23 July 2024 2:37 AM GMT
Summary
ഇന്നു ബജറ്റ് ദിനം; ജാഗ്രതയോടെ നീങ്ങാം
മോദി 3.0യ്ക്കു വേണ്ടി ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്നു വിപണിയെ നയിക്കുക. രാവിലെ 11-നാണ് ബജറ്റ് പ്രസംഗം ആരംഭിക്കുക. 2024-25 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് എന്നതു മാത്രമല്ല, അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ള മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഏകദേശ ചിത്രം കൂടിയാണ് ഈ ബജറ്റില്‍നിന്നു പ്രതീക്ഷിക്കുന്നത്. 2047-ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി തീര്‍ക്കുന്നതിനുള്ള ദീര്‍ഘകാല നയപരിപാടികളുടെ ചിത്രവും ബജറ്റില്‍നിന്നു പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ വിപണി മാത്രമല്ല, രാജ്യമൊട്ടാകെ ഈ ബജറ്റിനെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ആഗോള വിപണികളിലെ മുന്നേറ്റമോ നല്ല പ്രവര്‍ത്തനഫലമോ ഒന്നും വിപണിയെ സ്വാധീനിക്കുകയില്ല. മറിച്ച് തൊഴില്‍ സൃഷ്ടിയും മൂലധന നിക്ഷേപവും ധനകമ്മി നിയന്ത്രണവുമൊക്കെയായിരിക്കും വിപണിയെ പുതിയ ദിശയിലേക്കു നയിക്കുക.
ഏതൊരു ബജറ്റ് ദിനത്തിലുമെന്നതുപോലെ, ധനമന്ത്രിയുടെ ബജറ്റ് അവതരണം പുരോഗമിക്കുന്നതിനനുസരിച്ച്, ഇന്നു വിപണിയില്‍ വന്യമായ വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കാം. ജാഗ്രത പാലിക്കുകയെന്നതാണ് നിക്ഷേപകര്‍ക്കു ചെയ്യാനുള്ളത്. വികാരത്തേക്കാള്‍ വിവേകം ഏറ്റവും കൂടുതല്‍ പ്രയോഗിക്കേണ്ട സമയമാണിത്. ബജറ്റിനുശേഷം വിലയിരുത്തല്‍ നടത്തി മാത്രം അടുത്ത ചുവടുവയ്ക്കുയാണ് ബുദ്ധിപൂര്‍വമായ സമീപനം. കാരണം വളരെക്കുറഞ്ഞ സമയംകൊണ്ടാണ് നിഫ്റ്റി 21000 പോയിന്റില്‍ നിന്ന് ഇപ്പോഴത്തെ ഉയരത്തില്‍ എത്തിയിട്ടുള്ളതെന്ന കാര്യം മറക്കാതിരിക്കുക.
അതിനാല്‍തന്നെ എത്ര മികച്ച ബജറ്റായാലും ആദ്യത്തെ ആവേശത്തിനപ്പുറം തിരുത്തല്‍ അനിവാര്യമാണ്.
ഇന്ത്യന്‍ വിപണി ഇന്നലെ
വെള്ളിയാഴ്ച വന്‍ ഇടിവ് നേരിടേണ്ടി വന്ന ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ വന്യമായ വ്യതിയാനത്തിനൊടുവില്‍ നേരിയ തോതില്‍ കുറഞ്ഞാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി ഇടിവു കാണിക്കുന്നത്. താഴ്ചയില്‍നിന്നു തിരിച്ചുവരികയായിരുന്നു സൂചികകള്‍.
ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷയും ആശങ്കയും കാരണം വളരെ ജാഗ്രതയോടെയാണ് നിക്ഷേപകര്‍ നീങ്ങുന്നത്. 235- ഓളം പോയിന്റിന്റെ പ്രതിദിന വ്യതിയാനത്തിനൊടുവില്‍ 21.65 പോയിന്റ് താഴ്ന്ന് 24509.25 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 270 പോയിന്റോളം താഴ്ന്നിരുന്നു.
ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 102.57 പോയിന്റ് കുറഞ്ഞ് 80502.08 പോയിന്റില്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 738.81 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്.
