image

22 July 2024 2:47 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 22)

Joy Philip

Trade Morning
X

Summary

ബജറ്റിനു മുമ്പേ ലാഭമെടുപ്പു തുടര്‍ന്നേക്കാം


വിപണിയുടെ ദിശ നിശ്ചയിക്കുക നാളെയെത്തുന്ന സമ്പൂര്‍ണ കേന്ദ്ര ബജറ്റാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നയപ്രഖ്യാപനമാണ് ബജറ്റിലൂടെ അവതരിപ്പിക്കുക. ഒന്നു കൂടി ആവര്‍ത്തിച്ചാല്‍ 2047-ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കിത്തീര്‍ക്കാനുള്ള നടപടികളുടെ തറക്കല്ലിടലായാണ് നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റിനെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കു മാത്രമല്ല അടുത്ത 23 വര്‍ഷത്തേയ്ക്കുള്ള ഇന്ത്യന്‍ സമ്പദ്ഘടനയുടെ പ്രയാണത്തിനുള്ള അടിത്തറകൂടിയാണ് ഈ ബജറ്റ്.

ബജറ്റിനു മുന്നോടിയായി ഇന്നു ഉച്ചകഴിഞ്ഞ് 2.30-ന് സാമ്പത്തികസര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വയ്ക്കും. ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യസാമ്പത്തിക ഉപദേശകന്റെ മേല്‍നോട്ടത്തില്‍ തയാറാക്കിയിട്ടുള്ള സാമ്പത്തിക സര്‍വേ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയേക്കുറിച്ചുള്ള ഏകദേശ ചിത്രം നല്‍കുന്നു. മാത്രവുമല്ല, നടപ്പു സാമ്പത്തിക വര്‍ഷത്തെക്കുറിച്ചുള്ള വീക്ഷണവും നല്‍കുന്നു. 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് വീക്ഷണത്തേക്കുറിച്ചുള്ള ചിത്രം സാമ്പത്തിക സര്‍വേ നല്‍കും. സാമ്പത്തിക വളര്‍ച്ചയ്ക്കു പുറമേ, വിലക്കയറ്റത്തോത്, വിദേശനാണ്യശേഖരം, വ്യാപാരക്കമ്മി തുടങ്ങിയവയെക്കുറിച്ചുള്ള സംക്ഷിപ്തം ചിത്രം നല്‍കും.

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച

വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി വന്‍ഇടിവിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്ക് സൂചികയായ നിഫ്റ്റി 50 ചരിത്രത്തിലെ ഏറ്റവും ഉയരമായ 24854.8 പോയിന്റ് വരെ എത്തിയശേഷം 24530.90 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇത് തലേദിവസത്തെ ക്ലോസിംഗിനേക്കാള്‍ 269.95 പോയിന്റ്് കുറവാണ്. ബജറ്റ് മുന്നോടിയായി ഓഹരി നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതാണ് വിപണിയില്‍ ഇടിവുണ്ടാക്കിയത്. ഇത് തലേവാരത്തേക്കാള്‍ വെറും 28.75 പോയിന്റ് മാത്രം ഉയര്‍ന്നു മാത്രമാണ് വാരന്ത ക്ലോസിംഗ്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ആദ്യമായി 81000 പോയിന്റിനു മുകളിലെത്തിയശേഷം ജൂലൈ 19-ന് 80604.65 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേ ദിവസത്തെ ക്ലോസിംഗ് 80716.55 പോയിന്റായിരുന്നു. 738.81 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്.

സ്മോള്‍, മിഡ്, ലാര്‍ജ് കാപ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും വില്‍പ്പന ദൃശ്യമായിരുന്നു. ബാങ്ക്, എഫ്എംസിജി, ഹെല്‍ത്ത്കെയര്‍, ഓട്ടോ തുടങ്ങി എല്ലാ സെക്ടര്‍ ഓഹരികളിലും വില്‍പ്പനയുണ്ടായി.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ബജറ്റ് പോലുള്ള സംഭവങ്ങള്‍ വിപണിയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ വിപണിയില്‍ വന്യമായ വ്യതിയാനങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്. സ്വഭാവികമായും ഇത്തരമൊരു സംഭവത്തിന്റെ തലേ ദിവസത്തെ വ്യാപാരത്തിലും ഇത്തരത്തില്‍ വന്യമായ വ്യതിയാനം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച്ചത്തെ നീക്കം വിപണിയെ സാങ്കേതികമായി ദുര്‍ബലമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ചത്തെ ലാഭമെടുപ്പു തുടര്‍ന്നാല്‍ നിഫ്റ്റി സൂചികയ്ക്ക് 24400 പോയിന്റിലും തുടര്‍ന്ന് 24100 പോയിന്റിനു ചുറ്റളവിലും പിന്തുണയുണ്ട്.

