image

26 July 2024 2:26 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 26)

Joy Philip

Trade Morning
X

Summary

വിപണി കണ്‍സോളിഡേഷന്‍ ശ്രമത്തില്‍


യുഎസ് സാമ്പത്തിക വളര്‍ച്ച രണ്ടാം ക്വാര്‍ട്ടറില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ടതും (വളര്‍ച്ച 2.8 ശതമാനമാണ്; പ്രതീക്ഷിച്ചത് 2 ശതമാനം) പണപ്പെരുപ്പത്തോത് കുറഞ്ഞതും ഇന്നലെ ആഗോള വിപണികള്‍ക്കു കരുത്തായി. അടുത്തയാഴ്ച ഫെഡറല്‍ റിസര്‍വ് യോഗം പലിശ നിരക്കു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വിപണിയുടെ അടുത്ത ട്രിഗര്‍.

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ബജറ്റ് നിരാശജനകമായ അനുഭവമാണ് നല്‍കിയത്. അതു സൃഷ്ടിച്ച നെഗറ്റീവ് മനോഭാവത്തില്‍നിന്നു പുറത്തുവരുവാനുള്ള ശ്രമത്തിലാണ് വിപണി. ഇന്നു പുതിയ മാസത്തേയ്ക്കുള്ള എഫ് ആന്‍ഡ് ഒ ട്രേഡിംഗ് ഓപ്പണ്‍ ചെയ്യുമ്പോള്‍ വിപണി മനോഭാവത്തില്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രൂപ ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയിലെത്തിയതും വിപണിക്ക് അനുകൂലമല്ല. ക്രൂഡോയില്‍ വിലയിലെ താഴ്ച ആഗോള സമ്പദ് ഘടനയുടെ വളര്‍ച്ചാത്തോത് കുറയുന്നുവെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.

ഇന്ത്യന്‍ വിപണി ഇന്നലെ

തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നേരിയ തോതിലാണെങ്കിലും താഴ്ന്നാണ് ക്ലോസ് ചെയ്തത്. മൂലധനവളര്‍ച്ചാ നികുതി വര്‍ധിപ്പിച്ചതിനോടുള്ള വിപണിയുടെ പ്രതിഷേധം ഇനിയും ശമിച്ചിട്ടില്ല. എഫ് ആന്‍ഡ് ഒ പ്രതിമാസ ക്ലോസിംഗ് ദിനമായ ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 7.40 പോയിന്റ് കുറവോടെ 24406.1 പോയിന്റില്‍ ക്ലോസ് ചെയ്തു. ആഗോള വിപണിയിലെ ഇടിവൊന്നും ഇന്നലെ വിപണിയെ അത്രകണ്ടു ബാധിച്ചില്ല.

എന്നാല്‍ ഇന്നലത്തെ ഉയര്‍ന്ന പോയിന്റ് ബുധനാഴ്ചത്തെ ഉയര്‍ന്ന പോയിന്റിനേക്കാള്‍ കുറവാണ്. മാത്രമല്ല, ഏറ്റവും താഴ്ന്ന പോയിന്റ് ബുധനാഴ്ചത്തേക്കാള്‍ താഴ്ന്ന നിലയിലാണുതാനും. കഴിഞ്ഞ അഞ്ചുദിവസമായി വിപണിയില്‍ ഈ പ്രവണതയാണ് കാണുന്നത്. അതു വിപണിയുടെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്.

ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ താഴ്ന്നാണ് വിപണി ആരംഭിച്ചത്. തുടര്‍ന്ന സ്റ്റെഡിയായി മെച്ചപ്പെടുകയായിരുന്നു. ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ പിന്തുണയാണ് ഇന്നലെയും വിപണിക്ക് തുണയായത്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 109.08 പോയിന്റ് കുറഞ്ഞ് 80039.8 പോയിന്റിലെത്തി. ഇന്നലെ 79477.33 പോയിന്റി വരെ സെന്‍സെക്സ് താഴ്ന്നിരുന്നു.

