image

2 July 2024 2:34 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 02)

Joy Philip

Trade Morning
X

Summary

വിപണിയില്‍ അടിയൊഴുക്കു ശക്തം


യുഎസ് പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ പലിശ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി. ഈ പ്രതീക്ഷയില്‍ യുഎസിലും ഇന്ത്യയിലുമുള്ള ടെക് ഓഹരികളെല്ലാം കുതിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. എന്തായാലും ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ബജറ്റും ക്വാര്‍ട്ടര്‍ ഫലങ്ങളും പലിശനിരക്കു വെട്ടിക്കുറവു സംബന്ധിച്ച വിലയിരുത്തലുകളുമാണ് ദിശ നല്‍കുന്നത്. ഇന്ത്യന്‍ മാനുഫാക്ചറിംഗ് പിഎംഐ മെച്ചപ്പെട്ടതും മെച്ചപ്പെട്ട ജിഎസ്ടി വരുമാനവും ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച സംബന്ധിച്ച് കൂടുതല്‍പ്രതീക്ഷ നല്‍കുന്നു. അതുകൊണ്ടുതന്നെ വിപണിയുടെ അടിയൊഴുക്ക് ബുള്ളീഷ് മനോഭാവത്തില്‍ ശക്തമായി നീങ്ങുകയാണ്. അനുകൂലമായ വാര്‍ത്തകളില്‍ പുതിയ ഉയരങ്ങളിലേക്ക് വിപണി പോകുമെന്ന് ഉറപ്പാണ്.

നിഫ്റ്റി ഏതാണ്ട് ഓവര്‍ബോട്ട് തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണി മൂല്യം ഉയരത്തിലാണെങ്കിലും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് പണമെത്തിക്കുന്നുണ്ട്. ബജറ്റ്, ക്വാര്‍ട്ടര്‍ ഫലങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ അവര്‍ വരും മാസങ്ങളില്‍ ഇന്ത്യയില്‍ കൂടുതല്‍ സജീവമാകുമെന്നു പ്രതീക്ഷിക്കാം. ഇതു ദീര്‍ഘകാലത്തില്‍ ഇന്ത്യന്‍ വിപണിയെ പുതിയ ഉയരങ്ങളിലേക്കു നീക്കും.

വിപണി ഇന്നലെ

കഴിഞ്ഞ വാരത്തിലെ വിപണിയുടെ ബുള്ളീഷ് മനോഭാവത്തിന് ഇനിയും കോട്ടം തട്ടിയിട്ടില്ല. ജൂണ്‍ 28-ലെ റിക്കാര്‍ഡ് ഉയരത്തിനു 10 പോയിന്റ് അകലെ വരെ എത്തി മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച പ്രോഫിറ്റ് ബുക്കിംഗ് മൂലം താഴ്ന്നു ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെരാവിലെ ഓപ്പണ്‍ ചെയ്തതു മുതല്‍ മെച്ചപ്പെടുകയായിരുന്നു. ഇന്നലെ 23164 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി വെള്ളിയാഴ്ചത്തേക്കാള്‍ 131.35 പോയിന്റ് മെച്ചത്തിലാണ് ക്ലോസ് ചെയ്തത്. 23174 പോയിന്റാണ് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 443.46 പോയിന്റ് മെച്ചത്തോടെ 79476.19 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെ 79561 പോയിന്റ് വരെ ഉയര്‍ന്നതിനുശേഷമാണ് നേരിയ തോതില്‍ താഴ്ന്നു ക്ലോസ് ചെയ്തിട്ടുള്ളത്.

ഐടി ഓഹരികളാണ് ഇന്നലെ വിപണിക്കു കരുത്തായത്. ബാങ്കിംഗ്, ഓട്ടോ, എഫ്എംസിജി,കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകളിലെ ഓഹരികളും ഈ മുന്നേറ്റത്തില്‍ പങ്കെടുത്തു.

