11 Sep 2024 2:04 AM GMT
Summary
ജാഗ്രതയോടെ ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി ആഗോള വിപണിയുടെ കാല്‍പ്പാടുകളെ നിശബ്ദമായി പിന്തുടരുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി കാണുന്നത്. പ്രത്യേകിച്ചും യുഎസ് വിപണിയിലെ നീക്കങ്ങളെ. യുഎസ് വപണിയുടെ തിരിച്ചുവരവ് കഴിഞ്ഞ രണ്ടു ദിസവങ്ങളില്‍ ഇന്ത്യന്‍ വിപണിയല്‍ പ്രതിഫലിക്കുകയും ചെയ്തു.യുഎസ് പലിശ നിരക്കില്‍ വെട്ടിക്കുറവു വരുത്തുന്നത് യുഎസ് സമ്പദ്ഘടനയിലെ വളര്‍ച്ചാ മാന്ദ്യഭീതി കുറയ്ക്കുമെന്ന വിലയിരുത്തലാണ് തിങ്കളാഴ്ച യുഎസ് വിപണിയെ തിരികെ കൊണ്ടുവന്നത്. ഇന്നു രാവിലെ യുഎസ് പണപ്പെരുപ്പക്കണക്കുകള്‍ എത്തുകയാണ്. അതിന്റെ മുന്നോടിയായിട്ടാണ് ഇന്നലെ ഡൗ നേരിയ തോതില്‍ ഇന്നലെ താഴ്ന്നത്. സെപ്റ്റംബര്‍ 18-ന് പലിശ നിരക്കു കുറയ്ക്കുമെങ്കിലും അതുസാമ്പത്തിക സൂചകങ്ങളെ ആശ്രയിച്ചായിരിക്കുമെന്നു ഓഗസ്റ്റില്‍ ഫെഡ് മേധാവി ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. വഷളായ ജോബ് മാര്‍ക്കറും കുറയുന്ന പണപ്പെരുപ്പവും മെച്ചപ്പെട്ട വെട്ടിക്കുറയ്ക്കലിനു ( അര ശതമാനം) ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുമെന്നു 31 ശതമാനം വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
ചൈനീസ് കയറ്റുമതി ഓഗസ്റ്റില്‍ 8.7 ശതമാനവും ഇറക്കുമതി 0.5 ശതമാനവും വളര്‍ച്ച നേടി. ജൂലൈയിലിത് 6.5 ശതമാനവും രണ്ടുശതമാനവും വീതമായിരുന്നു.
ഏതായാലും എല്ലാ കണ്ണുകളും ഇനി പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളിലേക്കാണ്. ഇത് ഫെഡറല്‍ റിസര്‍വിന്റെ പലിശ വെട്ടിക്കുറയ്ക്കല്‍ തീരുമാനത്തെ സ്വാധീനിക്കുന്ന പ്രധാന സംഗതികളിലൊന്നാണ്.
ഇന്ത്യന്‍ വിപണി ഇന്നലെ
ഐടി, കാപ്പിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മിക്കവാറും മേഖലയുടെ പിന്തുണയോടെയാണ് ഇന്നലെ ഇന്ത്യന്‍ വിപണി 25000 പോയിന്റിനു മുകളിലേക്ക് കടന്നു വന്നിട്ടുള്ളത്. വെള്ളിയാഴ്ച്ചത്തെ ശക്തമായ തിരുത്തലിനുശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യന്‍ ഓഹരി വിപണി ഉയരുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്ക് സൂചകിയായ നിഫ്റ്റി ഇന്നലെ 104.7 പോയിന്റ് നേട്ടത്തോടെ 25041.1 പോയിന്റില്‍ ക്ലോസ് ചെയ്തു.
ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ടെക് ഓഹരികള്‍ നിഫ്റ്റിക്ക് കരുത്തു പകര്‍ന്നു. സ്മോള്‍കാപ്, മിഡ്കാപ് ഓഹരികളും ഇന്നലത്തെ മുന്നേറ്റത്തില്‍ സജീവമായിരുന്നു. അതായത് എല്ലാ മേഖലകളേയും എല്ലാ വിഭാഗത്തിലുമുള്ള ഓഹരികളുടേയും പിന്തുണയോടെയാണ് വിപണി ഇന്നലെ മുന്നേറിയത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 361.75 പോയിന്റ് (0.42 ശതമാനം) നേട്ടത്തോടെ 81921.29 പോയിന്റില്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
കഴിഞ്ഞ രണ്ടു ദിവസത്തെ വിപണിയിലെ മുന്നേറ്റം തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് അടുത്ത ലക്ഷ്യം 25170 പോയിന്റാണ്. തുടര്‍ന്നും മുന്നോട്ടുപോയാല്‍ 25270 പോയിന്റ്ില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളില്‍ സര്‍വകാലഉയര്‍ച്ചയായ 25333.65 പോയിന്റ് ശക്തമായ തടസമായി നില്‍ക്കുകയാണ്. ഇതിനു മുകളിലേക്കു നീങ്ങിയാലേ നിഫ്റ്റിക്ക് പുതിയ ഉയര്‍ച്ചയിലേക്കു നീങ്ങുവാന്‍ കരുത്തു ലഭിക്കൂ.