വെള്ളിയാഴ്ച എല്ലാ സെക്ടറുകളിലും വില്‍പ്പന ദൃശ്യമായപ്പോള്‍ ഇന്നലെ ഓട്ടോ, ഹോല്‍ത്ത്കെയര്‍, ഫാര്‍മ, പിഎസ് യു എന്നിവ വിപണിക്കു തുണയായി. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി, റിയല്‍റ്റി, മീഡിയ തുടങ്ങിയവയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടായത്. എച്ച് ഡിഎഫ്സി ബാങ്ക് തുണയായപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിനയായി.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
ബജറ്റിന്റെ തലേദിവസത്തെ വ്യാപാരത്തില്‍ നിക്ഷേപകര്‍ വളരെ ജാഗ്രതയോടെയാണ് നീങ്ങിയത്. താഴ്ന്ന് ഓപ്പണ്‍ ചെയ്ത വിപണി, മികച്ച തിരിച്ചുവരവ് നടത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ചത്തേക്കാള്‍ നേരിയ തോതില്‍ താഴ്ന്നാണെങ്കിലും.
ബജറ്റ് പ്രതീക്ഷയ്ക്കൊപ്പമായാല്‍ വിപണിയുടെ ആദ്യത്തെ റെസിസ്റ്റന്‍സ് 24860 പോയിന്റാണ്. അടുത്തത് 25000 പോയിന്റുതന്നെ.അതു മറികടന്നാല്‍ 25350 പോയിന്റിലേക്ക് വിപണി മെച്ചപ്പെടാനാണ് സാധ്യത.
മറിച്ച് ബജറ്റ് നിരാശപ്പെടുത്തിയാല്‍ വന്‍ വില്‍പ്പന പ്രതീക്ഷിക്കാം. 24000-24100 പോയിന്റ് തലത്തിലാണ് വിപണിക്കു ശക്തമായ പിന്തുണയുള്ളത്. ഇന്നലെത്തെ 24350 പോയിന്റെ ചെറിയ തടയായി നില്‍ക്കും. വിപണിയുടെ അടുത്ത പിന്തുണ 23700-23800 തലത്തിലാണ്.
പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 64.58 ആണ്. നിഫ്റ്റി ബുള്ളീഷ് മോഡില്‍തന്നെയാണ് നീങ്ങുന്നത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: എച്ച് ഡിഎഫ്സി ബാങ്കിന്റെ പിന്‍ബലത്തില്‍ ബാങ്ക് നിഫ്റ്റി ഇന്നലെ 14.8 പോയിന്റ് മെച്ചത്തില്‍ 52280.4 പോയിന്റില്‍ ക്ലോസ് ചെയ്തു. സൂചികയില്‍ ഉയര്‍ന്ന വെയിറ്റേജ് ഉള്ള എച്ച്ഡിഎഫ്സി ബാങ്ക് 2.19 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. ജൂലൈ നാലിലെ റിക്കാര്‍ഡ് ക്ലോസിംഗിനുശേഷം ബാങ്ക് നിഫ്റ്റി 52000-53000 പോയിന്റിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍നിന്നു പുറത്തുകടന്നാല്‍ മാത്രമേ പുതിയ താഴ്ചയിലേക്കോ പുതിയ ഉയര്‍ച്ചയിലേക്കോ നീങ്ങുകയുള്ളു.
52000 പോയ്ന്റിനു താഴേയ്ക്കു നീങ്ങിയാല്‍ 51700-51800 തലത്തിലും തുടര്‍ന്ന് 51200 പോയിന്റിലും പിന്തുണ ലഭിക്കും. മറിച്ച് 53000 പോയിന്റിനു മുകളിലേക്കു നീങ്ങിയാല്‍ നിഫ്റ്റിക്ക് 53350-53420 പോയിന്റിലും തുടര്‍ന്ന് 53700-53800 തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ തോതില്‍ താഴ്ന്ന് ഓപ്പണ്‍ ചെയ്തശേഷം മെച്ചപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ ഗിഫ്റ്റി നിഫ്റ്റി 8 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്. നേരിയ റേഞ്ചിലാണ് ഇതുവരെയുള്ള ഗിഫ്റ്റി നിഫ്റ്റി നീക്കം.
