20 Sep 2024 2:25 AM GMT
Summary
നിഫ്റ്റിയുടെ കണ്ണുകള്‍ ആര്‍ബിഐ നയത്തിലേക്ക്
ഒരു ദിവസം വൈകിയാണെങ്കിലും ഫെഡറല്‍ റിസര്‍വ് അര ശതമാനം പലിശ വെട്ടിക്കുറിച്ചതിനെ (ഇപ്പോള്‍ 4.75%-5%) യുഎസ് ഓഹരി വിപണി സഹര്‍ഷം സ്വാഗതം ചെയ്തിരിക്കുകയാണ്. യുഎസ് ഓഹരി വിപണി സൂചികകളായ ഡൗ ജോണ്‍സും എസ് ആന്‍ഡ് പി 500 സൂചികയും റിക്കാര്‍ഡ് ഉയരം കുറിക്കുകയും ചെയ്തു. വളരെ അപൂര്‍വമായിട്ടേ ഫെഡറല്‍ റിസര്‍വ് പലിശയില്‍ അര ശതമാനം വെട്ടിക്കുറവു വരുത്താറുള്ളുവെന്നതും യുഎസ് സമ്പദ്ഘടനയുടെ വളര്‍ച്ച കുറയുന്നതിന്റെ വേഗം കുറയ്ക്കുമന്ന വിലയിരുത്തലും വിപണിയിലെ ഉത്സാഹത്തിനു കാരണമായി. വിലസ്ഥിരതയും മാക്സിമം തൊഴില്‍ സൃഷ്ടിയുമാണ് ഫെഡ് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പനിരക്ക് രണ്ടു ശതമാനമെന്ന ലക്ഷ്യത്തിലേക്ക് ( ഓഗസ്റ്റില്‍ 2.5 ശതമാനം) വളരെ വേഗം നീങ്ങുകയാണെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷവും (രണ്ടു തവണ) അടുത്ത വര്‍ഷവും പലിശ നിരക്കില്‍ കൂടുതല്‍ വെട്ടിക്കുറവുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. 2027-ഓടെ 2.9 ശതമാനം പലിശ നിരക്കാണ് ( ദീര്‍ഘകാല ശരാശരി) ഫെഡ് ലക്ഷ്യമിടുന്നത്. 2025-ല്‍ ഒരു ശതമാനം വെട്ടിക്കുറവും 2026-ല്‍ അര ശതമാനത്തിനു മുകളില്‍ വെട്ടിക്കുറവും ലക്ഷ്യമിടുന്നു.
യുഎസ് സമ്പദ്ഘടന സുസ്ഥിരതയോടെ വളരുകയാണെന്നും ഫെഡ് വിശദീകരിക്കുന്നു. മാക്സിമം തൊഴില്‍ സൃഷ്ടിക്കുവാനും വിലസ്ഥിരതയ്ക്കും പ്രതിജ്ഞാബദ്ധമാണെന്നും ഫെഡ് വ്യക്തമാക്കുന്നു. എന്നാല്‍ പലിശ നിരക്ക് തീരെക്കുറഞ്ഞ നിലയിലേക്കു പോകുകയില്ലെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. നവംബര്‍ 6-7, ഡിസംബര്‍ 17-18 തീയതികളിലാണ് ഫെഡറല്‍ റിസര്‍വിന്റെ അടുത്ത പണനയമീറ്റിംഗുകള്‍. 2025-ല്‍ പലിശനിരക്ക് 3.4 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇനി ഇന്ത്യന്‍ കേന്ദ്ര ബാങ്കിന്റെ ഊഴമാണ്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയെന്നു ഊറ്റം കൊള്ളുമ്പോഴും ഇന്ത്യന്‍ ജിഡിപി വളര്‍ച്ച കഴിഞ്ഞ ക്വാര്‍ട്ടറില്‍ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തി നില്‍ക്കുകയാണ്. ഇന്ത്യന്‍ വളര്‍ച്ച 9 ശതമാനത്തിനു ചുറ്റളവിലേക്കു ഉയര്‍ത്തുന്നതിനു പരിഷ്‌കാരങ്ങള്‍ ഉണ്ടായേ മതിയാകൂ. യുഎസിലെപോലെ തൊഴില്‍ സൃഷ്ടി