17 Sep 2024 2:16 AM GMT
Summary
ഫെഡ് തീരുമാനത്തിനു കാത്ത് നിഫ്റ്റി
യുഎസ് വിപണി തന്നെയായിരിക്കും ആഗോള വിപണി നീക്കത്ത സ്വാധീനിക്കുക. പ്രത്യേകിച്ചും അടുത്ത രണ്ടു ദിനങ്ങളില്‍. ഇന്ത്യന്‍ ഓഹരി വിപണിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത്രയും ഉയരത്തിലെത്തിയ നിഫ്റ്റി റേഞ്ച് ബൗണ്ടായി നീങ്ങിയാലും അതിശയിക്കേണ്ടതില്ല. സെപ്റ്റംബര്‍ 17-18 തീയതികളിലാണ് എല്ലാവരും കാത്തിരിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗം. പതിനെട്ടിന് യോഗ തീരുമാനങ്ങള്‍ അറിയിക്കും. പിന്നാലെ 19-ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ പത്രസമ്മേളനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ലഭിക്കും.
യുഎസ് സമ്പദ്ഘടനയുടെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് വേഗം കുറഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പം ഉദ്ദേശിച്ച രീതിയില്‍ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്കു നീങ്ങുന്നുണ്ടെങ്കിലും ജോബ് മാര്‍ക്കറ്റിലെ മാന്ദ്യം പുതിയ റിസ്‌ക് ഉയര്‍ത്തുകയാണ്. ഈ വളര്‍ച്ചാ മാന്ദ്യത്തിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഉയര്‍ന്ന വായ്പാച്ചെലവാണ്. അതു പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഫെഡറല്‍ റിസര്‍വ്.
ഇന്ത്യന്‍ വിപണി
നിഫ്റ്റി ഇന്നലെ പുതിയ ഇന്‍ട്രാ ഡേ റിക്കാര്‍ഡ് ഉയരം സൃഷ്ടിച്ചേശഷം ( 25445.70 പോയിന്റ്) തലേ ദിവസത്തേക്കാള്‍ 27.25 പോയിന്റ് ഉയര്‍ന്ന് 25383.75 പോയിന്റില്‍ ക്ലോസ് ചെയ്തു. വിപണി കണ്‍സോളിഡേഷന്‍ ശ്രമത്തിലാണ്. ഇന്‍ട്രാ ഡേ വ്യതിയാനം 110 പോയിന്റോളമേ ഇന്നലെ ഉണ്ടായിരുന്നുള്ളു. വ്യാഴാഴ്ചത്തെ 25388.90 പോയിന്റാണ് റിക്കാര്‍ഡ് ക്ലോസിംഗ്. ഇതിനിടയിലും വ്യക്തിഗത ഓഹരികള്‍ പുതിയ ഉയരങ്ങളില്‍ എത്തുന്നുണ്ട്. ഏതാണ്ട് 380-ഓളം ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയിട്ടുണ്ട്.
മീഡിയ, മെറ്റല്‍സ്, റിയല്‍റ്റി തുടങ്ങിയ മേഖലകളില്‍ വലിയ വാങ്ങലുകള്‍ ദൃശ്യമായിരുന്നു. ഐടിയും എഫ്എംസിജിയും ഇന്നലെ ശക്തമായ വില്‍പന സമ്മര്‍ദ്ദമായിരുന്നു കണ്ടത്. ബാങ്ക്, കാപ്പിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവയും പിന്തുണ നല്‍കി. സ്മോള്‍ കാപ് ഓഹരികള്‍ സജീവമായിരുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ വീണ്ടും 83000 പോയിന്റിനു മുകളിലെത്തിയെങ്കിലും ക്‌ളോസിംഗ് 82989.78 പോയിന്റിലാണ്. തലേദിവസത്തേക്കാള്‍ 97.84 പോയിന്റ് നേട്ടത്തിലായിരുന്നു ക്ലോസിംഗ്. റിക്കാര്‍ഡ് ക്ലെസിംഗാണിത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സെന്‍സെക്സ് 83000 പോയിന്റിനു മുകളിലെത്തുന്നതെങ്കിലും ഇതുവരെ അതനു മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
തിങ്കളാഴ്ച ഇന്‍ട്രാഡേ റിക്കാര്‍ഡ് ഉയര്‍ച്ച സൃഷ്ടിച്ച നിഫ്റ്റി കണ്‍സോളിഡേഷന്‍ മനോഭാവത്തിലാണ്. നിഫ്റ്റി ഇന്നലെ ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവും സൃഷ്ടിച്ചിരിക്കുകയാണ്. ഇത് വിപണിയുടെ പോസീറ്റീവ് മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. എങ്കിലും 253400 പോയിന്റ് റെസിസ്റ്റന്‍സായി മാറിയിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ തുടര്‍ച്ചയായ മൂന്നാം ദവസമാണ് ഈ റെസിസ്റ്റന്‍സിനു താഴെ ക്ലോസ് ചെയ്യുന്നത്. നിഫ്റ്റി ഇതിനുമുകളില്‍ നിശ്ചയദാര്‍ഢ്യത്തോടെ എത്തിയാല്‍ മാത്രമേ അടുത്ത ലക്ഷ്യമായ 26000 പോയിന്റിലേക്ക് നീങ്ങുവാന്‍ സാധിക്കുകയുള്ളു.
നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25450 പോയിന്റില്‍ തീര്‍ച്ചയായും ശക്തമായ റെസിസ്റ്റന്‍സ് ഉണ്ടാവും. ഇതിനു മുകളിലേക്കു നീങ്ങുകയാണെങ്കില്‍ 25600 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത റെസിസ്റ്റന്‍സ് 26000 പോയിന്റ് ചുറ്റളവിലാണ്.
നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25290 പോയിന്റിലും 25150-25220 തലത്തില്‍ പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 24850-24950 തലത്തിലാണ് പിന്തുണ.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 63.90 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്. വെള്ളിയാഴ്ച 165.65 പോയിന്റ് നേട്ടമുണ്ടാക്കിയ ബാങ്ക് നിഫ്റ്റി ഇന്നലെ 215.10 പോയിന്റ് നേട്ടത്തോടെ 52153.15 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിതെന്നു മാത്രല്ല, 52000 പോയിന്റിനു മുകളിലേക്കു തിരിച്ചുവന്നിരിക്കുന്നുവെന്നതുകൂടിയാണ്. ജൂലൈ 20-ന് ശേഷം ആദ്യമായാണ് ബാങ്ക് നിഫ്റ്റി 52000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്.
ബാങ്ക് നിഫ്റ്റി ഇന്നും മെച്ചപ്പെടുകയാണെങ്കില്‍ 52350 പോയിന്റും തുടര്‍ന്ന് 52550 പോയിന്റും റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. ഇതിനു മുകളിലേക്കു പോയാല്‍ 52800 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 51650-51800 തലത്തിലും തുടര്‍ന്ന് 50900-51000 തലത്തില്‍ മോശമല്ലാത്തെ പിന്തുണയുണ്ടാകും.
ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 61.37 ആണ്. ബുള്ളീഷ് മോഡിലേക്കു തിരിച്ചുവന്നിരിക്കുകയാണ് ബാങ്ക് നിഫ്റ്റി.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 5 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. ഫ്‌ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിച്ചാല്‍ മതി.
ഇന്ത്യ വിക്‌സ്
ഇന്ത്യ വിക്‌സ് ഇന്നലെയും നേരിയ തോതില്‍ കുറഞ്ഞ് 12.46-ലെത്തി. വെള്ളിയാഴ്ചയിത് 12.55 ആയിരുന്നു. വ്യാഴാഴ്ചയിത് 13.19 ആയിരുന്നു. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.26 ആയി കുറഞ്ഞു. വെള്ളിയാഴ്ചയിത് 1.33 ആയിരുന്നു. ശക്തമായ ബുള്ളീഷ് ട്രെന്‍ഡിനെയാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായിട്ടാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.04 ശതമാനം കുറഞ്ഞപ്പോള്‍ വിപ്രോ 0.3 ശതമാനം മെച്ചപ്പെട്ടു. വിപ്രോ വെള്ളിയാഴ്ച 3.14 ശതമാനം ഉയര്‍ന്നിരുന്നു. ഐസിഐസിഐ ബാങ്ക് 1.11 ശതമാനവും എച്ച് ഡിഎഫ്‌സി ബാങ്ക് 0.42 ശതമാനം മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.86 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.31 ശതമാനവും കുറഞ്ഞു. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 0.56 ശതമാനം മെച്ചപ്പെട്ടപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 1.56 ശതമാനം കുറഞ്ഞാണ് ക്ലോസ് ചെയ്തത്.
