേറെയാണ്.
ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറിനു ചുറ്റളവില്‍ നീങ്ങുന്നതു ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. ഇതു വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഇതു രൂപയുടെമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കും. പണപ്പെരുപ്പ ഇറക്കുമതി സമ്മര്‍ദ്ദവും കുറയ്ക്കും.
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്‍ക്ക് സൂചികകള്‍ റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തിരിക്കുകയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അര ശതമാനം വെട്ടിക്കുറിച്ചതിന്റെ നേരിട്ടുള്ള ഫലമെന്ന് ഇതിനെ വിശേഷിപ്പിക്കാം.
വെള്ളിയാഴ്ച രാവിലെ നേരിയ തോതില്‍ മെച്ചപ്പെട്ടു ഓപ്പണ്‍ ചെയ്ത മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി പിന്നീട് സ്ഥിരതയോടെ മെച്ചപ്പെടുകയായിരുന്നു. ഒരവസരത്തില്‍ 25849.25 പോയിന്റ്ു വരെ ഉയര്‍ന്ന നിഫ്റ്റി ക്ലോസ് ചെയ്തത് 25790.95 പോയിന്റിലാണ്. തേലദിവസത്തേക്കാള്‍ 375.15 പോയിന്റ് (1.48 ശതമാനം) മെച്ചപ്പെട്ട്. ഇന്‍ട്രാഡേ വ്യാപാരത്തിലെ വ്യതിയാനം 422 പോയിന്റാണ്. ഇതില്‍ 90 ശതമാനത്തോളം നേട്ടത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തിട്ടുള്ളത്.
വെള്ളിയാഴ്ചത്തെ വിപണി മുന്നേറ്റത്തില്‍ ലാര്‍ജ് കാപ്, സ്‌മോള്‍ കാപ്, മിഡ്കാപ് ഓഹരികള്‍ ഒരേപോലെ പങ്കെടുത്തു. റിയാലിറ്റി, ഓട്ടോ, മെറ്റല്‍, ബാങ്ക്, ഐടി, ഹെല്‍ത്തകെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍സ് തുടങ്ങിയ മേഖലകളിലെല്ലാം മികച്ച പിന്തുണയാണ് വിപണിക്ക് നല്‍കിയത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ ആദ്യമായി 84000 പോയിന്റിനു മുകളിലെത്തുകയും ക്ലോസ് ചെയ്യുകയും ചെയ്തു. ഇന്നലെ സെന്‍സെക്‌സ് 1359.52 പോയിന്റ് (1.63 ശതമാനം) ഉയര്‍ച്ചയോടെ 84544.31 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇത് റിക്കാര്‍ഡ് ക്ലോസിംഗാണ്. സെന്‍സെക്‌സ് 84694.46 പോയിന്റുവരെ ഉയര്‍ന്നിരുന്നു. ഇതും റിക്കാര്‍ഡ് ഉയരമാണ്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25850 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. അടുത്ത ലക്ഷ്യം 26000 പോയിന്റാണ്. ഇതിനു മുകളിലേക്കു ശക്തമായി എത്തിയാല്‍ 26280 പോയിന്റിലേക്കും 26425 പോയിന്റിലേക്കും നിഫ്റ്റി എത്താം. ഒക്ടോബറിലെ റിസര്‍വ് ബാങ്ക് പണനയം, രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍, വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങല്‍ തുടങ്ങിയവയിലൂടെ നിഫ്റ്റി പുതിയ ഉയരത്തിലേക്കു നീങ്ങുമെന്ന് ഉറപ്പാണ്. ഇതിനു മുമ്പേ ചില തിരുത്തലുകള്‍ ഉണ്ടാവും. വിപണിയുടെ മുന്നേറ്റത്തിന് തിരുത്തല്‍ അത്യാവശ്യമാണ്.
നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25610 പോയിന്റിലും തുടര്‍ന്ന് 25400 പോയിന്റിനു ചുറ്റളവിലും പിന്തുണ പ്രതീക്ഷിക്കാം. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 25000 പോയിന്റിനു ചുറ്റളവിലേക്ക് നിഫ്റ്റി എത്തിയേക്കും.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 71.69 ആണ്. അതായത് ഓവര്‍ ബോട്ട് സ്ഥിതിയിലേക്ക് നിഫ്റ്റി എത്തിയിരിക്കുന്നു. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: നിഫ്റ്റിയുടെ ചുവടുപിടിച്ച് ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ്. മാത്രവുമല്ല ആദ്യമായി 54000 പോയിന്റിനു മുകളില്‍ ബാങ്ക് നിഫ്റ്റി എത്തുകയും ചെയ്തിരിക്കുന്നു. ബാങ്ക് നിഫ്റ്റി ഇന്നലെ 755.6 പോയിന്റ് ( 1.42 ശതമാനം) മെച്ചത്തോടെ 53793.2 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്. ക്ലോസിംഗിനു മുമ്പ് ബാങ്ക് നിഫ്റ്റി 54066.10 പോയിന്റ് വരെ എത്തിയിരുന്നു. ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായി അഞ്ചാംദിവസമാണ് മെച്ചപ്പെടുന്നത്.
