14 Oct 2024 2:17 AM GMT
Summary
നിഫ്റ്റി മനോഭാവം ദുര്‍ബലം; ആഗോളനീക്കം ദിശ നല്‍കും
പശ്ചിമേഷ്യയിലെ സംഘര്‍ഷവും അതിന്റെ പ്രത്യാഘാതങ്ങളും ചൈനീസ് ഉത്തേജക നടപടികളും അടക്കമുള്ള ആഗോള സംഭവവികാസങ്ങളാണ് അടുത്തയിടെ ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നത്. ഇതോടൊപ്പമാണ് വളര്‍ച്ചാത്തോത് കുറയുന്ന കണക്കുകള്‍ സമ്പദ്ഘടനയില്‍നിന്നു പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് രൂപ ദുര്‍ബലമാകുന്നതും ക്രൂഡോയില്‍ വില ഉയരുന്നതും. ഇതു രണ്ടും ഇന്ത്യയില്‍ പണപ്പെരുപ്പത്തിനു ശക്തികൂട്ടും. കാരണം രാജ്യത്തിന്റെ ക്രൂഡോയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ രണ്ടു ഘടകങ്ങളും ഇറക്കുമതിച്ചെലവു കൂട്ടും. മാത്രമല്ല, അടവുശിഷ്ടനിലയേയും ബാധിക്കും.
ഇന്നെത്തുന്ന പണപ്പെരുപ്പക്കണക്കുകള്‍ വിപണി ഉറ്റു നോക്കുകയാണ്. ആഗോള കേന്ദ്രബാങ്കുകളെ റിസര്‍വ് ബാങ്കും പിന്തുടരുമോയെന്ന സൂചന പണപ്പെരുപ്പം നല്‍കും. പണപ്പെരുപ്പം കുറയുകയാണെങ്കില്‍ റിസര്‍വ് ബാങ്കിന് പലിശ കുറയ്ക്കുവാന്‍ കൂടുതല്‍ ഇടം കിട്ടുമെന്നു മാത്രമല്ല, സമ്പദ്ഘടനയിലെ വളര്‍ച്ചാമാന്ദ്യത്തിലേക്കു ശ്രദ്ധ തിരിക്കുവാനും പരിഹാര നടപടികള്‍ എടുക്കാനും സഹായകരമാകും.
കമ്പനികളില്‍നിന്നുള്ള രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ വിപണി ഉറ്റു നോക്കുകയാണ്. ഈ വാരത്തില്‍ ബാങ്കിംഗ്, ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍നിന്നുള്ള പ്രമുഖ കമ്പനികള്‍ പ്രവര്‍ത്തനഫലം പുറത്തുവിടും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഇന്നു ഫലം പുറത്തുവിടുന്ന കമ്പനികള്‍ പ്രമുഖമായിട്ടുള്ളത്. ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, വിപ്രോ, ജിയോ ഫിനാന്‍ഷ്യല്‍, എച്ച് ഡിഎഫ്‌സ് ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഈ വാരത്തില്‍ ഫലവുമായി എത്തും.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ( എഫ്പിഐ) സെല്‍ ഇന്ത്യ, ബൈ ചൈന സമീപമാണ് ഒക്ടോബറില്‍ സ്വീകരിച്ചിട്ടുള്ളത്. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഈ മാസം ഇതുവരെ 55000 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തിയിട്ടുണ്ട്. അതേ സമയം ഇത്രയും ഓഹരികള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വാങ്ങിയതിനാല്‍ എഫ്എഫ്‌ഐ വില്‍പ്പനയുടെ സമ്മര്‍ദ്ദം ഇന്ത്യന്‍ വിപണി കാര്യമായി അറിഞ്ഞില്ല.
യുഎസ് വിപണി ഇക്കഴിഞ്ഞ വാരത്തില്‍ ശക്തമായ മുന്നേറ്റത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് സൂചിക നാനൂറിലധികം പോയിന്റ് മെച്ചപ്പെട്ട് റിക്കാര്‍ഡ് ക്ലോസിംഗിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ് ആന്‍ഡ് പിയും റിക്കാര്‍ഡ് ക്ലോസിംഗിലാണ്. ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറിച്ചതിനെ പണനയകമ്മിറ്റി ശക്തമായ പിന്തുണയാണ് ലഭിച്ചതെന്ന് ഫെഡറല്‍ റിസര്‍വ് മിനിറ്റ്‌സ് വ്യക്തമാക്കുന്നു. കമ്പനി ഫലങ്ങളുടെ പിന്‍ബലത്തില്‍ ഡൗ ഈ വാരത്തിലും ശക്തമായി തുടരുമെന്നാണ് വിലയിരുത്തല്‍. യുഎസ് വിപണിയുടെ മനോഭാവം ആഗോള വിപണിയില്‍ പ്രതിഫലിക്കും.