ഇന്നു നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 24750- 24800 തലത്തില്‍ ശക്തമായ പിന്തുണയുണ്ട്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 24500- 24600 തലത്തിലും പിന്തുണ ലഭിക്കും. ഏറ്റവും മോശം സാഹചര്യത്തില്‍ 24500 പോയിന്റിലേക്ക് താഴാം.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 57.41 ആണ്. ബുള്ളീഷ് മോഡില്‍ നിന്ന് ന്യൂട്രല്‍ മോഡിലേക്കു നിഫ്റ്റി വീണിരിക്കുകയാണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: വെള്ളിയാഴ്ച 51000 പോയിന്റിനു താഴേയ്ക്കു പോയ ബാങ്ക് നിഫ്റ്റി ഇന്നലെ രണ്ടാം ദിവസവും ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ഇന്നലെ 154.5 പോയിന്റ് നേട്ടത്തോടെ 51272.3 പോയിന്റിലാണ് ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തത്. രണ്ടു ദിവസംകൊണ്ട് എഴുന്നൂറോളം പോയിന്റ് മെച്ചപ്പെട്ടു.
ഇന്ന് ബാങ്ക് നിഫ്റ്റി മെച്ചപ്പെടുകയാണെങ്കില്‍ 51650-51750 തലത്തിലേക്ക് ഉയരാം. തുടര്‍ന്നും മെച്ചപ്പെടുകയാണെങ്കില്‍ 52000 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 52250-52350 പോയിന്റിലേക്ക് ബാങ്ക് നിഫ്റ്റി ഉയരാം.
നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 50950 പോയിന്റിലും തുടര്‍ന്ന് 50450- 50350 തലത്തിലും പിന്തുണ കിട്ടും.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 52.46 ആണ്. ബെയറീഷില്‍നിന്നു ന്യൂട്രല്‍ സോണിലേക്കു ബാങ്ക് നിഫ്റ്റി എത്തിയിരിക്കുകയാണ്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 43.5 പോയിന്റ് താഴ്ന്നുനില്‍ക്കുകയാണ്. ആഗോള വിപണികളുടെ ചുവടുപിടിച്ച് താഴ്ന്ന ഓപ്പണിംഗ് പ്രതീക്ഷിക്കാം.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ചൊവ്വാഴ്ച 6.16 ശതമാനം കുറഞ്ഞ 13.36 ലെത്തി. തിങ്കളാഴ്ച 14.24 ആയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി മെച്ചപ്പെടുകയും വന്‍വ്യതിയാനം കുറയുകയും ചെയ്തതാണ് വിക്സ് കുറയുവാന്‍ കാരണം. വെള്ളിയാഴ്ച ശക്തമായ തിരുത്തലിനു വിധേയമായ നിഫ്റ്റി 25000 പോയിന്റിനു മുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ചൊവ്വാഴ്ച 0.96-ല്‍ മാറ്റമില്ലാതെ തുടരുകയാണ്. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെയും സമ്മിശ്രമായിരുന്നു . ഐടി കമ്പനികളായ ഇന്‍ഫോസിസ് 1.37 ശതമാനം മെച്ചപ്പെട്ടപ്പോള്‍ വിപ്രോ 1.93 ശതമാനം ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക് 0.58 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 0.78 ശതമാനവും ഡോ. റെഡ്ഡീസ് 0.9 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.26 ശതമാനവും ഇടിവു കാണിച്ചു. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 0.6 ശതമാനവും യാത്ര ഓണ്‍ലൈന്‍ 0.63 ശതമാനവും ഉയര്‍ച്ച നേടി.
യുഎസ് വിപണികള്‍
2024-ലെ ഏറ്റവും മോശമായ വാരത്തില്‍നിന്നു തിങ്കളാഴ്ച തിരിച്ചുവന്ന യുഎസ് വിപണി ഇന്നലെ നേരിയ തോതില്‍ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇന്നലെ രാവിലെ തൊണ്ണൂറോളം പോയിന്റ് മെച്ചത്തോടെ ഓപ്പണ്‍ ചെയ്ത് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ ശക്തമായ ചാഞ്ചാട്ടത്തിലായിരുന്നു. രാവിലെ നല്ല തോതില്‍ താഴ്ന്ന വിപണി ഉച്ചകഴിഞ്ഞു തിരിച്ചുവരികയായിരുന്നു.. ദിവസത്തിനൊടുവില്‍ ഡൗ 92.63 പോയിന്റ്(0.23 ശതമാനം) താഴ്ന്നു 40736.96 പോയിന്റില്‍ ക്ലോസ് ചെയ്തു.
