25 July 2024 2:33 AM GMT
Summary
വിപണി മനോഭാവം ദൂര്‍ബലം
ബുധാനാഴ്ച ആഗോള വിപണികളെല്ലാം കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ വിപണിക്കുശേഷം തുറന്ന യുഎസ് സൂചികകള്‍, പ്രത്യേകിച്ച് നാസ്ഡാക്ക കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിന്റെ ചുവടുപിടിച്ച് ഇന്ന് രാവിലെ ഓപ്പണ്‍ ചെയ്ത ഏഷ്യന്‍ വിപണികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്നലെയും കനത്ത ഇടിവു കാണിച്ച ഏഷ്യന്‍ വിപണികളില്‍ ഇന്നും അതു തുടരുന്ന അവസ്ഥയാണ്. ഏഷ്യന്‍ വിപണിയിലെ മുഖ്യ സൂചികയായ ജാപ്പനീസ് നിക്കി ഇന്നു രാവിലെ 650-ഓളം പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് എഫ് ആന്‍ഡ് ഒ പ്രതിമാസ ക്ലോസിംഗാണ്. തീര്‍ച്ചയായും വിപണിയുടെ നീക്കം നിയന്ത്രിതമായിരിക്കും.
മാത്രമല്ല, ഇന്ത്യന്‍ രൂപ ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയിലാണ്. ഇതു ഇറക്കുമതിച്ചെലവു കൂട്ടുകയും പണപ്പെരുപ്പം സമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യും. ഡോളര്‍ ഇന്‍ഡെക്സ് പതിയെ ഉയരുകയാണ്. ഇതിന്റെ പ്രത്യാഘാതം ഏറ്റവുമധികം ഉണ്ടാവുക നവോദയരാജ്യങ്ങളിലെ കറന്‍സികളിലാണ്. അതു കൂടുതല്‍ ദുര്‍ബലമാകും. താമസിയാതെ ഡോളറിന് 84 രൂപയാകുമെന്നാണ് വിലയിരുത്തല്‍.
മൂലധന വളര്‍ച്ചാ നികുതി വര്‍ധിപ്പിച്ചത് വിപണിയെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നതാണ് വ സ്തുത. 2018- ചരിത്രം നല്‍കുന്ന പാഠം ശ്രദ്ധിക്കുന്നത് നല്ലതാണ്. 2018-ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന അരുണ്‍ ജയറ്റ്ലി10 ശതമാനം മൂലധന വളര്‍ച്ചാ നികുതി കൊണ്ടുവന്നപ്പോള്‍ വിപണി മനോഭാവം ഇതേപോലെയായിരുന്നു. തുടക്കത്തില്‍ നേരിയ തോതില്‍ ഇടിവു കാണിച്ച വിപണി ഒരു മാസത്തിനുള്ളില്‍ 5 ശതമാനത്തോളം ഇടിയുകയാണുണ്ടായത്. എന്നാല്‍ വിവിധ മേഖലകളിലെ ഇടിവ് പത്തു ശതമാനം വരെയായിരുന്നു.
വിപണിയുടെ നീക്കം ശ്രദ്ധിച്ചാല്‍ ഇതേ പാത തന്നെയാണ് നിര്‍മല സീതാരാമന്റെ കാര്യത്തിലും സംഭവിക്കുന്നതെന്നു കാണാം. ചിലപ്പോള്‍ ആക്കം കുറവായിരിക്കാമെങ്കിലും വിപണി ഗതി താഴേയ്ക്കാണ്.
ദീര്‍ഘകാലത്തില്‍ ഇന്ത്യന്‍ വിപണിയില്‍നിന്നു മെച്ചപ്പെട്ട റിട്ടേണ്‍ പ്രതീക്ഷിക്കുന്നതിനാല്‍ ബജറ്റ് നിര്‍ദ്ദേശത്തെ ഒരു ചെറിയ '' തിരിച്ചടി'' ആയി കണ്ടാല്‍ മതി.
എല്ലാ ആസ്തികളുടേയും ദീര്‍ഘകാല മൂലധന വളര്‍ച്ചയ്ക്കുള്ള നികുതി 10 ശതമാനത്തില്‍നിന്നു 12.5 ശതമാനമായും ഹൃസ്വകാല മൂലധന വളര്‍ച്ചാ നികുതി 15 ശതമാനത്തില്‍നിന്ന് 20 ശതമാനമായിട്ടുമാണ് ഉയര്‍ത്തിയിട്ടുള്ളത്.
