image

9 Sep 2024 2:33 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 09)

Joy Philip

market this week (july 29-august 04) trade morning
X

ഫെഡ് പലിശ കുറച്ചു, ആഗോള വിപണികളിൽ ആവേശം, ആഭ്യന്തര സൂചികകൾ മുന്നേറിയേക്കും

Summary

സാമ്പത്തിക സൂചകങ്ങള്‍ നിഫ്റ്റിക്ക് ദിശ നല്‍കും


ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയായ യുഎസിലെ ഓഗസ്റ്റില്‍ തൊഴില്‍ സൃഷ്ടി പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞത് സമ്പദ്ഘടനയെ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന എന്ന സൂചനയാണെന്ന വിലയിരുത്തലിലാണുള്ളത്. ഓഗസ്റ്റില്‍ 142000 തൊഴിലാണ് കൂട്ടിച്ചേര്‍ത്തത്. ജൂലൈയിലിത് 89000ഉം ജൂണില്‍ 118000ഉം ആണ്. പക്ഷേ, പ്രതീക്ഷിച്ചിരുന്നത് 160000 തൊഴിലായിരുന്നു. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തില്‍നിന്ന് 4.2 ശതമാനത്തിലേക്കു താഴുകയും ചെയ്തിട്ടുണ്ട്. യുഎസ് സമ്പദ്ഘടന ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കളും അതു ദുര്‍ബ്ബലമാകുന്നതിന്റെ സൂചനയും കണക്കിലെടുത്ത് നിക്ഷേപകര്‍ റിസ്‌ക് ഒഴിവാക്കുന്നതും യുഎസ് വിപണിയിലെ വില്‍പ്പനയ്ക്ക് കാരണമാണ്. ബ്രോഡ്കോം പോലുള്ള ടെക് കമ്പനികളുടെ മൂന്നാം ക്വാര്‍ട്ടര്‍ ഫലം മോശമായതും വിപണിയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്.

ഇന്ന് യുഎസിലെ ചില്ലറവിലക്കയറ്റത്തോത് കണക്കുകള്‍ പുറത്തുവരും. ജൂലൈയിലിത് 2.9 ശതമാനമായിരുന്നു. ഇതു വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പനിരക്ക് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് നീങ്ങുന്ന പ്രവണത തുടരുമെന്നാണ് കേന്ദ്ര ബാങ്കിന്റെ വിശ്വാസം. അതുകൊണ്ടുതന്നെ തൊഴില്‍ വിപണിയാണ് യുഎസ് സമ്പദ്ഘടനയുടെ റിസ്‌കെന്നാണ് ഫെഡറല്‍ റിസര്‍വ് കരുതുന്നത്

തൊഴില്‍ സൃഷ്ടി റിപ്പോര്‍ട്ട് പലിശ വെട്ടിക്കുറയ്ക്കുന്നതിന്റെ അളവെത്രയായിരിക്കും എന്നതില്‍ ഒരു വ്യക്തതയും നല്‍കാത്തത് നിക്ഷേപകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. വെള്ളിയാഴ്ചത്തെ വില്‍പ്പനയ്ക്കു പിന്നില്‍ ഇതിന്റെ ഈര്‍ഷ്യയുമുണ്ട്. സമ്പദ്ഘടനയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രീതിയിലുള്ള പലിശനിരക്ക് വെട്ടിക്കുറവ് സ്വീകരിക്കണമെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്. ഉയര്‍ന്ന വായ്പാപലിശനിരക്ക് കോര്‍പറേറ്റ് വരുമാനത്തേയും ലാഭത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇന്ത്യയിലെ ചില്ലറവിലക്കയറ്റത്തോത്, വ്യാവസായികോത്പാദനക്കണക്ക് തുടങ്ങിയവ സെപ്റ്റംബര്‍ 12-ന് എത്തും. ഇന്ത്യയിലും പലിശ നിരക്ക് കുറയ്ക്കുന്നതിനു നടപടിക സ്വീകരിക്കാന്‍ ഇവ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം. ഇന്ത്യന്‍ വളര്‍ച്ച 15 മാസത്തെ ഏറ്റവും താഴ്ചയിലാണ് എന്ന കാര്യം ഓര്‍മിക്കുക.