ബാങ്ക്, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍ തുടങ്ങിയ മേഖലകളില്‍ വില്‍പ്പനയാണ് അനുഭവപ്പെട്ടത്. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത്കെയര്‍, കാപ്പിറ്റല്‍ ഗുഡ്സ് മേഖലകള്‍ വിപണിക്ക് ശക്തമായ പിന്തുണ നല്‍കി.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ക്ഷീണ ഭാവമാണ് വിപണിക്ക്. ബജറ്റിനു മുമ്പുള്ള ഉത്സാഹം വിപണിയില്‍ കാണാനില്ല. പുതിയ താഴ്ചകള്‍ സൃഷ്ടിച്ച് തിരിച്ചുവരുന്നുണ്ടെങ്കിലും. ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്കു സൂചികയായ നിഫ്റ്റി ഇന്നു മുന്നോട്ടു പോവുകയാണെങ്കില്‍ 24500-24600 തലത്തില്‍ ആദ്യ റെസിസ്റ്റന്‍സായിരിക്കും. ഇതിനെ ശക്തമായി മറികടന്നാല്‍ 24850 പോയിന്റിലേക്കും 25090 പോയിന്റിലേക്കും ഉയരാം..

മറിച്ച് വിപണി മനോഭാവം ദുര്‍ബലമാണെങ്കില്‍ 24200-24300 തലത്തില്‍ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് നിഫ്റ്റി ബജറ്റ് ദിനത്തിലെ താഴ്ന്ന പോയിന്റായ 24050-ല്‍ നിഫ്റ്റിക്ക് പിന്തുണയുണ്ട്. ഏറ്റവും മോശം അവസ്ഥയില്‍ 23700-23800 പോയിന്റ് തലത്തിലേക്കു വിപണി താഴാം.

പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 60.24 ആണ്. നിഫ്റ്റി ബുള്ളീഷ് മോഡില്‍തന്നെയാണ് നീങ്ങുന്നത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഇന്നലെയും ബാങ്ക് നിഫ്റ്റി മോശമല്ലാത്ത രീതിയില്‍താഴ്ന്നു. ബാങ്ക് നിഫ്റ്റി 428.25 പോയിന്റ് ഇടിഞ്ഞ് 50888.75 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച 461.3 പോയിന്റ് താഴ്ന്നിരുന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയിലെല്ലാം ഇന്നലെ വില്‍പ്പന ദൃശ്യമായിരുന്നു. ആദ്യക്വാര്‍ട്ടറിലെ മോശം പ്രകടനം ആക്സിസ് ബാങ്ക് ഓഹരികളില്‍ 5.2 ശതമാനം ഇടിവാണുണ്ടാക്കിയത്.

വ്യാഴാഴ്ചത്തെ മൊമന്റം ഇന്നും തുടരുകയാണെങ്കില്‍ 50500 പോയിന്റില്‍ ബാങ്ക് നിഫ്റ്റിക്ക് ആദ്യപിന്തുണ ലഭിക്കൂം. തുടര്‍ന്ന് 50000-50100 തലത്തിലും പിന്തുണ പ്രതീക്ഷിക്കാം.

മറിച്ച് വിപണി മെച്ചപ്പെടുകയാണെങ്കില്‍ 51300 പോയിന്റിലും തുടര്‍ന്ന് 51900-52000 തലത്തിലും ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. 52500 ശക്തമായ റെസിസ്റ്റന്‍സ് ആയി മാറിയിരിക്കുകയാണ്. ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 40.45 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 18 പോയിന്റ് മെച്ചത്തില്‍ 24470.5പോയിന്റിലാണ് ഓപ്പണ്‍ ചെയ്ത്. 24499 വരെ ഉയര്‍ന്ന ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 28 പോയിന്റ് നേട്ടത്തിലാണ്. പോസീറ്റീവ് ഓപ്പണിംഗ് ആണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ് 0.66 ശതമാനവും വിപ്രോ 2.56 ശതമാനവും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക് 0.85 ശതമാനം മെച്ചപ്പെട്ടപ്പോള്‍ ഐസിഐസിഐ ബാങ്ക് 1.14 ശതമാനം കുറഞ്ഞു. തുടര്‍ച്ചയായ നാലു ദിവസം ഇടിവു കാണിച്ച റിലയന്‍സ് ഇ്ന്‍സ്ട്രീസ് ഇന്നലെയും 0.61 ശതമാനം കുറഞ്ഞു. മേക്ക് മൈട്രിപ്പിന്റെ വില 1.45 ശതമാനം കുറഞ്ഞപ്പോള്‍ ഡോ. റെഡ്ഡീസ് 0.96 ശതമാനം മെച്ചപ്പെട്ടു.