ഇന്ത്യന്‍ എഡിആറുകള്‍
വിപ്രോ, റിലയന്‍സ് ഇന്‍ഡ് എഡിആറുകള്‍ ഒഴികെയുള്ള ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം ഇന്നലെ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ചത്തെ വില്‍പ്പനയില്‍നിന്നും അവര്‍ തിരികെ വന്നിരിക്കുകയാണ്. വിപ്രോയുടേയും റിലയന്‍സിന്റേയും മോശം ആദ്യക്വാര്‍ട്ടര്‍ ഫലത്തെ തുടര്‍ന്ന് എഡിആര്‍ വിലയില്‍ യഥാക്രമം 1.48 ശതമാനത്തിന്റേയും 1.19 ശതമാനത്തിന്റേയും ഇടിവുണ്ടായി.
ഇന്‍ഫോസിസിന്റെ എഡിആര്‍ 0.51 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 2.15 ശതമാനവും ഐസിഐസിഐ ബാങ്ക് 0.03 ശതമാനവും ഡോ. റെഡ്ഡീസ് 2.5 ശതമാനവും മേക്ക് മൈ ട്രിപ് 0.72 ശതമാനവും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.
ഇന്ത്യ വിക്സ്
ബജറ്റ് ദിനത്തിനു തലേദിവസം ഇന്ത്യ വിക്സ് നാലു ശതമാനത്തിലധികം ഉയര്‍ന്ന് 15.44പോയിന്റിലെത്തി. വെള്ളിയാഴ്ചയിത് 14.82 ആയിരുന്നു. ബജറ്റ് ദിനമെത്തിയതോട വിപണിയിലെ വ്യതിയാനത്തിനു ശക്തി കൂടി. ബജറ്റ് ദിനമായ ഇന്ന് വന്യമായ കയറ്റിറക്കങ്ങള്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യ വിക്സ് ഉയരുകയാണ്.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.02മായി. വെള്ളിയാഴ്ച 1.11 ആയിരുന്നു.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
കഴിഞ്ഞ വാരത്തില്‍ വില്‍പ്പന ദൃശ്യമായ യുഎസ് വിപണികള്‍ ഇന്നലെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പ്രസിഡന്റ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പു മത്സരത്തില്‍നിന്നു പിന്മാറിയതിനെത്തുടര്‍ന്നാണ് വിപണി തിരിച്ചുവരവു നടത്തിയത്.
ശക്തമായ സാങ്കേതിക തിരുത്തലിനു വിധേയമായ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ 127.91 പോയിന്റ് മെച്ചപ്പെട്ടു. എന്‍വിഡിയ ഉള്‍പ്പെടെയുള്ള ഓഹരികളുടെ പിന്‍ബലത്തില്‍. നാസ്ഡാക് 280.63 പോയിന്റും എസ് ആന്‍ഡ് 59.41 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം നേരിയ തോതില്‍ താഴ്ന്നാണ് നീങ്ങുന്നത്.
യൂറോപ്യന്‍ വിപണികളും ഇന്നലെ മികച്ച തിരിച്ചുവരവു നടത്തി. എഫ്ടിഎസ്ഇ യുകെ 43.56 പോയിന്റും സിഎസി ഫ്രാന്‍സ് 87.5 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 399.21 പോയിന്റും ജര്‍മന്‍ ഡാക്സ് 235.14 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തതത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ നേരിയ ചുവപ്പിലാണ്.
ഏഷ്യന്‍ വിപണികള്‍
ഇന്നു രാവിലെ 250 പോയിന്റോളം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 153 പോയിന്റ് നേട്ടത്തില്‍ തുടരുകയാണ്. തിങ്കളാഴ്ച 464 പോയിന്റോളം കുറഞ്ഞാണ് നിക്കി ക്ലോസ് ചെയ്തത്.
കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 17.81 പോയിന്റ് ഉയര്‍ന്നാണ് നീങ്ങുന്നത്. അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 22.81 പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 11 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുളളത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
പതിവുപോല വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വാങ്ങലുകാരായപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വില്‍ക്കലുകാരായി. ബജറ്റ് ദിനത്തിന്റെ തലേന്ന് വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ 3446.06 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ജൂലൈയില്‍ അവരുടെ നെറ്റ് വാങ്ങല്‍ 25108.69 കോടി രൂപയായി.