ത്വരിതപ്പെടുത്തുന്ന പണനയം ഏറ്റവും ആവശ്യമായിരിക്കുന്ന സന്ദര്‍ഭമാണ്. പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിനു താഴേയ്ക്കു തുടര്‍ച്ചയായ രണ്ടാം മാസവും നീങ്ങിയിരിക്കുകയാണ്. അടുത്തമാസം 7-9 തീയതികളിലെ ആര്‍ബിഐ പണനയ മീറ്റിംഗായിരിക്കും ഇന്ത്യന്‍ വിപണിയുടെ ആദ്യത്തെ ട്രിഗര്‍. തുടര്‍ന്ന് രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളുമെത്തും. അതുവരെ റേഞ്ച് ബൗണ്ട് നീക്കവും കണ്‍സോളിഡേഷനും പ്രതീക്ഷിച്ചാല്‍ മതി. ആഗോള വിപണികളിലെ സംഭവ വികാസങ്ങളാവും ഇന്ത്യന്‍ വിപണിക്കു ദിശ നല്‍കുക.
ഇന്ത്യന്‍ വിപണി ഇന്നലെ
കഴിഞ്ഞ ദിവസങ്ങളിലെ തനിയാവര്‍ത്തനങ്ങളാണ് ഇന്നലെയും ഇന്ത്യന്‍ വിപണിയില്‍ കണ്ടത്. ഉയര്‍ന്ന് ഓപ്പണ്‍ ചെയ്ത് ഉയരത്തിലേക്കു പോവുക; തുടര്‍ന്ന് കുത്തനെയിടിയുക. അവസാന മണിക്കൂറുകളില്‍ നഷ്ടമാക്കിയതില്‍ നല്ലൊരു പങ്ക് തെരഞ്ഞെടുത്തു തലേദിവസത്തേക്കാള്‍ മെച്ചപ്പെട്ടു ക്ലോസ് ചെയ്യുക. ഇന്നലെ
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കരുതുന്ന നിഫ്റ്റി 38.25 പോയിന്റ് മെച്ചപ്പെട്ട് 25415.8 പോയിന്റിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്നലത്തെ വ്യാപാര വ്യതിയാനം 236 പോയിന്റിന്റേതാണ്. ദിവസവും പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുകയും നേരിയ ഉയര്‍ച്ചയിലോ താഴ്ചയിലോ ക്ലോസ് ചെയ്യുകയും ചെയ്യുന്ന പ്രവണതയിലൂടെയാണ് വിപണി കടന്നുപോകുന്നത്. നിഫ്റ്റി ഇന്നലെയും റിക്കാര്‍ഡ് ഉയരത്തിലെത്തുകയും റിക്കാര്‍ഡ് പോയിന്റില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. ഇന്നലെ 25611.95 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. ഇതില്‍നിന്ന് ഏതാണ്ട് 200- ഓളം പോയിന്റ് താഴ്ന്നാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. അതായത് ഉയരത്തില്‍ നിലനില്‍ക്കാനുള്ള പ്രവണ നിഫ്റ്റി കാണിക്കുന്നില്ല എന്നര്‍ത്ഥം. ഏതു നിമിഷവും താഴേയ്ക്കു നീങ്ങുവാന്‍ തയാറാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും നിഫ്റ്റി 25400 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ഇന്നലെയും ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവും സൃഷ്ടിച്ചിട്ടുണ്ട്. ഇതു ബുള്ളീഷ് ഭാവത്തെ തന്നെ കാണിക്കുന്നു. ആഗോള വിപണികളിലെ നീക്കവും ബുള്ളീഷ് ആണ്.
