image

5 Sep 2024 2:08 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 05)

Joy Philip

Trade Morning
X

Summary

സൈഡ് വേസ് നീക്കത്തില്‍ വിപണി


ആഗോള വിപണിയുടെ നീക്കമാണ് ഇന്ത്യന്‍ വിപണിക്കും ദിശ പകരുക. ലോകത്തിലെ മറ്റു മുഖ്യ സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ നല്ല സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നതെങ്കിലും യുഎസ് പോലുള്ള ഏറ്റവും വലിയ സമ്പദ്ഘടനയുടെ സ്ഥാനമാണ് ഇന്ത്യന്‍ വിപണിക്കും സമ്പദ്ഘടനയ്ക്കു മുന്നോട്ടു പോകുവാന്‍ വഴിയൊരുക്കുക. കയറ്റുമതി വളര്‍ച്ചയ്ക്ക് പ്രത്യേകിച്ചും സോഫ്റ്റ് വേര്‍ കയറ്റുമതിയില്‍ യുഎസ് ആണ് ഇന്ത്യയുടെ മുഖ്യ ഉപഭോക്താക്കള്‍.

ചൊവ്വാഴ്ചത്തെ കുത്തനെയുള്ള ഇടിവില്‍നിന്നു തിരച്ചുവരുവാനുള്ള ശ്രമമാണ് ഇന്നലെ യുഎസ് വിപണിയില്‍ കണ്ടത്. എന്നാല്‍ ടെക് ഓഹരികള്‍ വീണ്ടും കുറഞ്ഞതിനാല്‍ തിരിച്ചുവരവ് നേരിയതായിപ്പോയി. ജൂലൈയിലെ ജോബ് ഓപ്പണിംഗ് 7.67 ദശലക്ഷത്തിലേക്ക് ഒതുങ്ങിയത് യുഎസ് സമ്പദ്ഘടനയുടെ ക്ഷീണഭാവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതീക്ഷ 8.1 ദശലക്ഷം ജോബ് ഓപ്പണിംഗായിരുന്നു. വെള്ളിയാഴ്ച ജോബ്ലെസ് ക്ലെയിം കണക്കുകള്‍ വരും. യുഎസിന്റെ വ്യാപാരക്കമ്മി ജൂലൈയില്‍ 7880 കോടി ഡോളറിലേക്ക് ഉയര്‍ന്നു. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വ്യാപാരക്കമ്മിയാണ്. ഉയര്‍ന്ന പലിശച്ചെലവാണ് യുഎസ് സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കു വിഘാതമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 18-ലെ പണനയത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 0.5 ശതമാനം വെട്ടിക്കുറയ്ക്കുമോയെന്നാണ് വിപണി ഉറ്റു നോക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ ഉത്സാഹം ഗണ്യമായി കുറഞ്ഞിരിക്കുന്നു. മേഖല തിരിച്ചും ഒഹരി കേന്ദ്രീകൃതവുമായ കയറ്റങ്ങളും ഇറക്കങ്ങളുമാണ് വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വന്‍ മുന്നേറ്റത്തിനു ശക്തമായ ട്രിഗര്‍ വേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ വിപണി ഇന്നലെ

ആഗോള വിപണികള്‍ നല്‍കിയ സൂചനകള്‍ക്കനുസൃതമായി ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ രാവിലെ കുത്തനെ താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. രാവിലെ 190 പോയിന്റോളം താഴ്ന്ന് ഓപ്പണ്‍ ചെയ്തുവെന്നു മാത്രമല്ല, ഗ്യാപ് ഡൗണ്‍ ഓപ്പണിംഗ് കൂടിയായിരുന്നു. എങ്കിലും തുടര്‍ന്നു വില്‍പ്പനയുണ്ടാകാത്തത് തിരിച്ചുവരവിനു സഹായിച്ചു. ഉച്ചകഴിഞ്ഞുള്ള വ്യാപാരസമയത്ത് നൂറിലധികം പോയിന്റ് തിരിച്ചെടുത്തെങ്കിലും ചൊവ്വാഴ്ചത്തെ റിക്കാര്‍ഡ് ക്ലോസിംഗില്‍നിന്ന് 81.15 പോയിന്റ് കുറഞ്ഞ് 25198.7 പോയിന്റിലായിരുന്നു നിഫ്റ്റിയുടെ ക്ലോസിംഗ്. പതിന്നാലു ദിവസത്തെ തുടര്‍ച്ചയായ ഉയര്‍ന്ന ക്ലോസിംഗിനാണ് ഇതോടെ തടവീണത്.