യുഎസ് വിപണിയിലെ നീക്കങ്ങളാണ് ഇന്ത്യന്‍ വിപണിക്കും ഈ വാരത്തില്‍ ദിശ നല്‍കുക. കുറഞ്ഞത് പതിനെട്ടിന് എത്തുന്ന പണനയതീരുമാനം വരെയെങ്കിലും ഇതു തുടരുവാനാണ് സാധ്യത.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്ക് സൂചികയായ നിഫ്റ്റി കുത്തനെ ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. ഏതാണ്ട് 293 പോയിന്റോളം (1.17 ശതമാനം) കുറഞ്ഞ് 24852.15 പോയിന്റ്ില്‍ ക്ലോസ് ചെയ്തത്. നിഫ്റ്റിയുടെ വെള്ളിയാഴ്ചത്തെ ഏറ്റവും കുറഞ്ഞ പോയിന്റ് 24801.3 പോയിന്റാണ്. ഒമ്പതു ദിവസം 25000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തതിനുശേഷമാണ് 24000 പോയിന്റിനു താഴെ ക്ലോസ് ചെയ്തത്. ക്ലോസിംഗാകട്ടെ നിഫ്റ്റിയുടെ ദിവസത്തെ ഏറ്റവും താഴ്ചയ്ക്കടുത്താണ്. സെപ്റ്റംബര്‍ രണ്ടിന് റിക്കാര്‍ഡ് ഉയരത്തില്‍ (25333.65 പോയിന്റ്) എത്തിയശേഷമാണ് ഈ താഴ്ചയുണ്ടായിട്ടുള്ളത്.

മാത്രമല്ല, ലാര്‍ജ്, സ്മോള്‍, കാപ് ഓഹരികള്‍ മാത്രമല്ല, എല്ലാ മറ്റു സെക്ടര്‍ സൂചികകളും താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എസ്ബിഐ, ഐസി ഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്സിഎല്‍ ടെക്, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് ഏറ്റവും കൂടുതല്‍ ഇടിവു കാണിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക 1017.21 പോയിന്റ് (1.2 ശതമാനം) ഇടിവോടെ 81183.93 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റിയില്‍ ശക്തമായ തിരുത്തലുണ്ടായിരിക്കുകയാണ്. വിപണിയുടെ ആരോഗ്യകരമായ പ്രകടനത്തിന് ഇത്തരത്തിലുള്ള തിരുത്തലുകള്‍ ഇടയ്ക്കിടെ ആവശ്യമാണ്. പ്രത്യേകിച്ചും ബുള്‍ വിപണിയില്‍. വിപണിയുടെ ദുര്‍മേദസ് നീങ്ങുന്നതോടെ കൂടുതല്‍ ഊര്‍ജസ്വലതയോടെ പുതിയ ഉയങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. വെള്ളിയാഴ്ച നിഫ്റ്റിയില്‍ ആഴത്തിലുള്ള വില്‍പ്പനയാണ് നടന്നത്. നാളുകള്‍ക്കുശേഷം നിഫ്റ്റി താഴ്ന്ന ബോട്ടവും താഴ്ന്ന ടോപ്പും സൃഷ്ടിച്ചിരിക്കുകയാണ്. ഇത് വിപണിയുടെ ബെയറീഷ് മനോഭാവത്തിന്റെ പ്രതിഫലനമാണ്.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25084 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളില്‍ നിഫ്റ്റിയുടെ റിക്കാര്‍ഡ് ഉയര്‍ച്ചയായ 25333.65 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സായി മാറിയിരിക്കുകയാണ്. ശക്തമായ വ്യാപാരവ്യാപതത്തോടെ ഇതിനു മുകളിലേക്ക് നിഫ്റ്റി എത്തിയാല്‍ മാത്രമേ കൂടുതല്‍ ഉയരത്തിലേക്കു പോകുവാന്‍ സാധിക്കുകയുള്ളു.

