image

8 Oct 2024 2:40 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്ടോബര്‍ 08)

MyFin Desk

market this week (july 29-august 04) trade morning
X

ഫെഡ് പലിശ കുറച്ചു, ആഗോള വിപണികളിൽ ആവേശം, ആഭ്യന്തര സൂചികകൾ മുന്നേറിയേക്കും

Summary

പണനയത്തിനു കാത്ത് വിപണി


ആഗോള, ആഭ്യന്തര സംഭവ വികാസങ്ങളില്‍ വിപണിക്ക് മുന്നോട്ടു പോകുന്നതിന് ഒരു പോസീറ്റീവ് ട്രിഗര്‍ ആവശ്യമാണ്. എല്ലാ മേഖലകളില്‍നിന്നും നെഗറ്റീവ് വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഹരിയാന, ജമ്മി കാശ്മീര്‍ സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ബിജെപിക്കു ഭരണം ലഭിക്കുകയില്ലെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിപണി മനോഭാവത്തെ ബാധിക്കുകയാണ്. ഭരണത്തെ ബാധിക്കുകയില്ലെങ്കില്‍ പോലും ദീര്‍ഘകാലത്തില്‍ ഇതു വിപണിയുടെ മനോഭാവത്തെ ബാധിക്കും. പ്രത്യേകിച്ചും മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍. രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു രാജ്യത്തെ തള്ളിവിടുമെന്ന ഭയം ഇത് ഉയര്‍ത്തും.

വിപണിക്ക് വ്യക്തമായ ദിശ നല്‍കുന്ന ഒന്നായിരിക്കും നാളെയെത്തുന്ന റിസര്‍വ് ബാങ്കിന്റെ പണനയം. പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യത്തിനു താഴേയ്ക്ക് എത്തിയ സാഹചര്യത്തിലും മികച്ച മണ്‍സൂണ്‍ ലഭിച്ച സാഹചര്യത്തിലും ഉയര്‍ന്നു നില്‍ക്കുന്ന പലിശ കുറയ്ക്കേണ്ടത് വളര്‍ച്ച മുരടിപ്പു നേരിടുന്ന സമ്പദ്ഘടനയെ ഉദ്ദീപിപ്പിക്കുവാന്‍ ആവശ്യമാണ്. യുഎസിന്റേയും ചൈനയുടേയും ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. പലിശ കുറയ്ക്കല്‍ സംബന്ധിച്ച സൂചനകളായിരിക്കും വിപണിക്ക് ഇനി പോസീറ്റീവ് ട്രിഗര്‍ നല്‍കുക.

രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളാണ് മറ്റൊരു ട്രിഗര്‍. പത്തിന് ടിസിഎസ് ഫലം എത്തുകയാണ്. മേഖലയുടേയും കമ്പനികളുടേയും പ്രകടനം വ്യക്തിഗതമായി അതാതു മേഖലകളിലും ഓഹരികളിലും പ്രതിഫലിക്കും. പലശകുറയ്ക്കുന്നതിലൂടെ മൊത്തത്തിലുള്ള വായ്പാച്ചെലവ് കുറയ്ക്കുകയും കമ്പനികള്‍ക്ക് വളര്‍ച്ച ത്വരിതപ്പെടുത്താനും സഹായിക്കും. യുഎസ് അതിനു മാതൃകയാണ്. ആദ്യത്തെ പലിശ വെട്ടിക്കുറയ്ക്കലിനുശേഷം തൊഴില്‍ സൃഷ്ടി ഗണ്യമായി വര്‍ധിച്ചു.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില ഉയരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേള്‍ക്കാന്‍ അത്ര സുഖകരമല്ല. അതു വിപണിയുടെ മനോഭാവത്തെ ബാധിക്കുകയാണ്.

