image

18 Sep 2024 2:03 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 18)

Joy Philip

Stock Market Today: Top 10 things to know before the market opens
X

Summary

ഫെഡ് തീരുമാനം ഇന്ന്: തിരുത്തലിനു കാരണമാകുമോ?


ഇന്ന് ഇന്ത്യന്‍ വിപണി അടച്ചതിനുശേഷം രാത്രിയിലാണ് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കു വെട്ടിക്കുറയ്ക്കല്‍ തീരുമാനം എത്തുക. അതായത് ഫെഡ് തീരുമാനത്തിന്റെ പ്രത്യാഘാതം വ്യാഴാഴ്ചത്തെ വ്യാപാരത്തിലെ ഇന്ത്യയില്‍ പ്രതിഫലിക്കൂ. സെപ്റ്റംബര്‍ 19-ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പത്രസമ്മേളനവുമുണ്ട്. ഇതു ഭാവി നീക്കങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളും ലഭിക്കും. ഇതു രണ്ടും വിപണി നീക്കത്തെ സ്വാധീനിക്കുന്നവയാണ്.

2020-നുശേഷം ഫെഡറല്‍ റിസര്‍വിന്റെ ആദ്യത്തെ പലിശ വെട്ടിക്കുറയ്ക്കല്‍ തീരുമാനമാണ് സെപ്റ്റംബര്‍ 18-ന് എത്തുന്നത്. ചൊവ്വാഴ്ച തുടക്കത്തില്‍ യുഎസ് വിപണി മികച്ച നേട്ടത്തിലായിരുന്നുവെങ്കില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തിയിരുന്നു. പലിശ കുറയ്ക്കലിന്റെ അളവു സംബന്ധിച്ച അനിശ്ചിതത്വമാണ് യുഎസ് വിപണിയെ പ്രത്യേകിച്ചു ഡൗ ജോണ്‍സിനെ ചുവപ്പിലേക്കു വീഴ്ത്തിയത്. സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ വേഗം കുറയുന്നതാണ് ഫെഡ് റിസര്‍വിനെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പലിശനിരക്ക് വെട്ടിക്കുറയ്ക്കല്‍ കാല്‍ ശതമാനമോ അതില്‍ കൂടുതലോ എന്നതാണ് വിപണിക്ക് അറിയേണ്ടത്.

ഇന്ത്യന്‍ വിപണിയുള്‍പ്പെടെയുള്ള ആഗോള വിപണികളെല്ലാം യുഎസ് പലിശനിരക്ക് വെട്ടിക്കുറവിന്റെ അളവിലേക്കാണ് ഉറ്റു നോക്കുന്നത്. ഇതു വിപണിയെ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യും.

ഇതിനൊരു മറുവശം കൂടിയുണ്ട്. കുത്തനെയുള്ള വെട്ടിക്കുറവ് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തെക്കുറിച്ചു സംശയം ജനിപ്പിക്കുമെന്നു ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുത്തുന്നു. അതും വിപണിയില്‍ വില്‍പ്പനയ്ക്കു വഴി തെളിക്കും.

ഇന്ത്യന്‍ വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കരുതുന്ന നിഫ്റ്റി ഫെഡറല്‍ റിസര്‍വിന്റെ പലിശ വെട്ടിക്കുറയ്ക്കല്‍ തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. റേഞ്ച് ബൗണ്ട് നീക്കത്തിനൊടുവില്‍ നിഫ്റ്റി 34.8 പോയിന്റ് മെച്ചത്തോടെ 25418.55 പോയിന്റില്‍ ക്ലോസ് ചെയ്തു. ആദ്യമായാണ് നിഫ്റ്റി 25400 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. റിക്കാര്‍ഡ് ക്ലോസിംഗാണിത്.

കഴിഞ്ഞ മൂന്നു ദിവസത്തെ വ്യാപാരദിനങ്ങളില്‍ നിഫ്റ്റിയുടെ നീക്കം നേരിയ റേഞ്ചിലായിരുന്നു. റിക്കാര്‍ഡ് ഉയരത്തില്‍ കണ്‍സോളിഡേഷന്‍ ശ്രമത്തിലാണ് നിഫ്റ്റി. നിഫ്റ്റിയുടെ ഇന്‍ട്രാ ഡേ വ്യതിയാനം നൂറു പോയിന്റിനു താഴെയാണ്. മെച്ചപ്പെട്ടു ക്ലോസ് ചെയ്തതെങ്കിലും നിഫ്റ്റി അനിശ്ചിതാവസ്ഥയിലാണ്. എങ്ങോട്ടു പോകണമെന്നറിയാതെ ശങ്കിച്ചു നില്‍ക്കുകയാണെന്നു പറയാം.

ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, എഫ്എംസിജി തുടങ്ങിയവയെല്ലാം നേരിയ തോതില്‍ പിന്തുണ നല്‍കിയപ്പോള്‍ മീഡിയ, മെറ്റല്‍, ഫാര്‍മ, പിഎസ്യു ബാങ്ക് തുടങ്ങിയവയില്‍ വില്‍പ്പന ദൃശമായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ ആദ്യമായി 83000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു. തലേദിവസത്തേക്കാള്‍ 90.88 പോയിന്റ് നേട്ടത്തോടെ 83079.66 പോയിന്റിലാണ് ക്ലോസ് ചെയ്തത്. റിക്കാര്‍ഡ് ക്ലോസിംഗാണിത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25450 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. ദുര്‍ബലമാണെങ്കില്‍പ്പോലും. ഇതിനു മുകളിലേക്കു നീങ്ങുകയാണെങ്കില്‍ 25560 പോയിന്റ് അടുത്ത റെസിസ്റ്റന്‍സായി വര്‍ത്തിക്കും. ഇതിനു മുകളിലേക്കു നീങ്ങുകയാണെങ്കില്‍ ഘട്ടംഘട്ടമായി 26000 പോയിന്റിലേക്കു

നിഫ്റ്റി എത്തും.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25220 പോയിന്റില്‍ പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 24850-24950 തലത്തിലാണ് പിന്തുണ കിട്ടുക.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 64.67 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായ രണ്ടാം ദിവസവും 52000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നലെ 35.5 പോയിന്റ് നേട്ടത്തോടെ 52188.65 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ക്ലോസിംഗ്.

ബാങ്ക് നിഫ്റ്റി ഇന്നും മെച്ചപ്പെടുകയാണെങ്കില്‍ 52485 പോയിന്റും തുടര്‍ന്ന് 52650 പോയിന്റും റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. ഇതിനു മുകളിലേക്കു പോയാല്‍ 52800 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 52000 പോയിന്റിലും 51650-51750 തലത്തിലും തുടര്‍ന്ന് 50950-51000 തലത്തിലും പിന്തുണയുണ്ടാകും.

ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 61.72 ആണ്. ബുള്ളീഷ് മോഡിലേക്കു തിരിച്ചുവന്നിരിക്കുകയാണ് ബാങ്ക് നിഫ്റ്റി.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 36.5 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിച്ചാല്‍ മതി.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്ന് (1.04 ശതമാനം) 12.59-ലെത്തി. തിങ്കളാഴ്ചയിത് 12.46 ആയിരുന്നു. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.3 ആയി ഉയര്‍ന്നു. തിങ്കളാഴ്ചയിത് 1.26 ആയിരുന്നു. ശക്തമായ ബുള്ളീഷ് ട്രെന്‍ഡിനെയാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായിരുന്നു. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.95 ശതമാനവും വിപ്രോ 1.22 ശതമാനവും താഴ്ന്നു. ഐസിഐസിഐ ബാങ്ക് 0.03 ശതമാനം താഴ്ന്നപ്പോള്‍ എച്ച് ഡിഎഫ്‌സി ബാങ്ക് 0.21 ശതമാനം മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.19 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.95 ശതമാനവും കുറഞ്ഞു. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 0.89 ശതമാനം മെച്ചപ്പെട്ടപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 1.58 ശതമാനം ഉയര്‍ന്നു.

യുഎസ് വിപണികള്‍

പോസീറ്റീവായി ക്ലോസ് ചെയ്ത യൂറോപ്യന്‍ വിപണിക്കു പിന്നാലെ ഓപ്പണ്‍ ചെയ്ത യുഎസ് വിപണി സൂചികകളെല്ലാം മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഫെഡ് റിസര്‍വ് തീരുമാനത്തിനു ഒരു ദിവസം ബാക്കിനില്‍ക്കേ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീസ് റിക്കാര്‍ഡ് ഉയരത്തിലെത്തിശേഷം അവസാന മണിക്കൂറുകളില്‍ ചുവപ്പിലേക്കു വീഴുകയായിരുന്നു. ഒരവസരത്തില്‍ 200-ലധികം പോയിന്റ് മെച്ചപ്പെട്ടു നിന്നതിനുശേഷമാണ് ഡൗ ജോണ്‍സ് ഇന്നലെ15.9 പോയിന്റ് താഴ്ന്ന് 41606.18 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്‍ട്രാ ഡേ വ്യാപാരത്തില്‍ 41835.28 പോയിന്റുവരെ എത്തിയിരുന്നു. ഇതു റിക്കാര്‍ഡ് ഉയരമാണ്.