നേരേ മറിച്ച് ആഗോള സംഭവ വികാസങ്ങള്‍ പ്രതികൂലമാണെങ്കില്‍ നിഫ്റ്റി താഴേയ്ക്കു പോകുവാനാണ് സാധ്യത. വെള്ളിയാഴ്ചത്തെ മൊമന്റം തുടരുകയാണെങ്കില്‍ 24700-24800 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. തുടര്‍ന്ന് 25530-24640 തലത്തിലും തുടര്‍ന്ന് പിന്തുണ ലഭിക്കും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 51.66 ആണ്. ബുള്ളീഷ് മോഡില്‍ നിന്ന് ന്യൂട്രല്‍ മോഡിലേക്കു നിഫ്റ്റി വീണിരിക്കുകയാണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഒരു മാസമായി 52000 പോയിന്റിനു താഴെ നീങ്ങുകയായിരുന്ന ബാങ്കു നിഫ്റ്റി റേഞ്ച് ബൗണ്ട് നീക്കത്തിലായിരുന്നു കൂടുതല്‍ ദിനങ്ങളിലും. കഴിഞ്ഞ ഒമ്പതു വ്യാപാരദിവസങ്ങളില്‍ ബാങ്ക് നിഫ്റ്റി 51000- 51750 പോയിന്റനിടയില്‍ നീങ്ങുകയായിരുന്നു. ഉത്സാഹമില്ലാത്ത അവസ്ഥ. ഒരു തിരുത്തലിനുവേണ്ടി കാത്തിരിക്കുന്നതുപോലെയായിരുന്നു ബാങ്ക് നിഫ്റ്റി. വെള്ളിയാഴ്ച 900 പോയിന്റോളം ഇടിഞ്ഞ് 50576.85 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആ ദിവസത്തെ താഴ്ചയ്ക്കടുത്താണ് ക്ലോസിംഗ്.

വെള്ളിയാഴ്ചത്തെ മൂഡിലാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നതെങ്കില്‍ 50280 പോയിന്റില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 49700 പോയിന്റിനു ചുറ്റളവിലും പിന്തുണ കിട്ടും. ഇതിനും താഴേയ്ക്കു നീങ്ങിയാല്‍ 49500 പോയിന്റാകും ലക്ഷ്യം.

ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 50800 പോയിന്റിനു ചുറ്റളവില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 51100 പോയിന്റിലും 51400 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 43.23 ആണ്. ബുള്ളീഷ് മൂഡില്‍നിന്നു ന്യൂട്രല്‍ സോണിലേക്കു ബാങ്ക് നിഫ്റ്റി എത്തിയിരിക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 68.5 പോയിന്റ് മെച്ചപ്പെട്ട് നില്‍ക്കുകയാണ്. മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് വെള്ളിയാഴ്ച 7.11 ശതമാനം ഉയര്‍ച്ചയോടെ 15.22 ലെത്തി. വ്യാഴാഴ്ചയിത് 14.21 ആയിരുന്നു. വെള്ളിയാഴ്ച ശക്തമായ തിരുത്തല്‍ വിപണിയിലുണ്ടായിരിക്കുകയാണ്. നിഫ്റ്റി നാളുകള്‍ക്കുശേഷം 25000 പോയിന്റിനു താഴെ ക്ലോസ് ചെയ്തിരിക്കുകയാണ്. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 0.92-ലേക്ക് ഇടിഞ്ഞു. വ്യാഴാഴ്ചയിത് 1.33 ആയിരുന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം തന്നെ വെള്ളിയാഴ്ച നെഗറ്റീവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി കമ്പനികളായ ഇന്‍ഫോസിസ് 1.57 ശതമാനവും വിപ്രോ 0.79 ശതമാനവും താഴ്ന്നു. ഐസിഐസിഐ ബാങ്ക് 1.89 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 0.72 ശതമാനവും കുറഞ്ഞു. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 0.38 ശതമാനവും യാത്ര ഓണ്‍ലൈന്‍ 1.27 ശതമാനവും ഇടിവു രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.45 ശതമാനവും ഡോ. റെഡ്ഡീസ് 0.55 ശതമാനവും കുറഞ്ഞാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണികള്‍

ഓഗസ്റ്റിലെ ജോബ് ഡേറ്റ പുറത്തുവന്നതിനെത്തുടര്‍ന്ന് യുഎസ് വിപണിയില്‍ വന്‍ വില്‍പ്പനയാണ് ദൃശ്യമായത്. യുഎസ് സമ്പദ്ഘടനയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കതന്നെയാണ് അതിനു കാരണം. തുടര്‍ച്ചയായ നാലാമത്തെ ദിവസവും ഡൗ ജോണ്‍സ് താഴ്ചയില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ഡൗ വെള്ളിയാഴ്ച 410.34 പോയിന്റ് ഇടിവോടെ 40345.41 പോയിന്റില്‍ ക്ലോസ് ചെയ്തു. ഒരവസരത്തില്‍ 40300 പോയിന്റിനു താഴെ ഡൗ എത്തിയിരുന്നു.

