image

11 July 2024 2:25 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 11)

Joy Philip

Trade Morning
X

Summary

വിപണിയുടെ ട്രെന്‍ഡ് മാറുന്നോ?


താമസിയാതെ ഫെഡറല്‍ റിസര്‍വ് യുഎസ് പലിശ നിരക്കു വെട്ടിക്കുറച്ചേക്കുമെന്ന വിലയിരുത്തലില്‍ ഇന്നലെ ആഗോള വിപണികള്‍ വളരെ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. യുഎസ് കോണ്‍ഗ്രസിനു മുമ്പില്‍ ഫെഡറര്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തിയ അഭിപ്രായവും ഈ പ്രതീക്ഷയ്ക്കു കുരുത്തു പകരുന്നതാണ്. യുഎസ് പണപ്പെരുപ്പ് കണക്കുകളും പ്രാഥമിക ജോബ് ക്ലെയിം കണക്കുകളും ഇന്നു പുറത്തുവിടും. ഇവ രണ്ടും ഫെഡറല്‍ റിസര്‍വ് തീരുമാനത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. നിക്ഷേപകര്‍ ഇതിനായി കാത്തിരിക്കുകയാണ്.

രാജ്യത്തെ ഓഹരി വിപണി സ്വാധീനിക്കുന്ന പ്രധാന സംഭവങ്ങളില്‍ ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങളും ജൂലൈ 23-ലെ പുതുക്കിയ ബജറ്റുമാണ്. ഓട്ടോ, മെറ്റല്‍സ്, ഹെല്‍ത്ത്കെയര്‍, ബാങ്കിംഗ്- ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളുടെ പിന്തുണയില്‍ ആദ്യക്വാര്‍ട്ടറില്‍ നിഫ്റ്റി നാലു ശതമാനം വരുമാന വളര്‍ച്ചനേടുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ അനുമാനിക്കുന്നു.

എഫ് ആന്‍ഡ് ഒ വ്യാപാരത്തിലെ പരിധി കവിഞ്ഞ ഊഹക്കച്ചവടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈടു വയ്ക്കാവുന്ന ഓഹരികളുടെ പട്ടിക 1700-ല്‍നിന്ന് ഘട്ടംഘട്ടമായി 700 ആയി കുറയ്ക്കുന്നത് മിഡ്കാപ് ഓഹരികളില്‍ വില്‍പ്പനയ്ക്കു വഴി തെളിക്കും. അതേ സമയം ഈടു വയ്ക്കാവുന്ന 700 ഓഹരികളിലെ വാങ്ങല്‍ വര്‍ധിക്കുകയും അവയില്‍ മുന്നേറ്റമുണ്ടാവുകയും ചെയ്യും.

ഇന്ത്യന്‍ വിപണി ഇന്നലെ

ചൊവ്വാഴ്ച പുതിയ ഉയരങ്ങളില്‍ എത്തിയ ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ ശക്തമായ തിരുത്തലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്കായ നിഫ്റ്റി ഇന്നലെ 108.75 പോയിന്റ് ഇടിഞ്ഞ് 24324.45 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ചത്തെ ക്ലോസിംഗ് 24433.2 പോയിന്റായിരുന്നു.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 426.87 പോയിന്റ് ഇടിവോടെ 79924.77 പോയിന്റിലെത്തി. വീണ്ടും 80000 പോയിന്റിനു താഴെ ക്ലോസ് ചെയ്തിരിക്കുകയാണ്. എല്ലാ മേഖലകളിലേയും ഓഹരികള്‍ ഇന്നലെ കുറയുകയായിരുന്നു. ഓട്ടോ, ബാങ്ക്, ഐടി തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പനയുണ്ടായത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റിയുടെ അടിയൊഴുക്കു ബുള്ളീഷ് മനോഭാവത്തില്‍ ഇനിയും മാറ്റം വന്നിട്ടില്ല. ശക്തമായ റെസിസ്റ്റന്‍സായി പ്രവര്‍ത്തിച്ചിരുന്ന 24401 പോയിന്റിനു മുകളില്‍ നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുകയാണ്. ബുള്ളീഷ് മനോഭാവത്തെ ഉറപ്പിക്കുന്ന വിധത്തില്‍ നിഫ്റ്റി ഇന്നലെ പുതിയ പ്രതിദിന ഉയരവും അതേപോലെതന്നെ ദിവസത്തെ താഴ്ചയും തലേദിവസത്തേക്കാള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്.