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച
സമ്മിശ്രമായ ആഗോള വിപണി നീക്കത്തിനിടയില്‍ ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച നേരിയ താഴ്ചയില്‍ ക്ലോസ് ചെയ്തു. മാത്രവുമല്ല ബഞ്ചുമാര്‍ക്കു സൂചികകളുടെ നീക്കം റേഞ്ചുബൗണ്ട് ആയിരുന്നു. വിപണിയിലെ വ്യതിയാനത്തിന്റെ ശക്തിയും കുറയുകയാണ്. ചുരുക്കത്തില്‍ വ്യക്തമായ ദിശ കിട്ടാതെ റേഞ്ച് ബൗണ്ടായി നീങ്ങുകയായിരുന്നു വിപണി ഇക്കഴിഞ്ഞയാഴ്ച.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി വെള്ളിയാഴ്ച തുടര്‍ച്ചയായ മൂന്നാം ദിവസം സൈക്കോളജിക്കല്‍ പിന്തുണയായി കരുതുന്ന 25000 പോയിന്റിനു താഴെ ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഇന്നത്തെ നീക്കം 108 പോയിന്റിനുള്ളിലൊതുങ്ങി. നിഫ്റ്റി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 34.2 പോയിന്റ് താഴ്ന്ന് 24964.25 പോയിന്റിലാണ്. ഇക്കഴിഞ്ഞ വാരത്തില്‍ നിഫ്റ്റിയുടെ നീക്കം 540 പോയിന്റിനുള്ളിലായിരുന്നു.
വിവിധ മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി, കാപ്പിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത്‌കെയര്‍, എഫ്എംസിജി, മെറ്റല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകള്‍ നിഫ്റ്റിക്ക് പിന്തുണ നല്‍കി. ബാങ്കിംഗ്, ഓട്ടോ എ്ന്നീ മേഖലകളാണ് നിഫ്റ്റിയെ പിന്നോട്ടു വലിച്ചത്.
എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 230.05 പോയിന്റ് (0.28 ശതമാനം) ഇടിവോടെ 81381.36 പോയിന്റില്‍ ക്ലോസ് ചെയ്തു.
കൂുടതല്‍ ഉത്തേജകനടപടികളെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ സൂചന നല്‍കിയത് മെറ്റല്‍ മേഖലയ്ക്കു സഹായകമാകുമെന്നു വിലയിരുത്തുന്നു. ഈ വാരത്തില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട മേഖലയാണ് മെറ്റല്‍. വെള്ളിയാഴ്ച മെറ്റല്‍ തൃപ്തികരമായ ഉയര്‍ച്ച നേടിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായ ചൈന നടപ്പുവര്‍ഷം അഞ്ചു ശതമാനം ലക്ഷ്യമിട്ട് സാമ്പത്തിക ഉത്തേജക നടപടികള്‍ കൈക്കൊള്ളുകയാണ്. എന്നാല്‍ ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ കുറയുന്നതാണ് മുഖ്യ പ്രശ്‌നം.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റി വളരെ ചെറിയ റേഞ്ചില്‍ കണ്‍സോളിഡേഷനിലാണ്. വാരാദ്യത്തില്‍ താഴ്ന്ന തലത്തില്‍ ശക്തി നേടി നിഫ്റ്റി തിരിച്ചുവരവു നടത്തുകയായിരുന്നു. റിസര്‍വ് ബാങ്ക് പണനയം നിഫ്റ്റിക്ക് ശക്തി പകര്‍ന്നില്ല.