സ്മോള്‍ കാപ്, മിഡ്കാപ് ഓഹരികളില്‍ ഇന്നലെ വില്‍പ്പനയാണ് കണ്ടത്. ഐടി,ഹെല്‍ത്തകെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍സ് തുടങ്ങിയ മേഖലകളിലെല്ലാം വില്‍പ്പനയാണ് ദൃശ്യമായത്. ബാങ്കിംഗിനു പുറമേ, ഓട്ടോ, എഫ്എംസിജി, കണ്‍സ്യൂമര്‍ഡ്യൂറബിള്‍സ് തുടങ്ങിയവയാണ് നിഫ്റ്റിക്കു പിന്തുണയായത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ വീണ്ടും 83000 പോയിന്റിനു മുകളില്‍ തിരിച്ചെത്തി ക്ലോസ് ചെയ്തു. ഇന്നലെ സെന്‍സെക്സ് 236.57 പോയിന്റ് (0.29 ശതമാനം) ഉയര്‍ച്ചയോടെ 83184.8 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇത് റിക്കാര്‍ഡ് ക്ലോസിംഗാണ്. ഇന്നലെ സെന്‍സെക്സ് 83773.61 പോയിന്റുവരെ ഉയര്‍ന്നിരുന്നു. ഇതും റിക്കാര്‍ഡ് ആണ്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25612 പോയിന്റ് റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. ഇതിനു മുകളിലേക്കു ശക്തമായി നീങ്ങിയാല്‍ 25750 പോയിന്റിലേക്കും 25850-25950 പോയിന്റ് തലത്തിലേക്കും ഉയരുവാന്‍ നിഫ്റ്റിക്ക് സാധിക്കും. നിഫ്റ്റിയുടെ ലക്ഷ്യം 26000 പോയിന്റാണ്.
നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25250-25340 പോയിന്റില്‍ പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 25050-25120 തലത്തിലും തുടര്‍ന്ന് 24850-24950 തലത്തിലുമാണ് പിന്തുണ കിട്ടുക.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 63.92 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ചയ്ക്കടുത്തേക്ക് ഇന്നലെ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ ബാങ്ക് നിഫ്റ്റി 53353.30 പോയിന്റ് വരെ (റിക്കാര്‍ഡ് ഉയര്‍ച്ച ജൂലൈ നാലിലെ 53357.7 പോയിന്റാണ്) ഉയര്‍ന്നശേഷം 53037.6 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേ ദിവസത്തേക്കാള്‍ 287,2പോയിന്റ് കൂടുതല്‍. തുടര്‍ച്ചയായ നാലാം ദിവസമാണ് ബാങ്ക് നിഫ്റ്റി മെച്ചപ്പെടുന്നത്.
ബാങ്ക് നിഫ്റ്റി ഇന്നും മെച്ചപ്പെടുകയാണെങ്കില്‍ 53360 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായിരിക്കും. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 53860 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത റെസിസ്റ്റന്‍സായ 54000 പോയിന്റിനു മുകളിലേക്കു നീങ്ങിയാല്‍ 54560 പോയിന്റ് വരെ ബാങ്ക് നിഫ്റ്റിക്ക് ഉയരാന്‍ കരുത്തുണ്ട്.
നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 52800 പോയിന്റിലും 52350 പോയിന്റിലും പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 52000 പോയിന്റിനു ചുറ്റളവിലും തുടര്‍ന്ന് 51650 പോയിന്റിലും പിന്തുണയുണ്ട്.
ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 69.03 ആണ്. ബുള്ളീഷ് മോഡിലാണ് ബാങ്ക് നിഫ്റ്റി.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 39 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.താഴ്ന്നതോ ഫ്ളാറ്റ് ഓപ്പണിംഗോ പ്രതീക്ഷിക്കാം.