ഇന്ത്യ വിക്സ്

ഇന്നലെ ഇന്ത്യ വിക്സ് 7 ശതമാനത്തോളം മെച്ചപ്പെട്ട് 12.62 പോയിന്റിലെത്തി. ബുധനാഴ്ച ഇത് 11.76-ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പ് ഇന്ത്യ വിക്സ് 10 ആയിരുന്നു.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.21ലേക്കു കുതിച്ചുയര്‍ന്നു. ബുധനാഴ്ചയിത് 0.82 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് ജിഡിപി രണ്ടാം ക്വാര്‍ട്ടറില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച നേടിയതിനെത്തുടര്‍ന്ന് യുഎസ് ഡൗ നേരിയ തിരിച്ചുവരവ് നടത്തി. ഇന്നലെ രാവിലെ പോസീറ്റീവായി ഓപ്പണ്‍ ചെയ്ത ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീസ് 40000 പോയിന്റിനു മുകളിലേക്കു തിരിച്ചെത്തിയെങ്കിലും വിപണി ക്ലോസ് ചെയ്യുമ്പോള്‍ 81.2 പോയിന്റ് മെച്ചത്തില്‍ 39935 പോയിന്റിലാണ്. ഒരവസരത്തില്‍ 400 പോയിന്റുവരെ ഉയര്‍ന്നിരുന്നു.

അതേസമയം, നാസ്ഡാക് കോംപോസിറ്റ് 160.69പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 27.91 പോയിന്റും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച ആശങ്കകള്‍ ടെക് ഓഹരികളില്‍ വന്‍ വില്‍പ്പനയ്ക്കു വഴിതെളിക്കുകയായിരുന്നു.

യുഎസ് ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.

യുഎസ് ജിഡിപി രണ്ടാം ക്വാര്‍ട്ടറില്‍ 2.8 ശതമാനം വളര്‍ച്ച നേടിയതായി യുഎസ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിന്റെ ആദ്യ വിലയിരുത്തല്‍. രണ്ടു ശതമാനം വളര്‍ച്ചയാണ് പൊതുവേ പ്രതീക്ഷിച്ചിരുന്നത്. ആദ്യ ക്വാര്‍ട്ടറിലെ വളര്‍ച്ച 1.4 ശതമാനമായിരുന്നു. അതേപോലെ വിലക്കയറ്റത്തോത് 2.9 ശതമാനമായി രണ്ടാം ക്വാര്‍ട്ടറില്‍ കുറഞ്ഞിട്ടുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്ത മാസാദ്യം രണ്ടു ദിവസത്തെ യോഗം ചേരുന്നുണ്ട്. പലിശ നിരക്കു സംബന്ധിച്ച തീരുമാനം അതിലുണ്ടാകും.

യൂറോപ്യന്‍ വിപണികളില്‍ ഇന്നലെ സമ്മിശ്ര ക്ലോസിംഗാണ് ദൃശ്യമായത്. എഫ്ടിഎസ്ഇ യുകെ 32.66 പോയിന്റ് മെച്ചപ്പെട്ടപ്പോള്‍ സിഎസി ഫ്രാന്‍സ് 86.71 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 700.58 പോയിന്റും ജര്‍മന്‍ ഡാക്സ് 88.74 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തതത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സും നേരിയ തോതില്‍ മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

ഏഷ്യന്‍ വിപണികള്‍

വ്യാഴാഴ്ച കുത്തനെയിടിഞ്ഞ (1285.34 പോയിന്റ്) ജാപ്പനീസ് നിക്കി ഇന്നു രാവിലെ 77 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. ഇന്നു രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 136 പോയിന്റോളം മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

പ്രധാനപ്പെട്ട ഏഷ്യന്‍ സൂചികകളെല്ലാം ബുധനാഴ്ച കുറഞ്ഞാണ് ക്ലോസ് ചെയ്തിരുന്നത്.