തുടര്‍ച്ചയായ നാലു ദിവസത്തെ ഇടിവിനുശേഷം നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ രണ്ടാം ദിവസം 141.28 പോയിന്റ് (0.45 ശതമാനം) മെച്ചപ്പെട്ടപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 24.47 പോയിന്റ് (0.45 ശതമാനം) നേട്ടത്തില്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം നേരിയ താഴ്ചയിലാണ് നീങ്ങുന്നത്.
ഇന്നലെ യൂറോപ്യന്‍ വിപണികള്‍ എല്ലാം താഴ്ന്നാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 64.86 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 377.05 പോയിന്റും സിഎസി ഫ്രാന്‍സ് 17.71 പോയിന്റും ജര്‍മന്‍ ഡാക്സ് 164.78 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
യൂറോപ്യന്‍ ഫ്യൂച്ചേഴ്സും താഴ്ന്നാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
ചൊവ്വാഴ്ച രാവിലെ പോസീറ്റീവായി ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി 57 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ 125-ഓളം പോയിന്റ് താഴ്ചയില്‍ ഒപ്പണ്‍ ചെയ്ത നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 191.81 പോയിന്റ് താഴെയാണ്. കൊറിയന്‍ കോസ്പി 2.26 പോയിന്റും സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്സ് 244.59 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 21.11 പോയിന്റും താഴ്ന്നു നില്‍ക്കുകയാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
ഇന്നലെയും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ മോശമല്ലാത്ത വാങ്ങല്‍ നടത്തിയിരിക്കുകയാണ്. ഇന്നലെ 16771.58 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 14563.35 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വാങ്ങല്‍ 2208.23 കോടി രൂപ. ഇതോടെ ഇതുവരെയുള്ള അവരുടെ നെറ്റ് വാങ്ങല്‍ 5615.3 കോടി രൂപയായി ഉയര്‍ന്നു.
എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളാകട്ടെ ഇന്നലെ ചെറിയ തോതില്‍ നെറ്റ് വില്‍പ്പനക്കാരായിരുന്നു. അവര്‍ 12153.63 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 12429 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വില്‍ക്കല്‍ 275.37 കോടി രൂപ. ഇതോടെ സെപ്റ്റംബര്‍ 10 വരെ ഇവരുടെ നെറ്റ് വാങ്ങല്‍ 8843.85 കോടി രൂപയിലേക്കു താഴ്ന്നു.
2024-ല്‍ സെപ്റ്റംബര്‍ 10 വരെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ 1.34 ലക്ഷം കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തിയിട്ടുണ്ട്. അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 3.18 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്. എഫ്ഐഐയുടെ വില്‍ക്കലിന്റെ ഇരട്ടിയിലധികം.
സാമ്പത്തിക വര്‍ത്തകള്‍
ഇന്ത്യന്‍ ജിഡിപി: നടപ്പു ധനകാര്യ വര്‍ഷത്തില്‍ ഇന്ത്യന്‍ ജിഡിപി വളര്‍ച്ച 6.7 ശതമാനത്തിലൊതുങ്ങുമെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ നൊമുറയിലെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ഇതാകട്ടെ റിസര്‍വ് ബാങ്ക് അനുമാനിക്കുന്ന 7.2 ശതമാനത്തേക്കാള്‍ അര ശതമാനം കുറവാണ്. യാത്രാവാഹനം, വാണിജ്യവാഹനം തുടങ്ങിയ മേഖലയിലെ കഴിഞ്ഞ രണ്ടു മാസത്തെ വില്‍പ്പനയും മറ്റും വിലയിരുത്തിയാണ് നൊമുറ ഈ വിലയിരുത്തലില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു മാസത്തെ വാഹന വില്‍പ്പന നിരാശജനകമാണെന്നു പറയാതെ വയ്യ. സാമ്പത്തിക വളര്‍ച്ചാ സൂചകങ്ങള്‍ സമ്മിശ്രമാണെന്നാണ് അവര്‍ വിലയിരുത്തുന്നത്.