ഹെല്‍ത്ത്കെയര്‍, എഫ്എംസിജി ഒഴികെയുള്ള ഒട്ടുമിക്ക മേഖലകളും ഇന്നത്തെ ഇടിവിന്റെ ചൂടറിഞ്ഞു. ബാങ്കും ഐടിയുമാണ് നിഫ്റ്റിയെ ഏറ്റവും കൂടുതല്‍ ക്ഷീണിപ്പിച്ചത്. ഓട്ടോ, കാപ്പിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ഡ്യൂറബിള്‍സ്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെല്ലാം ഇടിവു ദൃശ്യമായിരുന്നു.

ഏഷ്യന്‍ പെയിന്റ്സ്, ഗ്രാസിം, ഹിന്ദുസ്ഥാന്‍ ലീവര്‍, അപ്പോളോ ഹോസ്പിറ്റല്‍, സണ്‍ ഫാര്‍മ തുടങ്ങിയവയെല്ലാം നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 202.8 പോയിന്റ് ഇടിവോടെ 82352.65 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

റേഞ്ചുബൗണ്ടായിരുന്നുവെങ്കിലും പതിന്നാലു ദിവസം തുടര്‍ച്ചയായി മെച്ചപ്പെട്ട് ക്ലോസ് ചെയ്ത വിപണിയില്‍ ഒരു തിരുത്തല്‍ അനിവാര്യമായിരുന്നു. ഓവര്‍ ബോട്ട് സോണിലേക്ക് പതിയെ കടക്കുന്ന സമയവും കൂടിയായിരുന്നു ഇത്. ഇന്‍ട്രാഡേ വ്യാപാരത്തിലുണ്ടായ നല്ല തിരുത്തല്‍ വിപണിക്ക് അടുത്ത ദിവസങ്ങളില്‍ കരുത്തു നല്‍കും.

ഇന്നു വിപണി തിരിച്ചുവരുകയാണെങ്കില്‍ നിഫ്റ്റിക്ക് 25250-25350 തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് 25450 പോയിന്റാണ് അടുത്ത റെസിസ്റ്റന്‍സ്.

നേരേ മറിച്ച് ഇന്നലത്തെ മൊമന്റം തുടരുകയാണെങ്കില്‍ 25080 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. തുടര്‍ന്ന് 24950 പോയിന്റിലും തുടര്‍ന്നും താഴേയ്ക്കു നീങ്ങിയാല്‍ 24800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 66.05 ആണ്. ബുള്ളീഷ് മോഡില്‍ തന്നെ നീങ്ങുകയാണ് നിഫ്റ്റി.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ച വച്ച ബാങ്ക് നിഫ്റ്റി ഇന്നലെ 288.85 നിഫ്റ്റി സൂചിക പോയിന്റ് താഴ്ന്ന് 51400.25 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ ഏഴു ദിവസത്തെ മുന്നേറ്റത്തിനാണ് വിരാമമിട്ടത്. ഇന്നലെ ഇരുന്നൂറോളം പോയിന്റ് താഴ്ന്നാണ് ബാങ്ക് നിഫ്റ്റി ഓപ്പണ്‍ ചെയ്തത്. തുടര്‍ന്ന് നൂറോളം പോയിന്റുകൂടി താഴ്ന്നുവെങ്കിലും ഉച്ചകഴിഞ്ഞ് തിരിച്ചുവരികയായിരുന്നു.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51550 പോയിന്റും 51750 പോയിന്റും ആദ്യ റെസിസ്റ്റന്‍സുകളായി പ്രവര്‍ത്തിക്കും. ഇതു മറികടന്നാല്‍ അടുത്ത ലക്ഷ്യം 52020 പോയിന്റാണ്.

മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51250 പോയിന്റില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 50950-51000 പോയിന്റിലും 50740 പോയിന്റിലും പിന്തുണകിട്ടും. ബാങ്ക് നിഫ്റ്റി, പോസീറ്റീവ് മനോഭാവത്തോടെ സൈഡ്വേസ് ആയി നീങ്ങുവാനുള്ള പ്രവണതയാണ് കാണിക്കുന്നത്. മറ്റ് വാക്കില്‍ പറഞ്ഞാല്‍ ഒരു തീരുമാനമില്ലായ്മയാണ് ബാങ്ക് നിഫ്റ്റിയില്‍ ദൃശ്യമാകുന്നത്.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 55.03 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടന്നിരിക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 27 പോയിന്റ് മെച്ചപ്പെട്ടാണ്. മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 3.86 ശതമാനം ഉയര്‍ന്ന് 14.38-ലെത്തി. ചൊവ്വാഴ്ചയത് 13.85 ആയിരുന്നു. വിപണിയിലെ വ്യതിയാനം വര്‍ധിക്കുകയാണ്. ഇന്നലെ വളരെ താഴ്ന്ന് ഓപ്പണ്‍ ചെയ്ത വിപണി അവസാനഘട്ടവ്യാപാരത്തില്‍ നല്ലൊരുപങ്കും തിരിച്ചെടുക്കുകയായിരുന്നു.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.08-ലേക്ക് ഇടിഞ്ഞു. ചൊവ്വാഴ്ച 1.2 ആയി കുറഞ്ഞിരുന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ചൊവ്വാഴ്ചത്തെ വന്‍ തകര്‍ച്ചയില്‍നിന്നും കരകയറാനുള്ള ശ്രമമാണ് ഇന്നലെ യുഎസ് വിപണിയില്‍ കണ്ടത്. ചൊവ്വാഴ്ചത്തെ വില്‍പ്പന അല്‍പ്പം കൂടിപ്പോയില്ലേ എന്ന വിപണിയുടെ ചിന്തയും ഇന്നലെ തിരച്ചുവരവു ശ്രമത്തിനു പിന്നിലുണ്ടെന്നു വിപണി അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ 38.04 പോയിന്റ് നേട്ടത്തോടെ 40975 പോയിന്റില്‍ ക്ലോസ് ചെയ്തു. എന്നാല്‍ നാസ്ഡാകും എസ് ആന്‍ഡ് പിയും നേരിയ തോതില്‍ താഴ്ന്നാണ് ക്ലോസ് ചെയ്തത്. യഥാക്രമം 52 പോയിന്റും 8.86 പോയിന്റും വീതമാണ് താഴ്ന്നത്. എഐ ചിപ് കമ്പനി എന്‍വിഡിയ ഇന്നലെയും ഇടിഞ്ഞതാണ് (1.7 ശതമാനം) ടെക് സൂചികയില്‍ പ്രതിഫലിച്ചത്. എന്‍വിഡിയ ഓഹരി വില ചൊവ്വാഴ്ച 10 ശതമാനം ഇടിവു കാണിച്ചിരുന്നു. ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് തുടങ്ങിയ വന്‍കമ്പനികളെല്ലാം നേരിയ തോതില്‍ താഴ്ന്നാണ് ഇന്നലെ ക്ലോസ് ചെയ്തത്.

യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം നേരിയ നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണികള്‍ക്കു പിന്നാലെ യൂറോപ്യന്‍ വിപണികള്‍ എല്ലാംതന്നെ ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 28.86 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 181.17 പോയിന്റും സിഎസി ഫ്രാന്‍സ് 74.13 പോയിന്റും ജര്‍മന്‍ ഡാക്സ് 156.16 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പച്ചയിലാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ഇന്നലെ രാവിലെ 550 പോയിന്റോളം താഴ്ന്ന് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി 1638.7 പോയിന്റ് ഇടിവിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ 500 പോയിന്റിടിവിലാണ് നിക്കിയുടെ തുടക്കം. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയായപ്പോള്‍ 226.1 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.

എന്നാല്‍ കൊറിയന്‍ കോസ്പി 31.8 പോയിന്റു മെച്ചപ്പെട്ടു നില്‍ക്കുകയാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 95.3 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 2.49 പോയിന്റും മെച്ചപ്പെട്ടുനില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ചെറിയ തോതിലാണെങ്കിലും ഇന്നലെയും വിദേശ നിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും നെറ്റ് വാങ്ങലുകാരായിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇവര്‍ ഒരേപോലെ നെറ്റ് വാങ്ങലുകാരാകുന്നത്.

വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 975.46 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. അതായത് അവര്‍ 16585.13 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 15609.67 കോടി രൂപയുടെ ഓഹരി വില്‍ക്കുകയും ചെയ്തു. സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ ഇതോടെ 354011 കോടി രൂപയായി

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ വെറും 97.35 കോടി മാത്രമാണ്. അവര്‍ ഇന്നലെ 13583.92 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 13486.57 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇതോടെ സെപ്റ്റംബറില്‍ അവരുടെ നെറ്റ് വാങ്ങല്‍ 2269.93 കോടി രൂപയുമായി ഉയര്‍ന്നു.

നേരിട്ടുള്ള വിദേശനിക്ഷേപം: ഏപ്രില്‍- ജൂണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപം 47.8 ശതമാനം വര്‍ധിച്ച് 1617 കോടി ഡോളറായി. മുന്‍വര്‍ഷമിതേ കാലയളവിലിത് 1094 കോടി ഡോളറായിരുന്നു. കംപ്യൂട്ടര്‍, ടെലികോം, ഫാര്‍മ, സര്‍വീസസ് 9 ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ) തുടങ്ങിയ മേഖലകളിലേക്കാണ് ഏറ്റവുമധികം നിക്ഷേപമെത്തിയത്.