ഇന്ത്യന്‍ വിപണി ഇന്നലെ
തുടര്‍ച്ചയായ നാലാമത്തെ ദിവസമാണ് ഇന്ത്യന്‍ ഓഹരി വിപണി താഴ്ന്നു ക്ലോസ് ചെയ്യുന്നത്. നടപ്പുവര്‍ഷത്തേയ്ക്കുള്ള സമ്പൂര്‍ണ ബജറ്റിലെ മൂലധനവളര്‍ച്ചാ നികുതി വിപണിയെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയിരിക്കുന്നത്. വിപണിയുടെ ബുള്ളീഷ് മനോഭാവം പതിയെ മാറുന്നതായാണ് കാണുന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 സൂചിക ഇന്നലെ 24413.5 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തലേദിവസത്തേക്കാള്‍ 65.55 പോയിന്റ് കുറവ്. നിഫ്റ്റിയുടെ ദിവസത്തെ ഉയര്‍ന്ന പോയിന്റ് 24504.25 പോയിന്റും കുറഞ്ഞ പോയിന്റ് 24307.25 പോയിന്റുമാണ്. നാലു ദിവസമായി ദിവസത്തിലെ ഉയര്‍ന്ന പോയിന്റ ് ഓരോ ദിവസവും കുറഞ്ഞു വരികയാണ്. ഇതോടൊപ്പം പുതിയ താഴ്ചകള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ്. വിപണിയുടെ ദുര്‍ബലമായ അവസ്ഥയെയാണ് ഇതു കാണിക്കുന്നത്. ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ പിന്തുണയാലാണ് വിപണി ഓരോ ദിവസവും താഴ്ചയില്‍നിന്നു തിരിച്ചുവരുന്നത്.
ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 280.16 പോയിന്റ് കുറഞ്ഞ് 80148.88 പോയിന്റില്‍ ക്ലോസ് ചെയ്തു.ദിവസത്തെ ഏറ്റവും താഴ്ന്ന പോയിന്റ് 79750.51 പോയിന്റാണ്. എഴുന്നൂറ്റമ്പതിലധികം പോയിന്റിന്റെ വ്യതിയാനമാണ് ഇന്നലെ സംഭവിച്ചത്. ബാങ്ക്, ഓട്ടോ ഓഹരികളില്‍ വില്‍പ്പന ദൃശ്യമായപ്പോള്‍ വിപണിക്കു പിന്തുണയായത് ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത്കെയര്‍,മെറ്റല്‍സ്, ഓയില്‍ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകള്‍ പിന്തുണ നല്‍കി.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
ക്ഷീണ ഭാവമാണ് വിപണിക്ക്. ബജറ്റിനു മുമ്പുള്ള ഉത്സാഹം വിപണിയില്‍ കാണാനില്ല. പുതിയ താഴ്ചകള്‍ സൃഷ്ടിച്ച് തിരിച്ചുവരുന്നുണ്ടെങ്കിലും. ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്കു സൂചികയായ നിഫ്റ്റി ഇന്നു മുന്നോട്ടു പോവുകയാണെങ്കില്‍ 24600 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായിരിക്കും. ഇതിനെ ശക്തമായി മറികടന്നാല്‍ 24850 പോയിന്റിലേക്ക് ഉയരാം.
മറിച്ച് വിപണി മനോഭാവം ദുര്‍ബലമാണെങ്കില്‍ നിഫ്റ്റി ബജറ്റ് ദിനത്തിലെ 24050 പോയിന്റില്‍ വീണ്ടുമെത്താനുള്ള സാധ്യതയേറെയാണ്. അതിനു മുമ്പേ 24250-24300 തലത്തില്‍ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും മോശം അവസ്ഥയില്‍ 23700-23800 പോയിന്റ് തലത്തിലേക്കു വിപണി താഴാം. എഫ് ആന്‍ഡ് ഒ പ്രതിമാസ ക്ലോസിംഗ് ദിവസമാണ് ഇന്ന്. 24300-ന് പോയിന്റിനു ചുറ്റളവില്‍ ക്ലോസ് ചെയ്യാനുള്ള സാധ്യതയേറെയാണ്.
പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 60.56 ആണ്. നിഫ്റ്റി ബുള്ളീഷ് മോഡില്‍തന്നെയാണ് നീങ്ങുന്നത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: നിഫ്റ്റിയുടെ ചുവടുപിടിച്ചുതന്നെ ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണ്. ബുധനാഴ്ച 461.3 പോയിന്റ് താഴ്ന്ന് 51317 പോയിന്റിലാണ് ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തത്. താഴ്ന്ന പ്രതിദന ഉയര്‍ച്ചയും താഴ്ന്ന പ്രതിദിന താഴ്ചയുമാണ് ബാങ്ക് നിഫ്റ്റിയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രകടമായിട്ടുള്ളത്. ബാങ്ക് നിഫ്റ്റി ദുര്‍ബലമാകുന്ന സൂചനകളാണ് ഇതു നല്‍കുന്നത്. പ്രധാനമായും വരാനുള്ള പിഎസ് യു ബാങ്കുകളുടെ പ്രവര്‍ത്തനഫലമാണ് ബാങ്കിന് ഇനി കുതിപ്പിനു ഊര്‍ജം നല്‍കുക. ഫലം മെച്ചമാണെങ്കില്‍പ്പോലും വിപണിയിലെ ദുര്‍ബലമായ അന്തരീക്ഷം മുന്നോട്ടുള്ള നീക്കത്തിനു തടസമായി മാറും. ബജറ്റിനെത്തുടര്‍ന്ന് ബാങ്കിംഗ് സെക്ടറിലുള്ള താല്‍പ്പര്യവും നിക്ഷേപകരില്‍ കുറഞ്ഞിട്ടുണ്ട്.
ഇന്നു വിപണി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 50600-50700 തലത്തില്‍ ആദ്യ പിന്തുണ പ്രതീക്ഷിക്കാം. തുടര്‍ന്ന് 50000 പോയിന്റിലും പിന്തുണ കിട്ടും.
മറിച്ച് വിപണി മെച്ചപ്പെടുകയാണെങ്കില്‍ 52000 പോയിന്റിലും തുടര്‍ന്ന് 52600-52800 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സും പ്രതീക്ഷിക്കാം.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 33 പോയിന്റ് മെച്ചത്തിലാണ് ഓപ്പണ്‍ ചെയ്തതെങ്കിലും പിന്നീട് താഴുകയായിരുന്നു. ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ ഗിഫ്റ്റി നിഫ്റ്റി 54 പോയിന്റ് താഴെയാണ്. നെഗറ്റീവ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ മിക്കതും ഇന്നലെ ചുവപ്പിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ് 1.02 ശതമാനവും വിപ്രോ 1.51 ശതമാനവും കുറഞ്ഞു. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും യഥാക്രമം 1.4 ശതമാനവും 1.68 ശതമാനവും ഇടിവു കാണിച്ചു. തുടര്‍ച്ചയായ മൂന്നു ദിവസം ഇടിവു കാണിച്ച റിലയന്‍സ് ഇ്ന്‍സ്ട്രീസ് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നു. മേക്ക് മൈട്രിപ്പിന്റെ വില 6.23 ശതമാനവും ഡോ. റെഡ്ഡീസ് 1.03 ശതമാനവും കുറഞ്ഞാണ് ക്ലോസ് ചെയ്തത്.
ഇന്ത്യ വിക്സ്
ഇന്ത്യന്‍ ഓഹരി വിപണിയിലെ വന്യവ്യതിയാനം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിനു മുമ്പുള്ള സ്ഥിതയിലേക്ക് വിപണി എത്തിയിരിക്കുകയാണ്. ഇന്നലെ ഇന്ത്യ വിക്സ് 8 ശതമാനത്തോളം ഇടിഞ്ഞ് 11.76-ലെത്തി. മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞതാണിത്. ബുധനാഴ്ച ഇത് 12.75 ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പ് ഇന്ത്യ വിക്സ് 10 ആയിരുന്നു.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.87-ല്‍ മാറ്റമില്ലാതെ തുടര്‍ന്നു. തിങ്കളാഴ്ചയിത് 1.02-ഉം വെള്ളിയാഴ്ച 1.11-ഉം ആയിരുന്നു.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
ടെസ്ലയുടെ മൂന്നാം ക്വാര്‍ട്ടര്‍ ഫലം പ്രതീക്ഷിച്ചതിലും മോശമായത് ടെക്നോളജി ഓഹരികളില്‍ കനത്ത വില്‍പ്പനയ്ക്ക് കാരണമായി. ആല്‍ഫബെറ്റ് പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഫലമാണ് കാഴ്ചവച്ചതെങ്കിലും മാര്‍ജിന്‍ വളര്‍ച്ചയെക്കുറിച്ച് നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതും വിപണിക്ക് എതിരായി. ഇന്നലെ നൂറ്റമ്പതോളം പോയിന്റ് താഴ്ന്ന ഓപ്പണ്‍ ചെയ്ത് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 504.22 പോയന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. നാസ്ഡാക് കോംപോസിറ്റ് 655 പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 128.61 പോയിന്റും ഇടിഞ്ഞു. 2022 മുതല്‍ നാസ്ഡാക്കിന്റെ ഏറ്റവും വലിയ ഇടിവാണ് ഇന്നലത്തേത്. മാഗ്‌നിഫിസന്‍സ് സെവന്‍സ് എന്നറിയപ്പെടുന്ന ഓഹരികള്‍ ( ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്, ആമസോണ്‍, എന്‍വിഡിയ, ടെസ്ല, മെറ്റ പ്ലാറ്റ്ഫോംസ്) ഇന്നലെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.
