image

13 Sep 2024 2:06 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 13)

Joy Philip

Trade Morning
X

Summary

റിക്കാര്‍ഡ് ഉയരത്തിലും കരുത്തു കുറയാതെ നിഫ്റ്റി?


യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് വെട്ടിക്കുറയ്ക്കല്‍ തന്നെയാണ് വിപണിയ്ക്ക് ഇപ്പോഴും മുഖ്യ ദിശ നല്‍കുന്നത്. യുഎസ് വിപണിയില്‍നിന്നുള്ള സാമ്പത്തിക വാര്‍ത്തകള്‍ അവിടുത്തെ സാമ്പത്തിക വളര്‍ച്ചമാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക കുറച്ചിരിക്കുകയാണ്. യുഎസ് സമ്പദ്ഘടനയ്ക്ക് ഊര്‍ജം നല്‍കുന്ന വിധത്തില്‍ ഫലിശ നിരക്കില്‍ ഫെഡറല്‍ റിസര്‍വ് കുറവു വരുത്തുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. യുഎസ് കോര്‍ ഇന്‍ഫ്ളേഷന്‍ മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ചയില്‍ എത്തിയിട്ടുണ്ട്. യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ചതും വിപണിയില്‍ ഉത്സാഹം പകര്‍ന്നു.

ആഭ്യന്തര കാര്യങ്ങളേക്കാള്‍ ആഗോള സംഭവവികാസങ്ങളാണ് ഇന്ത്യന്‍ വിപണിക്ക് ഇപ്പോള്‍ ദിശ നല്‍കുന്നത്. ഇന്ത്യന്‍ ചില്ലറവിലക്കയറ്റത്തോത് ഓഗസ്റ്റില്‍ നേരിയഉയര്‍ച്ച കാണിച്ചെങ്കിലും റിസര്‍വ് ബാങ്കിന്റെ ലക്ഷ്യത്തിനു താഴെയാണ്. ജൂലൈയിലെ ഐഐപി വളര്‍ച്ച 4.8 ശതമാനമാണ്. മുന്‍വര്‍ഷം ജൂലൈയിലിത് 6.2 ശതമാനമായിരുന്നു.

ഇന്ത്യന്‍ വിപണി ഇന്നലെ

റിക്കാര്‍ഡ് ഉയരത്തിലായിരുന്നു ഇന്നലെ ഇന്ത്യന്‍ വിപണി. വ്യാപാര സമയത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും റേഞ്ച് ബൗണ്ടായി നീങ്ങിയ ഇന്ത്യന്‍ വിപണി അവസാന രണ്ടു മണിക്കൂറില്‍ കുത്തനെ ഉയരുകയായിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ചത് വിപണിക്ക് ഉത്സാഹം നല്‍കി. യുഎസ് നടത്താന്‍ പോകുന്ന പലിശ വെട്ടിക്കുറവിന്റെ ഒരു ട്രയല്‍ ആയി ഇതിനെ കാണാം. കൂടാതെ ചൈന 5 ലക്ഷം കോടി ഡോളറിന്റെ മോര്‍ട്ട്ഗേജ് നിരക്ക് 0.5 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന വാര്‍ത്തയും വിപണിക്കു കരുത്തായി. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ സ്റ്റെഡിയായി വാങ്ങല്‍ വര്‍ധിപ്പിക്കുന്നതും വിപണിക്കു കരുത്തു നല്‍കി.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെ റിക്കാര്‍ഡ് ഉയരവും റിക്കാര്‍ഡ് ക്ലോസിംഗും സൃഷ്ടിച്ചു. ഇന്നലെ രാവിലെ 25000 പോയിന്റിനു മുകളില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി ഇതുവരെയുള്ള റിക്കാര്‍ഡ് ഉയര്‍ച്ചയായ 25333.6 പോയിന്റിനു മുകളിലേക്കു ഉച്ചകഴിഞ്ഞു നീങ്ങുകയായിരുന്നു. ഒരവസരത്തില്‍ 24941 പോയിന്റു വരെ നിഫ്റ്റി താഴ്ന്നിരുന്നു. ക്ലോസിംഗ് 470.45 പോയിന്റ് മെച്ചപ്പെട്ട് 25388.9 പോയിന്റിലാണ്.