എന്നാല്‍ നാസ്ഡാക് 436.83 പോയിന്റ് ഇടിഞ്ഞ് ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 94.99 പോയിന്റ് താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം നേട്ടത്തിലാണ് നീങ്ങുന്നത്.

വെള്ളിയാഴ്ച യൂറോപ്യന്‍ വിപണികള്‍ എല്ലാം താഴ്ന്നാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 60.24 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 393.41 പോയിന്റും സിഎസി ഫ്രാന്‍സ് 79.66 പോയിന്റും ജര്‍മന്‍ ഡാക്സ് 274.6 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പച്ചയിലാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ഇന്ത്യയിലേതുള്‍പ്പെടെ ഏഷ്യന്‍ വിപണികളെല്ലാം വെള്ളിയാഴ്ച നല്ല തോതില്‍ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ജാപ്പനീസ് നിക്കി വെള്ളിയാഴ്ച 265.2 പോയിന്റ് താഴന്നാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ നിക്കി അഞ്ഞൂറോളം പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കിയപ്പോള്‍ 916.1 പോയിന്റ് താഴ്ന്നാണ്. എന്നാല്‍ കൊറിയന്‍ കോസ്പി 29.6 പോയിന്റു താഴെയാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്സ് 284.9 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 16.94 പോയിന്റും താഴ്ന്നു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വ്യാഴാഴ്ചത്തെ തനിയാവര്‍ത്തനമാണ് വെള്ളിയാഴ്ച നിക്ഷേപകസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമായത്. ഇന്നലെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 620.9 കോടി രൂപയുടെ നെറ്റ് വില്‍പ്പനക്കാരായിരുന്നു. വെള്ളിയാഴ്ച അവര്‍ 16911.35 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 17532.3 കോടി രൂപയുടെ ഓഹരി വില്‍ക്കുകയും ചെയ്തു. സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ ഇതോടെ 2230.52 കോടി രൂപയായി താഴ്ന്നു.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 2121.33 കോടി രൂപയുടേതായിരുന്നു. അവര്‍ ഇന്നലെ 15699.2 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 13577.67 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇതോടെ സെപ്റ്റംബറില്‍ അവരുടെ നെറ്റ് വാങ്ങല്‍ 7362.2 കോടി രൂപയുമായി ഉയര്‍ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

വിദേശനാണ്യശേഖരം: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയിലും ഉയര്‍ന്നു റിക്കാര്‍ഡിലെത്തി. ഓഗസ്റ്റ് 30ന് അവസാനിച്ച വാരത്തില്‍ രാജ്യത്തിന്റെ വിദേശനാണ്യശേഖരം 230 കോടി ഡോളര്‍ വര്‍ധിച്ച് 68399 കോടി ഡോളറിലെത്തി. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക കണക്ക് സെപ്റ്റംബര്‍ 13-ന് എത്തും.

കമ്പനി വാര്‍ത്തകള്‍

ബജാജ് ഹൗസിംഗ് ഫിനാന്‍സ്: ബജാജ് ഗ്രൂപ്പില്‍നിന്നുള്ള ബജാജ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ കന്നി പബ്ളിക് ഇഷ്യു വഴി 6500 കോടി രൂപ സ്വരൂപിക്കും. ഇഷ്യു സെപ്റ്റംബര്‍ 9-11. മൂവായിരം കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും 3560 കോടിയുടെ പുതിയഓഹരികളും ഉള്‍പ്പെടുന്നതാണ് ഇഷ്യു. മുഖവില 10 രൂപ. പ്രൈസ് ബാന്‍ഡ് 66-70 രൂപ. സെപ്റ്റംബര്‍ 16-ന് ബിഎസ്ഇ, എന്‍എസ്ഇ എന്നിവടങ്ങളില്‍ ലിസ്റ്റ് ചെയ്യും.

ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ്: 2003-ല്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ് ടയര്‍ ഉത്പാദനം, റീട്രെഡിംഗ് സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നു. പശ്ചിമേഷ്യ, ഈസ്റ്റാപ്രിക്ക, ജോര്‍ദ്ദാന്‍, കെനിയ തുടങ്ങഇ 40 രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തുന്നു. കമ്പനിയുടെ ഓഹരിയുടെ മുഖവില അഞ്ചു രൂപ. ഇഷ്യുവഴി 200 കോടി രൂപ സമാഹരിക്കും. പ്രൈസ് ബാന്‍ഡ് 215-226 രൂപ. ഇഷ്യു തീയതി സെപ്റ്റംബര്‍ 9-11. സെപ്റ്റംബര്‍ 16-ന് ബിഎസ്ഇ, എന്‍എസ്ഇ എന്നിവടങ്ങളില്‍ ലിസ്റ്റ് ചെയ്യും.