ഇന്നലത്തെ മൊമന്റം തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 24150 പോയിന്റിന് ചുറ്റളവില്‍ പിന്തുണ കിട്ടും. തുടര്‍ന്നും താഴേയ്ക്കാണെങ്കില്‍ 24000 പോയിന്റിനു ചുറ്റളവിലും 23700-23800 തലത്തിലും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ ഇന്നലത്തെ ഉയര്‍ന്ന പോയിന്റായ 24401- 24461 തലം ആദ്യ റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. ഇതിനു മുകളില്‍ ശക്തമായി ക്ലോസ് ചെയ്താലേ തുടര്‍ന്നുള്ള മുന്നേറ്റം പ്രതീക്ഷിക്കാനാകൂ. തുടര്‍ന്നും മുന്നോട്ടു പോവുകയാണെങ്കില്‍ 24650-24750 നിലവാരത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

വിപണിയുടെ മുഖ്യ ലക്ഷ്യം 25000 പോയിന്റെന്ന സൈക്കോളജിക്കല്‍ റെസിസ്റ്റന്‍സില്‍ എത്തുകയെന്നതാണ്. മികച്ച ക്വാര്‍ട്ടര്‍ ഫലങ്ങള്‍, മെച്ചപ്പെട്ട ബജറ്റ്, യുഎസ് പലിശനിരക്ക് കുറയ്ക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ വിപണിയെ ഈ ഉയരത്തിലേക്ക് എത്തിച്ചേക്കാം.

പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 69.34 ആണ്. നിഫ്റ്റി ഓവര്‍ ബോട്ട് നിലയിലാണെന്നു ഇതു സൂചിപ്പിക്കുന്നു. ഏതു സമയവും തിരുത്തലിനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്. ബുള്ളുകള്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്.

ബാങ്ക് നിഫ്റ്റി: ജൂലൈ നാലിലെ റെക്കാര്‍ഡ് ഉയരത്തില്‍ ( 53357.7 പോയിന്റ് )നിന്ന് കുത്തനെയിടിഞ്ഞ ബാങ്ക് നിഫ്റ്റി ഇന്നലെ 379.50 പോയിന്റിടിഞ്ഞ് 52189.30 പോയിന്റില്‍ ക്ലോസ്ചെയ്തു. ചൊവ്വാഴ്ച ബാങ്ക് നിഫ്റ്റി 52500 പോയിന്റിനു മുകളിലേക്ക് തിരിച്ചെത്തിയതായിരുന്നു.

ഇന്നലത്തെ മൊമന്റം തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 52500-52700 തലത്തിലും തുടര്‍ന്ന് 53000-53188 തലത്തിലും 53633-53776 പോയിന്റ് തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 52150-52250 തലത്തിലും തുടര്‍ന്ന് 51990 പോയിന്റിലും പിന്തുണ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. മോശമായതു സംഭവിച്ചാല്‍ 51100 പോയിന്റിലേക്കു താഴാം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ ഇന്നലെ 57.94 ആണ്. ബുള്ളീഷ് മോഡില്‍തന്നെയാണ് ബാങ്ക് നിഫ്റ്റി എങ്കിലും ആകര്‍ഷണീയത കുറഞ്ഞുവരികയാണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 12.5 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. ആഗോള ഫ്യൂച്ചേഴ്സുകളെല്ലാംതന്നെ ചുവപ്പിലാണ് നീങ്ങുന്നത്. ഫ്ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്നലെ ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി കമ്പനികളായ ഇന്‍ഫോസിസ് 0.36 ശതമാനവും വിപ്രോ 0.16 ശതമാനവും നേട്ടം കാണിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 1.52 ശതമാനം കുറഞ്ഞപ്പോള്‍ ഐസിഐസിഐ ബാങ്ക് 0.24 ശതമാനം മെച്ചപ്പെട്ടു. മേക്ക് മൈ ട്രിപ് 1.43 ശതമാനം താഴ്ന്നപ്പോള്‍ ഡോ. റെഡ്ഡീസ് 0.7 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.13 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ഇന്നലെ ഇന്ത്യ വിക്സ് ഇന്നലെ 1.5 ശതമാനം ഉയര്‍ന്ന് 14.43 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേദിവസമിത് 14.28 ആയിരുന്നു. മൂന്നാഴ്ചയായി 15 പോയിന്റിന് താഴെ നേരിയ തോതില്‍ അങ്ങോട്ടുമിങ്ങോട്ടും വിക്സ് നീങ്ങുകയാണ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.97-ലേക്ക് താഴ്ന്നു. ചൊവ്വാഴ്ച അത് 1.28 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് വിപണി ഇന്നലെ വന്‍മുന്നേറ്റമാണ് കാണിച്ചത്.