എല്ലാ മേഖലകളിലുമുള്ള ഓഹരികളുടെ പിന്തുണയോടെയാണ് ഇന്ത്യന്‍ വിപണി പുതിയ ഉയരങ്ങളില്‍ എത്തിയിട്ടുള്ളത്. ബാങ്ക്, ഐടി, ഓട്ടോ,മെറ്റല്‍,ധനകാര്യ സേവനം, എഫ്എം സിജി തുടങ്ങിയ മേഖലകളെല്ലാം വിപണിക്കു ശക്തമായ പിന്തണയാണ് നല്‍കിയത്. എല്ലാ സെക്ടര്‍ സൂചികകളും പോസീറ്റീവായാണ് ക്ലോസ് ചെയ്തത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ആദ്യമായി 83000 പോയിന്റിനു മുകളിലെത്തിയിരിക്കുകയാണ്. ശേഷം 82962.71 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേദിവസത്തേക്കാള്‍ 1439.55 പോയിന്റ് (1.77 ശതമാനം) മെച്ചത്തിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. റിക്കാര്‍ഡ് ഉയര്‍ച്ചയാണിത്.

ബിഎസ്ഇയില്‍ 128 കമ്പനികളുടെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയരത്തില്‍ ക്ലോസ് ചെയ്തു. ഇതില്‍ 29 എണ്ണം ഗ്രൂപ്പ് എയില്‍നിന്നാണ്. ബജാജ് ഓട്ടോ, എയര്‍ടെല്‍ കോഫോര്‍ജ്, ഗ്ലെന്‍മാര്‍ക്ക് തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

എല്ലാ റെസിസ്റ്റന്‍സുകളും പിന്നിട്ട് നിഫ്റ്റി റിക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും ക്ലോസ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. യുഎസ് പണനയത്തിന്റേയും ഇന്ത്യന്‍ പണപ്പെരുപ്പക്കണക്കുകളുടേയും അടിസ്ഥാനത്തില്‍ നിഫ്റ്റിയിലെ ഉത്സാഹത്തിന് ഇനിയും കോട്ടമുണ്ടായിട്ടില്ല.

നിഫ്റ്റിക്ക് ഇന്നു ഉയരുകയാണെങ്കില്‍ 25500 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത റെസിസ്റ്റന്‍സ് 25900 ചുറ്റളവിലാണ്. 26000 പോയിന്റിലേക്ക് താമസിയാതെ എത്തിയാലും അതിശയിക്കേണ്ട.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 2513-25220 തലത്തില്‍ പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 24850-24950 തലത്തിലും പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 64.47 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: 51400 പോയിന്റില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടിരുന്ന ബാങ്ക് നിഫ്റ്റി ഇന്നലെ അതു മറികടന്നിരിക്കുകയാണ് . ഇന്നലെ 762.4 പോയിന്റ് നേട്ടത്തോടെ 51772.40 പോയിന്റില്‍ ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണ്. എന്നാല്‍ 52000 പോയിന്റിനു മുകളിലേക്കു കടക്കുവാന്‍ ഇന്നലെ വ്യാപാരത്തിന്റെ ഒരു സമയത്തും സാധിച്ചില്ല.