ബാങ്ക് നിഫ്റ്റി ഇന്നും വെള്ളിയാഴ്ചത്തെ മൊമന്റം നിലനിര്‍ത്തുകയാണെങ്കില്‍ 54070 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായിരിക്കും. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 54560 പോയിന്റിലേക്കും 55100 പോയിന്റിലേക്കു ബാങ്ക് നിഫ്റ്റി എത്താം.
നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 53300 പോയിന്റിലും തുടര്‍ന്ന് 53000 പോയിന്റിനു ചു്റ്റളവിലും പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 52750 പോയിന്റിലേക്കും 52000 പോയിന്റിലേക്കും ബാങ്ക് നിഫ്റ്റി വീഴാം..
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 74.03 ആണ്. ഓവര്‍ബോട്ട് സോണിലേക്ക് ബാങ്ക് നിഫ്റ്റി എത്തിയിരിക്കുകയാണ്. ഏതു സമയവും വില്‍പ്പന ഉണ്ടായേക്കാം.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 94.5 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്. പോസീറ്റീവ് ഓപ്പണിംഗ് പ്രതീക്ഷിക്കാം. ആഗോള വിപണി ഫ്യൂച്ചറുകളും ഉയര്‍ന്നുതന്നെയാണ്.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് വെള്ളിയാഴ്ച 2.57 ശതമാനം ഉയര്‍ന്ന് 12.79 ആയി. വ്യാഴാഴ്ചയിത് 12.47 ആയിരുന്നു. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 1.5ലേക്ക് ഉയര്‍ന്നു. വ്യാഴാഴ്ചയിത് 1.26 ആയിരുന്നു. ശക്തമായ ബുള്ളീഷ് ട്രെന്‍ഡിനെയാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ വെള്ളിയാഴ്ചയും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.71 ശതമാനം മെച്ചപ്പെട്ടപ്പോള്‍ വിപ്രോ മാറ്റമില്ലാതെ തുടര്‍ന്നു. ഐസിഐസിഐ ബാങ്ക് 1.95 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 1.44 ശതമാനവും മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.24 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.32 ശതമാനവും മെച്ചപ്പെട്ടു. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 1.46 ശതമാനം മെച്ചപ്പെട്ടപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 0.63 ശതമാനവും മെച്ചപ്പെട്ടു.
യുഎസ് വിപണികള്‍
ഈ വാരത്തിലെ അവസാന വ്യാപാരദിനത്തില്‍ ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രീസ് റി്ക്കാര്‍ഡ് ഉയരത്തില്‍ ഇന്നലെ ക്ലോസ് ചെയ്തിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ക്ലോസിംഗ് 42000 പോയിന്റിനു മുകളില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഡൗ ഇന്നലെ 42160.91 പോയിന്റ് വരെ എത്തിയശേഷം 42063.36 പോയിന്റില്‍ ക്ലോസ് ചെയ്തു. വര്‍ധന 38.17 പോയിന്റാണ്.
എന്നാല്‍ നാസ്ഡാക് കോമ്പോസിറ്റും എസ് ആന്‍ഡ് പിയും താഴ്ന്നാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് 65.66 പോയിന്റും (0.36ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 11.09 പോയിന്റും (0.19 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്. എസ് ആന്‍ഡ് പി റിക്കാര്‍ഡ് ഉയരത്തില്‍നിന്നാണ് (5733.57 പോയിന്റ്) നേരിയ തോതില്‍ കുറഞ്ഞിട്ടുള്ളത്.
യുറോപ്യന്‍ വിപണികള്‍ എല്ലാം തന്നെ വെള്ളിയാഴ്ച താഴ്ന്നാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 98.73 പോയിന്റും (1.19 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 282.61 പോയിന്റും (0.83 ശതമാനവും) സിഎസി ഫ്രാന്‍സ് 115.15പോയിന്റും (1.51 ശതമാനവും) ജര്‍മന്‍ ഡാക്സ് 282.37 പോയിന്റ്ും (1.49 ശതമാനവും) താഴ്ന്നാണ് ക്ലോസ് ചെയ്തത്.