25250 പോയിന്റ് മറികടക്കുവാന്‍ നിഫ്റ്റി വളരെ പ്രയാസപ്പെടുകയാണ്. 25250 പോയിന്റിനു മുകളിലേക്കു ശക്തമായ നിലയില്‍ വന്നാല്‍ മാത്രമേ പുതിയ ഉയരങ്ങളിലേക്കു നീങ്ങുവാന്‍ നിഫ്റ്റിക്കു സാധിക്കുകയുള്ളു. നിഫ്റ്റിയിലെ കണ്‍സോളിഡേഷന്‍ തുടരുവാനാണ് സാധ്യത. നെഗറ്റീവ് ചായ്വാണ് നിഫ്റ്റിയില്‍ ദൃശമാകുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും 25000 പോയിന്റിനു താഴെ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25150 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്നു മുന്നോട്ടു നീങ്ങിയാല്‍ 25250 പോയിന്റ് റെസിസ്റ്റന്‍സ് ആണ്. ഒക്ടോബര്‍ ഒന്നിലെ ഗ്യാപ് ഡൗണ്‍ പോയിന്റായ 25740 ശക്തമായ റെസിസ്റ്റന്‍സായി നില്‍ക്കുകയാണ്.
നിഫ്റ്റിയില്‍ ഇന്നു തിരുത്തലുണ്ടായാല്‍ 24920 പോയിന്റിലാണ് ഏറ്റവുമടുത്ത പിന്തുണ. തുടര്‍ന്ന് 24705 പോയിന്റിലും അതിനു താഴേയ്ക്കു പോയാല്‍ 24540 പോയിന്റിലും 24210 പോയിന്റിലും പിന്തുണ കിട്ടും.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 41.73 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: തുടര്‍ച്ചയായ നാലാം ദിവസവും ബാങ്ക് നിഫ്റ്റി 51000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റിയില്‍ 358.6 പോയിന്റ് ഇടിവുണ്ടായെങ്കിലും ക്ലോസിംഗ് 51172.30 പോയിന്റിലാണ്. ബാങ്ക് നിഫ്റ്റി 51000 പോയിന്റിനു മുകളില്‍ സാമാന്യം ശക്തമായ പിന്തുണ നേടിയിരിക്കുന്നു.
നവംബര്‍ 20 മുതല്‍ ബാങ്ക് നിഫ്റ്റി ഡെറിവേറ്റീവ് വ്യാപാരം ഇല്ലാതാവുകയാണ്. ഇനി നിഫ്റ്റി ഡെറിവേറ്റീവുകള്‍ മാത്രമേ പ്രതിവാര സെറ്റില്‍മെന്റിനുണ്ടാവുകയുള്ളു.
ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51700-51800 തലത്തില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 52120 പോയിന്റിലും 52220 പോയിന്റിലും റെസിസറ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത ലക്ഷ്യം 52600 പോയിന്റാണ്. 52820 പോയിന്റ് അതിശക്തമായ റെസിസ്റ്റന്‍സ് പോയിന്റായി മാറിയിരിക്കുകയാണ്.
മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50450 പോയിന്റിലും തുടര്‍ന്ന് 50350 പോയിന്റിലും 50190 പോയിന്റിലും പിന്തുണ കിട്ടും.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 42.48 ആണ്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 33 പോയിന്റ് താഴ്ന്നാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്‌സ് സമ്മിശ്രമാണ്.
ഇന്ത്യ വിക്സ്
ഇന്ത്യ വികസ് വെള്ളിയാഴ്ച2.04 ശതമാനം താഴ്ചയോടെ 13..22 -ലെത്തി. വ്യാഴാഴ്ച 13.47 ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിപണിയിലെ അസാധാരണ വ്യതിയാനത്തിനു പതിയെ ശമനം വരികയാണ്. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 0.84 പോയിന്റായി. വ്യാഴാഴ്ചയിത് 0.93 ആയിരുന്നു. വിപണിക്ക് വ്യക്തമായ ദിശ സ്വീകരിക്കുവാന്‍ സാധിക്കില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
ഒക്ടോബറിലെ എല്ലാ ദിവസവും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരായിരുന്നു. വെള്ളിയാഴ്ച എഫ്എഫ്‌ഐ 6219.76 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 10382.42 കോടി രൂപയുടെ വില്‍പ്പനയും നടത്തി. നെറ്റ് വില്‍പ്പന 4162.66 കോടി രൂപ. ഇതോടെ ഒക്ടോബര്‍ 11 വരെയുള്ള നെറ്റ് വില്‍പ്പന 58394.56 കോടി രൂപയിലേക്ക് ഉയര്‍ന്നു.