ബാങ്ക് നിഫ്റ്റി ഇന്നും മെച്ചപ്പെടുകയാണെങ്കില്‍ 52000 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. അടുത്തത് 52350 പോയിന്റും 52550 പോയിന്റും റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. ഇതിനു മുകളിലേക്കു പോയാല്‍ 52740-52800 തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 51500 പോയിന്റിലും തുടര്‍ന്ന് 51200 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം. 50900-51000 തലത്തില്‍ മോശമല്ലാത്തെ പിന്തുണയുണ്ടാകും.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 57.69 ആണ്. ബുള്ളീഷ് മോഡിലേക്കു തിരിച്ചുവന്നിരിക്കുകയാണ് ബാങ്ക് നിഫ്റ്റി.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 18.5 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. ഫ്ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിച്ചാല്‍ മതി.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 3.26 ശതമാനം ഇടിവോടെ 13.18ലെത്തി. ബുധനാഴ്ചയിത് 13.63 ആയിരുന്നു. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വ്പിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.08 ആണ്. ബുധനാഴ്ചയിത് 0.96-ആയിരുന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെയും സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി കമ്പനികളായ ഇന്‍ഫോസിസ് 1.44 ശതമാനവും വിപ്രോ 2.75 ശതമാനവും മെച്ചപ്പെട്ടു. ഐസിഐസിഐ ബാങ്ക് 1.47 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 2.11 ശതമാനവും ഡോ. റെഡ്ഡീസ് 1.25 ശതമാനവും നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.27 ശതമാനം കുറഞ്ഞു. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 1.38 ശതമാനം ഉയര്‍ന്നപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 0.94 ശതമാനം താഴ്ന്നു.

യുഎസ് വിപണികള്‍

തുടര്‍ച്ചയായ രണ്ടാം ദിവസവും യുഎസ് ഓഹരി വിപണി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഇന്നലെ വന്ന കോര്‍ പ്രൊഡ്യൂശര്‍ പ്രൈസ് സൂചിക 0.3 ശതമാനം ഉയര്‍ന്നു ( അനുമാനം 0.2 ശതമാനം), പ്രതിവാര തൊഴിലില്ലായ്മ ക്ലെയിം നേരിയ തോതില്‍ ഉയരുകയും ചെയ്തു. ഇതു രണ്ടും അനുമാനത്തിനനുസരിച്ചാണ് നീങ്ങിയിട്ടുള്ളത്. ഇതു തുടക്കത്തില്‍ ഡൗ സൂചികയെ താഴേയ്ക്കു നീക്കിയെങ്കിലും ടെക് ഓഹരികളുടെ പിന്‍ബലത്തില്‍ തിരിച്ചുവരവിനു കളമൊരുക്കുകയായിരുന്നു. പലിശ വെട്ടിക്കുറയ്ക്കലിനു ശക്തി കൂട്ടുമന്ന വിലയിരുത്തലാണ് വിപണിക്കു ശക്തി പകര്‍ന്നത്. സെപ്റ്റംബര്‍ 18-നാണ് ഫെഡറല്‍ റിസര്‍വ് യോഗം തീരുമാനം പുറത്തുവിടുക.

ബുധനാഴ്ച അവസാനഭാഗത്ത് ശക്തമായി തിരിച്ചുവന്ന ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെയും ആ മുന്നേറ്റം തുടര്‍ന്നു. ഇന്നലെ 235.06 പോയിന്റ് ( 0.58 ശതമാനം) മെച്ചത്തില്‍ ഡൗ 41096.77 പോയിന്റില്‍ ക്ലോസ് ചെയ്തു. ദിവസങ്ങള്‍ക്കുശേഷം 41000 പോയിന്റിനു മുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. റിക്കാര്‍ഡ് ഉയര്‍ച്ച 41585 പോയിന്റാണ്.