എന്നാല്‍ ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് ഉയര്‍ന്നാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
ജാപ്പനീസ് വിപണിക്ക് ഇന്ന് ്അവധിയാണ്. സെപ്റ്റംബര്‍ 24-നേ ഇനി വിപണി തുറക്കുകയുള്ളു. ഫെഡ് തീരുമാനത്തിനുശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമായ വെള്ളിയാഴ്ചയും ജാപ്പനീസ് നിക്കി 568.58 പോയിന്റ് ( 1.53 ശതമാനം) നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ കൊറിയന്‍ കോസ്പി 1.5 പോയിന്റും സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്‌സ് 119.08 പോയിന്റ്ും ഷാങ്ഹായ് കോമ്പോസിറ്റ് 5.95 പോയിന്റും മെച്ചപ്പെട്ടു നില്‍ക്കുകയാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
വെള്ളിയാഴ്ച വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വന്‍ തിരിച്ചുവരവാണ് കണ്ടത്. അവര്‍ 14064.05 കോടി രൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്. അടുത്ത മൂന്നു മാസത്തിനുള്ളി പലിശ നിരക്കില്‍ അര ശതമാനം കൂടി കുറയുമെന്ന വിലയിരുത്തലും 2027 ആദ്യത്തോടെ 2.9 ശതമാനത്തിലേക്കു പലിശ നിരക്ക് എത്തി്ക്കുമെന്ന വിലയിരുത്തലും വിദേശ നിക്ഷേപകസ്ഥാപനങ്ങളെ എമര്‍ജിംഗ് രാജ്യങ്ങളിലേക്കു തിരിച്ചുവരുവാന്‍ പ്രേരിപ്പിക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യയിലേക്ക്.
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 59452.33 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 45388.28 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയുമാണ് ചെയ്തത്. ഇതോടെ ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 28920.74 കോടി രൂപയിലേക്ക് ഉയര്‍ന്നു.
അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച എഫ്‌ഐഐയ്ക്കു വിരുദ്ധമായ തീരുമാനമാണെടുത്തത്. അവര്‍ 16987.42 കോടി രൂപയുടെ ഓഹരികള്‍ വാങ്ങകുകയും 21414.5 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വില്‍ക്കല്‍ 4427.08 കോടി രൂപ. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 9172.72 കോടി രൂപയായി താഴ്ന്നു..
സാമ്പത്തിക വാര്‍ത്തകള്‍
ഇന്ത്യന്‍ ജിഡിപി: ഇന്ത്യന്‍ സമ്പദ്ഘടനയുടെ വലുപ്പം 2030-31-ല്‍ ഇപ്പോഴത്തെ 3.6 ലക്ഷം കോടി ഡോളറിന്റെ ഇരട്ടി വലുപ്പമാകുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് കണക്കാക്കുന്നു. ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി ഉയര്‍ത്തും. ഇതോടെ ആഗോള ജിഡിപിയുടെ ഇന്ത്യന്‍ വിഹിതം ഇപ്പോഴത്തെ 3.6 ശതമാനത്തില്‍നിന്ന് 4.5 ശതമാനമായി ഉയരും.
കാലവര്‍ഷം: പടിഞ്ഞാറന്‍ കാലവര്‍ഷം ഏതാണ്ട് അവസാനക്കാറവേ രാജ്യത്ത് ലഭിച്ച മഴ സെപ്റ്റംബര്‍ 20 വരെ ദീര്‍ഘകാലശരാശരിയേക്കാള്‍ 6.4 ശതമാനം കൂടുതലാണ്. സെപ്റ്റംബര്‍ 20 വരെ ലഭിച്ച മഴ 874.6 മില്ലീമീറ്ററാണ്. സാധാരണ ലഭിക്കേണ്ട ദീര്‍ഘകാല ശരാശരി മഴ 822 മില്ലിമീറ്ററാണ്. മെച്ചപ്പെട്ട മഴ മൂലം മണ്ണില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈര്‍പ്പം റാബി വളവിറക്കലിനു ഏറെ സഹായകരമാവും.
കമ്പനി വാര്‍ത്തകള്‍
എച്ച്ഡിഎഫ്‌സി ഫിനാന്‍ഷ്യല്‍ സര്‍വീസസ്: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ധനകാര്യ കരമായ എച്ച്ഡിഎഫ്‌സി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിസംബറില്‍ പബ്‌ളിക് ഇഷ്യുവഴി 2500 കോടി രൂപ സമാഹരിക്കും. ഇതിന് എച്ച്ഡിഎഫ്‌സി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. എച്ച്ഡിഎഫ്‌സി ബാങ്കിന് ഇതില്‍ 94.64 ശതമാനം ഓഹരിയുണ്ട്.