അതേപോലെ, വിപണി മെച്ചപ്പെടുകയാണെങ്കില്‍ നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റന്‍സ് 24850 പോയിന്റാണ്.ഇതു മറികടന്നു മുന്നോട്ടുപോയാല്‍ സൈക്കോളജിക്കല്‍ റെസിസ്റ്റന്‍സായ 25000-25170 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 65.45 ആണ്. നിഫ്റ്റി ബുള്ളീഷ് മോഡില്‍തന്നെയാണ് നീങ്ങുന്നത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്. ബുള്ളുകള്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്.

ബാങ്ക് നിഫ്റ്റി: നിഫ്റ്റിയുടെ ചുവടുപിടിച്ച് ബാങ്ക് നിഫ്റ്റിയും വെള്ളിയാഴ്ച ബെയറീഷ് മനോഭാവത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച 355.10 പോയിന്റ് കുറഞ്ഞ് 52265.6 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ജൂലൈ നാലിലെ റിക്കാര്‍ഡ് ക്ലോസിംഗിനുശേഷം ബാങ്ക് നിഫ്റ്റി 52000-53000 പോയിന്റിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍നിന്നു പുറത്തുകടന്നാല്‍ മാത്രമേ പുതിയ താഴ്ചയിലേക്കോ പുതിയ ഉയര്‍ച്ചയിലേക്കോ നീങ്ങുകയുള്ളു.

52000 പോയിന്റിനു താഴേയ്ക്കു നീങ്ങിയാല്‍ 51700 പോയിന്റിലും തുടര്‍ന്ന് 51200 പോയിന്റിലും പിന്തുണ ലഭിക്കും. മറിച്ച് 53000 പോയിന്റിനു മുകളിലേക്കു നീങ്ങിയാല്‍ നിഫ്റ്റിക്ക് 53350-53420 പോയിന്റിലും തുടര്‍ന്ന് 54900 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ ഫ്ളാറ്റായി ഓപ്പണ്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ ഗിഫ്റ്റി നിഫ്റ്റി 29 പോയിന്റ് താഴെയാണ്. നിഫ്റ്റിയില്‍ താഴന്നതോ ഫ്ളാറ്റ്് ആയതോ ആയ ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

വെള്ളിയാഴ്ച മിക്ക ഇന്ത്യന്‍ എഡിആറുകളും നെഗറ്റീവ് ക്ലോസിംഗിലാണ് അവസാനിച്ചത്. മികച്ച ആദ്യക്വാര്‍ട്ടര്‍ ഫലം പുറത്തുവിട്ട ഇന്‍ഫോസിസിന്റെ എഡിആര്‍ വ്യാഴാഴ്ച 8.38 ശതമാനം ഉയര്‍ച്ച കാണിച്ചിരുന്നു. വിപ്രോയുടെ എഡിആര്‍ 11.61 ശതമാനം താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക് 1.34 ശതമാനവും ഐസിഐസിഐ ബാങ്ക് 0.37 ശതമാനവും ഡോ. റെഡ്ഡീസ് 0.91 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 4 ശതമാനവും ഇടിവുകാണിച്ചു. എന്നാല്‍ മേക്ക് മൈ ട്രിപ് 1.14 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ബജറ്റിന്റെ ആകാംക്ഷ വിപണിയില്‍ വ്യതിയാനം ഉയര്‍ത്തുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിക്സ് ഉയരുകയാണ്. വെള്ളിയാഴ്ച ഇന്ത്യ വിക്സ് വ്യാഴാഴ്ച 2.17 ശതമാനം മെച്ചത്തോടെ 14.82 പോയിന്റില്‍ ക്ലോസ് ചെയ്തു. തേലദിവസമിത് 14.51 ആയിരുന്നു. മൂന്നാഴ്ചയായി 15 പോയിന്റിന് താഴെ നേരിയ തോതില്‍ അങ്ങോട്ടുമിങ്ങോട്ടും വിക്സ് നീങ്ങുകയാണ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 1.11-ലേക്കു താഴ്ന്നു. വ്യാഴാഴ്ചയിത് 1.41 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ്, യൂറോപ്യന്‍ ഓഹരികളില്‍ വെള്ളിയാഴ്ച വന്‍ ലാഭമെടുപ്പാണ് ദൃശ്യമായത്. റിക്കാര്‍ഡ് ഉയര്‍ച്ചയ്ക്കുശേഷം ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് സാങ്കേതിക തിരുത്തലിലാണ്. ഡൗ ജോണ്‍സ് വെള്ളിയാഴ്ച 377.49 പോയിന്റാണ് ഇടിഞ്ഞത്. നാസ്ഡാക് 144.28 പോയിന്റും എസ് ആന്‍ഡ് പി 39.59 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം മെച്ചപ്പെട്ടാണ് നീങ്ങുന്നത്.