കമ്പനി വാര്‍ത്തകള്‍
പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ്: ആദ്യദിനത്തില്‍ത്തന്നെ പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സിന്റെ 1100 കോടി രൂപയുടെ പബ്ളിക് ഇഷ്യു പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്തു. പ്രൈസ് ബാന്‍ഡ് 456-480 രൂപയാണ്. ഇഷ്യുവിന് 2.02 ഇരട്ടി അപേക്ഷ കിട്ടി. എല്ലാ വിഭാഗങ്ങളിലും അധിക അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇഷ്യു 12-നാണ് അവസാനിക്കുന്നത്. പതിനേഴിന് ലിസ്റ്റ് ചെയ്യും. കമ്പനിക്ക് രാജ്യത്തൊട്ടാകെ 31 റീട്ടെയില്‍ സ്റ്റോറുകളുണ്ട്. മഹാരാഷ്ട്രയില്‍ 12 സ്റ്റോറുകള്‍കൂടി ഉടനേ തുറക്കും.
ബജാജ് ഹൗസിംഗ് ഫിനാന്‍സ്: ആദ്യദിവസംതന്നെ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്ത ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ 6560 കോടി രൂപയുടെ കന്നി പബ്ളിക് ഇഷ്യു ഇന്നവസാനിക്കും. രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ അപേക്ഷകളുടെ എണ്ണം 7.52 ഇരട്ടിയായി. റീട്ടെയില്‍ വിഭാഗത്തില്‍ 3.71 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. പ്രൈസ് ബാന്‍ഡ് 66-70 രൂപയാണ്.
ടോളിന്‍സ് ടയേഴ്സ്: ടോളിന്‍സ് ടയേഴ്സ് പബ്ളിക് ഇഷ്യ രണ്ടു ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ച അപക്ഷേ മൂന്നിരട്ടി കവിഞ്ഞു. റീട്ടെയില്‍ വിഭാഗത്തില്‍ 5.32 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. ഇഷ്യു ഇന്നവസാനിക്കും. കമ്പനി 230 കോടി രൂപയാണ് സ്വരൂപിക്കുന്നത്. പ്രൈസ് ബാന്‍ഡ് 215-226 രൂപയാണ്. സെപ്റ്റംബര്‍ 16-ന് ലിസ്റ്റ് ചെയ്യും.
ക്രൂഡോയില്‍ വില
2021 ഡിസംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ ക്രൂഡോയില്‍ എത്തിയിരിക്കുകയാണ്. ശക്തമായ ലഭ്യതയും ഡിമാണ്ട് സംബന്ധിച്ച ആശങ്കകളുമാണ് ക്രൂഡോയില്‍ വിലയില്‍ ഇടിവുണ്ടാക്കിയത്. ചൈന, യുഎസ് സാമ്പത്തികക്കണക്കുകള്‍ എണ്ണ ഡിമാണ്ട് സംബന്ധിച്ച ആശങ്കള്‍ ഉയര്‍ത്തിയത്. ഇരു രാജ്യങ്ങളിലേയും സാമ്പത്തിക വളര്‍ച്ചയുടെ ശക്തി കുറയുകയാണ്.
ബ്രെന്റ് ക്രൂഡോയില്‍ താമസിമില്ലാതെ ബാരലിന് 60 ഡോളര്‍ റേഞ്ചിലേക്ക് എത്തുമെന്ന ആഗോള ക്രൂഡോയില്‍ ട്രേഡര്‍മാരായ ട്രഫിഗ്വരയുടെ ആഗോള ഓയില്‍ തലവന്‍ ബെന്‍ ലക്കോക്ക് അഭിപ്രായപ്പെടുന്നത്.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 69.44 ഡോളറാണ്.ചൊവ്വാഴ്ച രാവിലെയിത് 72.01 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 66.04 ഡോളറുമാണ്. ചൊവ്വാഴ്ച രാവിലെ 68.67 ഡോളറായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.
ഇന്ത്യന്‍ രൂപ ഇന്നലെ
തിങ്കളാഴ്ച ഡോളറിനെതിരേ മാറ്റമില്ലാതെ തുടര്‍ന്ന ഇന്ത്യന്‍ രൂപ ഇന്നലെ രണ്ടു പൈസ താഴ്ന്ന് ഡോളറിന് 83.97-ലേക്ക് എത്തി. പണപ്പെരുപ്പ കണക്കു വരുന്നതിനു മുമ്പേ യുഎസ് ഡോളര്‍ മറ്റു കറന്‍സികള്‍ക്കെതിരേ ഇന്നലെ ശക്തി നേടിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഡോളറിനു 83.99 രൂപ വരെ താഴ്ന്നിരുന്നു. ക്രൂഡോയില്‍ വിലയിലെ കൂത്തനെയുള്ള ഇടിവും ഹരി വിപണിയില്‍ വിദേശനിക്ഷേപകര്‍ വാങ്ങലുകാരായതുമാണ് ഒരു പരിധവരെ രൂപയ്ക്ക് തുണയായത്.ആര്‍ ബിഐയും യുഎസ് ഡോളറിന് 84 രൂപയില്‍ താഴെപ്പോകാതെ ജാഗ്രത പാലിക്കുകയാണ്.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.