ഇന്ത്യന്‍ വിപണി ഇന്നലെ

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള, ആഭ്യന്തര പ്രശ്നങ്ങള്‍ ഒരേപോലെ വിപണിയെ ബാധിച്ചു പശ്ചിമേഷ്യയിലെ ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷവും ക്രൂഡോയില്‍ വില വര്‍ധനയുമാണ് വിപണിക്കു പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നത്. ആഗോള വിപണി ട്രെന്‍ഡും അതുകൊണ്ടുതന്നെ നെഗറ്റീവാണ്.

ആഗോള പ്രശ്നങ്ങളേക്കാള്‍ വിപണി മനോഭാവത്തെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ ആഭ്യന്തര പ്രശ്രനങ്ങള്‍ ഒന്നിനു പുറകേ ഒന്നായി ഉയര്‍ന്നു വരുന്നുണ്ട്.

ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാക്കിയിട്ടുള്ള എഫ് ആന്‍ഡ് ഒ വ്യാപാരത്തിലെ നിയന്ത്രണങ്ങള്‍ വിപണി ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഉയര്‍ന്നു നില്‍ക്കുന്ന ഇന്ത്യന്‍ വിപണി വളരെ ചെലവേറിയതാണെന്ന വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വിലയിരുത്തല്‍ അവരെ വില്‍പ്പനയ്ക്കു പ്രേരിപ്പിക്കുന്നു. പതിനേഴു വര്‍ഷത്തെ ഏറ്റവും താഴ്ചയില്‍നിന്നു തിരിച്ചുവരുന്ന ചൈനീസ് വിപണിയെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ആകര്‍ഷകമായി കാണുകയും അങ്ങോട്ടു നിക്ഷേപം തിരിച്ചുവിടുകയുമാണ്. പ്രത്യേകിച്ചും പലിശ നിരക്കു കുറച്ചതുള്‍പ്പെടെയുള്ള സാമ്പത്തിക ഉത്തജകങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍.

ഇന്നലെ ഐടി ഒഴികെയുള്ള ഒട്ടു മിക്ക മേഖലകളിലും വില്‍പ്പന ദൃശ്യമായിരുന്നു. ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ,ഹെല്‍ത്ത്്കെയര്‍, മെറ്റല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവയിലെല്ലാം വന്‍ വില്‍പ്പനയാണ് ദൃശ്യമായത്. ലാര്‍ജ്, മിഡ്്, സ്മോള്‍ കാപ് ഭേദമില്ലാതെ എല്ലാ വിഭാഗം ഓഹരികളിലും വില്‍പ്പനയാണ് കണ്ടത്.

ഇന്ത്യ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ 218.85 പോയിന്റ് (0.87 ശതമാനം) ഇടിവോടെ 24795.75 പോയിന്റില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് നിഫ്റ്റി താഴ്ന്നു ക്ലോസ് ചെയ്യുന്നത്. സെപ്റ്റംബര്‍ 27-ലെ റിക്കാര്‍ഡ് പോയിന്റില്‍നിന്ന് (26277.35 പോയിന്റില്‍നിന്ന് 1500- ഓളം പോയിന്റ് ഇടിഞ്ഞിരിക്കുകയാണ്. ഇന്നലെ 25000 പോയിന്റെന്ന സൈക്കോളജിക്കല്‍ സംഖ്യയ്ക്കു താഴേയ്ക്കു പോവുകയും ക്ലോസ് ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ 638.45 പോയിന്റ് (0.78 ശതമാനം) താഴ്ന്ന് 81050 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