സാമ്പത്തിക വാര്‍ത്തകള്‍

ലോക ബാങ്ക് വിലയിരുത്തല്‍: നടപ്പുവര്‍ഷം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനത്തിലേക്ക് ഉയരുമെന്ന് ലോക ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ അവര്‍ 6.6 ശതമാനം വളര്‍ച്ചയാണ് അനുമാനിച്ചിരുന്നത്. ആഗോള സാമ്പത്തികാന്തരീക്ഷം കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോവുകയാണെങ്കിലും ഇന്ത്യന്‍ വളര്‍ച്ച ശക്തമായിത്തന്നെ മുന്നോട്ടുപോകും. പൊതു അടിസ്ഥാനസൗകര്യവികസനത്തിനുള്ള നിക്ഷേപം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, സജീവമായ ഉത്പാദനമേഖല, തിരിച്ചുവരുന്ന സേവനമേഖല തുടങ്ങിയവയാണ ഇന്ത്യന്‍ വളര്‍ച്ചയ്ക്കു കരുത്തുപകരുന്നതെന്നും ലോകബാങ്ക് വിലയിരുത്തുന്നു.

ക്രൂഡോയില്‍ വില

ക്രൂഡോയില്‍ വില ഒമ്പതു മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയിരിക്കുകയാണ്. യൂഎസ് ക്രൂഡോയില്‍ വില 70 ഡോളറിനു താഴെയുമെത്തി. അടുത്ത മൂന്നു മാസക്കാലത്ത് ഡിമാണ്ട് വളര്‍ച്ചയിലുണ്ടായിരിക്കുന്ന അനിശ്ചതത്വമാണ് വിലയിടിവിന്റെ കാരണങ്ങളിലൊന്ന്. ഒപ്പെക് പ്ലസ് രാജ്യങ്ങളുടെ ഉത്പാദനവെട്ടിക്കുറവ് അടുത്ത മാസം മുതല്‍ പിന്‍വലിക്കുമെന്ന വാര്‍ത്തയും ക്രൂഡോയില്‍ വില താഴേയ്ക്കു പോകുവാന്‍ സമ്മര്‍ദ്ദമുയര്‍ത്തിയിരിക്കുകയാണ് . ഒപ്പെക് ഇതു സംബന്ധിച്ച വ്യക്തത വരുത്തുന്നതുവരെ ക്രൂഡോയില്‍ വില താഴ്ന്നു നില്‍ക്കാനാണ് സാധ്യതയെന്ന് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഇതോടൊപ്പമാണ്, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഉത്പാദനമേഖലയില്‍ വളര്‍ച്ചാമാന്ദ്യവും ദൃശ്യമായിട്ടുള്ളത്.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 73.01 ഡോളറാണ്. ഇന്നലെ രാവിലെ ബ്രെന്റ് ക്രൂഡിന് ബാരലിന് 73.30 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 69.52 ഡോളറുമാണ്. ഇന്നലെയത് 69.84 ഡോളറായിരുന്നു.

ക്രൂഡോയില്‍ വില കുറയുന്നത് ഈ മേഖലയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കുമെന്നും അതു ഭാവിയില്‍ എനര്‍ജി ദുരത്തിലേക്കു വഴിതെളിക്കുമെന്നു എക്സോണ്‍ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കും.

ഇന്ത്യന്‍ രൂപ ഇന്നലെ

റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടല്‍, ഡോളറിനെതിരേ രൂപയെ റിക്കാര്‍ഡ് താഴ്ചയില്‍നിന്നു തടഞ്ഞു. ബുധനാഴ്ച ഡോളറിന് 83.97 രൂപയാണ് വില. ഒരവസരത്തില്‍ 83.98 വരെ എത്തിയിരുന്നു. ഇന്നലെ രൂപ നീങ്ങിയത് 83.95- 83.98 റേഞ്ചിലാണ്. തല്‍ക്കാലം 84-നു താഴെപ്പോകാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുകയില്ല. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 84.25-ലേയ്ക്കു രൂപയെത്തുമെന്നാണ് ഫോറെക്സ് ട്രേഡര്‍മാരുടെ അഭിപ്രായം.

റിസര്‍വ് ബാങ്കിന്റെ പിന്തുണയ്ക്കൊപ്പം ഫെഡറല്‍ പലിശ നിരക്ക് വലിയതോതില്‍ വെട്ടിക്കുറയ്ക്കുകയില്ലെന്ന വിലയിരുത്തലും രൂപയുടെ കുത്തനെയുള്ള ഇടിവവ് തടയുവാന്‍ സഹായിച്ചു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.