ഇന്നു രാവിലെ മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 14 പോയിന്റ് മെച്ചപ്പെട്ടാണ്. അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 75 പോയിന്റുമെച്ചപ്പെട്ടു നില്‍ക്കുമ്പോള്‍ ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക മാറ്റമില്ലാതെ നീങ്ങുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പന.തുടര്‍ച്ചയായ മൂന്നാം ദിവസവും തുടര്‍ന്നു. ഇന്നലെ അവരുടെ നെറ്റ് വില്‍പ്പന 2605.49 കോടി രൂപയുടെ ഓഹരികളാണ്. ഇതോടെ അവരുടെ ജൂലൈയിലെ നെറ്റ് വാങ്ങല്‍ 14936.99 കോടി രൂപയായി താഴ്ന്നു.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 2431.69 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ അവരുടെ ജൂലൈയിലെ നെറ്റ് വാങ്ങല്‍ 6114.59 കോടി രൂപയായി ഉയര്‍ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

മണ്‍സൂണ്‍ സാധാരപോലെ: പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടു മാസം പൂര്‍ത്തിയാകാനിരിക്കേ ലഭിച്ച മഴ സാധാരണയേക്കാള്‍ 2.4 ശതമാനത്തിലധികമായി. ജൂലൈ 25 വരെ ലഭിച്ച മഴ 399.2 മില്ലീമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാല ശരാശരി 389.7 മില്ലീമീറ്ററാണ്.

അതേസമയം വിളയിറക്കല്‍ വസ്തൃതി ജൂണ്‍ അവസാന വാരത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 3.5 ശതമാനം വര്‍ധിച്ചതായി കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. നെല്ല്, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കരുക്കള്‍, കരിമ്പ് എന്നിവയുടെ കൃഷി വിസ്്തീര്‍ണം വര്‍ധിച്ചു. സാധാരണ കൃഷി ചെയ്യുന്നതിന്റെ 64 ശതമാനത്തോളം ( ഏകദേശം 70.4 ദശലക്ഷം ഹെക്ടര്‍) വരുമിത്. എന്നാല്‍ പരുത്തികൃഷി മുന്‍വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം കുറവാണ്. മണ്‍സൂണ്‍ പുരോഗമിക്കുന്നതിനനുസരിച്ച് കൃഷിയിറക്കലും വര്‍ധിക്കുമെന്നു പ്രതീക്ഷിക്കുന്നു. മികച്ച മണ്‍സൂണ്‍ വിളയിറക്കല്‍ വിസ്തീര്‍ണം വര്‍ധിപ്പിക്കുമെന്നു മാത്രമല്ല, ഭക്ഷ്യവിലക്കയറ്റത്തോത് കുറയ്ക്കുവാനും സഹായിക്കും. മികച്ച മഴ ഖാരിഫ് വിള മാത്രമല്ല, മെച്ചപ്പെട്ട റാബി വിളയ്ക്കും വഴിതെളിക്കും. രാജ്യത്തെ 729 ജില്ലകളില്‍ 61 ശതമാനത്തിലും സാധാരണയോ അതില്‍ കൂടുതലോ മഴ ഇതുവരെ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2024-25 കാര്‍ഷിക വര്‍ഷത്തില്‍ ( ജൂലൈ 1- ജൂണ്‍ 30) 340 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉത്പാദനമാണ് കാര്‍ഷിക മന്ത്രാലയം ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ ( 328.8 ദശലക്ഷം ടണ്‍) 3.4 ശതമാനം കൂടുതലാണ് ഇത്. ഖാരിഫ് സീസണില്‍ 159.95 ദശലക്ഷം ടണ്ണും റാബി സീസണില്‍ 164 ദശലക്ഷം ടണ്ണും സമ്മര്‍ സീസണില്‍ 16.43 ദശലക്ഷം ടണ്ണുമാണ് ലക്ഷ്യമിടുന്നത്.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, സിപ്ല, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിഐ കാര്‍ഡ്സ്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ബന്ധന്‍ ബാങ്ക്, കെയ്ന്‍ ടെക്, കെഇ സി ഇന്റര്‍നാഷണല്‍, സനോഫ് ഇന്ത്യ, ഇസാഫ്,ടിടികെ പ്രസ്റ്റീജ്, സിറ്റി യൂണിയന്‍, ഇന്റലക്ട് ഡിസൈന്‍, നെല്‍കാസ്റ്റ്, എച്ച് ടി മീഡിയ, തുടങ്ങി അറുപതോളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

