image

10 July 2024 2:46 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 10)

Joy Philip

Trade Morning
X

Summary

റേഞ്ച് ബൗണ്ട് വല പൊട്ടിച്ച് നിഫ്റ്റി ഉയര്‍ച്ചയില്‍


ഏതാനും വ്യാപാരദിനങ്ങളിലെ റേഞ്ച് ബൗണ്ട് നീക്കത്തിനുശേഷം വിപണി റെക്കാര്‍ഡ് ഉയരത്തിലേക്കു നീങ്ങിയിരിക്കുകയാണ്. കമ്പനികളുടെ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍, മണ്‍സൂണ്‍ സാധാരണസ്ഥിതിയിലേക്കു തിരിച്ചുവന്നത്, ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ശക്തമായ പ്രതീക്ഷകളും വിലയിരുത്തലുകളും വിപണിക്ക് ഉത്സാഹം പകരുന്നതാണ്.

യുഎസ് കോണ്‍ഗ്രസിനു മുമ്പില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോ പവലിന്റെ ടെസ്റ്റിമണി പലിശനിരക്ക് വെട്ടിക്കുറവ് എന്നു മുതലെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ രംഗത്തെ വിദഗ്ധര്‍ സെപ്റ്റംബര്‍ മുതല്‍ അതു പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം മാത്രമല്ല തൊഴില്‍ വിപണിയുടെ പ്രകടനവും പലിശനിരക്കു സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പലിശ നിരക്ക് കുറയ്ക്കുന്നതു താമസിച്ചുപോവുകയോ അല്ലെങ്കില്‍ തീരെക്കുറവോ ആകുന്നെങ്കില്‍ അതു സാമ്പത്തിക വളര്‍ച്ചയേയും തൊഴില്‍ സൃഷ്ടിയേയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ പുതിയ ഉയരങ്ങളില്‍ എത്തി. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്കായ നിഫ്റ്റി ഇന്നലെ 112.65 പോയിന്റ് നേട്ടത്തോടെ 24433.2 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഏതാണ്ട് ദിവസത്തെ ഉയര്‍ന്ന പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. നിഫ്റ്റിയുടെ 22401 പോയിന്റിലെ റെസിസ്റ്റന്‍സ് അങ്ങനെ മറികടന്നിരിക്കുകയാണ്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 391.26 പോയിന്റ് മെച്ചത്തോടെ 80351.64 പോയിന്റിലാണ് ക്ലോസ് ചെയ്തത്. മികച്ച വ്യാപ്തത്തോടെ സെന്‍സെക്സ് 80000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തതിരിക്കുകയാണ്. ഇന്നലത്തെ ഊഴം ഓട്ടോ മേഖലയുടേതായിരുന്നു. ഓട്ടോ ഓഹരികളാണ് ഇന്നലെ വിപണിയെ ഉയര്‍ത്തിയത്. ബാങ്ക് ഓഹരികള്‍ നേരിയ തോതില്‍ ഉയര്‍ന്നപ്പോള്‍ ഐടി ഓഹരികള്‍ നേരിയ തോതില്‍ താഴ്ന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, ഹെല്‍ത്ത്കെയര്‍ തുടങ്ങിയവയെല്ലാം മികച്ച നേട്ടമാണ് ഇന്നലെ കൈവരിച്ചത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ബുള്ളീഷ് മനോഭാവത്തിലുള്ള നിഫ്റ്റിയുടെ അടിയൊഴുക്കിന് ഇനിയും മാറ്റം വന്നിട്ടില്ല. ശക്തമായ റെസിസ്റ്റന്‍സായി പ്രവര്‍ത്തിച്ചിരുന്ന 24401 പോയിന്റിനു മുകളില്‍ നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുകയാണ്. ബുള്ളീഷ് മനോഭാവത്തെ ഉറപ്പിക്കുന്ന വിധത്തില്‍ നിഫ്റ്റി ഇന്നലെ പുതിയ പ്രതിദിന ഉയരവും അതേപോലെതന്നെ ദിവസത്തെ താഴ്ചയും തലേദിവസത്തേക്കാള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്.