ഇന്ത്യ വിക്‌സ്
ഇന്ത്യ വിക്‌സ് ഇന്നലെ 6.75 ശതമാനം താഴ്ന്ന് 12.47 ആയി. ബുധനാഴ്ചയിത് 13.37 ആയിരുന്നു. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.26 പോയിന്റിലേക്കു കുതിച്ചുയര്‍ന്നു. ബുധനാഴ്ചയിത് 1.13 ആയിരുന്നു. ശക്തമായ ബുള്ളീഷ് ട്രെന്‍ഡിനെയാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.93 ശതമാനവും വിപ്രോ 1.57 ശതമാനവും ഐസിഐസിഐ ബാങ്ക് 1.12 ശതമാനവും എച്ച് ഡിഎഫ്‌സി ബാങ്ക് 2.11 ശതമാനവും മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.56 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.64 ശതമാനവും താഴ്ന്നു. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 1.12 ശതമാനം മെച്ചപ്പെട്ടപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 1.27 ശതമാനവും മെച്ചപ്പെട്ടു.
യുഎസ് വിപണികള്‍
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണെങ്കിലും യുഎസ് വിപണി ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്തിരിക്കുകയാണ്. രണ്ടു ദിവസത്തെ ഇടിവിനുശേഷം ഇന്നലെ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സും എസ് ആന്‍ഡ് പി 500 സൂചികയും റിക്കാര്‍ഡ് ഉയരത്തില്‍ എത്തുക മാത്രമല്ല, റിക്കാര്‍ഡ് ക്ലോസിംഗ് നടത്തുകയും ചെയ്തു. ആദ്യമായി ഡൗ 42000 പോയിന്റിനുമുകളിലെത്തുകയും ക്ലോസ് ചെയ്യുകയും ചെയ്തു.
ഡൗ ഇന്നലെ 42160.91 പോയിന്റ് വരെ ഉയര്‍ന്നശേഷം 42025.1.9 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേദിവസത്തേക്കാള്‍ 522.09 പോയിന്റ് (1.26 ശതമാനം) കൂടുതല്‍. ഡൗവിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാസ്ഡാക് കോമ്പോസിറ്റും എസ് ആന്‍ഡ് പിയും ഒരേപോലെ ഇന്നലെ ഉയര്‍ന്നു. നാസ്ഡാക് 440.68 പോയിന്റും (2.51 ശതമാനം) ഉയര്‍ച്ചയോടെ 18000 പോയിന്റിനു മുകളില്‍ തിരിച്ചെത്തി. ക്ലോസിംഗ് 18013.98 പോയിന്റ്. എസ് ആന്‍ഡ് പി 500 സൂചിക 95.38 പോയിന്റുയര്‍ന്ന് (1.7 ശതമാനം) 5713.64 പോയിന്റില്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പിയുടെ റിക്കാര്‍ഡ് ഉയരമാണ് കുറിച്ചത്.
യുഎസ് ഫെഡറല്‍ റിസര്‍വ് തീരുമാനം വരുംമുമ്പേ ക്ലോസ് ചെയ്ത യുറോപ്യന്‍ വിപണികള്‍ എല്ലാം ഇന്നലെ പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 75.04 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 295.52 പോയിന്റും സിഎസി ഫ്രാന്‍സ് 170.51 പോയിന്റും ജര്‍മന്‍ ഡാക്‌സ് 291 പോയിന്റ്ും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.
എന്നാല്‍ ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് താഴ്ന്നാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറയ്ക്കല്‍ തീരുമാനം എത്തിയതിനുശേഷമുള്ളആദ്യത്ത വ്യാപാരദിനമായ ഇന്നലെ ജാപ്പനീസ് നിക്കി 775.16 പോയിന്റ് മെച്ചത്തോടെയാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ നിക്കി തുറന്നത് 560 പോയിന്റോളം മെച്ചത്തോടെയാണ്. രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം കഴിയുമ്പോള്‍ നിക്കി 715.29 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. കൊറിയന്‍ കോസ്പി 28.47 പോയിന്റും സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്സ് 56.17 പോയിന്റ്ും മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ഷാങ്ഹായ് കോമ്പോസിറ്റ് നേരിയ താഴ്ചയിലാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
ഇന്നലെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരായപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരായിരുന്നു. യുഎസില്‍ ഫെഡറല്‍ നിരക്ക് കുറച്ചത് ഇന്ത്യന്‍ ഓഹരി വിപണിയിലേക്കു കൂടുതല്‍ പണമെത്തിക്കുമെന്നു കരുതുന്നു.