എന്‍വിഡിയ ഉള്‍പ്പെടെയുള്ള ടെക് ഓഹരികള്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ തുടര്‍ച്ചയായ ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്നലെ 174.45 പോയിന്റ് (1.0 ശതമാനം) മെച്ചപ്പെട്ടപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 41.63 പോയിന്റ് (0.75 ശതമാനം) നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം നല്ല തോതില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കാല്‍ ശതമാനം പലിശ കുറച്ചതിനെത്തുടര്‍ന്ന് യുറോപ്യന്‍ വിപണികളെല്ലാം ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എന്നാല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് 2024-ല്‍ 0.1 ശതമാനം കണ്ടു കുറയുമെന്ന ഇസിബി വിലയിരുത്തല്‍ വിപണിയുടെ കുതിപ്പിന്റെ ശക്തികുറച്ചു. എഫ്ടിഎസ്ഇ യുകെ 47.03 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 279.36 പോയിന്റും സിഎസി ഫ്രാന്‍സ് 38.24 പോയിന്റും താഴ്ന്നപ്പോള്‍ ജര്‍മന്‍ ഡാക്സ് 188.12 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

എന്നാല്‍ യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

ഏഷ്യന്‍ വിപണികള്‍

വ്യാഴാഴ്ച ആയിരത്തി ഇരുന്നൂറോളം പോയിന്റിലധികം ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ 50 പോയിന്റോളം മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 165.37 പോയിന്റ് താഴെയാണ്. കൊറിയന്‍ കോസ്പി 3.67 പോയിന്റും സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്സ് 57.96 പോയിന്റും മെച്ചപ്പെട്ടു നില്‍ക്കുമ്പോള്‍ ചൈനീസ് ഷാങ്ഹായ് സൂചിക 4.67 പോയിന്റു താഴ്ന്നു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ വന്‍ വാങ്ങലാണ് നടത്തിയത്. ഇന്നലെ 23301.02 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 15606.02 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വാങ്ങല്‍ 7695 കോടി രൂപ. ഇതോടെ ഇതുവരെയുള്ള അവരുടെ നെറ്റ് വാങ്ങല്‍ 15065.3 കോടി രൂപയായി ഉയര്‍ന്നു.

അത്സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ നെറ്റ് വില്‍പ്പനക്കാരായിരുന്നു. ഇന്നലെ അവര്‍ 13690.6 കോടി രൂപയുടെ ഓഹരികള്‍ വാങ്ങകുകയും 15491.14 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വില്‍പ്പന 1800.54 കോടി രൂപ. ഇതോടെ സെപ്റ്റംബര്‍ 12 വരെ ഇവരുടെ നെറ്റ് വാങ്ങല്‍ 7274.21 കോടി രൂപയായി. 2024-ല്‍ ഇതുവരെ വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വില്‍ക്കല്‍ 1.30 ലക്ഷം കോടി രൂപയും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 3.16 ലക്ഷം കോടി രൂപയുടെ ഓഹരികളുമാണ്.

സാമ്പത്തിക വാര്‍ത്തകള്‍

ചില്ലറവിലക്കയറ്റത്തോത്: ഓഗസ്റ്റിലെ ചില്ലറവിലക്കയറ്റത്തോത് നേരിയ തോതില്‍ ഉയര്‍ന്ന് 3.65 ശതമാനത്തിലെത്തി. ജൂലൈയിലിത് 3.5 ശതമാനമായിരുന്നു. എങ്കിലും ഇതു റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്ന നാലു ശതമാനത്തനു താഴെയാണ് മുന്‍വര്‍ഷം ഓഗസ്റ്റിലിത് 6.83 ശതമാനമായിരുന്നു ഭക്ഷ്യവിലക്കയറ്റം നേരിയ തോതിലുയര്‍ന്നതാണ് പണപ്പെരുപ്പമുയര്‍ത്തിയത്. ഓഗസ്റ്റിലെ ഭക്ഷ്യവിലക്കയറ്റത്തോത് 5.66 ശതമാനമാണ്. ജൂലൈയിലിത് 5.42 ശതമാനമായിരുന്നു.