ഇന്നലത്തെ മൊമന്റം തുടരുകയാണെങ്കില്‍ നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റന്‍സ് 24555 പോയിന്റിലും തുടര്‍ന്ന് 24647 പോയിന്റിലുമാണ്. ആഗോള സാഹചര്യങ്ങളും ഇന്ത്യന്‍ സാഹചര്യങ്ങളും മറ്റും കണക്കിലെടുക്കുമ്പോള്‍ ഈ റെസിസ്റ്റന്‍സുകള്‍ ബജറ്റോടെ നേടുമെന്നുതന്നെ പ്രതീക്ഷിക്കാം. മികച്ച ആദ്യ ക്വര്‍ട്ടര്‍ ഫലങ്ങള്‍ കൂടി എത്തിയാല്‍ വിപണിക്ക് മുഖ്യ റെസിസ്റ്റന്‍സ് ആയി എത്തുക 25000 പോയിന്റായിരിക്കും.

ഇന്നു വിപണി താഴുകയാണെങ്കില്‍ നിഫ്റ്റിക്ക് 24150-24250 തലത്തിലും തുടര്‍ന്ന് 23980-24000 തലത്തിലും പിന്തുണ കിട്ടും. തുടര്‍ന്നും താഴേയ്ക്കാണെങ്കില്‍ 23700-23800 തലത്തിലും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്

പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 74.23 ആണ്. നിഫ്റ്റി ഓവര്‍ ബോട്ട് നിലയിലാണെന്നു ഇതു സൂചിപ്പിക്കുന്നു. ഏതു സമയവും തിരുത്തലിനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

്ബാങ്ക് നിഫ്റ്റി: ജൂലൈ നാലിലെ റെക്കാര്‍ഡ് ഉയരത്തില്‍ ( 53357.7 പോയിന്റ് )നിന്ന് കുത്തനെയിടിഞ്ഞ ബാങ്ക് നിഫ്റ്റി ഇന്നലെ 52500 പോയിന്റിനു മുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ ബാങ്ക് നിഫ്റ്റിയുടെ ക്ലോസിംഗ് 52537.8 പോയിന്റാണ്. ഏതാണ്ട് 112 പോയിന്റിന്റെ നേട്ടമാണ് ഉണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ്,തുടങ്ങിയവയാണ് ഇന്നലെ മെച്ചപ്പെട്ടത്.

ഇന്നലത്തെ മൊമന്റം തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 52710-52820 തലത്തിലും തുടര്‍ന്ന് 53000-53188 തലത്തിലും 53633-53776 പോയിന്റ് തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 52150-52250 തലത്തിലും തുടര്‍ന്ന് 51990 പോയിന്റിലും പിന്തുണ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. മോശമായതു സംഭവിച്ചാല്‍ 51100 പോയിന്റിലേക്കു താഴാം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ ഇന്നലെ 61.20 ആണ്. ബു്ള്ളീഷ് മോഡില്‍തന്നെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 21 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്. ആഗോള ഫ്യൂച്ചേഴ്സുകളെല്ലാംതന്നെ പോസീറ്റീവായാണ് തുടരുന്നത് . ഇന്ത്യന്‍ വിപണി ഇന്നു രാവിലെ പോസീറ്റീവായി ഓപ്പണ്‍ ചെയ്യുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്നലെ ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി കമ്പനികളായ ഇന്‍ഫോസിസ് 1.03 ശതമാനവും വിപ്രോ 0.47 ശതമാനവും ഇടിവു കാണിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 1.02 ശതമാനംകുറഞ്ഞപ്പോള്‍ ഐസിഐസിഐ ബാങ്ക് 0.82 ശതമാനം മെച്ചപ്പെട്ടു. മേക്ക് മൈട്രിപ് 4.68 ശതമാനവും ഡോ. റെഡ്ഡീസ് 0.21 ശതമാനവും മെച്ചപ്പെട്ടിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.56 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ഇന്നലെ ഇന്ത്യ വിക്സ് 5 ശതമാനം ഉയര്‍ന്നു. ഇന്നലെ 14.28 പോയിന്റില്‍ ക്ലോസ് ചെയ്തു. തേലദിവസമിത് 13.6 ആയിരുന്നു. മൂന്നാഴ്ചയായി 15 പോയിന്റിന് താഴെ നേരിയ തോതില്‍ അങ്ങോട്ടുമിങ്ങോട്ടും വിക്സ് നീങ്ങുകയാണ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.28 ആയി. ചൊവ്വാഴ്ചയിത് 1.18 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് വിപണി ഇന്നലെയും സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. നീക്കവും റേഞ്ച് ബൗണ്ടിലായിരുന്നു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് രണ്ടാം ദിവസവും താഴ്ന്നു. ഡൗ ഇന്നലെ 52.82 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോ പവലിന്റെ ടെസ്റ്റിമണി വിപണിയെ ഒട്ടും അലോസരപ്പെടുത്തിയില്ല. സെപ്റ്റംബര്‍ മുതല്‍ പലിശ നിരക്ക് വെട്ടിക്കുയ്ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് വിദഗ്ധര്‍.