അതേസമയം ഇന്ത്യന്‍ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ മാസത്തിലെ എല്ലാ വ്യാപാരദിവസങ്ങളിലും നെറ്റ് വാങ്ങലുകാരായിരുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 11906.51 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും 8175.64 കോടി രൂപയുടെ വില്‍പ്പനയും നടത്തി. നെറ്റ് വാങ്ങല്‍ 3730.87 കോടി രൂപയാണ്. ഒക്ടോബറില്‍ ഇതോടെ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 57792.20 കോടി രൂപയായി ഉയര്‍ന്നു. അതായത് വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പന ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വാങ്ങുന്നതിനാല്‍ വിപണിയില്‍ കാര്യമായ ഇടിവുണ്ടാകുന്നില്ല. റേഞ്ചുബൗണ്ടായി നീങ്ങുകയാണ്.
2024-ല്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 1.97 ലക്ഷം കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 4.76 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്.
ഇന്ത്യന്‍ എഡിആറുകള്‍
വെള്ളിയാഴ്ചയും ഐടി ഓഹരികളായ ഇന്‍ഫോസിസും വിപ്രോയും മെച്ചപ്പെട്ടു. ഇന്‍ഫോസിസ് 1.24 ശതമാനവും വിപ്രോ 1.59 ശതമാനവും മെച്ചപ്പെട്ടു ക്ലോസ് ചെയ്തത്. എന്നാല്‍, ഐസിഐസിഐ ബാങ്ക് 1.71 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 0.31 ശതമാനവും താഴ്ന്നിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ യാത്രാ ഓണ്‍ലൈന്‍ 3.03 ശതമാനവും ഡോ. റെഡ്ഡീസ് 1.28 ശതമാനവുംമെച്ചപ്പെട്ടു. എന്നാല്‍ മേക്ക് മൈ ട്രിപ് 1.47 ശതമാനം കുറഞ്ഞാണ് ക്ലോസ് ചെയ്തത്.
യുഎസ് വിപണി സൂചികകള്‍
ഒക്ടോബര്‍ 14 കൊളംബസ് ഡേ പ്രമാണിച്ച് അവധിയാണെങ്കിലും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കും. ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ശക്തമായ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടും സെപ്റ്റംബറിലെ പണപ്പെരുപ്പം 2021-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ (2.4 ശതമാനം; കഴിഞ്ഞ മാസം 2.5 ശതമാനം) എത്തിയതും യുഎസ് വിപണിയെ പുതിയ ഉയരത്തില്‍ എത്തിച്ചിരിക്കുകയാണ്. നവംബറിലാണ് അടുത്ത ഫെഡറല്‍ യോഗം. ബാങ്കിംഗ് മേഖലയുടെ പ്രകടനം സമ്പദ്ഘടനയുടെ ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് വാള്‍സ്ട്രീറ്റ് കരുതുന്നത്.
യുഎസ് ബഞ്ച്മാര്‍ക്ക് സൂചികയായ ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് വെള്ളിയാഴ്ച 409.74 പോയിന്റ് (0.97 ശതമാനം) മെച്ചപ്പെട്ട് 42863.9 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്. മാത്രമല്ല ഡൗ വെള്ളിയാഴ്ച 42899.75 പോയിന്റെന്ന റിക്കാര്‍ഡ് ഉയരവും സൃഷ്ടിച്ചു. ഡൗ മാത്രമല്ല, എസ് ആന്‍ഡ് പി 500 സൂചികയും റിക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും (5822.13 പോയിന്റ് ) 34.98 പോയിന്റു (0.61 ശതമാനം) മെച്ചപ്പെട്ട് 5815.03 പോയിന്റില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. റിക്കാര്‍ഡ് ക്ലോസിംഗാണിത്. ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് വെള്ളിയാഴ്ച 60.89 പോയിന്റ് ( 0.33 ശതമാനം) മെച്ചപ്പെട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യന്‍ വിപണികള്‍ എല്ലാം പോസീറ്റീവായിട്ടാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 15.92 പോയിന്റും (0.19 ശതമാനം) സിഎസി ഫ്രാന്‍സ് 36.3 പോയിന്റും (0.48 ശതമാനം) ജര്‍മന്‍ ഡാക്സ് 144.83 പോയിന്റ്ും (0.75 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 230.59 പോയിന്റു (0.68 ശതമാനം) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്.