വ്യാവസായികോത്പാദനം: മൈനിംഗ് , മാനുഫാക്ചറിംഗ് മേഖലയുടെ മോശം പ്രകടനം മൂലം ജൂലൈയിലെ വ്യാവസായികോത്പാദന വളര്‍ച്ച നേരിയ തോതില്‍ കുറഞ്ഞു. ജൂലൈയിലെ ഐഐപി വളര്‍ച്ച 4.8 ശതമാനമാണ്. മുന്‍വര്‍ഷം ജൂലൈയിലിത് 6.2 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ 4.7 ശതമാനവും. എന്നാല്‍ ഏപ്രില്‍- ജൂലൈയില്‍ വളര്‍ച്ച മുന്‍വര്‍ഷത്തെ 5.1 ശതമാനത്തില്‍നിന്ന് 5.2 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്: യൂറോപ്യന്‍ കേന്ദ്രബാങ്ക് വീണ്ടും പലിശ നിരക്ക് കുറച്ചു. പണപ്പെരുപ്പം കുറഞ്ഞതും ( 2.2 ശതമാനം) സാമ്പത്തിക വളര്‍ച്ചാത്തോത് ദുര്‍ബലമാകുന്നതുമാണ് സെന്‍ട്രല്‍ ബാങ്കിനെ കാല്‍ ശതമാനം പലിശ നിരക്കു കുറയ്ക്കുവാന്‍ പ്രേരിപ്പിച്ചത്. പുതിയ നിരക്ക് 3.5 ശതമാനമാണ്. 2024-ലെ ജിഡിപി വളര്‍ച്ച 0.1 ശതമാനം കുറച്ച് 0.8 ശതമാനമായിരിക്കുമെന്ന് ഇസിബി കണക്കാക്കുന്നു. 2025-ല്‍ 1.3 ശതമാനവും 2026-ല്‍ 1.5 ശതമാനവും വളര്‍ച്ചയാണ് ഇസിബി കണക്കാക്കുന്നത്.

ക്രൂഡോയില്‍ വില

എണ്ണ ഉത്പാദനമേഖലയായ യുഎസ് ഗള്‍ഫ് മെക്സികോയില്‍ രൂപപ്പെട്ട ഫ്രാന്‍സൈന്‍ചുഴലിക്കാറ്റിന്റെ പിന്‍ബലത്തില്‍ ക്രൂഡോയില്‍ ഫ്യൂച്ചേഴ്സ് മെച്ചപ്പെട്ടിട്ടുണ്ട്. ഉത്പാദനത്തിന്റെ 40 ശതമാനത്തോളം അടച്ചിട്ടിരിക്കുകയാണ്. വില വര്‍ധനയ്ക്കു കാരണമായി. ബെയറീഷ് പൊസിഷന്‍ എടുത്തിരുന്ന ട്രേഡര്‍മാര്‍ അതു കവര്‍ ചെയ്തതാണ് വില ഉയര്‍ത്തിയത്. എന്നാല്‍ ഈ വര്‍ഷം ഡിമാണ്ട് വളര്‍ച്ച പ്രതിദിനം 970000 ബാരല്‍ കുറവായിരിക്കുമെന്ന് ഐഇഎ വിലയിരുത്തുന്നു.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 72.33 ഡോളറാണ്. വ്യാഴാഴ്ച രാവിലെയിത് 70.87 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 69.4 ഡോളറുമാണ്. വ്യാഴാഴ്ച രാവിലെ 67.53 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.

ഇന്ത്യന്‍ രൂപ ഇന്നലെ

റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടല്‍ രൂപയെ ഡോളറിനെതിരേ 84 രൂപയ്ക്കു താഴേയ്ക്കു പോകാതെ നിലനിര്‍ത്തുകയാണ്. ഇന്നലെ ഡോളറിന് 83.96 രൂപയായിരുന്നു. ബുധനാഴ്ചയിത് 83.97 രൂപയായിരുന്നു. ഇന്നലെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ മികച്ച നെറ്റ് വാങ്ങല്‍ നടത്തിയതും രൂപയ്ക്ക് ആശ്വാസം പകര്‍ന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.