രണ്ടു ദിവസത്തെ താഴ്ചയ്ക്കു വിരാമമിട്ട ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി ഉയരുകയായിരുന്നു. ഇന്നലെ 429.39 പോയിന്റ് മെച്ചത്തിലാണ് ക്ലോസ് ചെയ്തത്.

അതേ സമയം ടെക് ഓഹരികളുടെ മുന്നേറ്റത്തില്‍ നാസ്ഡാക് കോംപോസിറ്റും എസ് ആന്‍ഡ് പി 500 സൂചികയും പുതിയ ഉയരത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. നാസ്ഡാക് തുടര്‍ച്ചയായ ഏഴാം ദിവസവും മെച്ചപ്പെട്ട് ക്ലോസ് ചെയ്തു. ഇന്നലെ 218.6 പോയിന്റ് മെച്ചത്തിലായിരുന്നു നാസ്ഡാക്കിന്റെ റിക്കാര്‍ഡ് ക്ലോസിംഗ്.

എസ് ആന്‍ഡ് പി 56.95 പോയിന്റ് മെച്ചത്തോടെ റിക്കാര്‍ഡ് പോയിന്റില്‍ ക്ലോസ് ചെയ്തു.

എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം നേരിയ തോതില്‍ താഴ്ന്നാണ് നില്‍ക്കുന്നത്.യുഎസ് പണപ്പെരുപ്പക്കണക്കുകള്‍ ഇന്നെത്തും. വിപണി അതിനായി കാത്തിരിക്കുകയാണ്. ഈ കണക്കുകളായിരിക്കും യുഎസ് വിപണിയുടെ ദിശ നിശ്ചയിക്കുക. മേയില്‍ 3.4 ശതമാനമായിരുന്നു പണപ്പെരുപ്പത്തോത്.

ഇന്നലെ പോസീറ്റീവായി ഓപ്പണ്‍ ചെയ്ത യൂറോപ്യന്‍ വിപണികളെല്ലാം പോസിറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്.

എഫ്ടിഎസ്ഇ യുകെ 53.70 പോയിന്റും സിഎസി ഫ്രാന്‍സ് 64.89 പോയിന്റും ജര്‍മന്‍ ഡാക്സ് 171.03 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 441.93 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ ചുവപ്പിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.

ഏഷ്യന്‍ വിപണികള്‍

യുഎസ് വിപണിയിലെ പ്രതിദ്ധ്വനി ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ പ്രതിഫലിക്കുകയാണ്. അഞ്ഞൂറോളം പോയിന്റ് മെച്ചപ്പെട്ടാണ് ഇന്നു രാവിലെ നിക്കി വ്യാപാരം തുടങ്ങിയത്. ഇന്ന് രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 326.8 പോയിന്റ് മെച്ചത്തിലാണ്. ഇന്നലെ നിക്കി സൂചിക 251.82 പോയിന്റ് മെച്ചത്തോടെയാണ് ക്ലോസ് ചെയ്തത്.

മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 22.25 പോയിന്റ് നേട്ടത്തിലാണ്. അതേസമയം 200-ഓളം പോയിന്റ് മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 167.4 പോയിന്റു മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചികയില്‍ 11.4 പോയിന്റ് മെച്ചപ്പെട്ട നിലയിലാണ് വ്യാപാരം.