സാങ്കേതികമായി നിഫ്റ്റി അമ്പതു ദിന മൂവിംഗ് ആവേറജിന്റെ താഴെ തുടര്‍ച്ചയായ രണ്ടാം ദിവസവും ക്ലോസ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബറിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് നിഫ്റ്റി എത്തിയിരിക്കുന്നു. ഇവിടെ നിഫ്്റ്റിക്കു പിന്തുണ കിട്ടേണ്ടതാണ്. പ്രത്യേകിച്ചും ഓവര്‍ സോള്‍ഡ് സോണിനടുത്തേക്ക് വന്നിരിക്കുന്ന സാഹചര്യത്തില്‍. ഒരു തിരിച്ചുവരവ് അനിവാര്യമാണ്. ഇപ്പോഴത്തെ നിലവാരത്തില്‍ ശക്തമായ പിന്തുണ നിഫ്റ്റിക്കുണ്ട്.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 24975 പോയിന്റിലും 25150 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്നും മെച്ചപ്പെടുകയാണെങ്കില്‍ 25250 പോയിന്റിലും 25500 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 24600 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം. അതിനു താഴേയ്ക്കു പോയാല്‍ 24250 പോയിന്റിലാണ് പിന്തുണ കിട്ടുക. ഇതിനു താഴേയ്ക്കുപോയാല്‍ 23900- 24000 പോയിന്റ് തലത്തിലാണ് പിന്തുണ. വരും ദിവസങ്ങളില്‍ മുന്നോട്ടു പോകുവാനുള്ള ട്രിഗര്‍ ലഭിക്കുന്നില്ലെങ്കില്‍ ഇതിലേക്ക് എത്താനുള്ള സാധ്യതയേറെയാണ്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 36.77 ആണ്. ന്യൂട്രല്‍ സോണിലെത്തിയിരിക്കുകയാണ് നിഫ്റ്റി. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഇന്നലെ 983.15 പോയിന്റ് നഷ്ടത്തോടെയാണ് ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ക്ലോസിംഗ് 50478.9 പോയിന്റാണ്. റിക്കാര്‍ഡ് ഉയര്‍ച്ചയില്‍നിന്ന് (54467.35 പോയിന്റ് )തുടര്‍ച്ചയായ ആറാം ദിവസമാണ് ബാങ്ക് നിഫ്റ്റി താഴുന്നത്. ആറു ദിവസംകൊണ്ട് നലായിരത്തോളം പോയിന്റ് നഷ്ടം കാണിച്ചിരിക്കുകയാണ്. നല്ലൊരു തിരുത്തല്‍ ഉണ്ടായിരിക്കുന്നു എന്നു പറയാം.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51460 പോയിന്റിലും തുടര്‍ന്ന് 51790 പോയിന്റിലും 55360 പോയിന്റിലും റെസിസ്റ്റന്‍സ് ഉണ്ട്. അടുത്ത റെസിസ്റ്റന്‍സുകള്‍ 53370 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 49860 പോയിന്റിലും തുടര്‍ന്ന് 49650 പോയിന്റിലും പിന്തുണ ലഭിക്കും. കുത്തനെ ഇടിവുണ്ടായാല്‍ 48906 പോയിന്റിലേക്കും 48605 പോയിന്റിലേക്കും ബാങ്ക് നിഫ്റ്റി എത്താം.

ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 34.21 ആണ്. ബാങ്ക് നിഫ്റ്റി ന്യൂട്രല്‍ സോണിലാണെങ്കിലും ഓവര്‍സോള്‍ഡ് സോണിനടുത്ത് എത്തിയിരിക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 3.5 പോയിന്റ് താഴ്ന്നാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വിപണി ഫ്യൂച്ചേഴ്സ് പൊതുമനോഭാവം നെഗറ്റീവാണ്.