യുഎസ് പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ പലിശ നിരക്കില്‍ ആദ്യ കുറവ് വരുത്തുമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ വിപണി മെച്ചപ്പെട്ടത്. എന്നാല്‍ പലിശ കുറയ്ക്കുവാന്‍ സമയമായിട്ടില്ലെന്നാണ് ഫെഡറല്‍ റിസര്‍വ് പറയുന്നത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

തിങ്കളാഴ്ചത്തെ മൊമന്റം ഇന്നു തുടര്‍ന്നാല്‍ 24200 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 24365 പോയിന്റിലും 24550 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

പുതിയ ലക്ഷ്യങ്ങളില്‍ എത്തണമെങ്കില്‍ നിഫ്റ്റിയുടെ ആദ്യ സപ്പോര്‍ട്ടായ 24000 പോയിന്റിനു മുകളില്‍ നിലനില്‍ക്കേണ്ടതുണ്ട്. അടുത്ത പിന്തുണ 23800- 23900 റേഞ്ചിലാണ്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 23350 പോയിന്റ് വരെ നിഫ്റ്റി എത്താം.23600-23700 തലത്തില്‍ നിഫറ്റിക്ക് പിന്തുണയുണ്ട്.

പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 70.12 ആണ്. ഇന്നലെ 2630 ഓഹരികള്‍ മെച്ചപ്പെട്ട് ക്ലോസ് ചെയ്തപ്പോള്‍ 1381 എണ്ണം ചുവപ്പിലാണ് ക്ലോസ് ചെയ്തത്.

ബാങ്ക് നിഫ്റ്റി: രണ്ടു ദിവസത്തെ തിരുത്തലിലൂടെ ശക്തിയാര്‍ജിച്ച് ബാങ്ക് നിഫ്റ്റി ഇന്നലെത്തെ മൊമന്റം നിലനിര്‍ത്തിയാല്‍ 53030 പോയിന്റില്‍ ആദ്യത്തെ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 53180 പോയിന്റിലും തുടര്‍ന്ന് 53520 പോയിന്റിലുംറെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

മറിച്ച് വിപണി താഴ്ചയിലേക്കു നീങ്ങുകയാണെങ്കില്‍ 52166 പോയിന്റില്‍ ആദ്യ പിന്തുണ പ്രതീക്ഷിക്കാം. ബാങ്ക് നിഫ്റ്റിക്ക് 51900 പോയിന്റിന് ചുറ്റളവിലും മൊമന്റത്തിനു ശക്തികൂടിയാല്‍ അത് 51700 പോയിന്റിലേക്കും 51100-51200 പോയിന്റിലേക്കും താഴാം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ ഇന്നലെ 66.50 ആണ്. ബുള്ളീഷ് മോഡിലാണെങ്കിലും ജാഗ്രത വേണ്ട സമയമാണ്. തിരുത്തല്‍ പൂര്‍ത്തിയായിട്ടില്ല.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 5 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. ഒരുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ 23 പോയിന്റ് താഴ്ചയിലാണ്. യുഎസ് , യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് താഴ്ന്നാണെങ്കിലും ഏഷ്യന്‍ ജാപ്പനീസ് നിക്കി ഫ്യൂച്ചേഴ്സും സ്പോട്ടും ശക്തമായ നിലയിലാണ്. ഹാംഗ്സാംഗാ സൂചികയും ഫ്യൂച്ചേഴ്സും പോസീറ്റീവാണ്.

ഇന്ത്യന്‍ എഡിആറുകള്‍

ടെക് മേഖലയില്‍നിന്നുള്ള എഡിആറുകള്‍ ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ് 0.73 ശതമാനവും വിപ്രോ 1.48 ശതമാനവും മെച്ചപ്പെട്ടു. എന്നാല്‍ ഇന്നലെ ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് മാറ്റമില്ലാതെ ക്ലോസ് ചെയ്തപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 0.36 ശതമാനം കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.86 ശതമാനവും ഡോ റെഡ്ഡീസ് 1.02 ശതമാനവും കുറഞ്ഞപ്പോള്‍ മേക്ക് മൈ ട്രിപ് 2.37 ശതമാനവും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്ന് ( 0.03 പോയിന്റ്) 13.83 പോയിന്റിലെത്തി. ജൂണ്‍ 28-ന് ഇത് 13.80 ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.07-ലേക്ക് താഴ്ന്നു. കഴിഞ്ഞ വെള്ളിയാഴ്ച 1.17 പോയിന്റായിരുന്നു