ക്രോസ് ലിമിറ്റഡ്: ഉയര്‍ന്ന ഗുണനിലവാരമുള്ള ട്രെയിലര്‍ ആക്സില്‍, സസ്പെന്‍ഷന്‍ , വാണിജ്യ വാഹനങ്ങള്‍ക്കും കാര്‍ഷികോപകരണങ്ങള്‍ക്കുമുള്ള സേഫ്റ്റി പാര്‍ട്സ് തുടങ്ങിയ നിര്‍മിക്കുന്ന ക്രോസ് ലിമിറ്റഡ് കന്നി പബ്ളിക് ഇഷ്യു വഴി 500 കോടി രൂപ സ്വരൂപിക്കും. ഇഷ്യു സെപ്റ്റംബര്‍ 9-11.പ്രൈസ് ബാ്ന്‍ഡ് 228-240 രൂപ. സെപ്റ്റംബര്‍ 16-ന് ബിഎസ്ഇ, എന്‍എസ്ഇ എന്നിവടങ്ങളില്‍ ലിസ്റ്റ് ചെയ്യും.

ക്രൂഡോയില്‍ വില

ഒമ്പതു മാസത്തെ താഴ്ചയിലെത്തിയ ക്രൂഡോയില്‍ വില ഇന്നും നേരിയ തോതില്‍ മെച്ചപ്പെട്ടിരിക്കുകയാണ്. ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 72.01 ഡോളറാണ്. ശനിയാഴ്ച രാവിലെയത് 71.06 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 68.67 ഡോളറുമാണ്. ശനിയാഴ്ച രാവിലെ 67.67 ഡോളറായിരുന്നു.

ആഗോള ക്രൂഡോയില്‍ വിപണിയില്‍ ഈ വാരത്തിലും ബയറീഷ് മനോഭാവം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള സമ്പദ്ഘടനയില്‍നിന്ന്, പ്രത്യേകിച്ച വലിയ സമ്പദ്ഘടനയില്‍നിന്നു വരുന്ന കണക്കുകള്‍ വളര്‍ച്ചാമാന്ദ്യത്തിന്റേതാണ്. ഇതു ഡിമാണ്ട് കുറയ്ക്കുമെന്ന ഭയമാണ് വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ സ്വയമേ എടുത്തിരുന്ന ഉത്പാദന നിയന്ത്രണം പിന്‍വലിക്കുമെന്ന വാര്‍ത്തയും ക്രൂഡ് വിപണിയെ ബെയറീഷ് മോഡിലേക്കു തള്ളുകയാണ്. ഇതു സംഭവിച്ചാല്‍ പ്രതിദിനം 180000 ബാരല്‍ സപ്ളൈ വര്‍ധിക്കും. ചൈനീസ് മാനുഫാക്ചറിംഗ് വളര്‍ച്ച ഓഗസ്റ്റില്‍ ആറു മാസത്തെ ഏറ്റവും താഴെ എത്തിയിരിക്കുകയാണ്. യുഎസ് ക്രൂഡോയില്‍ ഉപഭോഗം ഈ സീസണിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച ഡോളറിനെതിരേ ശക്തി നേടി. ഡെലറിന് 83.95 രൂപ എന്ന നിലയിലാണ് ക്ലോസിംഗ്. വ്യാഴാഴ്ച 83.98 രൂപയായിരുന്നു ഡോളറിനു വില. വ്യാഴാഴ്ച ഡോളറിനു 83.99 വരെ എത്തിയ രൂപയെ റിസര്‍വ് ബാങ്കിന്റെ ഇടപെടലും ക്രൂഡോയില്‍ വില കൂത്തനെയിടഞ്ഞതും കൂടുതല്‍ ഇടിയാതെ ശക്തിനേടാന്‍ സഹായിച്ചു.റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടല്‍, രൂപയെ റിക്കാര്‍ഡ് താഴ്ചയില്‍നിന്നു തടയുകയും നേരിയ റേഞ്ചില്‍ നിലനിര്‍ത്തുകയും ചെയ്യുകയാണ്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.