ഇന്ത്യ വിക്‌സ്

വിപണിയിലെ ആശങ്കകള്‍ ഉയരുന്നതിനനുസരിച്ച് ഇന്ത്യ വിക്സും ഉയരുകയാണ്. ഇന്നലെ ഏഴു ശതമാനത്തോളം ഉയര്‍ന്ന് ഇന്ത്യ വികസ് 15.08-ലെത്തി. വെള്ളിയാഴ്ച 14.13 ആയിരുന്നു. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.67 ആയി താഴ്ന്നു. വെള്ളിയാഴ്ചയിത് 0.69 ആയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 13-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോയിന്റാണിത്. വിപണി ഏതാണ്ട് ബെയറീഷ് മൂഡിലേക്ക് മാറുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകളില്‍ നല്ലൊരു പങ്കും ഇന്നലെ താഴ്ന്നാണഅ ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.53 ശതമാനം മെച്ചപ്പെട്ടപ്പോള്‍ വിപ്രോ 0.78 ശതമാനം ഇടിവാണ് കാണിച്ചത്. ഐസിഐസിഐ ബാങ്ക് 2.04 ശതമാനവും എച്ച് ഡിഎഫ്‌സി ബാങ്ക് 2.56 ശതമാനവും ഇടിവു കാണിച്ചു. മേക്ക് മൈ ട്രിപ് 5.48 ശതമാനവും യാത്രാ ഓണ്‍ലൈന്‍ 0.61 ശതമാനവും താഴ്ന്നു. ഡോ. റെഡ്ഡീസും റിലയന്‍സ് ഇന്‍ഡസ്ട്രീസും യഥാക്രമം 0.78 ശതമാനവും 1.99 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണി സൂചികകള്‍

യുഎസ് പത്തുവര്‍ഷ ട്രഷറി യീല്‍ഡ് നാലു ശതമാനം കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് യുഎസ് ഓഹരികളില്‍ ഇന്നലെ വന്‍വില്‍പ്പനയാണ് ഉണ്ടായത്. ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് ഇന്നലെ 398.51 പോയിന്റ് (0.94 ശതമാനം) ഇടിഞ്ഞ് 41954.24 പോയിന്റില്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 341.16 പോയിന്റ് ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 27-ന് സൃഷ്ടിച്ച 42628.32 പോയിന്റാണ് റിക്കാര്‍ഡ് ഉയര്‍ച്ച.

ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് 213.95 പോയിന്റും (1.18 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 55.13 പോയിന്റും (0.96 ശതമാനം) ഇടിവാണ് രേഖപ്പെടുത്തിയത്.

യൂറോപ്യന്‍ വിപണികള്‍ സമ്മിശ്രമായാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 22.99 പോയിന്റും (0.28 ശതമാനം) സിഎസി ഫ്രാന്‍സ് 34.66 പോയിന്റും (0.46 ശതമാനം) മെച്ചപ്പെട്ടപ്പോള്‍ ജര്‍മന്‍ ഡാക്‌സ് 16.83 പോയിന്റ് (0.09 ശതമാനം) താഴ്്ന്നു. ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 220.4 പോയിന്റു (0.66 ശതമാനം) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം നെഗറ്റീവായാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍: ഇന്നലെ രാവിലെ അറുനൂറു പോയിന്റോളം മെച്ചപ്പെട്ട ഓപ്പണ്‍ ചെയ്ത നിക്കി വ്യാപാരം അവസാനിപ്പിച്ചത് 698 പോയിന്റ് നേട്ടത്തിലാണ്. ഇന്നു രാവിലെ മൂന്നൂറോളം പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ചെയ്തത്. ഒന്നര മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ നിക്കി 313.5 പോയിന്റ് താഴ്ചയിലാണ്

കൊറിയന്‍ കോസ്പി 22.15 പോയിന്റും സിംഗപ്പൂര്‍ ഹാംഗ്സെഗ് സൂചിക 682.25 പോയിന്റും താഴ്ന്നു നില്‍ക്കുകയാണ്.

ചൈനീസ് ഉത്തേജകത്തിന്റെ പിന്‍ബലത്തിലും വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ പിന്തുണയാലും ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക ഇന്നു രാവിലെ 245.49 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന തുടരുകയാണ്. ഇന്നലെ അവര്‍ 14057.25 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 22350.66 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വില്‍പ്പന 8293.41 കോടി രൂപ. ഒക്ടോബറിലെ എല്ലാ വ്യാപാരദിനങ്ങളിലും നെറ്റ് വില്‍പ്പനക്കാരിയിരുന്നു അവര്‍. ഒക്ടോബര്‍ ഏഴു വരെ അവരുടെ നെറ്റ് വില്‍പ്പന 39012.98 കോടി രൂപയായി ഉയര്‍ന്നു.