അതേസമയം നിക്കി ഫ്യൂച്ചേഴ്സ് 210 പോയിന്റു താഴ്ന്നാണ് നില്‍ക്കുന്നത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഇന്നലെ വിദേശ, സ്വദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഒരേപോലെ നെറ്റ് വാങ്ങലുകാരായിരുന്നു.നേരിയ തോതിലാണെങ്കിലും വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ ക്രമേണ ഉയരുകയാണ്. ഇന്നലെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 583.96 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ജൂലൈയിലെ അവരുടെ നെറ്റ് വാങ്ങല്‍ 7834.06 കോടി രൂപയുടേതായി.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ ഇന്നലെ 1082.2 കോടി രൂപയുടേതാണ്. ഇതോടെ ജൂലൈ പത്തുവരെ അവരുടെ നെറ്റ് വാങ്ങല്‍ 3897.96 കോടി രൂപയായി ഉയര്‍ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

യുഎസ് പലിശ നിരക്ക്: പണപ്പെരുപ്പം കുറയ്ക്കുന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് യുഎസ് കോണ്‍ഗ്രസ് ടെസ്റ്റിമണിയില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. പലിശനിരക്ക് കുറയ്ക്കുന്നതിനു ഫെഡറല്‍ റിസര്‍വ് ഉടനേ തുടക്കം കുറിക്കുമെന്ന പ്രതീക്ഷയ്ക്കു കൂടുതല്‍ ശക്തി പകരുന്നതാണ് പവലിന്റെ അഭിപ്രായം. ഇന്നെത്തുന്ന പണപ്പെരുപ്പക്കണക്കുകളും പ്രാഥമിക ജോബ് ക്ലെയിം കണക്കുകളും പലിശ നിരക്കു വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചു വ്യക്തമായ ചിത്രം നല്‍കും. യുഎസ് പലിശനിരക്ക് 23 വര്‍ഷത്തെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുകയാണ്. പലിശ കുറഞ്ഞാല്‍ പോലും അതു തീരെകുറയുന്നതിനുള്ള സാധ്യതയില്ലെന്നാണ് പവല്‍ വ്യക്തമാക്കുന്നത്. പണപ്പെരുപ്പം ലക്ഷ്യമിട്ടിരിക്കുന്ന രണ്ടു ശതമാനത്തില്‍ എത്തുന്നതിനു മുമ്പേ പലിശ വെട്ടിക്കുറവ് ആരംഭിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ജൂണിലെ യുഎസ് പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും. മേയിലിത് 3.3 ശതമാനമായിരുന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ താഴേയ്ക്കു നീങ്ങുകയാണ്. അതിനാല്‍ പണപ്പെരുപ്പ കണക്കുകള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. തൊഴിലില്ലായ്്മ നിരക്ക് വര്‍ധിക്കുന്നതും പലിശ നിരക്കു കുറയ്ക്കുന്നതിനു സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഇപ്പോള്‍ പലിശ നിരക്ക് 5.25-5.5 ശതമാനമാണ്.

മണ്‍സൂണ്‍: പടിഞ്ഞാറന്‍ മണ്‍സൂണിലെ മഴക്കമ്മി ഇല്ലാതായി. ജൂലൈ 10 വരെ ലഭിച്ചമഴ ദീര്‍ഘകാലശരാശരിയേക്കാള്‍ 0.4 ശതമാനം കുറവാണ്. ജൂലൈ 10 വരെ സാധാരണ ലഭിക്കേണ്ടത് 248.3 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഇതുവരെ 247.3 മില്ലീമീറ്റര്‍ മഴ ലഭിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത നാലഞ്ച് ദിവസത്തേക്ക് മികച്ച മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കമ്പനി വാര്‍ത്തകള്‍:

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: ഐടി ഭീമന്‍ ടിസിഎസ് ഇന്ന് ആദ്യക്വാര്‍ട്ടര്‍ ഫലം പുറത്തുവിടും. കഴിഞ്ഞ അഞ്ചുക്വാര്‍ട്ടറുകളിലേതിനേക്കാള്‍ മെച്ചപ്പെട്ട വരുമാന വളര്‍ച്ച അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അറ്റാദായ വളര്‍ച്ച കുറയുമെന്നും അവര്‍ കണക്കാക്കുന്നു. ഐടി മേഖലയില്‍നിന്നുള്ള കമ്പനികളുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന സൂചന ടിസിഎസ് ഫലം നല്‍കും. ജൂലൈ 18-ന് ഇന്‍ഫോസിസിന്റെ ആദ്യക്വാര്‍ട്ടര്‍ ഫലമെത്തും.