സന്‍സ്റ്റാര്‍ ഐപിഒ: സ്പെഷ്യാലിറ്റി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സന്‍സ്റ്റാര്‍ ഓഹരികള്‍ ഇന്നു എന്‍എസ്ഇ, ബിഎസ് ഇ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. കമ്പനി 510.15 കോടി രൂപയാണ് സമാഹരിച്ചത്. ഇഷ്യുവിന് 82.99 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. ഇഷ്യു വില 95 രൂപ.

ക്രൂഡോയില്‍ വില

യുഎസ് ക്രൂഡ് ഇന്‍വെന്ററി കുറഞ്ഞിട്ടും ചൈനീസ് ഡിമാണ്ട് കുറയുമെന്ന വിലയിരുത്തലില്‍ ക്രൂഡോയില്‍ വില തുടര്‍ച്ചയായ നാലാം ദിവസവും കുറഞ്ഞു. ചൈനീസ് സാമ്പത്തിക വളര്‍ച്ച കുറയുമെന്ന ഭയവും എണ്ണ വിപണിക്കുണ്ട്. ചൈന അടുത്തയിടെ പലിശ നിരക്ക് കുറച്ചിരുന്നു. മാത്രവുമല്ല എണ്ണ ഇറക്കുമതിയും കുറച്ചിരുന്നു. ലോകമാകെ റിഫൈനിംഗ് മാര്‍ജിന്‍ കുറഞ്ഞതും പ്രമുഖഎണ്ണക്കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ പ്രകടനം മോശമായിരിക്കുമെന്ന മുന്നറിയിപ്പുമാണ് എണ്ണ വിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്.

തുടര്‍ച്ചയായ നാലാം ദിവസവമാണ് ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടാകുന്നത്. യുഎസ് ഡബ്ള്യുടിഐ ക്രൂഡോയില്‍ വില ഇന്നു രാവിലെ 78.25 ഡോളറാണ്. ഇന്നലെ രാവിലെ അത് 77.34 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 82.34 ഡോളറാണ്. ഇന്നലെ രാവിലെ 81.42 ഡോളറായിരുന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല.

ഇന്ത്യന്‍ രൂപ

മെച്ചപ്പെട്ട യുഎസ് ജിഡിപി വളര്‍ച്ച ഡോളറിന് കരുത്തു നല്‍കി. ഡോളര്‍ ഇന്‍ഡെക്സ് 0.1 ശതമാനം ഉയര്‍ച്ച നേടിയിരിക്കുകയാണ്. ഡോളര്‍ ഡിമാണ്ടും വര്‍ധിച്ചു. ഇതോടെ രൂപ വീണ്ടും ദുര്‍ബലമായി. ഡോളറിനെതിരേ രൂപ ഇന്നലെ റിക്കാര്‍ഡ് താഴ്ചയിലെത്തി. ഡോളര്‍ രൂപ വിനിമയനിരക്ക് ഇന്നലെ 83.72 ആണ്. ഒരവസരത്തില്‍ 83.74 വരെ രൂപ താഴ്ന്നിരുന്നു. ബജറ്റിനുശേഷം വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ തുടര്‍ച്ചയായി ഓഹരി വില്‍ക്കുകയും അതു ഡോളറിലേക്കു മാറ്റുകയുമാണ്. ഡോളര്‍ ഡിമാണ്ട് വര്‍ധിക്കുന്നതാണ് രൂപയെ വീണ്ടും വീണ്ടും ദുര്‍ബലമാക്കുന്നത്.താമസിയാതെ ഡോളറിന് 84 എന്ന നിലയിലേക്കു താഴുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.