എന്നാല്‍ ഇവരുടെ വില്‍പ്പന അപ്പാടെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഇന്ത്യന്‍ നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ഒക്ടോബര്‍ ഏഴുവരെ അവരുടെ നെറ്റ് വാങ്ങല്‍ 39673.71 കോടി രൂപയുടെ ഓഹരികളാണ്. ഇന്നലെ അവര്‍ 23924.07 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 10678.9 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 13245.12 കോടി രൂപ.

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇപ്പോള്‍ വില്‍പ്പനക്കാരാണെങ്കിലും ഇന്ത്യന്‍ ഓഹരികളിലെ എഫ്ഐഐ ഉടമസ്ഥക കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച 16.43 ശതമാനം ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഓഹരി, ഡെറ്റ്, മ്യൂച്വല്‍ ഫണ്ട്സ്, ഹൈബ്രിഡ് ഫണ്ട് തുടങ്ങിയവയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം ആദ്യമായി ഒരു ലക്ഷം കോടി ഡോളറിനു മുകളിലെത്തി. കഴിഞ്ഞ ജനുവരിയിലെ നിക്ഷേപത്തെ അപേക്ഷിച്ച് ഇത് 26.7 ശതമാനം കൂടുതലാണ്. 2024-ല്‍ ഇതുവരെ വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വില്‍പ്പന 1.78 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്. അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 4.58 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്.

ക്രൂഡോയില്‍ വില

ആഗോള രാഷ്ട്രീയ പ്രശ്നങ്ങള്‍ (ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം) ഡിമാണ്ട് വര്‍ധന. പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നത് തുടങ്ങിയവെയെല്ലാം ഇന്നലെ എണ്ണ വില ഉയര്‍ത്തി. കഴിഞ്ഞ വാരത്തില്‍ വില എട്ടു ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഇസ്രയേല്‍ ഇറാന്റെ എണ്ണയുത്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കുമോയെന്ന ഭയം വിപണിക്കുണ്ട്. അത്തരത്തിലുള്ള ഒരു ആക്രമണം എണ്ണ സപ്ലൈ താറുമാറാക്കും. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടാല്‍ അത് എണ്ണ നീക്കത്തേയും ബാധിക്കും.

ഇതേത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡോയില്‍ ആഴ്ചകള്‍ക്കുശേഷം 8- ഡോളറിനു മുകളിലേക്ക് എത്തിയിരിക്കുകയാണ്. ഡബ്ള്യുടിഐ ക്രൂഡ് ബാരലിന് 77 ഡോളറിനു മുകളില്‍ ഇന്നലെ എത്തിയിരുന്നു.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 80.4 ഡോളറാണ്. തിങ്കളാഴ്ച രാവിലെ 77.63 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 76.70 ഡോളറുമാണ്. തിങ്കളാഴ്ചയിത് 74.04 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ ഇന്നലെ

വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയും ക്രൂഡോയില്‍ വില വര്‍ധനയും രൂപയില്‍ കടുത്ത സമ്മര്‍ദ്ദം ചെലിത്തുമ്പോഴും റിസര്‍വ് ബാങ്ക് ശക്തമായ പിന്തുണ നല്‍കിയ രൂപയെ താങ്ങി നിര്‍ത്തുകയാണ്. ഇന്നലെ ഡോളറിന് 83.99-ല്‍ നേരിയ താഴ്ചയില്‍ രൂപ ക്ലോസ് ചെയ്തു. ഡോളറിന് 84-ലേക്കു താഴാതെ ആര്‍ബിഐ രൂപയെ സംരക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച ഡോളറിന് 83.97 രൂപയായിരുന്നു. ഇന്ത്യയുടെ വിദേശനാണ്യ കരുതുല്‍ ശേഖരം 70000 കോടി ഡോളറിനു മുകളിലേക്കു സെപ്റ്റംബര്‍ 27-ന് അവസാനിച്ച വാരത്തില്‍ എത്തിയിട്ടുണ്ട്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.