അതേസമയം നേരിയ റേഞ്ചിലാണ് നീക്കമെങ്കിലും നാസ്ഡാക്, എസ് ആന്‍ഡ് പി സൂചികകള്‍ റിക്കാര്‍ഡ് ഉയരത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. നാസ്ഡാക് 25.55 പോയിന്റും എസ് ആന്‍ഡ് പി 4.13 പോയിന്റും മെച്ചപ്പെട്ടു. തുടര്‍ച്ചയായ പത്താം ദിവസവും ടെസ്്ല ഓഹരികള്‍ മെച്ചപ്പെട്ടിരിക്കുകയാണ്. ചിപ് മേക്കര്‍ കമ്പനികളായ എന്‍വിഡിയ, ഇന്റല്‍ തുടങ്ങിയവ കഴിഞ്ഞ ദിവസത്തെ നേട്ടം ഇന്നലെ മെച്ചപ്പെടുത്തി. മറ്റ് ടെക് ഓഹരികളും നാസ്ഡാക്കിനു തുണയായി.

ഡൗ ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ താഴന്നു നില്‍ക്കുന്നതൊഴിച്ചാല്‍ മിക്ക ആഗോള സൂചിക ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവായിട്ടാണ് നീങ്ങുന്നത്.

യൂറോപ്യന്‍ വിപണികളെല്ലാംതന്നെ ചുവപ്പിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. കഴിഞ്ഞ രണ്ടു വ്യാപാരദിനങ്ങളിലും സ്ഥിതി ഇതുതന്നെയായിരുന്നു. എഫ്ടിഎസ്ഇ യുകെ 53.68 പോയിന്റും സിഎസി ഫ്രാന്‍സ് 118.79 പോയിന്റും ജര്‍മന്‍ ഡാക്സ് 235.86 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 182.07 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ പോസീറ്റീവാണ്.

ഏഷ്യന്‍ വിപണികള്‍

ഇന്നു രാവിലെ 136 പോയിന്റോളം താഴ്ന്ന് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി ശക്തമായ നിലയില്‍ തിരിച്ചുവന്നിരിക്കുകയാണ്. ഇന്ന് രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 134.4 പോയിന്റ് മെച്ചത്തിലാണ്.

കാര്യമായ വ്യത്യാസമില്ലാതെ ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 6 പോയിന്റ് താഴെയാണ്. അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 197.5 പോയിന്റു ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക നേരിയ തോതില്‍ താഴ്ന്നു നില്‍ക്കുകയാണ്.

അതേസമയം നിക്കി ഫ്യൂച്ചേഴ്സ് 87.5 പോയിന്റും ഹാംഗ്സാംഗ് ഫ്യൂച്ചേഴ്സ് 123.6 പോയിന്റും മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

നേരിയ തോതിലാണെങ്കിലും വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ പതിയെ ഉയരുകയാണ്. ഇന്നലെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 314.46 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇന്നലെ അവര്‍ 14537.07 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 14222.61 കോടി രൂപയുടെ വില്‍ക്കലുമാണ് നടത്തിയത്.