യൂറോപ്യന്‍ വിപണികള്‍ എല്ലാംതന്നെ ഇന്നലെ നെഗറ്റീവായാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എഫ്ടിഎസ്ഇ യുകെ 13.68 പോയിന്റും സിഎസി ഫ്രാന്‍സ് 84.9 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 166.1 പോയിന്റും ജര്‍മന്‍ ഡാക്സ് 170.24 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തതത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്.
ഏഷ്യന്‍ വിപണികള്‍
ഇന്നു രാവിലെ 630 പോയിന്റോളം കുറഞ്ഞ് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 1140 പോയിന്റ് താഴെയാണ്. ബുധനാഴ്ച നിക്കി 440 പോയിന്റോളം ഇടിഞ്ഞാണ് ക്ലോസ് ചെയ്തിരുന്നത്. പ്രധാനപ്പെട്ട ഏഷ്യന്‍ സൂചികകളെല്ലാം ബുധാനാഴ്ച കുറഞ്ഞാണ് ക്ലോസ് ചെയ്തിരുന്നത്.
ഇന്നു രാവിലെ കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 51 പോയിന്റ് താഴെയാണ്.
അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 106 പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചികയില്‍ 5 പോയിന്റും താഴ്ന്നാണ് നില്‍ക്കുന്നത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
ബജറ്റ് ദിനത്തില്‍ നെറ്റ് വില്‍പ്പനക്കാരായിരുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെയും വില്‍പ്പനക്കാരായിരുന്നു. ഇന്നലെ അവരുടെ നെറ്റ് വില്‍പ്പന 5130.9 കോടി രൂപയുടെ ഓഹരികളാണ്. ഇതോടെ അവരുടെ ജൂലൈയിലെ നെറ്റ് വാങ്ങല്‍ 17002.48 കോടി രൂപയായി താഴ്ന്നു.
അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നും വിപണിയുടെ രക്ഷയ്ക്കെത്തി. ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 3137.3 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ അവരുടെ ജൂലൈയിലെ നെറ്റ് വാങ്ങല്‍ 3682.90 കോടി രൂപയായി ഉയര്‍ന്നു.
സാമ്പത്തിക വാര്‍ത്തകള്‍
വ്യാപക വളര്‍ച്ചയെ സഹായിക്കില്ല: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ത്യയെ വ്യാപക വളര്‍ച്ചയിലേക്കു നയിക്കുവാന്‍ പര്യാപ്തമല്ലെന്ന് ജെപി മോര്‍ഗന്റെ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇക്കണോമിക്സ് തലവന്‍ ജഹാംഗീര്‍ അസീസ് പറയുന്നു. ബജറ്റ് അടിസ്ഥാനസൗകര്യത്തില്‍ മാത്രം ഒതുങ്ങിപ്പോയും. സ്‌കില്ലിംഗ് ഫണ്ട് അപര്യാപ്തമാണെന്നും അദ്ദേഹം പറയുന്നു. ഉപഭോഗം, സ്വകാര്യ നിക്ഷേപം എന്നിവയില്‍ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കാര്യമായി ഒന്നുമില്ല. രണ്ടു വര്‍ഷമായി വളര്‍ച്ച കാണിക്കുന്ന സര്‍വീസസ് മേഖലയിലെ വളര്‍ച്ചാത്തോത് കുറയുകയുമാണ്. സര്‍വീസസ് മേഖല ബജറ്റിന്റെ ഭാഗമല്ല. അടിസ്ഥാനസൗകര്യത്തില്‍ മാത്രം പിന്തുണ നല്‍കി മുന്നോട്ടു പോകാനാവില്ല. സമ്പദ്ഘടനയിലെ മറ്റുമേഖലകളും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നവയായി മാറണമെന്നും അദ്ദേഹം പറയുന്നു.