ടിസിഎസിനു പുറമേ, ആനന്ദ് റാഠി വെല്‍ത്ത്, നെല്‍കോ, ജിടിപിഎല്‍ ഹാത്വേ, അമല്‍ രസായന്‍, ഡിആര്‍സി സിസ്റ്റം, എസ്എം ഓട്ടോ സ്റ്റാമ്പിംഗ്, തുടങ്ങി പതിനെട്ടോളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

ടാറ്റ എല്‍ക്സി: ഐടി മേഖലയില്‍നിന്നു ആദ്യക്വാര്‍ട്ടര്‍ ഫലം പുറത്തുവിട്ട് ടാറ്റ എല്‍ക്സിയുടെ അറ്റാദായം മൂന്നു ശതമാനം കുറഞ്ഞ് 184 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേകാലയളവിലിത് 188 കോടി രൂപയായിരുന്നു. വരുമാനം 9 ശതമാനം വര്‍ധിച്ച് 926 കോടി രൂപയിലെത്തി. അതേസമയം മാര്‍ച്ച് ക്വാര്‍ട്ടറിനെ അപേക്ഷിച്ച് അറ്റാദായം 6 ശതമാനം കുറഞ്ഞു.

ഡെല്‍റ്റ കോര്‍പ്: ഗെയിമിംഗ് കമ്പനിയായ ഡെല്‍റ്റ് കോര്‍പ്പിന്റെ സംയോജിത അറ്റാദായം 67.5 ശതമാനം താഴ്ന്ന് 21.68 കോടി രൂപയിലെത്തി. നാലാം ക്വാര്‍ട്ടറിലെ 72 കോടി രൂപയില്‍നിന്ന് 69 ശതമാനം കുറവാണിത്. വരുമാനം 16 ശതമാനം കുറഞ്ഞ് 143 കോടി രൂപയായി.

ജിഎം ബ്രൂവറീസ്: ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ ജിഎം ബ്രൂവറീസ് 600.59 കോടി രൂപ വരുമാനവും 24.94 കോടി രൂപ അറ്റാദായവും നേടി. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ യഥാക്രമം മൂന്നു ശതമാനവും 25 ശതമാനവും കൂടുതലാണിത്.

എംക്യുവര്‍ ഫാര്‍മ: എംക്യുവര്‍ ഫാര്‍മ ഓഹരികള്‍ ഇന്നലെ 31 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. 1325.05 രൂപയിലാണ് ഓഹരി വ്യാപാരം തുടങ്ങിയത്. ഓഹരി 1385 രൂപ വരെ ഉയര്‍ന്നശേഷം 1359.15 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇഷ്യു വില 1008 രൂപയായിരുന്നു.

ക്രൂഡോയില്‍ വില

വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ക്രൂഡോയില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ചൈനീസ് ഡിമാന്‍ഡ് ആദ്യപകുതിയില്‍ കുറവായിരുന്നുവെങ്കിലും വരും മാസങ്ങളില്‍ അത് മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍. ഒപ്പെക് പ്ലസ് രാജ്യങ്ങളില്‍ ഉത്പാദന വെട്ടിക്കുറവ് തുടരുന്നതും ഹൂത്തി ആക്രമണവും ക്രൂഡ് വിലയ്ക്ക് പിന്തുണയാകുകയാണ്.

യുഎസ് ഡബ്ള്യുടിഐ ക്രൂഡിന്റെ വില ഇന്നു രാവിലെ 82.46 ഡോളറാണ്. ഇന്നലെ രാവിലെ അതു ബാരലിന് 81.51 ഡോളറായിരുന്നു.

ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 85.42 ഡോളറാണ്. ഇന്നലെ രാവിലെ 84.69 ഡോളറായിരുന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല.

ഡോളര്‍- രൂപ വിനിമയനിരക്ക് ഇന്നലെ 83.5 ആയി. ഏതാനും ദിവസങ്ങളായി ഏതാണ്ട് സ്ഥിരതയോടെ നീങ്ങുകയാണ് രൂപയുടെ വില. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.