ഇതോടെ ജൂലൈയിലെ അവരുടെ നെറ്റ് വാങ്ങല്‍ 7250.1 കോടി രൂപയായി. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തുടര്‍ച്ച ഗവണ്‍മെന്റ് വന്നതിനെത്തുടര്‍ന്നാണ് വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ തിരികെ വന്നുതുടങ്ങിയത്.

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇതുവരെയും വാങ്ങല്‍ നിര്‍ത്തിയിട്ടില്ല. ഇന്നലെ അവര്‍ 1416.46 കോടി രൂപയുടേതാണ്. ഇതോടെ ജൂലൈ ഒമ്പതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 3897.96 കോടി രൂപയായി ഉയര്‍ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

യുഎസ് പലിശ നിരക്ക്: സെപ്റ്റംബര്‍ മുതല്‍ അടുത്ത എട്ടു മീറ്റിംഗുകള്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ രണ്ടു ശതമാനം കുറവു വരുത്തുമെന്ന് ആഗോള നിക്ഷേപകസ്ഥാപനമായ സിറ്റിയിലെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. സമ്പദ്ഘടനയിലെ വളര്‍ച്ചാമുരടിപ്പും വര്‍ധിക്കുന്ന തൊഴിലില്ലായ്മ നിരക്കുമാണ് പലിശ നിരക്കു വെട്ടിക്കുറയ്ക്കുന്നതിനു ഫെഡറല്‍ റിസര്‍വിനെ നിര്‍ബന്ധിതമാക്കുകയെന്നും സിറ്റി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ പലിശ നിരക്ക് 5.25-5.5 ശതമാനമാണ്. അത് അടുത്ത ജൂലൈയോടെ 3.25-3.5 ശതമാനമായി താഴുമെന്നാണ് അവരുടെ വിലയിരുത്തല്‍.

മണ്‍സൂണ്‍: പടിഞ്ഞാറന്‍ മണ്‍സൂണിലെ മഴക്കമ്മി ഇല്ലാതായി. ജൂലൈ 9 വരെ ലഭിച്ചമഴ ദീര്‍ഘകാലശരാശരിയേക്കാള്‍ 1.2 ശതമാനം കൂടുതലായിരിക്കുകയാണ്. ജൂലൈ 9 വരെ സാധാരണയായി ലഭിക്കേണ്ടത് 239.1 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഇതുവരെ 242 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ജൂലൈ 10 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്

ടാറ്റ എല്‍ക്സി, കേശോറാം ഇന്‍ഡസ്ട്രീസ്, ജെടിഎല്‍ ഇന്‍ഡസട്രീസ്, കെസിപ ഷുഗര്‍, ലാന്‍കോ ഹോള്‍ഡിംഗ്സ്, ക്രെറ്റോ സിസ്റ്റംസ് സിബ്ളി ഇന്‍ഡ് തുടങ്ങിയ കമ്പനികള്‍ ഇന്നു ആദ്യ ക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടും.

ക്രൂഡോയില്‍ വില

യുഎസിലെ മുഖ്യ എണ്ണയുത്പാദന കേന്ദ്രമായ ടെക്സാസില്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ ക്രൂഡോയില്‍ വില നേരിയ തോതില്‍ താഴ്ന്നു. യുഎസ് ഡബ്ള്യുടിഐ ക്രൂഡിന്റെ വില ഇന്നു രാവിലെ 81.51 ഡോളറാണ്.

ഇന്നലെ രാവിലെ അതു ബാരലിന് 82.16 ഡോളറായിരുന്നു.

ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 84.69 ഡോളറാണ്. ഇന്നലെ രാവിലെ 85.9 ഡോളറായിരുന്നു.

ഡോളര്‍- രൂപ വിനിമയനിരക്ക് 83.49ആയിരുന്നു ഇന്നലെ. ഏതാനും ദിവസങ്ങളായി ഏതാണ്ട് സ്ഥിരതയോടെ നീങ്ങുകയാണ് രൂപയുടെ വില. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.