യൂറോപ്യന്‍ വിപണികളിലും വെള്ളിയാഴ്ച വന്‍ വില്‍പ്പനയാണുണ്ടായത്. എഫ്ടിഎസ്ഇ യുകെ 49.17 പോയിന്റും സിഎസി ഫ്രാന്‍സ് 52.03 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 313.29 പോയിന്റും ജര്‍മന്‍ ഡാക്സ് 182.83 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തതത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ പോസീറ്റീവാണ്.

ഏഷ്യന്‍ വിപണികള്‍

ഇന്നു രാവിലെ 120 പോയിന്റോളം താഴ്ന്ന് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 455 പോയിന്റ് താഴ്ചയിലാണ്. കഴിഞ്ഞ വാരത്തില്‍ 42000 പോയിന്റിനു മുകളിലെത്തിയ നിക്കി 40000 പോയിന്റിനു താഴേയ്ക്കു നീങ്ങിയിരിക്കുകയാണ്.

കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 3128.78 പോയിന്റ് താഴ്ന്നാണ് നീങ്ങുന്നത്. അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 48 1പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചികയില്‍ 5 പോയിന്റും മെച്ചപ്പെട്ട നിലയിലാണ് വ്യാപാരം.

നിക്കി ഫ്യൂച്ചേഴ്സ് 370 പോയിന്റു താഴ്ചയിലാണ് നീങ്ങുന്നത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു ദിവസമായി അവര്‍ തുടര്‍ച്ചയായി നെറ്റ് വാങ്ങലുകാരാണ്. വെള്ളിയാഴ്ച്ച അവരുടെ നെറ്റ് വാങ്ങല്‍ 1506 കോടി രൂപയുടെ ഓഹരികളായിരുന്നു. ഇതോടെ ജൂലൈയില്‍ മാത്രം അവരുടെ നെറ്റ് വാങ്ങല്‍ 21664.65 കോടി രൂപയായി ഉയര്‍ന്നു.

്അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നെറ്റ് വില്‍പ്പക്കാരാണ്. ഇന്നലെ 461.56 കോടി രൂപയാണ് അവരുടെ നെറ്റ് വില്‍ക്കല്‍. ഇതോടെ ജൂലൈയില്‍ ഇവരുടെ നെറ്റ് വാങ്ങല്‍ 779 കോടി രൂപയായി താഴ്ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

ഇന്ത്യന്‍ ജിഡിപി വളര്‍ച്ച: ബജറ്റിനു മുമ്പേയുള്ള ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ചുള്ള ചിത്രം നോക്കാം. നടപ്പുവര്‍ഷം ജിഡിപി 7.2 ശതമാനം കണ്ടു വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ ഏറ്റവുമൊടുവിലത്തെ പണനയത്തില്‍ വിലയിരുത്തിയിട്ടുള്ളത്. നേരത്തെ ഏഴു ശതമാനമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അനുമാനം. അതേപോലെ പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ കണക്കാക്കുന്നു.

സ്വകാര്യ ഉപഭോഗം വളരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ജിഡിപിയുടെ വളര്‍ച്ച 6.8 ശതമാനത്തില്‍നിന്നു 7 ശതമാനത്തിലേക്ക് ഐഎംഎഫ് പുതുക്കി അനുമാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന 8.2 ശതമാനം വളര്‍ച്ചനേടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 2022-23-ല്‍ 7.2 ശതമാനവും 2021-22-ല്‍ 8.7 ശതമാനവും വളര്‍ച്ച നേടിയിരുന്നു.

ഭക്ഷ്യവിലക്കയറ്റമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ചില്ലറവിലക്കയറ്റത്തോത് നാലു ശതമാനത്തിനു തഴേയ്ക്ക് എത്തിക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. അതിനായി 2022 മേയ്മുതല്‍ റീപോ നിരക്കില്‍ 2.5 ശതമാനം വര്‍ധന റിസര്‍വ് ബാങ്ക് വരുത്തിയിരുന്നു.

മണ്‍സൂണ്‍: പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഒന്നര മാസം പിന്നിടുമ്പോള്‍ മഴക്കമ്മി ഏതാണ്ട് ഇല്ലാതായി. ജൂലൈ 21 വരെ ലഭിച്ചമഴ ദീര്‍ഘകാലശരാശരിയേക്കാള്‍ 1.2 ശതമാനം കുറവു മാത്രം. ജൂലൈ 21 വരെ സാധാരണ ലഭിക്കേണ്ടത് 351.7 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഇതുവരെ ലഭിച്ചിട്ടുള്ളത് 347.5 മില്ലീമീറ്റര്‍ മഴയാണ്.

ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലെ മികച്ച മഴ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമാണ്. ഭക്ഷ്യവിലക്കയറ്റത്തോത് പിടിച്ചുനിര്‍ത്താന്‍ മികച്ച മണ്‍സൂണും ഖാരിഫ് വിളയിറക്കലും ആവശ്യമാണ്. പരുത്തി, ചണം, ട്രാക്ടര്‍, വളം, കീടനാശിനി തുടങ്ങിയ നിരവധി വ്യവസായമേഖലകളുടെ പ്രകടനത്തിനും മെച്ചപ്പെട്ട കാര്‍ഷികരംഗം ആവശ്യമാണ്.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: കോഫോര്‍ജ്, മഹീന്ദ്ര ലോജിക്, ഐഡിബിഐ ബാങ്ക്, പോളി മെഡികെയര്‍, സുസ്്ലോണ്‍ എനര്‍ജി, സുപ്രിം ഇന്‍ഡ്, ഐഒബി, സെന്‍സാര്‍ ടെക്, ഇസെഡ് എഫ് കൊമേഴ്സ്യല്‍, അലെയഡ് ബ്ലെന്‍ഡേഴ്സ്, സയന്റ് ഡിഎല്‍എം, മാംഗ്ളൂര്‍ റിഫൈനറി തുടങ്ങി അമ്പതോളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

എച്ച്ഡിഎഫ്സിയും റിലയന്‍സും: വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചശേഷം നിരവധി വന്‍കമ്പനികള്‍ അവരുടെ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവ ഇന്നത്തെ അവരുടെ ഓഹരി വിലകളില്‍ പ്രതിഫലിക്കാന്‍ ഇടയുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡ്, യെസ് ബാങ്ക്, വിപ്രോ, കോട്ടക് ബാങ്ക് തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം ആദ്യ ക്വാര്‍ട്ടറില്‍, മുന്‍ ക്വാര്‍ട്ടറിനേക്കാള്‍ രണ്ടു ശതമാനം കുറഞ്ഞു.ബാങ്കിന്റെ എന്‍ബിഎഫ്സി കരമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐപിഒ നടത്തുവാനും തീരുമാനിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആദ്യക്വാര്‍ട്ടര്‍ അറ്റാദായം 17.9 ശതമാനം കുറഞ്ഞ് 17445 കോടി രൂപയായി. വരുമാനം 1.9 ശതമാനം കുറഞ്ഞ് 2.31 ലക്ഷം കോടി രൂപയായി.

മുന്‍നിര ഐടി കമ്പനിയായ വിപ്രോയുടെ അറ്റാദായം മുന്‍ക്വാര്‍ട്ടറിനേക്കാള്‍ 6.3 ശതമാനം ഉയര്‍ന്ന് 3037 കോടി രൂപയായി. വരുമാനം ഒരു ശതമാനം കുറഞ്ഞു.

യെസ് ബാങ്കിന്റെ ആദ്യക്വാര്‍ട്ടര്‍ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 46.4 ശതമാനം ഉയര്‍ച്ചയോടെ 502.4 കോടി രൂപയിലെത്തി.

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ആദ്യ ക്വാര്‍ട്ടര്‍ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 81 ശതമാനം വര്‍ധനയോടെ 6249 കോടി രൂപയിലെത്തി.

ക്രൂഡോയില്‍ വില

യുഎസ് ഡബ്ള്യുടിഐ ക്രൂഡിന്റെ വില ഇന്നു രാവിലെ 80.49 ഡോളറും ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 82.86 ഡോളറുമാണ്. ഹൂത്തികളുടെ ഇസ്രായേല്‍ ആക്രമണവും ഇസ്രയേലിന്റെ പ്രത്യാക്രമണവുമൊന്നും എണ്ണവിലയെ ബാധിച്ചില്ല. ആഴ്ചകള്‍ക്കുശേഷം ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിനടുത്തേക്ക് എത്തിയിരിക്കുകയാണ്. ആഗോള സമ്പദ്ഘടനയിലെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കയാണ് എണ്ണവിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല.

ഇന്ത്യന്‍ രൂപ

ഡോളര്‍- രൂപ വിനിമയനിരക്ക് വെള്ളിയാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. 83.67 ആയിരൂന്നു ഡോളറിന് വില. ഒരവസരത്തില്‍ 83.73 വരെ താഴ്ന്നിരുന്നു. റിസര്‍വ് ബാങ്കിന്റെ ഇടപെടലാണ് കൂടുതല്‍ താഴ്ചയില്‍നിന്നു രൂപയെ രക്ഷിച്ചത്. രൂപ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് ഈ മേഖലയില്‍നിന്നുള്ള പല കറന്‍സി ട്രേഡര്‍മാരുടെ അഭിപ്രായം. രൂപ ഈ വാരത്തില്‍ പുതിയ താഴ്ച കണ്ടേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പത്തുവര്‍ഷ ഇന്ത്യന്‍ ബോണ്ട് യീല്‍ഡ് വെള്ളിയാഴ്ച 6.965 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.