സ്വിഗി: ഫുഡ്, ഗ്രോസറി സ്റ്റാര്‍ട്ടപ്പായ സ്വിഗി പബ്‌ളിക് ഇഷ്യുവിനായി ഈ വാരത്തില്‍ സെബിയില്‍ കരടു പ്രോസ്‌പെക്ട്‌സ് സമര്‍പ്പിക്കും. സൊമാറ്റോയുടെ വിജയമാണ് സ്വഗിയെ ഇഷ്യുവിന് പ്രേരിപ്പിക്കുന്നത്. ഇഷ്യുവഴി11690 കോടി രൂപ സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ഓഫര്‍ ഫോര്‍ സെയിലും പുതിയ ഓഹരികളും ഉള്‍പ്പെടും.
സ്‌കോളോസ് ബാംഗ്‌ളൂര്‍: ലീലാ ബ്രാന്‍ഡില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും നടത്തുന്ന സ്‌കോളോസ് ബാംഗ്‌ളൂര്‍ ഐപിഒ വഴി 5000 കോടി രൂപ സ്വരൂപിക്കുന്നതിനു സെബിയില്‍ പ്രാഥമിക അപേക്ഷ നല്‍കി. ഇതില്‍ 3000 കോടി രൂപ പുതിയ ഓഹരി നല്‍കിയാണ് സ്വരൂപിക്കുക.
ക്രൂഡോയില്‍ വില
ഇസ്രയേല്‍- ഹിസ്ബുള്ള സംഘര്‍ഷം വളരുമോയെന്ന ആശങ്കയില്‍ ക്രൂഡോയില്‍ വില ആറു ദിവസത്തെ ഉയരത്തിലെത്തിയിരിക്കുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വെട്ടിക്കുറവ് വരുത്തിയത് ക്രൂഡ് ഡമാണ്ട് കൂട്ടുമെന്നു പ്രതീക്ഷ ഉയര്‍്ത്തിയിട്ടുണ്ട്. കുറഞ്ഞു നില്‍ക്കുന്ന കരുതല്‍ ശേഖരവും എണ്ണ വിപണിക്ക് അനുകൂലമാണ. ചൈനയില്‍നിന്നുള്ള കുറഞ്ഞ ഡിമാണ്ടാണ് എണ്ണവിലയുടെ കയറ്റത്തിനു വിഘാതമായി നില്‍ക്കുന്നത്. ക്രൂഡ് വില 75-80 ഡോളറില്‍ ഈ വര്‍ഷം നീങ്ങുമെന്നാണ് പല അനലിസ്റ്റുകളും പ്രതീക്ഷിക്കുന്നത്.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 74.79 ഡോളറാണ്. ശനിയാഴ്ച രാവിലെയിത് 74.49 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 71.31 ഡോളറുമാണ്. ശനിയാഴ്ച രാവിലെ 71.92 ഡോളറായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.
ഇന്ത്യന്‍ രൂപ വെള്ളിയഴ്ച
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും ക്രൂഡോയില്‍ വില നേരിയ തോതില്‍ താഴ്ന്നതും രൂപയ്ക്ക് കരുത്തു നല്‍കി. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അര ശതമാനം വെട്ടിക്കുറിച്ചതിന്റെ പി്ന്നാലെ രൂപ ഡോളറിനെതിരേ രണ്ടു മാസത്തെ ഉയരത്തിലാണ്. വെള്ളിയാഴ്ച ഡോളറിന് 83.52 രൂപ എന്ന നിലയിലാണ് ക്ലോസിംഗ്. വ്യാഴാഴചയിത് 83.65 രൂപയായിരുന്നു. തുടര്‍ച്ചയായ ഏഴാമത്തെ ദിവസമാണ് രൂപ മെച്ചപ്പെട്ട് ക്ലോസ് ചെയ്യുന്നത്. ഒരവസരത്തില്‍ 83.48 വരെ രൂപ ഉയര്‍ന്നിരുന്നു. 2024-ലെ രൂപയുടെ ഏറ്റവും മികച്ച പ്രതിവാരം പ്രകടനമാണ് ഈ ആഴ്ചത്തേത്. സെപ്റ്റംബര്‍ 12-ന് ശേഷം രൂപ 47 പൈസ മെച്ചപ്പെട്ടു.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.