ഏഷ്യന്‍ വിപണികള്‍: സ്പോര്‍ട്സ് ഡേ പ്രമാണിച്ച് ജാപ്പനീസ് വിപണികള്‍ക്ക് ഇന്ന് അവധിയാണ്. കഴിഞ്ഞ വാരത്തിലെ അവസാന വ്യാപാരദിനത്തില്‍ ജാപ്പനീസ് നിക്കി 224.91 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. രണ്ടാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിത്. മെച്ചപ്പെട്ട ക്വാര്‍ട്ടര്‍ ഫലങ്ങള്‍ കമ്പനികള്‍ പുറത്തുവിടുമെന്ന വിലയിരുത്തലാണ് നിക്കിക്ക് കരുത്തു പകര്‍ന്നത്. കൊറിയന്‍ കോസ്പി 17.36 പോയിന്റ് മെച്ചപ്പെട്ട് നീങ്ങുകയാണ്.
ഒരു ദിവസത്തെ അവധിക്കുശേഷം തഴ്ന്ന് തുറന്ന സിംഗപ്പൂര്‍ ഹാംഗസെംഗ് സൂചിക ഇന്നു രാവിലെ 61.02 നേട്ടത്തിലാണ്. ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക ഇന്നു രാവിലെ 37.18 പോയിന്റ് മെച്ചപ്പെട്ടാണ് നീങ്ങുന്നത്.
സാമ്പത്തിക വാര്‍ത്തകള്‍
ഐഐപി ചുരുങ്ങി: വ്യാവസായികോത്പാദനം ഓഗസ്റ്റില്‍ 0.1 ശതമാനം ചുരുങ്ങി. ഇരുപത്തിരണ്ട് മാസത്തില്‍ആദ്യമായാണ് ഉത്പാദനം ചുരുങ്ങുന്നത്. ജൂലൈയില്‍ 4.7 ശതമാനം വളര്‍ച്ച കാണിച്ച സ്ഥാനത്താണിത്. മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച ജൂലൈയിലെ 4.4 ശതമാനത്തില്‍നിന്ന് ഓഗസ്റ്റില്‍ ഒരു ശതമാനമായി കുറഞ്ഞു. 2023 ഓഗസ്റ്റില്‍ ഐഐപി വളര്‍ച്ച 10.9 ശതമാനമായിരുന്നു. വ്യവാസായികോത്പാദനത്തില്‍ 40 ശതമാനം വെയിറ്റേജുള്ള കാതല്‍ മേഖലയിലെ വളര്‍ച്ച ഓഗസ്റ്റില്‍ 1.8 ശതമാനം ചുരുക്കം കാണിച്ചിരുന്നു. തലേമാസം ജൂലൈയില്‍ 6.1 ശതമാനം വളര്‍ച്ച കാണിച്ച സ്ഥാനത്താണിത്.
കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് 23 മാനുഫാക്ചറിംഗ് മേഖലകളില്‍ 11 എണ്ണത്തിലും ഉത്പാദനം ചുരുങ്ങുകയാണ് ചെയ്തത്. അതേപോലെ ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ വ്യാവസായികോത്പാദന വളര്‍ച്ച 4.2 ശതമാനമായി താഴ്ന്നു. മുന്‍വര്‍ഷം ഓഗസ്റ്റിലിത് 6.2 ശതമാനമായിരുന്നു വളര്‍ച്ച. എല്ലാ മേഖലയിലും വളര്‍ച്ച കുറയുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്.
പ്രത്യക്ഷനികുതി വരുമാനം: ഒക്ടോബര്‍ 10 വരെ രാജ്യത്തിന്റെ നെറ്റ് പ്രത്യക്ഷനികുതി വരുമാനം 18.3 ശതമാനം വര്‍ധിച്ച് 11.25 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതി. കമ്പനി നികുതി, ഓഹരിയിടപാടു നികുതി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പ്രത്യക്ഷനികുതി വരുമാനം. നടപ്പുവര്‍ഷം 22.07 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷനികുതിയിനത്തില്‍ ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്. പരോക്ഷനികുതിയിനത്തില്‍ 16.33 ലക്ഷം കോടി രൂപയും. ബജറ്റ് എസ്റ്റിമേറ്റിന്റെ 51.2 ശതമാനം ഇതിനകം പിരിഞ്ഞുകിട്ടിയിട്ടുണ്ട്.