അതേ സമയം നാസ്ഡാക് കോമ്പോസിറ്റും എസ് ആന്‍ഡ് പിയും ഒരേപോലെ ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഇന്നലെ നാസ്ഡാക് 35.93 പോയിന്റും (0.2 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 1.49 പോയിന്റും (0.13 ശതമാനം) നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

യുറോപ്യന്‍ വിപണികള്‍ പോസീറ്റീവായാണ് ഇന്നലെ ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 31.42 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 210.30 പോയിന്റും സിഎസി ഫ്രാന്‍സ് 37.98 പോയിന്റും ജര്‍മന്‍ ഡാക്‌സ് 97.58 പോയിന്റ്ും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് സമ്മിശ്രമാണ്.

ഏഷ്യന്‍ വിപണികള്‍

അവധിക്കുശേഷം തുറന്ന ജാപ്പനീസ് നിക്കി ചൊവ്വാഴ്ച രാവിലെ 21 പോയിന്റോളം മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തതെങ്കിലും ക്ലോസ് ചെയ്തത് 378.54 പോയിന്റ് ഇിടവോടെയാണ്. എന്നാല്‍ ഇന്നു രാവില 350 പോയിന്റോളം ഉയര്‍ന്ന് ഓപ്പണ്‍ ചെയ്ത നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 314.9 മെച്ചപ്പെട്ടു നില്‍ക്കുകയാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്സ് 62.7 പോയിന്റ്ും ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 7.90 പോയിന്റും മെച്ചത്തിലാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഇന്നലെ വിദേശനിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ നെറ്റ് വാങ്ങലുകാരായിരുന്നു.

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ ഇന്നലെ 13095.19 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 12612.5 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വില്‍ക്കല്‍ 482.69 കോടി രൂപ. ഇതോടെ ഇതുവരെയുള്ള അവരുടെ നെറ്റ് വാങ്ങല്‍ 16250.83 കോടി രൂപയായി ഉയര്‍ന്നു.

എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 10959.98 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 10085.83 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 874.15 കോടി രൂപ. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 11434.63 കോടി രൂപയുടേതാണ്.

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങല്‍ രീതിയില്‍ മാറ്റം വന്നിരിക്കുയാണ്. മൊമന്റം കുറഞ്ഞിരിക്കുന്നു. അതിന്റെ അര്‍ത്ഥം വിപണി ഏതാണ്ട് ഉയരത്തില്‍ എത്തിയിരിക്കുന്നുവന്നു തന്നെയാണ്. അതിനാല്‍ ജാഗ്രതയോടെ നിക്ഷേപകര്‍ നീങ്ങേണ്ടിയിരിക്കുന്നു.

സാമ്പത്തിക വാര്‍ത്തകള്‍

മൊത്തവിലക്കയറ്റത്തോത്: മൊത്തവിലസൂചിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഓഗസറ്റില്‍ 1.31 ശതമാനമായി. ജൂലൈയിലിത് 2.04 ശതമാനവും ജൂണില്‍ 3.36 ശതമാനവുമായിരുന്നു. മാനുഫാക്ചറിംഗ് ഉത്പന്നങ്ങളുടേയും ഭക്ഷ്യോത്പന്നങ്ങളുടേയും വില കുറഞ്ഞതാണ് മൊത്തവിലക്കയറ്റത്തോത് കുറച്ചത്.

കയറ്റുമതി വരുമാനം: രാജ്യത്തിന്റെ കയറ്റുമതി വരുമാനം ഓഗസ്റ്റില്‍ 6540 കോടി ഡോളറിലെത്തി, ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 6700 കോടി ഡോളറിനേക്കാള്‍ 2.38 ശതമാനം കുറവാണ്. അതേസമയം ഇറക്കുമതി മുന്‍വര്‍ഷമിതേ കാലയളവിലെ 7739 കോടി ഡോളറില്‍നിന്ന് 3.45 ശതമാനം വര്‍ധനയോടെ 8006 കോടി ഡോളറിലെത്തി. വ്യാപാരകമ്മി 2965 കോടി ഡോളറിലെത്തി. ഇക്കഴിഞ്ഞ ജൂലൈയിലിത് 2350 കോടി ഡോളറായിരുന്നു. ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി വരുമാനം 5.33 ശതമാനം വളര്‍ച്ചയോടെ 32886 കോടി ഡോളറിലെത്തി. നടപ്പുവര്‍ഷം 80000 കോടി ഡോളര്‍ കയറ്റുമതിയാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്.