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

2024-ന്റെ ആദ്യപകുതിയിലെ മൊമന്റം രണ്ടാം പകുതിയിലും തുടരുമെന്ന സൂചന നല്‍കിയാണ് യുഎസ് വിപണി ഇന്നലെ ക്ലോസ് ചെയ്തത്. യുഎസ് ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ 146.7 പോയിന്റ് മെച്ചത്തോടെ റിക്കാര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആപ്പിള്‍ തുടങ്ങിയവയുടെ ബലത്തിലാണ് നാസ്ഡാക് റിക്കാര്‍ഡ് ഉയരത്തിലെത്തിയത്. അതേസമയം എസ്ആന്‍ഡ് പി സൂചിക 14.61 പോയിന്റ് മെച്ചപ്പെട്ടു. യുഎസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 50.66 പോയിന്റു നേട്ടത്തില്‍ ക്ലോസ് ചെയ്തു.

യൂറോപ്യന്‍ വിപണികളും ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 2.64 പോയിന്റും സിഎസി ഫ്രാന്‍സ് 81.73 പോയിന്റും ജര്‍മന്‍ ഡാക്സ് 55.21 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 562.49 പോയിന്റും മെച്ചത്തോടെയാണ് ക്ലോസ് ചെയ്തത്.

എന്നാല്‍ യുഎസ് , യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം 0.1 ശതമാനം മുതല്‍ 0.3 ശതമാനം വരെ താഴ്ന്നാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ഇന്നു രാവിലെ 88 പോയിന്റ് താഴ്ചയോടെയാണ് ജാപ്പനീസ് നിക്കി സൂചിക ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 112 പോയിന്റാണ് മെച്ചത്തിലാണ് നിക്കി നീങ്ങുന്നത്.

ആറു പോയിന്റ് താഴ്ന്നു തുടങ്ങിയ കൊറിയന്‍ കോസ്പി കൂടുതല്‍ താഴ്ചയിലാണ്. ഒന്നര മണിക്കൂര്‍വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ കോസ്പി 24 പോയിന്റ് താഴെയാണ്. അതേസമയം താഴ്ന്ന് ഓപ്പണ്‍ ചെയ്ത ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 70 പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക പോസീറ്റാവായും തുടരുകയാണ്. അതേസമയം നിക്കി ഫ്യൂച്ചേഴ്സ് 400 പോയിന്റും ഹാംഗ്സാംഗ് ഫ്യൂച്ചേഴ്സ് 138 പോയിന്റും മെച്ചത്തിലാണ്. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ജൂലൈയിലെ ആദ്യ വ്യാപാരദിനത്തില്‍ വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ 426 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ തുടരുകയാണ്. ആദ്യ ദിവസം അവരുടെ നെറ്റ് വാങ്ങല്‍ 3917.43 കോടി രൂപയുടെ ഓഹരികളാണ്.

സാമ്പത്തിക വാര്‍ത്തകള്‍

ജിഎസ്ടി വരുമാനം: ജൂണില്‍ ജിഎസ്ടി വരുമാനം 7.7 ശതമാനം വര്‍ധിച്ച് 1.74 ലക്ഷം കോടി രൂപയിലെത്തി. മേയിലിത് 1.73 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ഏപ്രിലിലിത് 2.1 ലക്ഷം കോടി രൂപയായിരുന്നു. ജൂണിലവസാനിച്ച ആദ്യ ക്വാര്‍ട്ടറിലെ ജിഎസ്ടി വരുമാനം5.57 ലക്ഷം കോടി രൂപയിലെത്തി. അതായത് പ്രതിമാസ ശരാശരി 1.86 ലക്ഷം കോടി രൂപ. മുന്‍വര്‍ഷമിതേ കാലയളവിലെ പ്രതിമാസ ശരാശരി 1.68 ലക്ഷം കോടി രൂപയായിരുന്നു.

മാനുഫാക്ചറിംഗ് പിഎംഐ: പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും ജൂണില്‍ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ 58.3 പോയിന്റിലേക്ക് ഉയര്‍ന്നു. പത്തൊമ്പതുവര്‍ഷത്തിനുള്ളിലെ ഏറ്റവും വേഗമേറിയ വളര്‍ച്ചയാണിത്. മേയിലിത് 57.5 ആയിരുന്നു.