കമ്പനി വാര്‍ത്തകള്‍
ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഞ്ചല്‍ വണ്‍. ഒറിയന്റ് ഹോട്ടല്‍സ്,ഇന്റര്‍ നാഷണല്‍ ട്രാവല്‍ ഹൗസ് അലോക് ഇന്‍ഡസ്ട്രീസ് തുടങ്ങി 15 കമ്പനികള്‍ ഫലം പുറത്തുവിടും.
അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സ്: രാകേഷ് ദമാനിയുടെ അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സ് ( ഡി-മാര്‍ട്ട്) രണ്ടാം ക്വാര്‍ട്ടറില്‍ 659.6 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 623.6 കോടി യേക്കാള്‍ 5.8 ശതമാനം കൂടുതല്‍. വരുമാനം മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറിലെ 12624.4 കോടി രൂപയില്‍നിന്ന് 14 ശതമാനം വര്‍ധനയോടെ 14444.5 കോടി രൂപയിലെത്തി. കമ്പനിയുടെ മാര്‍ജിന്‍ 6.7 ശതമാനത്തില്‍നിന്ന് 7.6 ശതമാനമായി ഉയര്‍ന്നു.
ക്രൂഡോയില്‍ വില
തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ക്രൂഡോയില്‍ വില്‍ മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചതിനുശേഷം ക്രൂഡോയില്‍ വില 10 ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണ്. ഇസ്രയേല്‍ ഇറാനെതിരേ തിരിച്ചടിക്കു തയാറെടുക്കവേ ക്രൂഡോയില്‍ വില ശക്തമായിത്തന്നെ നില്‍ക്കുകയാണ്.എങ്കിലും ക്രൂഡോയില്‍ സൈഡ് വേസ് ആയി നീങ്ങുവാനുള്ള സാധ്യത ഏറി വരികയാണ്. ഇറാന്റെ കയറ്റുമതിസാധ്യതയ്ക്കു ഭംഗം വരുത്താതെ റിഫൈനറികള്‍ തകര്‍ക്കാനുള്ള സാധ്യതകള്‍ ഇസ്രയേല്‍ ആലോചിക്കുകയാണ്. ഇത് ഇറാന് കൂടുതല്‍ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം എണ്ണ സപ്‌ളൈ തടസ്സപ്പെടുകയുമില്ല. ഇന്നു രാവിലെ നേരിയ തോതില്‍ താഴ്ന്നാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 77.74 ഡോളറാണ്. ശനിയാഴ്ച രാവിലെ 79.04 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 74.32 ഡോളറുമാണ്. ശനിയാഴ്ചയിത് 75.56 ഡോളറായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.
ഇന്ത്യന്‍ രൂപ
രൂപ ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയിലെത്തി. ചരിത്രത്തിലാദ്യമായി വെള്ളിയാഴ്ച ഡോളറിന് 84-നു താഴേയ്ക്കു നീങ്ങി. ഡോളറിന് 84.10 രൂപയാണ് വില. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ അമ്പതിനായിരം കോടി രൂപയ്ക്കു മുകളില്‍ വിറ്റഴിച്ചതും ക്രൂഡോയില്‍ വില 80 ഡോളറിനടുത്തേക്കു നീങ്ങിയതുമൊക്കെ രൂപയെ ദുര്‍ബലമാക്കി. അടുത്ത കാലത്തു ചൈന പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ആ രാജ്യത്തിലേക്കു പണം ആകര്‍ഷിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു അവര്‍ പണം പിന്‍വലിക്കുകയും ചൈനയില്‍ നിക്ഷേപിക്കുകയാണ്. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍പനയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂപയുടെ ഇടിവ് ഐടി ഉള്‍പ്പെടെയുള്ള കയറ്റുമതി കമ്പനികള്‍ക്കു ഗുണം നല്‍കും.
എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഇതു കടുത്ത ആഘാതം ഇന്ത്യയിലുണ്ടാകും.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.