ചെറുകിടക്കാര്‍ക്കു നഷ്ടം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിദിന വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റീട്ടെയില്‍ വ്യാപാരികളില്‍ 2022-23-ല്‍71 ശതമാനത്തിനും പണം നഷ്ടമാണെന്ന് വിപണി റെഗുലേറ്ററായ സെബിയുടെ പഠനത്തില്‍ പറയുന്നു. 2021-22-ല്‍ ഇത് 69 ശതമാനവും 2018-19-ല്‍ 65 ശതമാനവുമായിരുന്നു. 2022-23-ല്‍ പ്രതിദിനം ഒരു കോടി രൂപയില്‍ കൂടുതല്‍ വ്യാപാരം നടത്തിയവരുടെ ശരാശരി നഷ്ടം 34977 രൂപയാണെന്നു റിപ്പോര്‍ട്ട് പറയുന്നു.
കമ്പനി വാര്‍ത്തകള്‍
ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: അദാനി ഗ്രീന്‍ എനര്‍ജി, നെസ്ലെ ഇന്ത്യ, ഡിഎല്‍എഫ്, ടെക് മഹീന്ദ്ര, അദാനി എനര്‍ജി സൊലൂഷന്‍സ്, കനറാ ബാങ്ക്, അശോക് ലേലാന്‍ഡ്, എംഫസിസ്, യുണൈറ്റഡ് ബ്രൂവറീസ്, ലോറസ് ലാബ്, സിയന്റ്, വിഎസ് ടി ഇന്‍ഡസ്ട്രീസ് തുടങ്ങി എഴുപത്തഞ്ചോളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.
ക്രൂഡോയില്‍ വില
തുടര്‍ച്ചയായ മൂന്നാം ദിവസവും യുഎസ് ഡബ്ള്യുടിഐ ക്രൂഡോ വില 80 ഡോളറിനു താഴെ നില്‍ക്കുകയാണ്. ഇന്നു രാവിലെ 77.34 ഡോളറാണ്.ഡബ്ള്യു ടിഐ ക്രൂഡിന് ഇന്നലെ രാവിലെ അത് 77.27 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 81.42 ഡോളറാണ്. ഇന്നലെ രാവിലെ 81.33 ഡോളറായിരുന്നു.
ആഗോള സമ്പദ്ഘടനയിലെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കയ്ക്കൊപ്പം എണ്ണ ഉത്പാദനം കൂടുന്നതും വില താഴാന്‍ കാരണമാണ്. ചൈനയുടെ രണ്ടാം ക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയായിരിക്കുമെന്ന വിലയിരുത്തലും എണ്ണയ്ക്കു തിരിച്ചടിയായി.
ഇറാനിയന്‍ ഓയില്‍ സമൃദ്ധമായി വിപണിയിലെത്തുന്നതും എണ്ണവിലയില്‍ താഴേയ്ക്കു സമ്മര്‍ദ്ദമുണ്ടാക്കുന്നു. ആഗോള എണ്ണവില ഉയരാതിരിക്കാന്‍ യുഎസ് ഇതിനു നേരെ കണ്ണടയ്ക്കുകയുമാണ്. മലേഷ്യ വഴിയാണ് ഇറാന്‍ എണ്ണ വില്‍ക്കുന്നത്. ചൈനയാണ് മുഖ്യ വാങ്ങലുകാര്‍.
ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുകയും ചെയ്യും.
ഇന്ത്യന്‍ രൂപ
ഡോളറിനെതിരേ രൂപ റിക്കാര്‍ഡ് താഴ്ചയിലെത്തി. ഇന്നലെ 83.74 വരെ താഴ്ന്ന രൂപ 83.73-ലാണ് ക്ലോസ് ചെയ്തത്. ആഗോളതലത്തില്‍ ഡോളര്‍ ഇന്‍ഡെക്സ് ഉയര്‍ന്നത് എമര്‍ജിംഗ് രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള കറന്‍സികളെ ബാധിച്ചു. മാത്രവുമല്ല, ഓഹരികളില്‍നിന്നുള്ള പണം പിന്‍വലിക്കലും തുടങ്ങിയിട്ടുണ്ട്. അവയെല്ലാം ഡോളറിന്റെ ഡിമാണ്ട് ഉയര്‍ത്തിയിരിക്കുകയാണ്. മൂലധന വളര്‍ച്ചാ നികുതി നിരക്ക് വര്‍ധിപ്പിച്ചതും ക്രൂഡോയില്‍ വില കുറഞ്ഞതുംവിദേശനിക്ഷേപകസ്ഥാപനങ്ങളെ വില്‍പ്പനയ്ക്കു പ്രേരിപ്പിക്കുകയും ഡോളറിലേക്കു മാറുവാനും പ്രേരിപ്പിക്കുകയാണ്. താമസിയാതെ ഡോളറിന് 84 എന്ന നിലയിലേക്കു താഴുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.