വാഹന വില്‍പ്പന: ലോക്സഭ തെരഞ്ഞെടുപ്പ്, ഹീറ്റ് വേവ് തുടങ്ങിയ പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 21.68 ലക്ഷം യാത്രാവാഹനങ്ങള്‍ വിറ്റു. മുന്‍വര്‍ഷമിതേ കാലയളവിലെ 20.15 ലക്ഷം യൂണിറ്റിനേക്കാള്‍ 7.6 ശതമാനം കൂടുതലാണ്.

ജൂണില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന മൂന്നു ശതമാനം മെച്ചത്തോടെ 137360 യൂണിറ്റിലെത്തിയപ്പോള്‍ ഇഷ്യുവിന് തയാറെടുക്കുന്ന ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനം 1.22 ശതമാനം കുറഞ്ഞ് 64803 യൂണിറ്റായി.

അതേസമയം ടാറ്റ മോട്ടോഴ്സിന്റെ കാര്‍ വില്‍പ്പന 8 ശതമാനം കുറഞ്ഞ് 43624 യൂണിറ്റായി. വരുംമാസങ്ങളില്‍ ടാറ്റ മോട്ടോര്‍ വില്‍പ്പനയില്‍ തിരിച്ചുവരവു പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.

മഹീന്ദ്രയുടെ യാത്രാവാഹന വില്‍പ്പന ജൂണില്‍ 23 ശതമാനം വര്‍ധനയോടെ 40022 യൂണിറ്റായി. മുന്‍വര്‍ഷം ജൂണിലിത് 32588 യൂണിറ്റായിരുന്നു.കൊറിയന്‍ കാര്‍ ഉത്പാദകരായ കിയ ജൂണില്‍ 21300 യൂണിറ്റ് വിറ്റഴിച്ചു. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 9.8 ശതമാനം കൂടുതലാണിത്.

മഴക്കുറവ് : പടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണിന്റെ ആദ്യ മാസം പൂര്‍ത്തിയാകുമ്പോള്‍ മഴക്കുറവ് 6.7 ശതമാനമായി. ജൂലൈ ഒന്നുവരെ രാജ്യത്തൊട്ടാകെ ലഭിച്ച മഴ 161.3 മില്ലിമീറ്ററാണ്. ഈ കാലയളവില്‍ ലഭിച്ച ദീര്‍ഘകാല മഴ 172.9 മില്ലിമീറ്ററാണ്. ജൂലൈയില്‍ സാധരണപോലെയോ അതിനു മുകളിലോ മഴ ലഭിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യജ്ഞയ് മൊഹാപത്ര പറഞ്ഞു. ഇരുപത്തിയഞ്ചുവര്‍ഷത്തില്‍ 20 വര്‍ഷവും ജൂണില്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചിട്ടുള്ളതെന്ന് മൊഹാപത്ര പറയുന്നു. ഈ സീസണില്‍ ദീര്‍ഘകാല ശരാശരിയായ 87 സെന്റീമീറ്ററിന്റെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

ക്രൂഡോയില്‍ വില

ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ എണ്ണയുത്പാദനം ഇനിയും വെട്ടിക്കുറയ്ക്കുമെന്ന ഭീതിയെത്തുടര്‍ന്ന് ക്രൂഡോയില്‍ വില ഇന്നലെ കുത്തനെ ഉയര്‍ന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 83.45 ഡോളറാണ്. ഇന്നലെ രാവിലെ അത് 81.82 ഡോളറായിരുന്നു. ബ്രെന്റ്് ക്രൂഡോയില്‍ വില ഇന്നലെ രാവിലത്തെ 85.25 ഡോളറില്‍നിന്നു 86.7 ഡോളറായി ഉയര്‍ന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യും.

രൂപ വീണ്ടും ദുര്‍ബലമായി. ഇന്നലെ ഡോളറിനെതിരേ 83.49 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. തലേദിവസമിത് 83.31 ആയിരുന്നു. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം വര്‍ധിക്കുന്നതിനും കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.