കമ്പനി വാര്‍ത്തകള്‍

പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ്: പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലറിയുടെ ഓഹരി ഇന്നലെ എന്‍എസ്ഇയില്‍ 73 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ലിസ്റ്റിംഗ് 830 രൂപയ്ക്കായിരുന്നു. ആദ്യദിവസത്തെ ക്ലോസിംഗ് 793.3 രൂപയിലാണ്. ഇഷ്യുവില 480 രൂപയായിരുന്നു. കമ്പനി ഇഷ്യുവഴി 1100 കോടി രൂപ സമാഹരിച്ചു. മഹാരാഷ്ട്രയില്‍ 21 ഷോറൂമുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക ഉപയോഗിക്കുക. ഇഷ്യുവിന് 59.41 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു.

ബജാജ് ഹൗസിംഗ് ഫിനാന്‍സ്: തിങ്കളാഴ്ച ലിസ്റ്റ് ചെയ്തു ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഇന്നലെ 10 ശതമാനം കൂടി ഉയര്‍ന്നു. തിങ്കളാഴ്ച 165 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി 181.5 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇഷ്യു വിലയായ 70 രൂപയേക്കാള്‍ 135 ശതമാനം പ്രീമിയത്തോടെ 150 രൂപയിലായിരുന്നു ലിസ്റ്റിംഗ്.

ക്രൂഡോയില്‍ വില

ദുര്‍ബലമായ ആഗോള ഡിമാണ്ടും സുസ്ഥിര ലഭ്യതാ സാധ്യതയും ക്രൂഡോയില്‍ വില 2024-26 കാലയളവില്‍ കുറച്ചു നിര്‍ത്തുമെന്ന് ആഗോള ധനകാര്യ സേവന സ്ഥാപനമായ യുബിഎസിലെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. 2024 അവസാന ക്വാര്‍ട്ടറില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 75 ഡോളറിലേക്കു താഴുമെന്നാണ് വിലയിരുത്തല്‍. 2024-ലെ ശരാശരി വില 80 ഡോളറായിരിക്കുമെന്നും അവര്‍ പറയുന്നു. 2025. 2026 വര്‍ഷങ്ങളില്‍ ശരാശരി ക്രൂഡ് വില 75 ഡോളറായിരിക്കുമെന്നും അവര്‍ പറയുന്നു. നേരത്തെ കണക്കാക്കിയിരുന്ന ശരാശരി വില 80 ഡോളറായിരുന്നു. ഒപ്പെക് പ്ലസ് രാജ്യങ്ങളുടെ ഉത്പാദനവെട്ടിക്കുറവ് പുനസ്ഥാപിക്കുന്നത് 2027-ലേക്കു നീട്ടിവയ്ക്കുമെന്നും അവര്‍ വിലയിരുത്തുന്നു. അല്ലെങ്കില്‍ വില ഇതിനു താഴേയ്ക്കു പോകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 73.52 ഡോളറാണ്. ചൊവ്വാഴ്ച രാവിലെയിത് 72.88 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 71.01 ഡോളറുമാണ്. ചൊവ്വാഴ്ച രാവിലെ 70.39 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.

ഇന്ത്യന്‍ രൂപ ഇന്നലെ

റിക്കാര്‍ഡ് ഉയരത്തില്‍ നീങ്ങുന്ന ശക്തമായ ഇന്ത്യന്‍ ഓഹരി വിപണിയും വിദേശ, സ്വദേശ നിക്ഷേപകസ്ഥാപനങ്ങളുടെ ഓഹരി വാങ്ങലും ഇന്നലെ രൂപയ്ക്കു തുണയായി. മാത്രവുമല്ല ഇന്ത്യയിലെ മൊത്തവിലക്കയറ്റത്തോത് നാലു മാസത്തെ താഴ്ചയില്‍ ( 1.31 ശതമാനം) എത്തിയതും ഡോളര്‍ സൂചിക കുറഞ്ഞതും രൂപയെ നില മെച്ചപ്പെടുത്താന്‍ സഹായിച്ചു ഇന്നലെ പത്തു പൈസയോളം രൂപ മെച്ചപ്പെട്ടു. ഡോളറിന് 83.76 രൂപയായിരുന്നു ക്ലോസിംഗ്. തലേദിവസമിത് 83.86 ആയിരുന്നു. ഇന്‍ട്രാ ഡോ വ്യാപാരത്തില്‍ രൂപ ഒന്നര മാസത്തെ ഉയരത്തില്‍ ( 83.7) എത്തിയിരുന്നു. ഇനി ഫെഡ് തീരുമാനത്തിനായി ഫോറെക്സ് ട്രേഡര്‍മാരും നിക്ഷേപകരും കാത്തിരിക്കുകയാണ്

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.