അതേസമയം ജൂലൈയില്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരായി. ഇന്നലെ 1652.34 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തിയ അവരുടെ ജൂലൈയിലെ വില്‍പ്പന 873.25 കോടി രൂപയായി. മാസങ്ങള്‍ക്കുശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരാകുന്നത്.
സാമ്പത്തിക വാര്‍ത്തകള്‍
ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 2024-25-ല്‍ 6.5-7 ശതമാനം ജിഡിപി വളര്‍ച്ചയാണ് സര്‍വേയില്‍ അനുമാനിക്കുന്നത്. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്ര ആവേശം പകരുന്ന കാര്യമൊന്നുമല്ല. ദൂര്‍ബലമായ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യ ഉറച്ച വിക്കറ്റിലാണെന്നൊക്കെപ്പറയുന്നുണ്ടെങ്കിലും 2047-ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടന എന്ന സ്വപ്നത്തില്‍ ഈ വളര്‍ച്ചാത്തോത് ഇന്ത്യയെ കൊണ്ടുചെന്ന് എത്തിക്കില്ല.
മികച്ച മണ്‍സൂണിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ 6.5-7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ഇടക്കാല ബജറ്റ് അവതരണത്തിന് ഏതാനും ദിവസം മുമ്പ് ധനമന്ത്രാലയം കണക്കാക്കിയിരുന്നത് ഏഴു ശതമാനത്തിനടുത്ത വളര്‍ച്ചയായിരുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 8.2 ശതമാനമായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലായം കണക്കാക്കിയിരുന്നു. നടപ്പുവര്‍ഷത്തെ വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്നു ജൂണില്‍ ആര്‍ബിഐ അനുമാനിച്ചിരുന്നു. നേരത്തെയവര്‍ ഏഴു ശതമാനം വളര്‍ച്ചയാണ് കണക്കാക്കിയിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ രാജ്യം ഏഴു ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വളര്‍ച്ച 6.5-7 ശതമാനത്തിനിടയ്ക്കായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ കണക്കാക്കുന്നത്.
കമ്പനി വാര്‍ത്തകള്‍
ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: ഹിന്ദു ലീവര്‍,ബജാജ് ഫിനാന്‍സ്, യുണൈറ്റഡ് സ്പിരിറ്റ്സ്, ഐസിഐസിഐ പ്രൂഡ് ലൈഫ്, എസ് ആര്‍എഫ്, ഹെറിറ്റേജ് ഫുഡ്സ്, തൈറോകെയര്‍ ടെക്, പരാഗ് മില്‍ക്, റാണെ എന്‍ജിന്‍, ടൊറിന്റ് ഫാര്‍മ,മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ തുടങ്ങി 35-ഓളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.
ക്രൂഡോയില്‍ വില
ജൂണിനുശേഷം ആദ്യമായി യുഎസ് ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിനു താഴെയെത്തി.ഡബ്ള്യു ടിഐ ക്രൂഡിന് ഇന്നു രാവിലെ 79.78 ഡോളറാണ്. ഇന്നലെ രാവിലെ അത് 80.49 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 82.55 ഡോളറാണ്. ഇന്നലെ രാവിലെ 82.86 ഡോളറായിരുന്നു.
ആഗോള സമ്പദ്ഘടനയിലെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കയാണ് എണ്ണവിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്.
ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല.
ഇന്ത്യന്‍ രൂപ
ഡോളര്‍- രൂപ വിനിമയനിരക്ക് തിങ്കളാഴ്ച മാറ്റമില്ലാതെ 83.67 ആയി തുടര്‍ന്നു. ജൂലൈ 21-ന് 83.73 വരെ താഴ്ന്നിരുന്നു. റിസര്‍വ് ബാങ്കിന്റെ ഇടപെടലാണ് കൂടുതല്‍ താഴ്ചയില്‍നിന്നു രൂപയെ രക്ഷിച്ചത്. ബജറ്റാണ് രൂപയുടെ നീക്കത്തെ ഇനി സ്വാധീനിക്കുക. ധനകമ്മി ഉയര്‍ന്നാല്‍ അതു രൂപയില്‍ പ്രത്യാഘാതമുണ്ടാക്കും. പത്തുവര്‍ഷ ഇന്ത്യന്‍ ബോണ്ട് യീല്‍ഡ് തിങ്കളാഴ്ച 6.967 ശതമാനമാണ്.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.