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 17852.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 20399.85 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വില്‍ക്കല്‍ 2547.53 കോടി രൂപ. ഇതോടെ എഫ്ഐഐ നെറ്റ് വാങ്ങല്‍ 14856.99 കോടി രൂപയായി.
എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 16234.69 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 14221.83 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 2012.86 കോടി രൂപ. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 13599.8 കോടി രൂപയായി ഉയര്‍ന്നു.
സാമ്പത്തിക വാര്‍ത്തകള്‍
മുന്‍കൂര്‍ നികുതി: കമ്പനികളുടേയും വ്യക്തികളുടേയും ജൂലൈ- സെപ്റ്റംബര്‍ ക്വാര്‍ട്ടറിലെ മുന്‍കൂര്‍ നികുതി 20.6 ശതമാനം വളര്‍ച്ചയോടെ 2.87 കോടി രൂപയിലെത്തി. ആദ്യക്വാര്‍ട്ടറിനെ അപേക്ഷിച്ച് രണ്ടാം ക്വാര്‍ട്ടറില്‍ കമ്പനികളില്‍നിന്നു (കോര്‍പറേറ്റ് പ്രോഫിറ്റബിളിറ്റി) മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കാമെന്ന് ഇതു സൂചന നല്‍കുന്നു.
ക്രൂഡോയില്‍ വില
പലിശ നിരക്കു വെട്ടിക്കുറിച്ചതിനു പിന്നാലെ യുഎസ് ക്രൂഡോയിലിന് വ്യാഴാഴ്ച രണ്ടു ശതമാനത്തോളം വര്‍ധനയുണ്ടായി.പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതും ക്രൂഡിന്റെ മുന്നേറ്റത്തിന് അനുകൂലമായി. പശ്ചിമേഷ്യയിലെ സംഘര്‍ഷം ക്രൂഡ് വിപണിയിലെ ബെയറീഷ് മനോഭാവത്തിനു മാറ്റം വരുത്തിയിരിക്കുകയാണ്. ചൈനീസ് ഡിമാണ്ട് വര്‍ധിക്കുമെന്ന ചില അനലിസ്റ്റുകളുടെ വിലയിരുത്തലും ക്രൂഡിനു സഹായകരമായി. എന്തായാലും ക്രൂഡോയില്‍ വില നേരിയ തോതില്‍ മെച്ചപ്പെട്ടിരിക്കുകയാണ്.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 73.32 ഡോളറാണ്. ബുധനാഴ്ച രാവിലെയിത് 74.61 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 72.01 ഡോളറുമാണ്. ബുധനാഴ്ച രാവിലെ 70.53 ഡോളറായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.
ഇന്ത്യന്‍ രൂപ ഇന്നലെ
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അര ശതമാനം വെട്ടിക്കുറിച്ചതിന്റെ പിന്നാലെ രൂപ ഡോളറിനെതിരേ രണ്ടു മാസത്തെ ഉയരത്തിലെത്തി. ഇന്നലെ ഡോളറിന് 83.65 രൂപയായിരുന്നു വില. ബുധനാഴ്ചയിത് 83.76 രൂപയായിരുന്നു. ചൊവ്വാഴ്ച പത്തു പൈസയുടെ ഉയര്‍ച്ച രൂപ ഉണ്ടാക്കിയിരുന്നു.
ഇന്ത്യന്‍ ഓഹരി വിപണി റിക്കാര്‍ഡ് ഉയരത്തിലെത്തിയതും ക്രൂഡോയില്‍ വില കാര്യമായ വര്‍ധനയില്ലാതെ നില്‍ക്കുന്നതും രൂപയ്ക്കു കരുത്തു പകര്‍ന്നു. ഡോളറിന്റെ പൊതുവായ ക്ഷിണാവസ്ഥയും രൂപയുടെ മുന്നേറ്റത്തെ സഹായിച്ചു.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.