യുഎസ് വിപണികള്‍
യൂറോപ്യന്‍ വിപണിക്കു പിന്നാലെ ഓപ്പണ്‍ ചെയ്ത യുഎസ് വിപണി ഇന്നലെ റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ്. പോസീറ്റീവായി ഓപ്പണ്‍ ചെയ്ത ഡൗ സൂചിക തുടര്‍ച്ചയായി മുന്നേറുകയും 41733.97 എന്ന റിക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും ശേഷം 41622.08 പോയിന്റില്‍ ക്ലോസ് ചെയ്തു. റിക്കാര്‍ഡ് ക്ലോസിംഗാണിത്. ഇന്നലെ ഡൗ 228.3 പോയിന്റ് (0.55ശതമാനം) നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫെഡറല്‍ റിസര്‍വിന്റെ പലിശ വെട്ടിക്കുറയ്ക്കല്‍ നയം സെപ്റ്റംബര്‍ 18-ന് വരാനിരിക്കെയാണ് ഡൗ റിക്കാര്‍ഡ് ഉയര്‍ച്ചയിലെത്തിയത്.
അതേ സമയം നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ 91.85 പോയിന്റ് (0.52 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഐ-ഫോണ്‍ വില്‍പ്പന സംബന്ധിച്ച വിലയിരുത്തലുകള്‍ ആപ്പിള്‍ ഓഹരിയില്‍ ശക്തമായ ഇടിവുണ്ടാക്കിയതാണ് ടെക് ഓഹരികള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. തുടര്‍ച്ചയായ അഞ്ചു ദിവസത്തെ മുന്നേറ്റത്തിനാണ് തട വീണത്. എസ് ആന്‍ഡ് പി 500 സൂചിക 7.07 പോയിന്റ് (0.13 ശതമാനം) നേട്ടത്തിലും ക്ലോസ് ചെയ്തു.
യുറോപ്യന്‍ വിപണികള്‍ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 5.35 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 1.51 പോയിന്റും ഉയര്‍ന്നു ക്ലോസ് ചെയ്തപ്പോള്‍ സിഎസി ഫ്രാന്‍സ് 15.81 പോയിന്റും ജര്‍മന്‍ ഡാക്‌സ് 70.66 പോയിന്റ്ും താഴ്ചയിലാണ് ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സില്‍ ഭൂരിപക്ഷവും ചുവപ്പിലാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
അവധിക്കുശേഷം തുറന്ന ജാപ്പനീസ് നിക്കി ഇന്നു രാവിലെ 21 പോയിന്റോളം മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ നിക്കി 411.9 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്സ് 62.7 പോയിന്റ് മെച്ചത്തിലാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
വെള്ളിയാഴ്ചത്തേതില്‍നിന്നു വ്യത്യസ്തമായി വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ നെറ്റ് വില്‍പ്പനക്കാരായിരുന്നു. ഇന്നലെ അവര്‍ 8617.1 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 10252.08 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വില്‍ക്കല്‍ 1634.98 കോടി രൂപ. ഇതോടെ ഇതുവരെയുള്ള അവരുടെ നെറ്റ് വാങ്ങല്‍ 15768.14 കോടി രൂപയായി താഴ്ന്നു.
ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ നേരിയ തോതില്‍ നെറ്റ് വാങ്ങലുകാരായിരുന്നു. ഇന്നലെ അവര്‍ 10025.07 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 9270.98 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 754.09 കോടി രൂപ. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 10560.48 കോടി രൂപയുടേതാണ്.
ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങല്‍ രീതിയില്‍ മാറ്റം വന്നിരിക്കുയാണ്. മൊമന്റം കുറഞ്ഞിരിക്കുന്നു. അതിന്റെ അര്‍ത്ഥം വിപണി ഏതാണ്ട് ഉയരത്തില്‍ എത്തിയിരിക്കുന്നുവന്നു തന്നെയാണ്. അതിനാല്‍ ജാഗ്രതയോടെ നിക്ഷേപകര്‍ നീങ്ങേണ്ടിയിരിക്കുന്നു.
കമ്പനി വാര്‍ത്തകള്‍
ബജാജ് ഫിനാന്‍സ്: ബജാജ് ഹൗസിംഗ് ഫിനാന്‍സ് ലിസ്റ്റിംഗ് ദിനമായ ഇന്നലെ 114 ശതമാനത്തോളം പ്രീമിയത്തില്‍ 150 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇഷ്യു വില 70 രൂപയായിരുന്നു. ക്ലോസിംഗ് ദിവസത്തെ ഏറ്റവും ഉയരമായ 165 രൂപയിലാണ്.
ടോളിന്‍സ് ടയേഴ്സ്: ബിഎസ് ഇയില്‍ ടോളിന്‍സ് ടയേഴ്സ് ഒരു ശതമാനത്തോളം പ്രീമിയത്തോടെ 228 രൂപയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വില 226 രൂപയായിരുന്നു. ഇഷ്യുവിന് 23.61 ഇരട്ടിഅപേക്ഷകള്‍ ലഭിച്ചിരുന്നു. ക്ലോസിംഗ് 239.4 രൂപയിലാണ്. ദിവസത്തെ ഉയര്‍ന്ന വിലയും അതുതന്നെയാണ്.
ക്രോസ് ലിമിറ്റഡ്: എന്‍എസ്ഇയില്‍ ക്രോസ് ലിമിറ്റഡ് 240 രൂപയിലാണ്. ഇഷ്യുവിലയും 240 രൂപ തന്നെയായിരുന്നു. ക്ലോസിംഗ് 259.81 രൂപയിലാണ്. ദിവസത്തെ ഉയര്‍ന്ന വില 270.69 രൂപയാണ്.
ക്രൂഡോയില്‍ വില
ഡിമാണ്ട് വളര്‍ച്ച കുറയുന്നതു സംബന്ധിച്ച ആശങ്കള്‍ ക്രൂഡോയില്‍ വിപണി അനിശ്ചിതാവസ്ഥിയില്‍ നീങ്ങുകയാണ്. എങ്കിലും ഓഗസ്റ്റിലെ ചൈനീസ് സമ്പദ്ഘടനയുടെ നില മെച്ചമാണെന്ന വിലയിരുത്തലില്‍ ക്രൂഡോയില്‍ വില 70 ഡോളറിനു മുകളിലേക്ക് നീങിയിരിക്കുകയാണ്.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 72.88 ഡോളറാണ്. തിങ്കളാഴ്ച രാവിലെയിത് 71.70 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 70.39 ഡോളറുമാണ്. തിങ്കളാഴ്ച രാവിലെ 68.85 ഡോളറായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.
ഇന്ത്യന്‍ രൂപ ഇന്നലെ
യുഎസ് ഡോളര്‍ മറ്റു കറന്‍സികള്‍ക്കെതിരേ ദുര്‍ബലമായത് രൂപയ്ക്കു തുണയായി. ക്രൂഡോയില്‍ വില താഴ്ന്നു നില്‍ക്കുന്നതും രൂപയുടെ ക്ഷീണം കുറയ്ക്കുവാന്‍ സഹായിച്ചു. ഇന്നലെ ആറു പൈസയോളം മെച്ചപ്പെട്ട ഡോളറിന് 83.86 രൂപയായി. വെള്ളിയാഴ്ച ഡോളറിന് 83.92 രൂപയായിരുന്നു. എല്ലാ മേഖലയിലുമുള്ളവര്‍ ബുധനാഴ്ചത്തെ ഫെഡറല്‍ റിസര്‍വ് പോളിസിക്കായി കാക്കുകയാണ്. യുഎസ് ഡോളറിന്റെ തുടരുന്ന ക്ഷീണാവസ്ഥ രൂപയ്ക്കു കുറച്ചുകൂടി ശക്തിനേടാന്‍ സഹായിക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായം.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.